Emedia

പോലിസിലെ സംഘിവൽക്കരണം ശരിവച്ച് കോടിയേരിയും; കാനം തൊമ്മി എന്തു ചെയ്യും?

അണികളെ തൃപ്തിപ്പെടുത്താനായിട്ടാണെങ്കിലും കോടിയേരി, ആനി രാജയെക്കാൾ കടുപ്പിച്ചു പറയുമ്പോൾ കാനം ജിയുടെ ഉടുമുണ്ട് കൂടിയാണ് ഉരിഞ്ഞു വീഴുന്നത്.

പോലിസിലെ സംഘിവൽക്കരണം ശരിവച്ച് കോടിയേരിയും; കാനം തൊമ്മി എന്തു ചെയ്യും?
X

കേരള പോലിസിലെ ആർഎസ്എസ് വൽകരണം ശരിവച്ച് കോടിയേരി ബാലകൃഷ്ണനും രം​ഗത്തെത്തിയിരിക്കുന്നു. മാസങ്ങൾക്ക് മുമ്പ് ഇതേ നിലപാട് സ്വീകരിച്ച സിപിഐ നേതാവ് ആനി രാജയ്ക്കെതിരേ സിപിഐ സംസ്ഥാന സെക്രട്ടറി പരസ്യ വിമർശനവുമായി രം​ഗത്തുവന്നിരുന്നു. ഈ നിലപാടിനെ വിമർശന വിധേയമാക്കുകയാണ് പൊതു പ്രവർത്തകനായ പി ജെ ബേബി.

പോലിസിലെ നിർണായക ജോലികൾ ആർഎസ്എസ് അനുകൂലികൾ കൈയ്യടക്കുന്നുവെന്ന് കൊടിയേരി ബാലകൃഷ്ണനും പ്രസ്താവനയിറക്കിയിരിക്കുകയാണ്. 2016ൽ അധികാരത്തിലേറിയ ശേഷം ബെഹ്റയെയും ശ്രീവാസ്തവയെയും കൊണ്ട് വന്ന് പോലിസിന്റെ സംഘിവൽക്കണം അവർക്കേല്പിച്ചു കൊടുത്ത പിണറായിയുടെ മോദി ജി "ഇരിപ്പുവശം" കേരളത്തിൽ അറിയാത്തവരാരുമില്ല. മാവോയിസ്റ്റ് ഏറ്റുമുട്ടൽക്കൊലകളും, അലൻ - താഹ യുഎപിഎയും, ശബരിമലയിൽ പോലിസ് സംരക്ഷണത്തിൽ വൽസൻ തില്ലങ്കേരി സംഘം നടത്തിയ അഴിഞ്ഞാട്ടങ്ങളും മാത്രം മതി അതിന്റെ ഡിഗ്രി എവിടെയെത്തിയെന്നറിയാൻ.

ഒടുവിൽ ഗതികെട്ടാണ് സിപിഐ നേതാവും അഖിലേന്ത്യാ സെക്രട്ടറി ഡി രാജയുടെ ഭാര്യയുമായ ആനി രാജ കേരള പോലിസിലെ സംഘിവൽക്കരണത്തെ ശക്തമായി വിമർശിച്ചത്. കറുകച്ചാൽ പോലിസ് സ്റ്റേഷനിൽ കുട്ടികൾക്ക് മലയാളിയുടെ ഓണ സന്ദേശം നൽകിയതിനു സിസ്റ്റർ ദിവ്യ മാത്യുവിനെ മാപ്പു പറയിച്ച് റെക്കോർഡ് ചെയ്ത് ഹിന്ദു ഐക്യവേദിക്ക് കൈമാറുന്നിടം വരെ കേരള പോലിസ് ഹിന്ദുരാഷ്ട്ര പോലിസ് ആയി മാറി. ശശികലക്കും പ്രതീഷ് വിശ്വനാഥനും എത്ര കടുത്ത മുസ് ലിം വിരുദ്ധതയും ആക്രമണ ഭീഷണിയും നടത്താൻ പരിപൂർണ ലൈസൻസുള്ള സംസ്ഥാനവുമാണിന്നു കേരളം.

ആനി രാജക്കും മേൽ പിണറായിയുടെ വെറും തൊമ്മിയായി മാറിയ കാനം ചീറ്റപ്പുലിയുടെ ശൗര്യത്തോടെ ചാടി വീണു. ഇപ്പോൾ ഈ വസ്തുത അണികളെ തൃപ്തിപ്പെടുത്താനായിട്ടാണെങ്കിലും കോടിയേരി, ആനി രാജയെക്കാൾ കടുപ്പിച്ചു പറയുമ്പോൾ കാനം ജിയുടെ ഉടുമുണ്ട് കൂടിയാണ് ഉരിഞ്ഞു വീഴുന്നത്.

പോലിസ് അസോസിയേഷൻകാർക്ക് നിർണായക ജോലികൾ ചെയ്യാൻ താല്പര്യമില്ല, അവർ പണിയെടുക്കാതിരിക്കാവുന്ന തസ്തികൾ തേടി പോവുയാണ്, പലർക്കും മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിൽ കയറിക്കൂടാനാണ് താല്പര്യം എന്ന രൂക്ഷ വിമർശനമാണ് കോടിയേരി ഉയർത്തിയിരിക്കുന്നത്.

പോലിസിലെ ഇടതുപക്ഷ വീക്ഷണക്കാരുടെ "ആത്മവീര്യം" ഈ നിലയിലെത്തിക്കാനും ആർഎസ്എസുകാരുടെ ഹിന്ദു രാഷ്ട്ര ആത്മവീര്യം വാനോളമുയർത്താനും കഴിഞ്ഞതിൽ മുഖ്യനും ബെഹ്റക്കും, ശ്രീവാസ്തവക്കും ശരിക്കും അഭിമാനിക്കാം. ആലപ്പുഴയിലെ മോഡലിൽ നാലു കൊലകൾ കൂടി നടന്നാൽ കേരളം വർഗീയമായി എവിടെയെത്തും എന്നതിലൊന്നും ഉത്തരവാദപ്പെട്ട ആർക്കും ഉൽക്കണ്ഠയില്ല. കേരളത്തെ രക്ഷിക്കാൻ കേരളത്തിലെ 80 ശതമാനം മതേതരവാദികൾക്ക് ആർഎസ്എസ്, എസ്ഡിപിഐ നേതാക്കളുടെ കാലുപിടിച്ച് "ചെയ്യരുതേ, രക്ഷിക്കണേ" എന്നപേക്ഷിക്കുകയല്ലാതെ മറ്റുവഴിയില്ല എന്ന സ്ഥിതി ഇത്രവേഗം കൊണ്ടുവന്നതിൽ പിണറായി ഭക്തർക്ക് ശരിക്കും അഭിമാനിക്കാം.

Next Story

RELATED STORIES

Share it