Top

കേരളത്തിലും കളി കൈവിട്ടുപോവും; വരാനിരിക്കുന്ന ദിവസങ്ങളെ കുറിച്ച് മുരളി തുമ്മാരുകുടി

കേരളത്തിലും കളി കൈവിട്ടുപോവും; വരാനിരിക്കുന്ന ദിവസങ്ങളെ കുറിച്ച് മുരളി തുമ്മാരുകുടി

കോഴിക്കോട്: ലോകത്ത് കൊറോണ വ്യാപനം തുടരുമ്പോള്‍ പാലിക്കേണ്ട നിയന്ത്രണങ്ങളെ കുറിച്ച് മുരളി

തുമ്മാരുകുടി ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പ്. ആശങ്കയുടെ ഈ ദിനങ്ങളിലും ആശ്വസിക്കാന്‍ വകയുള്ള വാര്‍ത്തകളും വരുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ക്വാറന്റൈന്‍ ലംഘിക്കുന്ന പരിപാടി തുടര്‍ന്നാല്‍ ലോകത്തെവിടെയും പോലെ കേരളത്തിലും കളി കൈവിട്ടുപോവുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.

മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

കൊറോണ വ്യാധി അതിവേഗതയില്‍ ലോകത്ത് ഇപ്പോഴും പടര്‍ന്നുകൊണ്ടിരിക്കുകയാണല്ലോ. ലോകത്തെ രാജ്യങ്ങള്‍ എന്ന് നാം കേട്ടിട്ടുള്ളവയില്‍ എല്ലാം ഇപ്പോള്‍ ഈ മഹാമാരി എത്തി. ഇപ്പോള്‍ അതിന്റെ വ്യാപനം തുടരുന്നത് ഓരോ രാജ്യത്തിനും ഉള്ളിലാണ്. യുഎസ്, സ്‌പെയിന്‍, ഫ്രാന്‍സ്, ഇറ്റലി, ജര്‍മനി എന്നീ രാജ്യങ്ങളില്‍ കേസുകളുടെ എണ്ണം ഒരു ലക്ഷത്തില്‍ കവിഞ്ഞു. യു എസില്‍ തന്നെ മൂന്നു ലക്ഷത്തിന് മുകളിലായി. ദിവസം ശരാശരി ഒരു ലക്ഷത്തിന് മുകളില്‍ കേസുകളാണ് ഇപ്പോള്‍ ഉണ്ടാവുന്നത്. ഡിസംബര്‍ അവസാനം തുടങ്ങിയ ഈ മഹാമാരിയില്‍ ആദ്യത്തെ ഒരു ലക്ഷം കടന്നത് മാര്‍ച്ച് ഏഴിനാണ്, അതായത്, വെറും ഒരു മാസം മുമ്പണെന്ന് ഇന്ന് വിശ്വസിക്കാന്‍ പോലും പറ്റുന്നില്ല. അത്ര വേഗത്തിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്.

ഒരു സുനാമി വരുന്നത് പോലെയാണ് ദൂരെ നിന്നും നോക്കുമ്പോള്‍ ഇത് കാണുന്നത്. ആദ്യം ചെറുതായി അടിക്കുന്ന അലകള്‍ അതിവേഗത്തില്‍ ഉയര്‍ന്ന് വികസിത ആരോഗ്യ സംവിധാനങ്ങളെ മുട്ടുകുത്തിക്കുന്നു. ഇപ്പോള്‍ ഒരു ലക്ഷത്തിന് മുകളിലായിട്ടുള്ള രാജ്യങ്ങളെല്ലാം വികസിത രാജ്യങ്ങളാണ്. ഇനി ഈ സുനാമി അത്രപോലും ഭൗതിക സൗകര്യങ്ങള്‍ ഇല്ലാത്ത മറ്റു രാജ്യങ്ങളില്‍ എത്തുമ്പോള്‍ എന്താവും സ്ഥിതി? ചിന്തിച്ചാല്‍ പോലും തലപെരുക്കും.

ആശങ്കയുടെ ഈ ദിനങ്ങളിലും ആശ്വസിക്കാന്‍ വകയുള്ള വാര്‍ത്തകളും വരുന്നുണ്ട്.

1. പതിനൊന്നാഴ്ചകള്‍ അടച്ചിട്ടതിനു ശേഷം ചൈനയിലെ വുഹാന്‍ ഇന്ന് വീണ്ടും തുറന്നു. വിമാനങ്ങളും ട്രെയിനും വീണ്ടും വുഹാനിലെത്തും. കാറുകള്‍ പുറത്തേക്ക് പോകാന്‍ അനുവദിക്കുകയും ചെയ്യും. പക്ഷേ അനുമതി ആരോഗ്യവാന്മാര്‍ ആണെന്നുള്ള ഗ്രീന്‍ ടാഗ് ഉള്ളവര്‍ക്കേ ഉള്ളൂ. അവരും മാസ്‌കും, ഗ്ലൗസും ഉള്‍പ്പടെയുള്ള മുന്‍കരുതലുകള്‍ എടുത്തിട്ടാണ് പുറത്തിറങ്ങുന്നത്.

2. ഒന്നര മാസത്തോളം ലോക്ക് ഡൗണില്‍ ഉള്ള ഇറ്റലിയില്‍ പുതിയതായി രോഗം ബാധിക്കുന്നവരുടെ എണ്ണം കഴിഞ്ഞ ഒരാഴ്ചയായി കുറഞ്ഞുവരികയാണ്.

3. ഒരു ലക്ഷത്തിന് മുകളില്‍ കേസുകള്‍ ഉള്ള ജര്‍മനിയില്‍ മരണം ഇപ്പോഴും രണ്ടായിരത്തിനടുത്താണ്. ഒരുലക്ഷത്തിനു മുകളില്‍ പോയ മറ്റു രാജ്യങ്ങളില്‍ എല്ലാം മരണ സംഖ്യ പതിനായിരത്തിന്റെ മുകളിലാണ്. അപ്പോള്‍ രോഗം ബാധിക്കുമ്പോഴും മരണ നിരക്ക് കുറയ്ക്കുക എന്നത് പ്രയോഗികമാണ്.

4. കൊറിയയില്‍ ഇപ്പോള്‍ മൊത്തം കേസുകളുടെ എണ്ണം പതിനായിരം കവിഞ്ഞെങ്കിലും അതില്‍ ആറായിരം പേരും രോഗം മാറി തിരിച്ചുപോയി. ആരോഗ്യ സംവിധാനത്തിന്റെ പരിധിക്കുള്ളില്‍ ഈ യുദ്ധം മാസങ്ങളായി ചെയ്യാന്‍ അവര്‍ക്ക് സാധിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ മൊത്തം മരണസംഖ്യ വെറും ഇരുന്നൂറില്‍ നിര്‍ത്താന്‍ അവര്‍ക്ക് സാധിച്ചു.

ഇറ്റലിയും അമേരിക്കയും ഈ വെല്ലുവിളിയെ നേരിട്ടതിലും കുറച്ചുകൂടി അറിവുകളുമായിട്ടാണ് ഇന്ത്യ ഈ വെല്ലുവിളിയെ നേരിടാന്‍ പോവുന്നത്. കുറച്ചേറെ നീണ്ടു നില്‍ക്കുന്ന ലോക്ക് ഡൗണ്‍, നിരന്തരമായ കൈ കഴുകലും സോഷ്യല്‍ ഡിസ്റ്റന്‍സിങും, സാധിക്കുന്നത്രയും ടെസ്റ്റുകള്‍, എങ്ങനെയും മൊത്തം കേസുകളുടെ എണ്ണം ആരോഗ്യ സംവിധാനത്തിന്റെ പരിധിക്കുള്ളില്‍ പിടിച്ചുകെട്ടുക, ഇതൊക്കെ ചെയ്താല്‍ നമുക്ക് വലിയ പരിക്കില്ലാതെ ഈ മഹാമാരിയുടെ സുനാമിയില്‍ നിന്നു പുറത്തുവരാം.

പക്ഷേ ഇതത്ര എളുപ്പമല്ല. നീണ്ടുനില്‍ക്കുന്ന ലോക്ക് ഡൗണ്‍ ആളുകളെ സാമ്പത്തികമായി തളര്‍ത്തും. ഭക്ഷണത്തിന് പോലും ബുദ്ധിമുട്ടുണ്ടാവും. ആരോഗ്യ സംവിധാനങ്ങളുടെയും വ്യക്തി സുരക്ഷാ ഉപകരണങ്ങളുടെയും പരിമിതി പെട്ടെന്ന് മാറ്റിയെടുക്കാന്‍ പറ്റുന്നതല്ല. ചെറിയ വീടുകളില്‍ കൂടുതല്‍ ആളുകള്‍ കഴിയുന്ന സാഹചര്യമുള്ളപ്പോള്‍, മറ്റു രാജ്യങ്ങളിലെ പോലെ ആശുപത്രി സംവിധാനങ്ങളിലെ പ്രഷര്‍ കുറയ്ക്കാന്‍ രോഗം മൂര്‍ച്ഛിക്കാത്തവരെ ഹോം ഐസൊലേഷന്‍ ചെയ്യുക എന്നത് അത്ര പ്രവര്‍ത്തികമല്ല. വിവിധ സംസ്ഥാനങ്ങള്‍ വിവിധ സമയത്താണ് ഇന്ത്യയില്‍ ഈ സുനാമിയുടെ മൂര്‍ധന്യം നേരിടാന്‍ പോകുന്നതെങ്കിലും എല്ലാ സംസ്ഥാനങ്ങളും പേടിച്ചിരിക്കുന്നതിനാല്‍ അവരുടെ ആരോഗ്യസംവിധാനത്തിലെ വിഭവങ്ങള്‍ പരസ്പരം പങ്കുവയ്ക്കുക എന്നത് അത്ര എളുപ്പമല്ല.

ഈ സാഹചര്യത്തിലാണ് കേരളത്തില്‍ നേരിടാന്‍ പോകുന്ന വെല്ലുവിളിയെ നാം കാണേണ്ടത്. ഇനി വരുന്ന ദിവസങ്ങളില്‍ ഉണ്ടാവാന്‍ പോകുന്ന കാര്യങ്ങള്‍ എന്താണെന്നുള്ളതിനെപറ്റി എന്റെ അഭിപ്രായം പറയാം.

1. കേരളത്തില്‍ രണ്ടാം വരവിലും കൊറോണയുടെ വ്യാപനത്തെ ഒരു വിധം തടഞ്ഞുനിര്‍ത്താന്‍ എല്ലാവിധ പരിമിതികള്‍ക്കുള്ളിലും നിന്ന് കൊണ്ട് നമുക്ക് സാധിച്ചിട്ടുണ്ട്.

2. വിദേശത്തുനിന്നുള്ള വിമാനങ്ങളും ആഭ്യന്തര യാത്രക്കാരുടെ വരവും നിലച്ചതോടെ പുതിയ കേസുകള്‍ നമ്മുടെ ഉള്ളില്‍ നിന്നുതന്നെ വികസിച്ചു വരുന്നതാണ്. കൂടുതല്‍ ക്വാറന്റൈന്‍, ഐസൊലേഷന്‍, ടെസ്റ്റിങ് ഇവയിലൂടെ നമുക്ക് വീണ്ടും ഈ ഭൂതത്തെ കുപ്പിയിലാക്കാന്‍ സാധിക്കും.

3. പക്ഷേ, വൈറസ് ബാധ ഉണ്ടായാലും രോഗലക്ഷണങ്ങള്‍ കാണിക്കാത്തവരും രോഗലക്ഷണങ്ങള്‍ ഉണ്ടായാലും വേണ്ട വേഗത്തില്‍ ആശുപത്രിയില്‍ എത്താത്തവരും ക്വാറന്റൈന്‍ ലംഘിക്കുന്ന പരിപാടി തുടര്‍ന്നാല്‍ ലോകത്തെവിടെയും പോലെ കേരളത്തിലും കളി കൈവിട്ടുപോവും. ഒരു രോഗി ശരാശരി രണ്ടു പേര്‍ക്ക് രോഗം കൈമാറിയാല്‍ പോലും മുന്നൂറു മൂവായിരവും, മൂവായിരം മുപ്പത്തിനായിരവും ആകും. ഓരോ രോഗിയില്‍ നിന്നും ശരാശരി ഒരാളില്‍ കൂടുതല്‍ പേരിലേക്ക് രോഗം പകരാത്ത നിലയിലേക്ക് കാര്യങ്ങള്‍ കൊണ്ടുവരിക, അവിടെ നിര്‍ത്തുക എന്നതാണ് കേരളം നേരിടാന്‍ പോകുന്ന വെല്ലുവിളി.

4. ലോകത്ത് മറ്റു പല സ്ഥലങ്ങളിലുമുള്ള മലയാളികള്‍ക്ക് ഈ സാഹചര്യത്തില്‍ എങ്ങനെയും നാട്ടിലെത്തണം എന്നാണ് ആഗ്രഹം. ഇതിന് പല കാരണങ്ങള്‍ ഉണ്ടാകാം, എല്ലാം തന്നെ ന്യായവുമാണ്. ലോകത്തെവിടെയുമുള്ള മലയാളികള്‍ക്ക് അവര്‍ക്ക് നാട്ടില്‍ എത്തണം എന്ന് തോന്നുന്ന സമയത്ത് നാട്ടില്‍ വരാനുള്ള അവകാശവും സാധാരണഗതിയിലുണ്ട്. പക്ഷേ, അത്യപൂര്‍വ്വമായ ഒരു സാഹചര്യമാണ് ഇപ്പോള്‍ ലോകത്ത് ഉള്ളത്, അതുകൊണ്ട് തല്‍ക്കാലമെങ്കിലും മലയാളികള്‍ നിന്നിടത്ത് നിന്ന് സ്ഥിതിഗതികളെ കൈകാര്യം ചെയ്യേണ്ടി വരും. ജീവിക്കുന്ന പ്രദേശത്തെ ഭരണകൂടം, ഇന്ത്യന്‍ എംബസി, ഇവ നല്‍കുന്ന നിര്‍ദേശങ്ങള്‍ ശ്രദ്ധിക്കുക, പാലിക്കുക. ഓരോ പ്രദേശത്തും ഉള്ളവര്‍ കൂട്ടുകാരുമായും അവര്‍ അംഗങ്ങളായുള്ള വിവിധ അസോസിയേഷനുകളുമായും ബന്ധപ്പെട്ട് വരാനിരിക്കുന്ന വെല്ലുവിളികളെ നേരിടാന്‍ തയ്യാറാവുക, പരസ്പരം സഹായിക്കാനുള്ള പദ്ധതികള്‍ ഉണ്ടാക്കുക. ശരിയായ വാര്‍ത്ത കൈമാറ്റം ചെയ്യാനും തെറ്റായ വാര്‍ത്തകള്‍ കൈമാറ്റം ചെയ്യാതിരിക്കാനും സംവിധാനങ്ങള്‍ ഉണ്ടാകേണ്ടത് പ്രധാനമാണ്.

5. ഇന്ത്യയ്ക്ക് പുറത്ത്, അമേരിക്കയില്‍ ഉള്‍പ്പടെ, കൊറോണ രോഗം ബാധിച്ച മലയാളികളുടെ മരണം ഉണ്ടായിക്കഴിഞ്ഞു. നിര്‍ഭാഗ്യവശാല്‍ ഇനിയുള്ള ദിവസങ്ങളില്‍ ഈ എണ്ണം കൂടും. ഇത് അവരുടെ നാട്ടിലുള്ള കുടുംബങ്ങള്‍ക്കും മലയാളി സമൂഹത്തിനും മാത്രമല്ല, മറ്റിടങ്ങളില്‍ രോഗമില്ലാതിരിക്കുന്നവര്‍ക്കും വലിയ മാനസിക സംഘര്‍ഷം ഉണ്ടാക്കും. കേരള സര്‍ക്കാറിന് ഒട്ടും തന്നെ നിയന്ത്രണമില്ലാത്ത സ്ഥലങ്ങളിലെ കാര്യങ്ങളാകാം, അടുത്ത ഒരു മാസത്തില്‍ സര്‍ക്കാര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.

6. ലോക്ക് ഡൗണ്‍ ഒറ്റയടിക്ക് എടുത്തുകളയരുതെന്നും ഓരോ ജില്ലകളിലേയും കേസുകള്‍ നിയന്ത്രണത്തിലാവുന്നതും പുതിയതായി കേസുകള്‍ ഇല്ലാതാവുന്നതും അനുസരിച്ച് ജില്ല തിരിച്ച് പടിപടിയായി നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തണമെന്നുമാണ് കേരള സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി റിപോര്‍ട്ട് നല്‍കിയത്. ഈ റിപോര്‍ട്ട് കേന്ദ്രത്തിലേക്ക് പോയിട്ടുണ്ട് എന്നാണ് അറിഞ്ഞത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ഇത്തരത്തിലുള്ള റിപോര്‍ട്ടുകള്‍ ഉണ്ടാവും. ഏപ്രില്‍ പതിനാലിന് ഇപ്പോഴത്തെ 21 ദിവസം കഴിയുമ്പോള്‍ ഏതൊക്കെ തീരുമാനങ്ങളാണ് ഉണ്ടാവുക എന്ന് പറയാനാകില്ല.

7. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍, പ്രത്യേകിച്ചും യാത്രാ നിയന്ത്രണങ്ങള്‍, മാറ്റിയാല്‍ കേരളത്തിലേക്ക് മറുനാട്ടില്‍ നിന്നുള്ള മലയാളികളുടെ ഒഴുക്കുണ്ടാകും എന്നതില്‍ സംശയമില്ല.(നമ്മുടെ നാട്ടിലുള്ള മറുനാട്ടുകാരും തീര്‍ച്ചയായും അവരുടെ നാട്ടിലേക്ക് പോകും. ദുരന്തകാലത്ത് സ്വന്തം നാട്ടിലെത്താനും വീട്ടുകാരുടെ കൂടെ ഇരിക്കാനുമുള്ള ആഗ്രഹം സാര്‍വത്രികമാണ്). ഇങ്ങനെ ഒരു സാഹചര്യം ഉണ്ടായാല്‍ കേരളത്തിലേക്ക് വരുന്നവരെ എങ്ങനെയാണ് പരിശോധിക്കേണ്ടത്, ക്വാറന്റൈന്‍ ചെയ്യേണ്ടത്, പുതിയതായി രോഗത്തിന്റെ കുതിച്ചു ചാട്ടം ഇല്ലാതെ നോക്കുന്നത് എങ്ങനെയാണ് എന്നതെല്ലാമാണ് അടുത്ത വെല്ലുവിളി. നാട്ടിലേക്ക് ഇപ്പോള്‍ വരാന്‍ ആഗ്രഹിച്ചിരിക്കുന്നവര്‍ ഏതു നിയന്ത്രണങ്ങളും വീട്ടിലേക്ക് പോവാതെ പ്രത്യേകം ക്വാറന്റൈനില്‍ ഇരിക്കുന്നത് ഉള്‍പ്പെടെ അംഗീകരിക്കാന്‍ തയ്യാറാവുമെങ്കിലും നാട്ടിലെത്തിയാല്‍ മലയാളി തനിസ്വഭാവം കാണിക്കും. എനിക്ക് അസുഖമൊന്നുമില്ല എന്ന വിശ്വാസത്തില്‍ ലോക്ക് ഡൗണ്‍ ലംഘിക്കും, എല്ലാവര്‍ക്കും പണിയുണ്ടാക്കുകയും ചെയ്യും. (വിമാനം എമര്‍ജന്‍സി ലാന്‍ഡ് ചെയ്തപ്പോള്‍ അച്ചാറുകുപ്പി തപ്പാന്‍ പോയ പാരമ്പര്യം നമ്മള്‍ ഓര്‍ക്കണമല്ലോ). അപ്പോള്‍ തിരിച്ചു വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സാധിക്കുമ്പോള്‍ അതിന് അവസരമുണ്ടാക്കുകയും, അതേസമയം അത് പുതിയൊരു വട്ടം രോഗവ്യാപനത്തിന് കരണമാക്കാതിരിക്കുകയും ചെയ്യുക എന്നതാണ് രണ്ടാമത്തെ വെല്ലുവിളി.

8. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ വിവിധ സമയത്താണ് ഈ രോഗം എത്തിയത്. അവിടങ്ങളില്‍ എല്ലായിടത്തും വിവിധ സമയത്താണ് വൈറസ് ബാധിതരുടെ എണ്ണം വേഗത്തില്‍ കൂടാന്‍ പോകുന്നതും. വിവിധ സംസ്ഥാനങ്ങള്‍ക്ക് പരസ്പരം സഹായിക്കാനുള്ള ഒരവസരം ഇതുണ്ടാക്കും, അതേസമയം ആഭ്യന്തര നിയന്ത്രണങ്ങള്‍ മാസങ്ങളോളം നിലനിര്‍ത്തേണ്ടിയും വരും.

9. ലോക്ക് ഡൗണ്‍ കാലം താല്‍ക്കാലമെങ്കിലും മലയാളികള്‍ പിടിച്ചുനില്‍ക്കുന്നുണ്ട്, മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ആദ്യ ദിവസനങ്ങളിലെ പലായനത്തിന്റെ റിപോര്‍ട്ട് അല്ലാതെ ആശങ്കയുളവാക്കുന്ന റിപോര്‍ട്ടുകള്‍ കാണുന്നില്ല. പക്ഷേ, ഇനിയും നിയന്ത്രണം നീട്ടിയാല്‍ അത് ആളുകള്‍ക്ക് സാമ്പത്തികമായും മാനസികമായും ഉള്‍ക്കൊള്ളാന്‍ കഴിയുമോ എന്നുള്ള പ്രശ്‌നം ഉണ്ട്. രോഗത്തിന്റെ എണ്ണം പതിനായിരം കഴിഞ്ഞ് പ്രതിദിനം ആയിരം വച്ചു കൂടുന്ന കാലം ഒരു വശത്തും തൊഴില്‍ ചെയ്യാന്‍ പറ്റാത്തതിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മറ്റുവശത്തും വന്നാല്‍ ഉണ്ടാകുന്ന ഇന്ത്യയിലെ ആഭ്യന്തര സാഹചര്യം ചിന്തിച്ചാല്‍ കാണുന്നത് ശുഭകരമായ കാര്യങ്ങളല്ല.

10. വ്യക്തി സുരക്ഷാ ഉപകരണങ്ങളുടെ അഭാവം ലോകത്തെല്ലായിടത്തും ആരോഗ്യ പ്രവര്‍ത്തകരെയും സാധാരണക്കാരെയും ഒരുപോലെ അലട്ടുകയാണ്. ബ്രായുടെ കപ്പ് മുതല്‍ ചിരട്ട വരെ ഉപയോഗിച്ച് ആളുകള്‍ മാസ്‌ക്ക് ഉണ്ടാക്കുന്നു. ഉപയോഗിച്ച വ്യക്തി സുരക്ഷാ ഉപകരണങ്ങള്‍ എങ്ങനെയാണ് അണുവിമുക്തമാക്കി വീണ്ടും ഉപയോഗിക്കേണ്ടതെന്ന് ഇറ്റലിയും സ്വിറ്റ്‌സര്‍ലാന്‍ഡും ഗവേഷണം നടത്തുന്നു. ലോകത്തെല്ലാവരും തന്നെ ഈ വസ്തുക്കളുടെ പുറകെ ആയതിനാല്‍ വിദേശത്തുനിന്നും ഇറക്കുമതി ചെയ്യാനുള്ള സാധ്യതകള്‍ കുറവാണ്. ആഭ്യന്തരമായും ലഭ്യമായ വസ്തുക്കള്‍ ഉപയോഗിച്ചും എങ്ങനെയാണ് വ്യക്തി സുരക്ഷാ സംവിധാനങ്ങള്‍ ഉണ്ടാക്കേണ്ടതെന്ന് നമ്മളെല്ലാം പഠിച്ചിരിക്കുന്നത് നല്ലതാണ്.

11. ഈ പ്രശ്‌നങ്ങള്‍ മാറി എന്നിനി ജീവിതം സാധാരണഗതിയില്‍ ആകും എന്ന അനിശ്ചിതത്വമാണ് ഇനി വരുന്ന ദിവസങ്ങളില്‍ നമ്മളെല്ലാവരും കൈകാര്യം ചെയ്യേണ്ടി വരുന്നത്. ഓരോ ആളുകളുടെ ജീവിതത്തിലും ഓരോ പ്രശ്‌നങ്ങള്‍ ഉണ്ടാവും, അതനുസരിച്ച് ഓരോരുത്തരും പ്ലാനുകള്‍ ഉണ്ടാക്കിയിട്ടുമുണ്ടാവും. പലതും മാറ്റിവയ്ക്കാന്‍ പറ്റാത്തതുമാകും (ഉദാഹരണത്തിന് പ്രസവ സമയത്ത് നാട്ടില്‍ വരണം എന്ന് പ്ലാന്‍ ചെയ്തിരുന്ന മലയാളി പെണ്‍കുട്ടികള്‍ ഉണ്ട്, അവരുടെ കുടുംബം ചിലപ്പോള്‍ നാട്ടിലായിരിക്കാം, ഒരു മാസം കഴിഞ്ഞാല്‍ വിമാനങ്ങള്‍ ഉണ്ടെങ്കില്‍ പോലും അവര്‍ക്ക് സഞ്ചരിക്കാന്‍ സാധിക്കില്ല). ഓരോരുത്തര്‍ക്കും അവരുടെ പ്രശ്‌നങ്ങളാണ് ഏറ്റവും വലുതായി തോന്നുന്നതും. ഈ മഹാമാരി ഇനി ഒരു മാസം കൂടി നില്‍ക്കും എന്നൊരു ഉറപ്പുണ്ടെങ്കില്‍ ആളുകള്‍ പിന്നെയും പിടിച്ചുനില്‍ക്കും. പക്ഷേ, അത് പോലും ഉറപ്പില്ലാത്ത സമയത്ത് ആളുകളുടെ മാനസിക നിലക്ക് വലിയ പ്രശ്‌നം ഉണ്ടാവും. ഇത് കുടുംബത്തിലും സമൂഹത്തിലും പ്രശ്‌നങ്ങള്‍ ഉണ്ടാക്കും, ഈ വിഷയം നമ്മള്‍ ഓരോരുത്തരും ഓരോ ദിവസവും ഓര്‍ത്തിരിക്കണം.

മൂന്നാഴ്ച കഴിഞ്ഞാല്‍ ലോക്ക് ഡൗണ്‍ മാറ്റി ജീവിതം സാധാരണ നിലയിലാക്കുക എന്നത് ഒരു വഴി, മൂന്നാഴ്ച കൂടി നീട്ടി കാര്യങ്ങള്‍ കുഴപ്പത്തിലാക്കുക എന്ന മറ്റൊരു വഴി എന്നിങ്ങനെ എളുപ്പത്തിലുള്ള രണ്ടു ചോയ്‌സ് അല്ല സര്‍ക്കാരിന് മുന്നിലുള്ളത്. ലോക്ക് ഡൗണ്‍ തല്‍ക്കാലം എടുത്തുമാറ്റിയാല്‍ രോഗം കുതിച്ചു ചാടിയാല്‍ ഉണ്ടാവുന്ന ഭവിഷ്യത്ത് ഒരു വശത്ത്, ലോക്ക് ഡൗണ്‍ കൂടുതല്‍ നീട്ടിയാല്‍ ഉണ്ടാകാവുന്ന സാമ്പത്തികവും അല്ലാതെയും ഉള്ള വെല്ലുവിളി മറുവശത്ത്. ഒട്ടും സുഖകരമല്ലാത്ത ഈ രണ്ടു ഓപ്ഷനുകളുടെ ഇടയിലാണ് നേതൃത്വം. അത് നമ്മള്‍ മനസ്സിലാക്കണം, തല്‍ക്കാലമെങ്കിലും അസുഖബാധിതരുടെ എണ്ണം ആരോഗ്യ സംവിധാനത്തിന്റെ പരിധിക്കുള്ളില്‍ പിടിച്ചുനിര്‍ത്തുന്ന പദ്ധതി മാത്രമേ നമ്മുടെ മുന്നിലുള്ളൂ. അതിന് കുറച്ചുനാള്‍ കൂടി നാം പിടിച്ചുനിന്നേ പറ്റൂ. തയ്യാറെടുക്കുക.

12. ഈ കൊറോണക്കാലം ലോകത്തെല്ലായിടത്തുനിന്നും ഉപയോഗപ്രദമായ എത്രയോ അറിവുകളാണ് ഇന്റര്‍നെറ്റും മാധ്യമങ്ങളും വഴി നമുക്ക് ലഭിക്കുന്നത്. പുതിയ സ്‌കില്ലുകള്‍, പുതിയ കളികള്‍, പുതിയ ചിന്തകള്‍ എന്നിങ്ങനെ. തല്‍ക്കാലമെങ്കിലും വാര്‍ത്തകള്‍ക്കും ഇന്റെനെറ്റിനും ഒന്നും ലോകത്ത് നിയന്ത്രണങ്ങള്‍ ഇല്ല. സാധാരണ പണം കൊടുക്കേണ്ട സേവനങ്ങളും വസ്തുക്കളും ഇപ്പോള്‍ ഇന്റര്‍നെറ്റ് ലോകത്ത് സൗജന്യമാക്കുന്നു. ബാന്‍ഡ് വിഡ്ത്തും അത്യാവശ്യം ഉണ്ട്. ഇതൊക്കെ നിലനില്‍ക്കുന്നത്രയും സമയം ചിന്തകള്‍ പോസിറ്റീവ് ടെറിട്ടറിയില്‍ സൂക്ഷിക്കാനും, പുതിയതായി എന്തെങ്കിലും പഠിക്കുവാനും, ബന്ധങ്ങള്‍ ദൃഢമാക്കുവാനും ഉപയോഗിക്കുക. ഇതൊരു നൂറു മീറ്റര്‍ ഓട്ടമല്ലെന്നും മരത്തോണിന് ആണ് നാം തയ്യാറെടുക്കേണ്ടതെന്നും ഈ മഹാമാരിയുടെ ആദ്യകാലത്ത് ഞാന്‍ പറഞ്ഞത് ഓര്‍ക്കുക.

കേരളത്തിലെ ആരോഗ്യ സംവിധാനത്തിന്റെ പരിധിക്ക് പുറത്ത് കേസുകളുടെ എണ്ണം പോകാനുള്ള സാഹചര്യത്തിനും തീര്‍ച്ചയായും നമ്മള്‍ തയ്യാറെടുക്കണം. പക്ഷേ, താല്‍ക്കാലമെങ്കിലും നമ്മള്‍ അവിടെ എത്തിയിട്ടില്ല. എല്ലാവരും ഒത്തൊരുമിച്ചു പ്രവര്‍ത്തിച്ചാല്‍ നമ്മള്‍ അവിടെ എത്തുകയുമില്ല. പക്ഷേ, അങ്ങനെ ഒരു സാഹചര്യം ഉണ്ടാകുമെന്ന് തോന്നിയാല്‍ പുതിയ നിര്‍ദേശങ്ങളുമായി തീര്‍ച്ചയായും എത്തും.

സുരക്ഷിതരായിരിക്കുക

മുരളി തുമ്മാരുകുടി

Next Story

RELATED STORIES

Share it