Emedia

ജോസ് സാര്‍...ഞങ്ങള്‍ നന്ദി കെട്ടവരാണ്... ക്ഷമിക്കുക.

കുടുംബശ്രീയെ അതിന്റെ ശൈശവകാലം മുതല്‍ നയിച്ച അഡീഷണല്‍ ചീഫ് സെക്രട്ടറി ടി കെ ജോസ് ഐഎഎസ്സിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകന്‍ രവി ശങ്കര്‍ എഴുതിയ ഫേസ് ബുക്ക് കുറിപ്പ്

ജോസ് സാര്‍...ഞങ്ങള്‍ നന്ദി കെട്ടവരാണ്... ക്ഷമിക്കുക.
X

രവിശങ്കര്‍

കേരളത്തില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ആയിരുന്ന ശ്രീ. ടി.കെ.ജോസ് ഐ എ എസ് ജൂണ്‍ 30 ന് വിരമിച്ചു.

ഈ വാര്‍ത്ത നിങ്ങളില്‍ എത്ര പേര്‍ വായിച്ചു. വായിച്ചിരിക്കില്ല. കാരണം ആരും ഇങ്ങനെയൊരു വാര്‍ത്ത പോലും കൊടുത്തില്ല. ഞാന്‍ കാണാത്തതാണോ എന്നറിയില്ല. അല്ലെങ്കില്‍ തന്നെ എന്താണ് ഈ വാര്‍ത്താക്കിത്ര പ്രാധാന്യം? എത്രയോ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പ്രായം തികയുമ്പോള്‍ വിരമിച്ചു വീട്ടില്‍ പോയിരിക്കുന്നു. അങ്ങനെ ഒരാള്‍ മാത്രം അല്ലേ ഇയാളും എന്ന് ചിന്തിക്കുന്നവരും കുറവായിരിക്കില്ല.

ഇക്കാലത്ത് സ്വീപ്പര്‍ മുതല്‍ ചീഫ് സെക്രട്ടറി വരെയുള്ള സര്‍ക്കാരുദ്യോഗസ്ഥര്‍ അടുത്തൂണ്‍ പറ്റി പിരിയുന്നത് വലിയ വാര്‍ത്തയൊന്നുമില്ല. പിരിയുന്ന ദിവസം വീട്ടിലും ഓഫീസിലും നടത്താറുള്ള മൈലാഞ്ചിക്കല്യാണം പോലെ ചില പതിവ് ചടങ്ങുകള്‍ കഴിഞ്ഞാല്‍ പിന്നീട് അവരുടെ ഔദ്യോഗിക ജീവിതത്തെ ആരും ഓര്‍മിക്കാറുമില്ല.

എന്റെ ഈ മുഖ പുസ്തകത്തില്‍ കേരളത്തിന്റെ ചീഫ് സെക്രട്ടറിമാര്‍, പോലീസ് മേധാവികള്‍ വരെ ആയി പൊതുസേവനം നടത്തിയവര്‍ ഉണ്ട്. നിലവില്‍ സെര്‍വീസില്‍ ഉള്ള മിടുക്കരും ജനകീയരായവരും ഉണ്ട്. അവരില്‍ ചിലരുടെ നല്ല പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ഇന്നും ജന്മനസ്സില്‍ ജീവിക്കുന്നവര്‍ ഉണ്ടെന്നുള്ളത് സന്തോഷം നല്‍കുന്ന കാര്യമാണ്. എന്നാല്‍ തങ്ങളുടെ സര്‍വീസ് കാലയളവില്‍ മികച്ച സേവനം നടത്തിയിട്ടും പുറം ലോകം അധികം അറിയാതെ പോകുന്ന എത്രയോ പേരുണ്ട്. ഭരിക്കുന്ന സര്‍ക്കാരുകള്‍ക്ക് അനഭിമതരായവരില്‍ എത്ര മിടുക്കനായാലും വിരമിച്ച ശേഷം ഒരു പ്ലം പോസ്റ്റും അവരെ തേടിയെത്തില്ല.

നമ്മുടെ മാധ്യമങ്ങള്‍ പോലും അവരെ തിരിച്ചറിയുന്നില്ല എന്നത് പോട്ടെ തിരിഞ്ഞു നോക്കുക പോലുമില്ല. എന്നാല്‍ ഒന്നിനും അര്‍ഹമല്ലാത്ത ചിലരെയൊക്കെ പൊക്കി പിടിച്ചു നടക്കുകയും ചെയ്യും.

എല്ലാ മനുഷ്യനിര്‍മ്മിത തത്വങ്ങള്‍ക്കും നിയമങ്ങള്‍ക്കും അതീതരായ ചിലരുണ്ടല്ലോ. അതിലൊരാളായിരുന്നു ടി.കെ.ജോസ് എന്ന മനുഷ്യന്‍. വ്യത്യസ്തനായ ഒരു ഐഎഎസ്സുകാരന്‍.

പൗലോ കൊയ്‌ലോ എഴുതിയ പോലെ, ഔദ്യോഗിക ജീവിതകാലം മറ്റുള്ളവര്‍ എന്നും തിരിച്ചറിയും വിധം കേരളത്തില്‍ വലിയൊരു പ്രസ്ഥാനം തന്നെ രൂപപ്പെടുത്തിയ വ്യക്തിയാണദ്ദേഹം.

പക്ഷേ ഔദ്യോഗിക പദവികളില്‍ നിന്നും വിരമിച്ച ആ ഉദ്യോഗസ്ഥനെ കുറിച്ച് ഒരു രണ്ടു കോളം, ഒരു മിനിറ്റ് വാര്‍ത്ത പോലും നമ്മുടെ പത്ര, ദൃശ്യ മാധ്യമങ്ങളില്‍ എവിടെയും എന്റെ ശ്രദ്ധയില്‍ പെട്ടില്ല. കഴിഞ്ഞ 2 ദിവസമായി മനസ്സിനെ വല്ലാതെ അസ്വസ്ഥതപ്പെടുത്തിയ ഒന്നായിരുന്നു അത്.

1990കളുടെ തുടക്കത്തില്‍ ഏതോ ഒരു ദിവസമാണ്, കൊല്‍ക്കത്തയില്‍ നിന്നും പ്രസിദ്ധീകരിച്ചിരുന്ന അന്നത്തെ ഏറ്റവും സ്വാധീനമുള്ള ഇംഗ്ലീഷ് വാരികകളില്‍ ഒന്നായ ആനന്ദ് ബസാര്‍ പത്രികയുടെ 'സണ്‍ഡേ'ക്ക് വേണ്ടി ഫോട്ടോ എടുക്കാനായി, തിരുവനന്തപുരം വാന്‍ റോസ് ജംഗ്ഷനില്‍ പഴയ ഒളിമ്പിക്‌സ് അസോസിയേഷന്‍ കെട്ടിടത്തിന്റെ സൈഡിലൂടെയുള്ള ഇടവഴിയില്‍ ഒരു ഇടുങ്ങിയ മുറിയില്‍ ( ആദ്യമായിട്ടും അവസാനമായിട്ടും ആണ് ഒരു ഐഎഎസ് ഉദ്യോഗസ്ഥനെ ഇത്രയും ചെറിയ, അസൗകര്യങ്ങള്‍ നിറഞ്ഞ ഒരു സ്ഥലത്ത് ഞാന്‍ കാണുന്നത്) ഇരിക്കുന്ന സുമുഖനായ ഒരു ഉദ്യോഗസ്ഥനെ തേടി പോകുന്നത്. അതുവരെ അത്ര കേട്ടു പരിചയമില്ലാത്ത, അതും ഞാന്‍ ജനിച്ചു വളര്‍ന്ന മലപ്പുറം ജില്ലയിലെ സിഡിഎസ് എന്ന പരീക്ഷണം കേരളത്തിന്റെ എന്നല്ല, ഇന്ത്യയുടെ തന്നെ സമ്പൂര്‍ണ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനായി ഉപയോഗിക്കാനായി മാതൃകയായി രൂപാന്തരപ്പെടുത്തുന്ന ഒന്നിനെ കുറിച്ചുള്ള ഫീച്ചര്‍ ചെയ്യാനായി. അന്നാണ് ജോസ് സാറിന്റെ ഉള്ളിലെ പച്ചയായ മനുഷ്യനെ ഞാന്‍ അടുത്തറിയുന്നത്. പിന്നീട് വഴുതക്കാട് മുനിസിപ്പല്‍ ഗസ്റ്റ് ഹൗസിലെ ഒരു മുറിയിലും പിന്നീട് ഇന്ന് ലോകം ശ്രദ്ധിക്കുന്ന മാതൃകയായും വളര്‍ന്ന കുടുംബശ്രീ പ്രസ്ഥാനത്തിന്റെ അമരക്കാരന്‍. അതിന്റെ തുടക്കം മുതല്‍ ഒരു വര്‍ഷം മുന്‍പ് സംസ്ഥാന ആഭ്യന്തര സെക്രട്ടറി ആകുന്നത് വരെയും നേരിട്ടോ അല്ലാതെയോ അദ്ദേഹം അതിന്റെ ഭാഗമായിരുന്നു.

ജോസ് സാര്‍ അല്ലെങ്കില്‍ അത് പോലെ പാഷനേറ്റ് ആയ ഒരാള്‍ക്ക് മാത്രമേ അതിന്റെ യഥാര്‍ത്ഥ അന്തസത്ത ഉള്‍ക്കൊണ്ട് അതിനെ നയിക്കാന്‍ പറ്റൂ എന്ന് പലപ്പോഴും കുടുംബശ്രീ പ്രസ്ഥാനത്തെ അടുത്തു നിന്നും അകലെ നിന്നും നിരീക്ഷിക്കുമ്പോള്‍ എനിക്ക് തോന്നിയിട്ടുണ്ട്. പില്‍കാലത്തു ശ്രീമതി ശാരദ മുരളീധരന്‍ അതിന് നേതൃത്വം കൊടുക്കുമ്പോള്‍ ആ പ്രസ്ഥാനം നിലനില്‍ക്കാന്‍ കാരണം ഇത്ര നിസ്വാര്‍ത്ഥമായി ജോലിയെ ഉള്ളില്‍ സ്വീകരിക്കുന്ന ഉന്നത ഉദ്യോഗസ്ഥരെ കുറിച്ചുള്ള മതിപ്പും കൂട്ടിയിട്ടുണ്ട്.

കുടുംബശ്രീയുടെ തുടക്കം മുതല്‍ 2007 വരെയുള്ള ശൈശവകാലത്തെ അമരക്കാരനായിരുന്നു ജോസ് സര്‍. കളക്ടര്‍ ആയിരിക്കുമ്പോള്‍ ആണ് ജോസ് സാറിനെ കുറെയേറെ അടുത്തറിയുന്നത്. മലപ്പുറം ജില്ലയിലും ആലപ്പുഴ ജില്ലയിലും ചില പരീക്ഷണങ്ങളിലൂടെ തുടക്കമിട്ട സ്ത്രീകളുടെ കൂട്ടായ്മ ഇന്ന് കുടുംബശ്രീ എന്ന പേരില്‍ ലോകത്തിന് തന്നെ മാതൃകയായി തീര്‍ന്നിരിക്കുന്നു എന്ന് പറയാതെ വയ്യ. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും സമാന മാതൃകകള്‍ തുടങ്ങണം എന്ന് പ്രഖ്യാപിച്ച കേന്ദ്ര സര്‍ക്കാരിന്നോ ഇതുപോലെരെണ്ണം സ്ഥാപിക്കുകയും നടപ്പിലാക്കാനും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് കഴിയുകയോ ചെയ്തില്ല എന്നറിയുമ്പോഴാണ് ആ പ്രസ്ഥാനം വേറിട്ട ഒരനുഭവം ആകുന്നത്.

കുടുംബശ്രീ പ്രസ്ഥാനം ഇന്ന് എവിടെ എത്തി നില്‍ക്കുന്നു എന്ന് വിശദീകരിക്കേണ്ടതില്ല. ദാരിദ്ര്യ ലഘൂകരണം എന്ന ആദ്യ കാല ലക്ഷ്യത്തിനനുസരിച്ച് പാവപ്പെട്ടവനെ കണ്ടെത്താനുള്ള ക്ലേശ ഘടകങ്ങള്‍ തീരുമാനിച്ച്, പഞ്ചായത്തുകളുടെയും സന്നദ്ധ പ്രവര്‍ത്തകരുടേയും സഹായത്തോടെ അവരെ കണ്ടെത്തി അയല്‍ക്കൂട്ടങ്ങള്‍ രൂപീകരിച്ച്, പരിശീലനങ്ങളിലൂടെ ശക്തിപ്പെടുത്തി, സമ്പാദ്യത്തില്‍ നിന്നും ബാങ്ക് ലിങ്കേജ് വഴിയും വായ്പ ലഭ്യമാക്കി മൈക്രോ ഫിനാന്‍സിങ്ങിന്റെ ബാലപാഠങ്ങള്‍ പഠിപ്പിച്ച്, സര്‍ക്കാര്‍ സഹായത്തോടെ ചെറുകിട സംരംഭങ്ങള്‍ തുടങ്ങി, അതോടൊപ്പം വിവിധ പദ്ധതികളുടെ നടത്തിപ്പുകാരാക്കി.... അങ്ങനെയങ്ങനെയാണ് കുടുംബശ്രീ വളര്‍ന്നത്. സ്ത്രീശാക്തീകരണത്തിന് ഈ പ്രസ്ഥാനത്തോളം സംഭാവന നല്‍കിയ മറ്റൊന്നില്ല തന്നെ. സ്ഥിരവരുമാനമില്ലാത്തവന് ഭവനവായ്പ നല്‍കാന്‍ ബാങ്കുകള്‍ മടിച്ചിരുന്ന 2004-05 കാലത്താണ് കുടുംബശ്രീ സിഡിഎസുകളുടെ എഗ്രിമെന്റിന്റെ അടിസ്ഥാനത്തില്‍ ഭവനശ്രീ വായ്പ നല്‍കി ഒരു ലക്ഷത്തിലധികം പേര്‍ക്ക് വീട് നല്‍കാനായത്. ( 40,000 രൂപ വായ്പ, മാസം 480 രൂപ തിരിച്ചടവ്, 10000 രൂപ സബ്‌സിഡി കിട്ടിയാല്‍ 380 രൂപ അടവ് എന്നായിരുന്നു പദ്ധതി). സ്ത്രീകള്‍ക്കു മാത്രമല്ല കുടുംബങ്ങളിലെ യുവാക്കള്‍ക്കും തൊഴില്‍ പരിശീലനവും സബ്‌സിഡിയും നല്‍കി. ഹോട്ടലും കാന്റീനും ഉണ്ണിയപ്പവും പശുവും ആടും മുയലും കൂട്ടുകൃഷിയും മാത്രമല്ല, ന്യൂട്രിമിക്‌സ് യൂനിറ്റുകളും വനിതാകെട്ടിടനിര്‍മാണ യൂനിറ്റുകളും കുടുംബശ്രീ കടകളും ഡ്രൈവിംഗ് സ്‌കൂളുകള്‍ വരെയും അന്ന് നിലവില്‍വന്നു. സ്‌കൂളുകളില്‍ കമ്പ്യൂട്ടര്‍ വിദ്യാഭ്യാസം നല്‍കുന്നതിന്റെ തുടക്കത്തില്‍ കുടുംബശ്രീ ഐടി@ സ്‌കൂള്‍ യൂനിറ്റുകള്‍ പലയിടത്തും പ്രവര്‍ത്തിച്ചുപോന്നു.

പല തിരഞ്ഞെടുപ്പുകളിലും വോട്ടര്‍പട്ടിക തയ്യാറാക്കിയത് കുടുംബശ്രീ ഐടി യൂനിറ്റുകള്‍ ആയിരുന്നു. ഭിന്നശേഷിക്കാര്‍ക്കായുള്ള ബഡ്‌സ് സ്‌കൂളുകള്‍ തുടങ്ങിയതും ഇന്നും നടത്തുന്നതും കുടുംബശ്രീ പ്രവര്‍ത്തകരാണ്.

കുട്ടികള്‍ക്കായി ബാലസഭയും അവയുടെ ജില്ലാസംസ്ഥാന സംഗമങ്ങളും അന്നു നടത്തിയിരുന്നു.

ബാലസഭാസംഗമത്തിന് വരുന്ന കുട്ടികള്‍ സംഗമ ദിവസങ്ങളില്‍ താമസിക്കുന്നത് ഹോസ്റ്റലിലോ ലോഡ്ജിലോ ആയിരുന്നില്ല മറിച്ച് സംഗമം നടക്കുന്ന പ്രദേശത്തിനടുത്ത കുടുംബശ്രീ കുടുംബങ്ങളിലെ ഒരു കൂട്ടുകാരന്റെയോ കൂട്ടുകാരിയുടേയോ വീട്ടിലായിരുന്നു. ആ കുടുംബത്തിന്റെ മാത്രമല്ല, ആ വാര്‍ഡിലെ മുഴുവന്‍ പ്രവര്‍ത്തകരുടേയും കരുതലായിരുന്നു അവരുടെ സുരക്ഷ. മതില്‍ക്കെട്ടുകള്‍ക്കപ്പുറത്തെ ആ ബന്ധങ്ങള്‍ എത്രയോ കാലം പിന്നെയും തുടര്‍ന്നുപോന്നു.

ഓഫിസ് സമയത്തിനപ്പുറം സമൂഹത്തിലിറങ്ങി പണിയെടുക്കാന്‍ തയ്യാറുള്ള കുറച്ച് ഉദ്യോഗസ്ഥരായിരുന്നു ഇതിനൊക്കെ ചുക്കാന്‍ പിടിച്ചിരുന്നത്. ജില്ലാ തലത്തില്‍ കോഓര്‍ഡിനേറ്റര്‍ അടക്കം 56 പേര്‍, പഞ്ചായത്തില്‍ സ്ഥിരം ചുമതലകള്‍ക്ക് പുറമേ അധിക ചുമതല വഹിക്കുന്ന ഒരു ചാര്‍ജ് ഓഫിസര്‍ ഈ ഉദ്യോഗസ്ഥ സംവിധാനം അയല്‍ക്കൂട്ട രൂപീകരണം മുതല്‍ തൊഴില്‍ യൂനിറ്റുകള്‍ സ്ഥാപിക്കല്‍ വരെ നടത്തിപ്പോന്നു.

വണ്ടിക്കൂലിക്ക് പോലും തികയാത്ത ഓണറേറിയം വാങ്ങി കുടുംബശ്രീ പടുത്തുയര്‍ത്താന്‍ കഷ്ടപ്പെട്ട സിഡിഎസ് പ്രസിഡണ്ടുമാരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചേര്‍ന്ന ഒരു ടീം സംസ്ഥാനത്തെമ്പാടും ഉണ്ടാക്കിയെടുത്തു എന്നതാണ് ജോസ് സാറിന്റെ മാഹാത്മ്യം.

അതിനായി രാപ്പകലില്ലാതെ ജോലി ചെയ്തും, കേരളം മുഴുവന്‍ യാത്ര ചെയ്തും, രാഷ്ട്രീയ നേതൃത്വങ്ങളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയും ബാങ്കുകാരോട് വിലപേശിയും പരിശീലനത്തിനും സബ്‌സിഡിക്കും ഫണ്ട് വാങ്ങിയും ടീമംഗങ്ങളെ കര്‍ശനമായി നിരീക്ഷിച്ചും നിത്യമെന്നോണം റിവ്യൂ നടത്തിയും അദ്ദേഹം വര്‍ഷങ്ങളോളം കുടുംബശ്രീ മിഷനെ നയിച്ചു. മികച്ച വികസനമാതൃകക്കുള്ള ഐക്യരാഷ്ട്രസഭയുടെ പുരസ്‌കാരം ലഭിച്ചതോടെ കുടുംബശ്രീ മാതൃക ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെട്ടു.

അദ്ദേഹത്തോടൊപ്പം മലപ്പുറം ജില്ലാ മിഷന്‍ ടീമില്‍ ജോലി ചെയ്ത എന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളായ ഡോക്ടര്‍ നൗഷാദ് അലിയുടെ കുറെയേറെ വരികള്‍ ഞാന്‍ കടമെടുത്താണ് ഈ കുറിപ്പ് തയ്യാറാക്കുന്നത്. ജോസ് സാറിനോടൊപ്പം ജോലി ചെയ്ത കാലം തന്റെ ജീവിതത്തിലെ ഒരു ഭാഗ്യമായി കാണുന്ന നൗഷാദിനെ പോലെ ആയിരങ്ങള്‍ നമുക്കിടയില്‍ ഉണ്ടാകും. പത്തു മണി അഞ്ചു മണി സര്‍ക്കാര്‍ ഉദ്യോഗമായിരുന്നില്ല അന്നത്തേത്. മറിച്ച് പകല്‍ പഞ്ചായത്തുകളിലോട്ടം, രാത്രി ഓഫീസ് ജോലികള്‍, പുറമേ തൊഴില്‍ പരിശീലനത്തിന് എസ്‌കോര്‍ട്ട് പോകല്‍, മൃഗസംരക്ഷണ വിഷയങ്ങളില്‍ പരിശീലനം നല്‍കല്‍, ചില സംസ്ഥാനതല പരിശീലനപരിപാടികളുടെ ചുമതല എന്നിങ്ങനെ എന്നും എപ്പോഴും ഉത്തരവാദിത്തമുള്ള കാലമായിരുന്നു അത്. മിഷന്‍ (ദൗത്യം ) മോഡില്‍ ജോലി ചെയ്തിരുന്ന ,അഥവാ ചെയ്യിപ്പിച്ചിരുന്ന കാലം. ജോലിയെടുപ്പിക്കല്‍ മാത്രമായിരുന്നില്ല ജോസ് സാറിന്റെ ശീലം. ടീമംഗങ്ങളുടെ വ്യക്തിപരമായ വളര്‍ച്ചയും ഫോക്കസ് ഏരിയ ആയിരുന്നു. എല്ലാ മാസവും നടക്കുന്ന റിവ്യൂ യോഗങ്ങളില്‍ പുസ്തകങ്ങള്‍ വാങ്ങലും വായിക്കും നിര്‍ബന്ധമായിരുന്നു. മാന്‍കാച്ചിംഗ് പോലുള്ള എച്ച്ആര്‍ പരിശീലനങ്ങളും താല്‍പര്യമുള്ള വിഷയങ്ങളില്‍ ഇതര സംസ്ഥാന പരിശീലനങ്ങളും വേണ്ടവര്‍ക്ക് ലഭിച്ചിരുന്നു. ഒരേയൊരു നിബന്ധന മാത്രം 100% സമയവും നിങ്ങള്‍ കുടുംബശ്രീ പ്രവര്‍ത്തകനായിരിക്കണം.

കുടുംബശ്രീ ഇരുപത്തഞ്ച് വര്‍ഷം പിന്നിട്ട് പല വഴികളിലേക്ക് വ്യാപിച്ച്, പുതിയ ലക്ഷ്യങ്ങളില്‍ കണ്ണുനട്ട് കുതിക്കുമ്പോള്‍ ഒരു തിരിഞ്ഞുനോട്ടവും സ്വയംവിശകലനവും ആവശ്യമുണ്ട് എന്ന് പഴയൊരു കുടുംബശ്രീക്കാരനെന്ന നിലയില്‍ എനിക്ക് തോന്നുന്നു എന്ന് നൗഷാദ് പറയുന്നത് ഉള്ളിന്റെ ഉള്ളില്‍ നിന്നാണ്.

കുടുംബശ്രീ എന്ന പ്രസ്ഥാനം കേരളത്തിലെ സ്ത്രീകളുടെ, കുടുംബങ്ങളുടെ അന്തസ്സും അഭിജാത്യവും ഉയര്‍ത്തി പിടിക്കുകയും ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം ചെയ്യുകയും മാത്രമല്ല ചെയ്തത്. ജനകീയ ആസൂത്രണ പ്രസ്ഥാനത്തെക്കാള്‍ കേരളത്തിന്റെ സമൂഹത്തില്‍ ശാന്തിയും സമാധാനവും ഐശ്വര്യവും കുറെയൊക്കെ പ്രവര്‍ത്തികമാക്കാനും ഇന്ത്യ എന്ന മഹത്തായ ജനാധിപത്യ സമൂഹത്തില്‍, തദ്ദേശ സ്വയംഭരണ അധികാര സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട സ്ത്രീപ്രതിനിധികള്‍ക്ക് മികച്ച രീതിയില്‍ ഭരണനിര്‍വ്വഹണം നടത്താനും സഹായിച്ചു എന്ന് കൂടി വിലയിരുത്തുമ്പോള്‍ മാത്രമേ ടി കെ ജോസ് എന്ന ഉദ്യോഗസ്ഥന്റെ ദീര്‍ഘദൃഷ്ടിയുടെ ആഴം മനസ്സിലാക്കാന്‍ കഴിയുകയുള്ളൂ. സ്ത്രീ അടുക്കളകളില്‍ തളച്ചിടേണ്ടളവല്ല, മറിച്ച് സമൂഹത്തിന്റെ കരുത്തും വിളക്കും ആവേണ്ടവളാണ് എന്ന തിരിച്ചറിവ് അവര്‍ക്ക് നല്‍കുകയും അത് ഒറ്റ തിരിഞ്ഞുള്ള പ്രവര്‍ത്തനം കൊണ്ടല്ല, മറിച്ച് കൂട്ടായ്മയിലൂടെ മാത്രമേ സാധ്യമാകൂ എന്ന തിരിച്ചറിവും കൂടി അദ്ദേഹത്തിന് തുടക്കകാലത്ത് ഉണ്ടായത് കൊണ്ടാണ് കുടുംബശ്രീ ഇന്നത്തെ നിലയിലേക്ക് രൂപാന്തരം പ്രാപിച്ചത് എന്ന് കൂടി വിലയിരുത്തണം.

ജോസ് സാറിന്റെ മാനേജ്‌മെന്റ് വൈദഗ്ദ്യം ഞാന്‍ അടുത്തറിഞ്ഞത് 2000-2001 കാലത്താണ്. അന്ന് വഴുതക്കാട് മുനിസിപ്പല്‍ ഗസ്റ്റ് ഹൗസിലെ സാറിന്റെ ഓഫിസിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു ഞാന്‍. സാറിന്റെ അടുപ്പക്കാരനായ എബി ഇടയ്ക്കിടെ എന്നെയും വിളിച്ചാണ് അങ്ങോട്ട് പോവുക. ആ സമയത്ത് ടൂറിസം ഇന്ത്യ തുടങ്ങി മൂന്നാല് വര്‍ഷം ആയിട്ടേ ഉണ്ടായിരുന്നുള്ളൂ. ഒരു ന്യൂസ് ഫോട്ടോഗ്രാഫര്‍ എന്ന നിലയില്‍ നിന്നും ഒരു സംരംഭകന്‍ ആയി ഞാന്‍ എവിടെയും എത്തി നില്‍ക്കാത്ത സമയം. ഒരു ദിവസം വര്‍ത്തമാനത്തിനിടയില്‍ സാര്‍ പറഞ്ഞു ഒന്നുകില്‍ ടൂറിസം ഇന്ത്യയെ പ്രൊഫഷണല്‍ ആയി സമീപിക്കുക. അല്ലെങ്കില്‍ പൂര്‍ണ്ണ സമയ ഫോട്ടോഗ്രാഫര്‍ ആവുക. രണ്ടും തികച്ചും വ്യത്യസ്തമായി സമീപിക്കേണ്ട കാര്യങ്ങളാണ്. ഒരു സ്ത്രീക്ക് ഒരേ സമയം രണ്ടും അനായസേന കൊണ്ട് പോകാന്‍ പറ്റിയേക്കും. എന്നാല്‍ നമുക്ക് പുരുഷന്മാര്‍ക്ക് ഈ മള്‍ട്ടി ടാസ്‌കിങ് ഒരു പോലെ കൊണ്ട് പോകാന്‍ പ്രയാസമായിരിക്കും. അന്ന് അത് ആദ്യം കേട്ടപ്പോള്‍ മനസ്സില്‍ ഒരു ഒരിതൊക്കെ തോന്നിയെങ്കിലും പിന്നീട് ഞാന്‍ അത് മനസ്സില്‍ സ്വീകരിച്ചത് ടൂറിസം ഇന്ത്യ എന്ന പ്രസ്ഥാനത്തിന് വലിയ ഗുണം ചെയ്തു.

ഒരു ഐഎഎസ് ഓഫീസറുടെ യാതൊരു ജാടകളുമില്ലാതെയാണ് ജോസ് സാര്‍ എല്ലാവരോടും പെരുമാറിയത്. സഹജീവി സ്‌നേഹം, കരുതല്‍ ഒക്കെ എപ്പോഴും കൂടെ കൊണ്ട് നടന്ന സൗമ്യനായ ഉദ്യോഗസ്ഥന്‍. തന്റെ കഴിവ് സമൂഹ നന്മക്കായി ഉപയോഗിക്കാന്‍ തീരുമാനിച്ചുറച്ച ഉദ്യോഗസ്ഥന്‍ ആയിരുന്നു അദ്ദേഹം എന്ന് നിസ്സംശയം പറയാനാകുന്നത് കുടുംബശ്രീ എന്ന പ്രസ്ഥാനത്തിനായി അദ്ദേഹം ഇട്ട അതിശക്തമായ അടിത്തറ എന്ത് മാത്രം പ്രാധാന്യമര്‍ഹിക്കുന്നു എന്ന് തിരിച്ചറിയുമ്പോള്‍ ആണ്.

എന്നാല്‍ നിര്‍ഭാഗ്യം എന്ന് പറയട്ടെ, കുടുംബശ്രീയുടെ ചരിത്രം പറയുമ്പോള്‍ അതിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഒരു വരി പോലും ആ മനുഷ്യനെ കുറിച്ചില്ല. അല്ലെങ്കിലും ശില്പം പണി കഴിച്ചാല്‍ പിന്നെ ശില്പി പടിക്കുപുറത്തല്ലേ.

അതെ അവസ്ഥ തന്നെയാണ് അദ്ദേഹം വിരമിക്കുമ്പോഴും എനിക്ക് കാണാനായത്. മുഖ്യധാര മാധ്യമങ്ങള്‍ ഒന്നും ആധുനിക കേരളത്തിന്റെ ചരിത്രത്തില്‍ വെള്ളി വരകളാല്‍ ആലേഖനം ചെയ്യേണ്ട ഒരു പേരായിരുന്നു ശ്രീ. ടി കെ ജോസ് ഐ എ എസ് എന്ന് അറിഞ്ഞത് പോലുമില്ല. ഒരു സിനിമയില്‍ മാത്രം അഭിനയിച്ച നായിക, നായകന്മാര്‍ക്ക് മാറ്റിവെക്കുന്ന പത്രതാളുകളെക്കാള്‍, ടെലിവിഷന്‍ സമയത്തെക്കാള്‍ പ്രാധാന്യം കൊടുക്കേണ്ട ഒരാളാണ് നീണ്ട കാലത്തെ നിസ്തുല സേവനത്തിന് ശേഷം വിശ്രമ ജീവിതത്തിലേക്ക് പ്രവേശിക്കുന്നത്. അദ്ദേഹത്തെ തേടി ഇനിയെന്തെങ്കിലും പദവികള്‍ തേടി വരുമോ എന്നെനിക്കറിയില്ല. വന്നാലും അതൊന്നും സ്വീകരിക്കാതെ താന്‍ ജനിച്ചു വളര്‍ന്ന മണ്ണിലേക്ക് നഗ്‌ന പാദനായി കൈകോട്ടും ആയി കിളക്കാന്‍ ഇറങ്ങാനായിരിക്കും ജോസ് സാറിലെ മനുഷ്യന്‍ ഇഷ്ടപ്പെടുന്നത് എന്നാണ് തോന്നുന്നത്.

ആരവഗണിച്ചാലും ശരി ഇല്ലെങ്കിലും ശരി, ടി.കെ. ജോസ് ഐഎഎസ് എന്ന ദന്തഗോപുരവാസിയല്ലാത്ത ഒരു ഓഫിസര്‍ റിട്ടയര്‍ ചെയ്യുമ്പോള്‍ അദ്ദേഹത്തിന്റെ സര്‍ക്കാര്‍ സര്‍വീസിനെ അടയാളപ്പെടുത്താന്‍ ഇനിയും എത്രയോ കാലം കുടുംബശ്രീ നമ്മോടൊപ്പം ഉണ്ടാകും എന്ന കാര്യത്തില്‍ സംശയമില്ല.

ഒരു കാര്യം കൂടി ജോസ് സാറിനെ കുറിച്ച് പറയാതിരുന്നാല്‍ ഈ കുറിപ്പ് പൂര്‍ണമാകില്ല.

എന്റെ സുഹൃത്തും സഹപ്രവര്‍ത്തകനുമായിരുന്ന ശ്രീ റോയി മാത്യു ഒരിക്കല്‍ അതിനെ കുറിച്ച് ഒരു സ്‌റ്റോറി ചെയ്തത് ഓര്‍ക്കുന്നു. പാവപ്പെട്ട ഒരു പാട് സ്ത്രീകള്‍ക്ക് സ്വന്തം സാലറി സര്‍ട്ടിഫിക്കറ്റ് വെച്ച് വായ്പ എടുക്കാന്‍ സഹായിച്ചതായി അന്ന് റോയി എഎന്‍ഐക്ക് വേണ്ടി വിഷ്വല്‍ സ്‌റ്റോറി ചെയ്തിട്ടുണ്ട്. എന്റെ ഒരടുത്ത സുഹൃത്തും കേരളത്തിന്റെ ആദ്യത്തെ ഐ ടി നയത്തിന്റെ അടക്കം കരട് രൂപരേഖ തയ്യാറാക്കുകയും ചെയ്ത കേരളത്തിലെ ആദ്യത്തെ ഐ ടി സംരംഭകനായിരുന്ന ഇടുക്കിക്കാരനായ ഒരു സുഹൃത്തിന് ഒരു വലിയ തുക സ്വന്തം ജാമ്യത്തില്‍ ബാങ്കില്‍ നിന്ന് തരപ്പെടുത്തുകയും ഒടുവില്‍ നിര്‍ഭാഗ്യവശാല്‍ അതിന്റെ മുഴുവന്‍ ബാധ്യതയും സ്വയം ഏറ്റെടുക്കുകയും ചെയ്ത ഒരത്യപൂര്‍വ്വ മനുഷ്യനാണ് ജോസ് സാര്‍. എല്ലാ അര്‍ത്ഥത്തിലും മനുഷ്യസ്‌നേഹിയാണ് അദ്ദേഹം.

നന്ദി ജോസ് സാര്‍. ഇത്രയും കാലം സ്വന്തം മനസാക്ഷിയെ പണയപ്പെടുത്താതെ സ്വന്തം സ്വത്വം ഉയര്‍ത്തി പിടിച്ചും ഇവിടെ സര്‍ക്കാര്‍ സേവനം ചെയ്യാം എന്ന് ജനങ്ങളെ ബോധ്യപ്പെടുത്തിയതിന്. ചെറിയ ചില വിട്ടുവീഴ്ചകള്‍ ചെയ്തിരുന്നെങ്കില്‍ പോലും ഇനിയും ഉന്നത പദവികള്‍ അലങ്കരിക്കാന്‍ കഴിയും എന്നറിയാമായിട്ടും അതിനൊന്നും തുനിയാതെ നട്ടെല്ലോടെ, അഭിമാനത്തോടെ, അന്തസ്സോടെ, തന്റെ ദൗത്യനിര്‍വ്വഹണം പൂര്‍ത്തിയാക്കിയതിന്. അഴിമതിയുടെയും സ്വജനപക്ഷപതിത്വത്തിന്റെയും കറപുരളാതെ ഏറ്റെടുത്ത ജോലി പൂര്‍ത്തിയാക്കി സംതൃപ്തിയോടെ അധികാരത്തിന്റെ പടിക്കെട്ടുകള്‍ ഇറങ്ങി, വേലിക്കെട്ടുകള്‍ ഇല്ലാത്ത ലോകത്തേക്ക് ഇറങ്ങി വരുന്നതിന്.

ഇനിയുള്ള നാളുകള്‍ സമാധാനത്തിന്റെയും സന്തോഷത്തിന്റെയും ആയിരിക്കട്ടെ എന്നാശംസിക്കുന്നു. ആയുരാരോഗ്യസൗഖ്യം നേരുന്നു.

സ്‌നേഹത്തോടെ,
രവിശങ്കര്‍

Next Story

RELATED STORIES

Share it