Emedia

കക്കാട് അബ്ദുല്ല മൗലവിയുടെ വിയോഗം അറബിയെഴുത്ത് കലക്ക് നികത്താനാവാത്ത നഷ്ടം; കരീം ഗ്രാഫിയുടെ കുറിപ്പ്

കക്കാട് അബ്ദുല്ല മൗലവിയുടെ വിയോഗം അറബിയെഴുത്ത് കലക്ക് നികത്താനാവാത്ത നഷ്ടം; കരീം ഗ്രാഫിയുടെ കുറിപ്പ്
X

കോഴിക്കോട്: പ്രമുഖ അറബി ഭാഷാ പണ്ഡിതനും കാലിഗ്രാഫറുമായ കക്കാട് അബ്ദുള്ള മൗലവിയുടെ വിയോഗം അറബിയെഴുത്ത് കലക്ക് നികത്താനാവാത്ത നഷ്ടമാണെന്ന് കാലിഗ്രാഫര്‍ കരീം ഗ്രാഫി കക്കോവ്. തന്റെ ഫേസ്ബുക്ക് പേജിലാണ് അബ്ദുല്ല മൗലവിയെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവച്ചിരിക്കുന്നത്. 'പൊന്നാനി ലിപിയെഴുതുന്ന അപൂര്‍വ്വം ചിലരില്‍ പ്രമുഖനായിരുന്നു അബ്ദുള്ള മൗലവി. അക്ഷരമെഴുത്തിന്റെ തനതായ ശൈലിയും കാഴ്ചപ്പാടും സമൂഹത്തില്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുകയും അറബിമലയാളം കലിഗ്രഫിയില്‍ തന്റേതായ സംഭാവന നല്‍കുകയും ചെയ്ത അദ്ദേഹം അനേകം മദ്രസ്സാ പാഠപുസ്തകങ്ങള്‍ക്കു വേണ്ടി കൈകള്‍ ചലിപ്പിച്ചിട്ടുണ്ട്.

160 ഓളം അറബി ഗ്രന്ഥങ്ങള്‍ റഫര്‍ ചെയ്ത് 300 ല്‍ പരം പേജുകളുള്ള 'അറബി എഴുത്ത് സമഗ്രപഠനം' എന്ന ബൃഹത്തായ ഗ്രന്ഥത്തിന്റ് രചയിതാവ് കൂടിയാണദ്ദേഹം. പാരമ്പര്യ കലയായ പൊന്നാനി ലിപിയുടെ അവസാന കണ്ണികളിലൊരാളായ ഉസ്താദ് കക്കാട് അബ്ദുള്ള മൗലവിയെന്ന അപൂര്‍വ്വ പ്രതിഭയുടെ വിയോഗം കേരളത്തിലെ അറബിയെഴുത്ത് കലക്ക് നികത്താനാവാത്ത നഷ്ടങ്ങളിലൊന്നാണ്.' കരീം ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

പ്രമുഖ അറബിക് കാലിഗ്രാഫര്‍ കക്കാട് അബ്ദുള്ള മൗലവി യാത്രയായി

ഇന്നാലില്ലാഹ്..

നാട്ടില്‍ പോവുമ്പോഴെല്ലാം അദ്ദേഹത്തെ വീട്ടില്‍ ചെന്ന് കാണാറുണ്ടായിരുന്നു.

അവസാനമായി കണ്ടപ്പോള്‍ ക്ഷീണിതനായിരുന്നിട്ടും ഖത്ത് ഫുന്നാനി എഴുതുന്ന അല്പം ചില രീതികള്‍ എന്നെ കാണിച്ചു തന്നിരുന്നു.

കേരളമുസ്‌ലിം ചരിത്രരംഗത്തെ ശ്രദ്ധേയനായ അബ്ദുറഹിമാന്‍ മങ്ങാടിനോടൊപ്പം അന്ന് അവസാനമായി കണ്ടത്

ജീവിതത്തിലെ അമൂല്യ സന്ദര്‍ഭങ്ങളിലൊന്നായിരുന്നു.

പൊന്നാനി ലിപിയെഴുതുന്ന അപൂര്‍വ്വം ചിലരില്‍ പ്രമുഖനായിരുന്നു അബ്ദുള്ള മൗലവി.

ഈ പ്രാവശ്യം കാഗ്രാര്‍ട്ടിന്റെ ഉത്ഘാടനത്തിന് ക്ഷണിക്കാന്‍ വേണ്ടി വിളിച്ചപ്പോള്‍ മകളായിരുന്നു ഫോണെടുത്തിരുന്നത്. ഞാനാണ് വിളിച്ചതെന്നറിഞ്ഞപ്പോള്‍ ആശുപത്രിയില്‍ വയ്യാതെ കിടപ്പിലായിട്ടും അദ്ദേഹം ഫോണ്‍ വാങ്ങി സംസാരിച്ചു..

പതിഞ്ഞ സ്വരത്തില്‍ പ്രാര്‍ത്ഥനയോടെ കാഗ്രാര്‍ട്ടിന് എല്ലാ വിധ ആശസകളും നേര്‍ന്നു. സുഖമാവുമ്പോള്‍ നേരില്‍ കാണാമെന്നും പറഞ്ഞായിരുന്നു ഫോണ്‍ വെച്ചിരുന്നത്..

അക്ഷരമെഴുത്തിന്റെ തനതായ ശൈലിയും കാഴ്ചപ്പാടും സമൂഹത്തില്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുകയും അറബിമലയാളം കലിഗ്രഫിയില്‍ തന്റേതായ സംഭാവന നല്‍കുകയും ചെയ്ത അദ്ദേഹം അനേകം മദ്രസ്സാ പാഠപുസ്തകങ്ങള്‍ക്കു വേണ്ടി കൈകള്‍ ചലിപ്പിച്ചിട്ടുണ്ട്.

160 ഓളം അറബി ഗ്രന്ഥങ്ങള്‍ റഫര്‍ ചെയ്ത് 300 ല്‍ പരം പേജുകളുള്ള 'അറബി എഴുത്ത് സമഗ്രപഠനം' എന്ന ബൃഹത്തായ ഗ്രന്ഥത്തിന്റ് രചയിതാവ് കൂടിയാണദ്ദേഹം. കഗ്രാര്‍ട്ട് ഉത്ഘാടന ശേഷം ഈ ഗ്രന്ഥ0 അനേകം ആളുകളിലേക്ക് എത്തിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനം തോന്നുന്നു.

ഒന്നു മുതല്‍ എട്ടു വരെ ക്ലാസുകളിലേക്കുളള കേരളത്തിലെ ഏതാണ്ടെല്ലാ സ്‌കൂളുകളിലും മദ്‌റസകളിലും പതിനായിരക്കണക്കിന് വിദ്യാര്‍ഥികളുടെ മനോഹരമായ കയ്യക്ഷരത്തിന് കാരണമായത് അദ്ദേഹം തയ്യാറാക്കിയിരുന്നു അറബി കയ്യെഴുത്ത് പരിശീലന പുസ്തകമായിരിക്കും.

പാരമ്പര്യ കലയായ പൊന്നാനി ലിപിയുടെ അവസാന കണ്ണികളിലൊരാളായ ഉസ്താദ് കക്കാട് അബ്ദുള്ള മൗലവിയെന്ന അപൂര്‍വ്വ പ്രതിഭയുടെ വിയോഗം കേരളത്തിലെ അറബിയെഴുത്ത് കലക്ക് നികത്താനാവാത്ത നഷ്ടങ്ങളിലൊന്നാണ്.

അദ്ദേഹത്തെ പടച്ചവന്‍ അവന്റെ ജന്നാത്തുല്‍ ഫിര്‍ദസില്‍ ഉന്നത സ്ഥാനം നല്‍കി അനുഗ്രഹിക്കട്ടേ.

Next Story

RELATED STORIES

Share it