Emedia

കള്ളക്കണക്കും അഴിമതിയും

ഹരീഷ് വാസുദേവന്‍ ശ്രീദേവി

കള്ളക്കണക്കും അഴിമതിയും
X
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തല്ലോ. കൊവിഡ് കാലത്തും കൊടുമ്പിരി കൊണ്ട പ്രചാരണം തന്നെയുണ്ടായി. ഓരോ സ്ഥാനാര്‍ഥികളും പാര്‍ട്ടികളും ഓരോ മണ്ഡലത്തിലും ചെലവഴിക്കുന്നത് കോടികളാണെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍, സ്ഥാനാര്‍ഥികളോ മുന്നണികളോ അത് പരസ്യപ്പെടുത്താറില്ല. ഇത് കള്ളക്കണക്കും അഴിമതിയുമാണെന്ന് പരിസ്ഥിതി അഭിഭാഷകന്‍ അഡ്വ. ഹരീഷ് വാസുദേവന്‍ ശ്രീദേവി ഫേസ് ബുക്കില്‍ കുറിച്ചു.


ഹരീഷ് വാസുദേവന്‍ ശ്രീദേവിയുടെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

സ്ഥാനാര്‍ഥികള്‍ വീട്ടില്‍ കൊണ്ടുവന്നു തരുന്ന നോട്ടീസുകള്‍, ലഘുലേഖകള്‍ എന്നിവ നോക്കിയിട്ടുണ്ടോ?. ആരാണ് പ്രിന്റ് ചെയ്യുന്നതെന്നും എത്ര കോപ്പി അടിച്ചെന്നും രേഖപ്പെടുത്തിയിട്ടുണ്ടാകും. 2000, 5000 എന്നിങ്ങനെ മിക്ക നോട്ടീസിലും 15,000 കോപ്പിയില്‍ താഴെയേ എണ്ണം രേഖപ്പെടുത്തി കണ്ടിട്ടുള്ളൂ.

ഒരു നിയമസഭാ മണ്ഡലത്തില്‍ ശരാശരി 50,000 വീടുകളുണ്ടാവും. അപ്പോള്‍ പാതിയില്‍ അധികം വീടുകളില്‍ ഈ നോട്ടീസ് കൊടുത്തില്ലെന്നു വിശ്വസിക്കണമോ?. അതെന്താ അവരുടെ വോട്ട് വേണ്ടേ?. ഹേയ്, എല്ലാ വീട്ടിലും കിട്ടിക്കാണും. അപ്പോള്‍ ഈ പറയുന്നത് കള്ളക്കണക്കല്ലേ?. ചെലവ് കുറച്ചു കാണിക്കാനുള്ള കള്ളക്കണക്ക്?.

ഒരു മണ്ഡലത്തില്‍ ഓരോ സ്ഥാനാര്‍ത്ഥിയും ഒരു കോടി മുതല്‍ രണ്ടര കോടി രൂപവരെ ചെലവാക്കണം എന്നാണ് സ്ഥാനാര്‍ഥികള്‍ തന്നെ രഹസ്യം പറയുന്നത്. ആക്റ്റീവ് പ്രവര്‍ത്തകരുള്ള പാര്‍ട്ടിക്ക് അല്‍പ്പം കുറയ്ക്കാമെങ്കിലും ഒരു കോടിയില്‍ കുറയാന്‍ വഴിയില്ല. എവിടെ നിന്നാണ് ഓരോ മുന്നണിക്കും ഈ 140 ഓളം കോടി രൂപ ചെലവഴിക്കാന്‍ കിട്ടുന്നത്?. ഇത്ര തുക പിരിവായി പിരിച്ചെടുക്കുന്നില്ല. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിശ്ചയിച്ചതിലും കൂടിയ തുക ചെലവഴിക്കാന്‍ പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും ഉണ്ടാക്കുന്ന പണം എവിടുന്ന് വരുന്നു?. ആരോടെങ്കിലും ഇക്കാലത്ത് വാങ്ങുന്ന വലിയ സംഭാവന ഫലത്തില്‍ സ്വജനപക്ഷപാതമായോ അഴിമതിയായോ നയങ്ങളില്‍ ഉള്ള ഇടപെടലായോ ജനത്തെ പിന്നീട് തിരിഞ്ഞുകുത്തും.

നോട്ടീസുകള്‍, പോസ്റ്ററുകള്‍, ലഘുലേഖകള്‍ എന്നിവയുടെ കൃത്യം എണ്ണമെടുത്ത് യഥാര്‍ത്ഥ ചെലവ് നിശ്ചയിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഭാരിച്ച ചെലവുമായി ഒബ്‌സര്‍വര്‍മാരെ വെച്ചിട്ടുണ്ട്. അവരാ പണി ചെയ്യാന്‍ പൗരന്‍മാരുടെ സഹായം തേടണം, പണിയെടുക്കണം, എന്നാലേ അഴിമതി ചെയ്യുന്ന സാധ്യതകള്‍ അടയ്ക്കാനാകൂ. ഭരണത്തില്‍ അഴിമതി കുറയ്ക്കാനുള്ള ആദ്യപടി നമുക്ക് വേണ്ടി സ്ഥാനാര്‍ഥികള്‍ ചെലവാക്കുന്ന പ്രചാരണ ചെലവ് കുറയ്ക്കുക എന്നത് തന്നെയാണ്. ഇന്നത്തെ മല്‍സരം വച്ചു നോക്കുമ്പോള്‍ ഒറ്റയ്ക്ക് ഒരു മുന്നണിക്കും ഇത് കുറയ്ക്കാന്‍ ആകില്ല. വോട്ടര്‍മാര്‍ തന്നെ ചെലവ് കുറയ്ക്കാന്‍ ഡിമാന്റ് ചെയ്യണം. എന്റെ നേതാവും എന്റെ പാര്‍ട്ടിയും എന്റെ മുന്നണിയും അല്ലേ, സ്വല്‍പ്പം അഴിമതിയൊക്കെ ചെയ്യാം എന്നാണ് നിങ്ങളുടെ നിലപാടെങ്കില്‍ അവര്‍ക്ക് നല്ല നമസ്‌കാരം.


കള്ളക്കണക്കും അഴിമതിയും സ്ഥാനാർഥികൾ വീട്ടിൽ കൊണ്ടുവന്നു തരുന്ന നോട്ടീസുകൾ, ലഘുലേഖകൾ എന്നിവ നോക്കിയിട്ടുണ്ടോ? ആരാണ്...

Posted by Harish Vasudevan Sreedevi on Saturday, 3 April 2021
Next Story

RELATED STORIES

Share it