Emedia

താങ്കളുടെ ആ 'മിസ്റ്റേക്കി'നെ അത്ര നിഷ്‌കളങ്കമായ ഒന്നായി എനിക്ക് വായിക്കാനാവുന്നില്ല; മനേകാ ഗാന്ധിക്ക് ഒരു മലപ്പുറംകാരിയുടെ കത്ത്

താങ്കളുടെ മൂക്കിന്‍ തുമ്പില്‍ നിന്നും അധികമൊന്നും ദൂരെയല്ലാതെ സഫൂറയുണ്ട്. അതിന് കൂടി മറുപടി പറയാന്‍ നിങ്ങള്‍ ബാധ്യസ്ഥരാണ്... അതിനുള്ള തന്റേടം നിങ്ങള്‍ക്കില്ല എന്നറിയാമെങ്കില്‍ പോലും...

താങ്കളുടെ ആ മിസ്റ്റേക്കിനെ അത്ര നിഷ്‌കളങ്കമായ ഒന്നായി എനിക്ക് വായിക്കാനാവുന്നില്ല; മനേകാ ഗാന്ധിക്ക് ഒരു മലപ്പുറംകാരിയുടെ കത്ത്
X

മലപ്പുറം: പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട്ട് തോട്ട ഭക്ഷിച്ച് ഗര്‍ഭിണിയായ കാട്ടാന ചരിഞ്ഞ സംഭവം ദേശീയമാധ്യമങ്ങളില്‍ പോലും ഇപ്പോള്‍ വലിയ വാര്‍ത്തയാണ്. ആനയെ കൊലപ്പെടുത്തിയ ക്രൂരതയ്ക്കപ്പുറം അതിനെ മുസ് ലിം ഭൂരിപക്ഷ ജില്ലയായ മലപ്പുറത്തെ വ്യാജമായി കൂട്ടിച്ചേര്‍ത്ത് വിദ്വേഷം പ്രചരിപ്പിക്കാനുള്ള വിഷയമാക്കി ഹിന്ദുത്വര്‍ മാറ്റിയിരിക്കുകയാണ്. പ്രത്യേകിച്ച് മുന്‍ കേന്ദ്രമന്ത്രിയും എംപിയുമായ മനേകാ ഗാന്ധി ഒരുപടി കൂടി കടന്ന്, മലപ്പുറത്തെ രാജ്യത്തെ എറ്റവും ക്രിമിനല്‍ പശ്ചാത്തലമുള്ള ജില്ല എന്നു വരെ വിശേഷിപ്പിച്ചു. പാലക്കാട് നടന്ന സംഭവത്തെ മലപ്പുറത്തിനു മേല്‍ ചാര്‍ത്തിയത് വെറുമൊരു അക്ഷരത്തെറ്റല്ലെന്ന് ആര്‍ക്കുമറിയാമെന്ന് വ്യക്തമാക്കുകയാണ് മണ്ണാര്‍ക്കാട് കല്ലടി എംഇഎസ് കോളജിലെ അസി. പ്രഫസറായ ഷാഹിദാ ഷായുടെ കുറിപ്പ്.

ഷാഹിദാ ഷായുടെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

മനേകാ ഗാന്ധിക്ക്,

കേരളത്തിലെ, പാലക്കാട് ജില്ലയില്‍ തിരുവിഴാംകുന്ന് അമ്പലപ്പാറയില്‍ തോട്ട ഭക്ഷിച്ച് ഗര്‍ഭിണിയായ ആന ചരിഞ്ഞതില്‍ അങ്ങേയറ്റം ആവലാതിപ്പെട്ടുകൊണ്ടുള്ള താങ്കളുടെയും കൂട്ടാളികളുടേയും ട്വിറ്റര്‍, എഫ്ബി പോസ്റ്റുകള്‍ വായിച്ചിരുന്നു. ഞാനും എന്റെ സുഹൃത്തുക്കളും എല്ലാവരും ഈ വിഷയത്തിലെ വേദന പങ്കുവച്ചിരുന്നു. മലപ്പുറത്തുകാരിയായ ഞാന്‍ ജോലി ചെയ്യുന്ന മണ്ണാര്‍ക്കാട് എന്ന സ്ഥലം അമ്പലപ്പാറയില്‍ നിന്നും അധികമൊന്നും ദൂരെയല്ലാത്ത സ്ഥലമാണെന്ന് മാത്രമല്ല, അതിന്റെ സമീപപ്രദേശങ്ങളില്‍ നിന്നുള്ള ഒട്ടനവധി വിദ്യാര്‍ഥികളെ നേരിട്ടറിയാവുന്നതുമാണ്. കാട്ടുപന്നി ശല്യം രൂക്ഷമായ അമ്പലപ്പാറയില്‍ കൃഷി വിളകള്‍ നശിപ്പിക്കാന്‍ വേണ്ടി കൂട്ടത്തോടെ വരുന്ന കാട്ടുപന്നികളെ പേടിപ്പിക്കാന്‍ വേണ്ടി വയ്ക്കുന്ന തോട്ട യാദൃശ്ചികമായി അതുവഴി വന്ന കാട്ടാന ഭക്ഷിക്കുകയായിരുന്നു. അതിന് ശേഷം വെള്ളത്തിലിറങ്ങിയ ആനയെ കയറ്റാന്‍ നാട്ടുകാരും ഫയര്‍ഫോഴ്‌സുമൊക്കെ ഒരുപാട് ശ്രമിക്കുകയും പരാജയപ്പെടുകയും ചെയ്തിരുന്നു. ഇതിനെല്ലാമൊടുക്കമാണ് ദാരുണമായി ആന ചരിഞ്ഞത്. വളരെയധികം വേദനയും അമര്‍ഷവും തോന്നിയിരുന്നു.

എന്നാല്‍ പിന്നീട് താങ്കളടക്കമുള്ള പലരുടെയും പോസ്റ്റുകളും ആഹ്വാനങ്ങളും വായിക്കാനിടയായി. മലപ്പുറം ജില്ലയിലെ മുസ്‌ലിം പോപുലേഷനെ കുറിച്ചും ജില്ലയുടെ വയലന്‍സിനെ കുറിച്ചും ഗര്‍ഭിണിയായ ചെരിഞ്ഞ ആനയുടെ അവസ്ഥയെ കുറിച്ചുമെല്ലാം... പാലക്കാട് ജില്ലയിലെ അമ്പലപ്പാറ മലപ്പുറം ജില്ലയായി മാറിയ താങ്കളുടെ (അനുയായികളുടെയും) ആ 'mistake' അത്ര നിഷ്‌കളങ്കമായ ഒന്നായി ഒരു മലപ്പുത്തെ മുസ് ലിം യുവതിയായ എനിക്ക് വായിക്കാനാകുന്നില്ല. അതിന്റെ കൃത്യമായ അജണ്ട മനസ്സിലാക്കിയെടുക്കാന്‍ കാലങ്ങളായി ഇത്തരം പല എഴുത്തുകളും പ്രചാരണങ്ങളും കാണുകയും കേള്‍ക്കുകയും ഇപ്പോഴും പലതിനും മറുപടി പറയുകയും ചെയ്യുന്ന ആളുകളെന്ന നിലക്ക് എളുപ്പത്തില്‍ സാധിക്കുന്നുണ്ട്.

പിന്നെ, ആനക്കുണ്ടായ അനുഭവത്തിലെ കഠിനമായ വേദനയോടെ തന്നെ താങ്കളുടെയും മറ്റു മാധ്യമങ്ങളുടെയും ശ്രദ്ധയിലേക്ക് ഒരു കാര്യം കൂടി കൊണ്ട് വരാന്‍ ആഗ്രഹിക്കുന്നുണ്ട്... ഉള്ളില്‍ അനേകായിരം വിസ്‌ഫോടനങ്ങള്‍ സംഭവിച്ച് കൊണ്ട് ഗര്‍ഭിണിയായ സഫൂറ സര്‍ഗാര്‍ എന്ന മുസ് ലിം യുവതി താങ്കളുടെ ഭരണകൂടത്തിന്റെ തടവറയില്‍, ഇരുട്ടില്‍ ദിവസങ്ങളോളമായി ഒറ്റക്ക് നില്‍ക്കുകയാണ്. അവളുടെ ഉദരത്തില്‍ ഒരു കുഞ്ഞ് വളരുന്നുണ്ട്. ആ കുഞ്ഞിന് വേണ്ടി പോലും നിങ്ങള്‍ സൃഷ്ടിച്ചുവച്ചിട്ടുള്ള ക്രൂരമായ ലോകത്തെക്കുറിച്ചൊന്നും തന്നെ അറിയാതെ. താങ്കളുടെ മൂക്കിന്‍ തുമ്പില്‍ നിന്നും അധികമൊന്നും ദൂരെയല്ലാതെ സഫൂറയുണ്ട്. അതിന് കൂടി മറുപടി പറയാന്‍ നിങ്ങള്‍ ബാധ്യസ്ഥരാണ്...

അതിനുള്ള തന്റേടം നിങ്ങള്‍ക്കില്ല എന്നറിയാമെങ്കില്‍ പോലും...

എന്ന്,

ഷാഹിദ

#resist_fascism #each_lives_matter #sab_yaad_rakha_ജായേഗാ


Next Story

RELATED STORIES

Share it