Top

യാത്രയ്ക്കു മുമ്പായി ഇത്രയും കാര്യങ്ങള്‍ കരുതിവയ്‌ക്കേണ്ടതുണ്ട്...

യാത്രയ്ക്കു മുമ്പായി ഇത്രയും കാര്യങ്ങള്‍ കരുതിവയ്‌ക്കേണ്ടതുണ്ട്...
X

കോഴിക്കോട്: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിദേശത്ത് കുടുങ്ങിപ്പോയ മലയാളികള്‍ ഉള്‍പ്പെടെയുള്ളവരെ നാട്ടിലെത്തിക്കാനുള്ള പരിശ്രമങ്ങള്‍ ഒടുവില്‍ ഫലംകണ്ടിരിക്കുകയാണ്. യാത്രാ വിമാനങ്ങള്‍ ടിക്കറ്റുകള്‍ വരെ ഇഷ്യൂ ചെയ്തുതുടങ്ങി. എന്നാല്‍ കൊറോണ കാലത്ത് നാട്ടിലെത്തുമ്പോള്‍ കരുതിവയ്‌ക്കേണ്ട കാര്യങ്ങളെ കുറിച്ചാണ് സുനീര്‍ പി സി ഫേസ് ബുക്കില്‍ എഴുതിയിരിക്കുന്നത്.

പി സി സുനീറിന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

നാട്ടിലേക്ക് വിമാന യാത്രയ്‌ക്കൊരുങ്ങി കാത്തിരിക്കുന്നവര്‍ക്കായി കൊവിഡ് കാലത്തുണ്ടായ ഒന്നുരണ്ട് യാത്രാനുഭവങ്ങളുടെ വെളിച്ചത്തില്‍ ചില കാര്യങ്ങള്‍ കുറിക്കുന്നു.

യാത്രയ്ക്കു മുമ്പായി ഇത്രയും കാര്യങ്ങള്‍ കരുതിവയ്‌ക്കേണ്ടതുണ്ട്:

ഫെയ്‌സ് മാസ്‌ക്ക്

എന്‍ 95 മാസ്‌ക്ക് സംഘടിപ്പിക്കാനാവുമെങ്കില്‍ അതു തന്നെയാണ് ഏറ്റവും നല്ലത്. അല്ലെങ്കില്‍ സര്‍ജിക്കല്‍ മാസ്‌ക്ക്. തുണികൊണ്ടുള്ള മാസ്‌ക്കിന് വൈറസിനെ തടയാനുള്ള കഴിവ് പൂജ്യം ശതമാനം മാത്രമാണ്(കഴിവില്ല എന്നര്‍ത്ഥം) എന്നാണ് കാണുന്നത്.

ഹാന്റ് സാനിറ്റയ്‌സര്‍

ഇടയ്ക്കിടെ കൈകള്‍ ഇതുപയോഗിച്ച് വൃത്തിയാക്കുന്നത് കൂടാതെ ഫ്‌ലൈറ്റിലെ സീറ്റിന്റെ ആംറസ്റ്റ്, ഫുഡ്‌ട്രേ തുടങ്ങിയവും ഇരുന്നയുടന്‍ ഒന്നു വൃത്തിയാക്കുന്നത് നന്നായിരിക്കും.

പേന

നാട്ടിലിറങ്ങുമ്പോള്‍ കൊടുക്കാനുള്ള ഫോം ഫ്‌ലൈറ്റീന്ന് തരും. അതു പൂരിപ്പിക്കാന്‍ അവനവന്റെ പേന തന്നെ ഉപയോഗിക്കുന്നതാണ് നല്ലത്.

മറ്റു കാര്യങ്ങള്‍:

*ഫ്‌ലൈറ്റില്‍ ക്യാബിന്‍ബാഗേജ്(ഹാന്‍ഡ് ലഗ്ഗേജ്) അനുവദിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തുക. കാരണം ചില എയര്‍ലൈന്‍സ് ഇപ്പോള്‍ ഇതനുവദിക്കുന്നില്ല. അങ്ങിനെയാണെങ്കില്‍ പണം, കാര്‍ഡുകള്‍, ആഭരണം, ഫോണ്‍ തുടങ്ങി വിലപിടിപ്പുള്ള ഒന്നും ലഗ്ഗേജില്‍ ഇടാതിരിക്കലാണ് നല്ലത്.

*യാത്രയ്ക്കു മുമ്പുള്ള ദിവസങ്ങളിലും യാത്രയിലും വൈറ്റമിന്‍സി അടങ്ങിയ ഭക്ഷണങ്ങളോ(പേരക്ക, കിവി, സ്‌ട്രോബെറീസ്, ഓറഞ്ച്, ചെറുനാരങ്ങ, പപ്പായ, ബ്രക്കോളി തുടങ്ങിയവ) ടാബ്‌ലറ്റ്‌സോ കഴിക്കുന്നത് നല്ലതാണെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം.

*ക്യൂ പാലിക്കേണ്ടയിടങ്ങളില്‍ കഴിവതും തിരക്കൊഴിയുന്നതു വരെ മാറിനില്‍ക്കാന്‍ ശ്രമിക്കുക, അല്ലെങ്കില്‍ അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.

*പല എയര്‍പോര്‍ട്ടുകളിലും സ്‌മോക്കിങ് ലോഞ്ചുകള്‍ ഇപ്പോഴും പ്രവര്‍ത്തനക്ഷമമാണ്, ആ ഭാഗത്തെത്തുമ്പോള്‍ തിരിഞ്ഞുനോക്കാണ്ട് നടന്നേ പറ്റൂ.

*ഒരു കാരണവശാലും മൂക്കിലോ മുഖത്തോ കണ്ണുകളിലോ സ്പര്‍ശിക്കാതിരിക്കുക.

*പനിയോ ചുമയോ ശ്വാസതടസ്സമോ തൊണ്ടവേദനയോ അനുഭവപ്പെട്ടാല്‍ വൈദ്യസഹായം തേടുക.

*ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുക.

പോയിട്ട് അത്ര അത്യാവശ്യമൊന്നും ഇല്ലാത്തവര്‍, എങ്ങനെയെങ്കിലും ഇവിടെ അഡ്ജസ്റ്റ് ചെയ്ത് പിടിച്ചുനില്‍ക്കാന്‍ കഴിയുന്നവര്‍, കുറച്ചൂടെ കഴിഞ്ഞ് പോവുന്നതാവും നല്ലതെന്ന് തോന്നുന്നു.


പോകുന്നവര്‍ക്കെല്ലാം 'ശുഭയാത്ര' നേരുന്നു.
Next Story

RELATED STORIES

Share it