Emedia

സാമൂഹിക ജനാധിപത്യത്തിനു വേണ്ടിയുള്ള രണ്ടാം സ്വാതന്ത്ര്യസമരം തുടരണം

സാമൂഹിക ജനാധിപത്യത്തിനു വേണ്ടിയുള്ള രണ്ടാം സ്വാതന്ത്ര്യസമരം തുടരണം
X

സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായ പ്രചാരണങ്ങള്‍ സ്വന്തം വംശീയപ്രത്യയശാസ്ത്രം മറച്ചുവയ്ക്കാന്‍ ബിജെപിയെ പ്രാപ്തമാക്കുന്നുവെന്ന് നിരീക്ഷിക്കുന്ന കെ കെ ബാബുരാജ് അതിനെ തുരങ്കംവയ്ക്കുന്ന സാമൂഹിക സാഹചര്യങ്ങളെക്കുറിച്ചാണ് എഴുതുന്നത്. ഭരണകൂടം എന്തെക്കെ അവകാശവാദങ്ങള്‍ പറഞ്ഞാലും സാമൂഹിക ജനാധിപത്യത്തിനു വേണ്ടിയുള്ള രണ്ടാം സ്വാതന്ത്ര്യസമരം തുടര്‍ന്നു കൊണ്ടിരിക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിക്കുന്നു.

കെ കെ ബാബുരാജ്

ഇന്ത്യയിലെ ഹിന്ദുത്വവാദികളെ സംബന്ധിച്ചെടുത്തോളം അവര്‍ പിന്തുടരുന്ന വംശീയപ്രത്യയ ശാസ്ത്രത്തിനും ആക്രമണ ദേശീയതക്കും താല്‍ക്കാലികമായി മറയിട്ടുകൊണ്ടു തങ്ങള്‍ പൊതുധാര ലിബറല്‍ സാമൂഹികതയുടെയും കൂടെ വ്യക്താക്കളാണെന്നു വരുത്താന്‍ എഴുപത്തിയഞ്ചാം സ്വാതന്ത്രദിനം ആഘോഷിക്കുന്ന വേളയിലെ കേന്ദ്രഭരണം സഹായകരമായിട്ടുണ്ട്. ഈ അവസരം മുതലെടുത്തു കൊണ്ടു സവര്‍ക്കര്‍ അടക്കമുള്ള വംശീയവാദികളെ ദേശീയ പ്രതിനിധാനങ്ങളാക്കി മാറ്റാനും അവര്‍ക്കു കഴിയുന്നുണ്ട്.

ഇതിനു അവര്‍ക്കു സഹായകരമായ കാര്യം ' ഇന്ത്യ തിളങ്ങുന്നു', 'ഇന്ത്യ ബഹുദൂരം മുന്നിലാണ്' മുതലായ ആര്‍എസ്എസ്-ബിജെപി പ്രചാരണങ്ങളാണ്. ഇന്നലെ രാഷ്ട്രപതി നടത്തിയ സ്വാതന്ത്ര ദിന പ്രസംഗത്തിന്റെ ഉള്ളടക്കത്തിലും ഇതേ പ്രചാരണങ്ങള്‍ തന്നെയാണ് കൂടുതല്‍ പ്രതിഫലിച്ചത്. ഇത്തരം പ്രചാരണങ്ങളിലൂടെ ഇന്ത്യയിലെ ബ്രാഹ്മണിസ്റ്റ് ശക്തികളിലും സവര്‍ണ മധ്യവര്‍ഗ്ഗങ്ങളിലും വേരോട്ടമുള്ള ഒരു ഹിന്ദു യാഥാസ്ഥിതിക കക്ഷി എന്നതിനുപരി ലിബറല്‍ സമൂഹത്തെ ആകമാനം ഉള്‍ക്കൊള്ളുന്നവരാണ് എന്ന പ്രതിച്ഛായയാണ് ഹിന്ദുത്വവാദികള്‍ക്ക് കൈവരുന്നത്.

എന്നാല്‍, ഇത്തരം പ്രതിച്ഛായനിര്‍മിതികളെ ഒറ്റയടിക്ക് പിളര്‍ക്കുന്നതാണ് ഈ ആഘോഷ വേളയില്‍ തന്നെ രാജസ്ഥാനിലെ ഒരു സ്‌കൂളില്‍ മേല്‍ ജാതിക്കാര്‍ക്കുള്ള വെള്ളം കുടിച്ചതിന്റെ പേരില്‍ നാലാം കഌസ്സില്‍ പഠിച്ചിരുന്ന ഒരു ദലിത് കുട്ടിയെ സവര്‍ണനായ അധ്യാപകന്‍ ഭീകരമായി മര്‍ദിക്കുന്നതും അവന്‍ മരിക്കുന്നതുമായ ദൃശ്യങ്ങള്‍.

ബ്രാഹ്മണിസ്‌ററ് ശക്തികളുടെ ആധിപത്യത്തിനു കീഴിലും ഹിന്ദു ഭൂരിപക്ഷ പൊതുബോധത്തിന്റെ അടിസ്ഥാനത്തിലും ഭരണം നിലനില്‍ക്കുമ്പോള്‍ രാഷ്ട്രം എത്ര മാത്രം മുന്നേറിയിട്ടുണ്ടെന്നു പ്രചരിപ്പിച്ചാലും അവിടെ സാമൂഹിക ജനാധിപത്യവും കീഴാള ന്യൂനപക്ഷ സംരക്ഷണവും കടംകഥയായിരുക്കുമെന്നു ഇത്തരം അതിക്രമങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നു.

ഭരണകൂടം എന്തെക്കെ അവകാശവാദങ്ങള്‍ പറഞ്ഞാലും സാമൂഹിക ജനാധിപത്യത്തിനു വേണ്ടിയുള്ള രണ്ടാം സ്വാതന്ത്ര്യസമരം തുടര്‍ന്നു കൊണ്ടിരിക്കുന്നു എന്നതാണ് വസ്തുത.

Next Story

RELATED STORIES

Share it