Top

സഹകരണബാങ്കുകളും ദേശാഭിമാനി പത്രവും: ചില ചിന്തകള്‍

സഹകരണബാങ്കുകളും ദേശാഭിമാനി പത്രവും: ചില ചിന്തകള്‍
X

ഡോ. ആസാദ്

കോഴിക്കോട്: സഹകരണ ബാങ്കുകള്‍ ജനങ്ങളുടെ ഭാഗമായി വളര്‍ന്നുവന്ന സ്ഥാപനങ്ങളാണ്. സഹകരണ പ്രസ്ഥാനത്തിന്റെ പ്രധാന്യം തന്നെ അതാണ്. എന്നാല്‍ കേരളത്തില്‍ അത്തരം ബാങ്കുകള്‍ ശക്തമായ ചൂഷണോപാധിയായി മാറിക്കഴിഞ്ഞിരിക്കുകയാണ്. അതിനെക്കുറിച്ചാണ് ആസാദ് തന്റെ ഫേസ് ബുക്ക് പോസ്റ്റില്‍ എഴുതുന്നത്:

പോസ്റ്റിന്റെ പൂര്‍ണരൂപം

മുമ്പൊക്കെ പരസ്യങ്ങളില്ലാതെ, അച്ചടിച്ചെലവു താങ്ങാന്‍ ക്ലേശിച്ച പ്രസിദ്ധീകരണമായിരുന്നു ദേശാഭിമാനി. ഏതു പരസ്യവും കണ്ണടച്ചു കൊടുക്കാന്‍ കഴിയില്ലെന്ന നിര്‍ബന്ധബുദ്ധിയും മാനേജ്‌മെന്റിന് ഉണ്ടായിരുന്നു. ജനവിരുദ്ധ സ്ഥാപനങ്ങളുടെ പരസ്യം സ്വീകരിക്കില്ല. മാന്യമല്ലാത്ത ചിത്രമോ എഴുത്തോ പാടില്ല. ഒരു ഭാഗത്ത് ഈ ശാഠ്യം. മറുഭാഗത്ത് തൊഴിലാളികളുടെ പാര്‍ട്ടി പത്രത്തിന് പരസ്യം കൊടുത്തിട്ട് കാര്യമെന്ത് എന്ന വന്‍കിടക്കാരുടെ മനോഭാവം. ഇതിന്റെ ഫലം നിത്യദാരിദ്ര്യം തന്നെ. എന്നിട്ടും അതിജീവിച്ചുവെങ്കില്‍ അത് സമരവീറുകൊണ്ടു മാത്രമാവണം.

ഇപ്പോള്‍ ദേശാഭിമാനിക്ക് അത്തരം ശാഠ്യങ്ങളുള്ളതായി അറിവില്ല. വന്‍കിട സ്ഥാപനങ്ങള്‍ക്കൊന്നും പഴയ അയിത്തമില്ല. സര്‍ക്കാര്‍ പരസ്യങ്ങള്‍ തന്നെ ധാരാളം. ഇത്തവണത്തെ ഓണപ്പതിപ്പ് ഒന്നെടുത്തു നോക്കി. പരസ്യങ്ങളാണ് ഏറിയ പങ്കും. സര്‍ക്കാറിന്റെയും സ്വകാര്യ സ്ഥാപനങ്ങളുടെയും മുഖ്യധാരാ ബാങ്കുകളുടെയും പരസ്യങ്ങളുണ്ട്. എന്നാല്‍ അതിലുമെത്രയോ കൂടുതല്‍ പരസ്യമുള്ളത് സഹകരണ സ്ഥാപനങ്ങളുടേതാണ്. ഇരുനൂറ്റി എഴുപതോളം പരസ്യങ്ങള്‍!

ജനങ്ങളുടെ പണമുണ്ട് ദേശാഭിമാനിയെ നില നിര്‍ത്താന്‍. മുമ്പ് അതിനും ധാരാളം തടസ്സങ്ങളുണ്ടായിരുന്നു. അവയൊന്നും അത്ര സമ്പന്നവുമായിരുന്നില്ല. ഇപ്പോള്‍ സഹകരണ സ്ഥാപനങ്ങള്‍ ഓരോ ഗ്രാമത്തിലുമുണ്ട്. എല്ലാം വലിയ ആസ്തിയുള്ളവ. നല്ല എടുപ്പുകളുണ്ട്. തിരക്കാര്‍ന്ന സാമ്പത്തിക ഇടപാടുകളുണ്ട്. മാന്യമായ തൊഴിലവസരങ്ങളുണ്ട്. ജനങ്ങളുടെ സാമ്പത്തിക ക്ലേശങ്ങള്‍ക്ക് വലിയ പരിഹാരം. അവയില്‍ ഭൂരിപക്ഷവും ഭരിക്കുന്നത് സി പി എമ്മാണ്. സഹകരണ മേഖലയെ വളര്‍ച്ചയിലേക്കു നയിച്ചത് മുഖ്യമായും സി പി ഐ എംതന്നെ.

സി പി ഐ എം മുഖപത്രത്തിന് അവയെല്ലാം പരസ്യം നല്‍കുന്നതില്‍ അത്ഭുതമില്ല. പഴയ പരിമിതികള്‍ ബാധകമല്ലാത്തതിനാല്‍ സാമാന്യം നല്ല സംഖ്യ മറിയും. എന്നാല്‍ ഇവയിലേറെയും ചേര്‍ന്ന് ഒറ്റ ബേങ്കാവുമ്പോള്‍ പരസ്യ സാദ്ധ്യത മങ്ങുമോ ആവോ! അതിനും പ്രതിവിധിയുണ്ടാകുമെന്ന് കരുതാം. ഇതേ സഹകരണ സ്ഥാപനങ്ങള്‍ കൊള്ളയും തട്ടിപ്പും നടത്തുന്ന ഇടങ്ങളാവുന്നു എന്നതാണ് ഇപ്പോള്‍ നമ്മെ ഞെട്ടിക്കുന്നത്. ആയിരക്കണക്കിനു കോടിരൂപയുടെ പെരുംകൊള്ള നടക്കുന്നുവെന്ന് ഭയപ്പെടേണ്ട അവസ്ഥയാണ്. കരുവെന്നൂര്‍ ബാങ്കില്‍ മാത്രം കണക്കാക്കപ്പെടുന്നത് നൂറിലേറെ കോടി രൂപയുടെ തട്ടിപ്പാണ്. മുസ് ലിം ലീഗ് നിയന്ത്രണത്തിലുള്ള എ ആര്‍ നഗര്‍ ബാങ്കിലാണെങ്കില്‍ കോടികളുടെ കള്ളപ്പണ ഇടപാടാണ് പുറത്തു വന്നത്.

മിക്ക ജില്ലകളില്‍നിന്നും സഹകരണബാങ്ക് തട്ടിപ്പുകളുടെ കഥകള്‍ പുറത്തുവരുന്നുണ്ട്. എല്ലായിടത്തും രാഷ്ട്രീയ പാര്‍ട്ടികളാണ് അവ ഭരിക്കുന്നത്. കൂടുതല്‍ ബാങ്കു ഭരണം സി പി എമ്മിനാവുക സ്വാഭാവികം. അവിടങ്ങളില്‍ കൂടിയ തട്ടിപ്പു നടക്കുന്നു എന്നതാണ് അസ്വാഭാവികം. ഏതാനും ലക്ഷങ്ങള്‍ മുതല്‍ നൂറു കണക്കിന് കോടിവരെ നീളുന്നതാണ് തട്ടിപ്പുകള്‍. വ്യാജപേരില്‍ ലോണ്‍ നല്‍കുക, സ്വര്‍ണപ്പണയത്തില്‍ കൃത്രിമം കാണിക്കുക, ഭൂമിപണയത്തില്‍ കള്ളം കാണിക്കുക, തിരിച്ചടവു തട്ടിയെടുക്കുക, അംഗങ്ങളുടെ പേരില്‍ അവരറിയാതെ ലോണെടുക്കുക തുടങ്ങി ധാരാളം കള്ളവഴികളാണ് സഹകരണ സ്ഥാപനങ്ങളില്‍ തട്ടിപ്പുകാര്‍ കണ്ടെത്തുന്നത്. കള്ളന്മാര്‍ക്ക് രാഷ്ട്രീയ പാര്‍ട്ടികളുടെ തണല്‍ കിട്ടുന്നുവെങ്കില്‍ ആ തട്ടിപ്പിന്റെ ഗുണഭോക്താക്കള്‍ നേതാക്കളുമായിരിക്കും.

വായ്പാകുടിശ്ശിക വരുത്തിയാല്‍ അത് ലക്ഷങ്ങളായി പെരുകി സാധാരണ മനുഷ്യരെ ആത്മഹത്യയിലേക്കോ പുറമ്പോക്കിലേക്കോ തള്ളി വിടുന്ന സ്ഥാപനങ്ങളുണ്ട്. സര്‍ഫാസിപോലുള്ള നിയമങ്ങള്‍ അതിനുള്ളതാണ്. എന്നാല്‍ കോടികള്‍ ചോര്‍ത്തുന്നവരെ പെട്ടെന്ന് തിരിച്ചറിയില്ല. രേഖകളില്‍ കൃത്രിമം കാണിച്ചുണ്ടാക്കാവുന്ന കൊള്ളകള്‍ക്ക് നല്ലകാലമാണ്. ലക്ഷങ്ങളും കോടികളും തട്ടിപ്പു നടത്തുന്ന ട്രഷറി ഉദ്യോഗസ്ഥര്‍ യൂണിയനില്‍ പെട്ടവരാണെങ്കില്‍ കേസുകളുണ്ടാവില്ല. ജോലി നഷ്ടപ്പെടില്ല. അവരുടെ ഭരണകാലത്ത് സഹകരണ ബാങ്കുകള്‍ ആരെ ഭയക്കണം?

ജനങ്ങളുടെ വിയര്‍പ്പുസമ്പാദ്യം ഊറ്റിക്കൊണ്ടുപോകാന്‍ വഴികള്‍ അനവധിയാണ്. സഹായത്തിനുള്ള സ്ഥാപനംതന്നെ അന്തകനാവുന്നു! ചോരുന്ന പണത്തിന്റെ കറ മറയ്ക്കാന്‍ പരസ്യങ്ങള്‍ക്കും കഴിയും. സഹകരണ പരസ്യങ്ങളുടെ ഓണക്കാലം നമ്മെ വിഭ്രമിപ്പിക്കുന്നത് പുതിയകാല തട്ടിപ്പുകളുടെ പശ്ചാത്തലത്തില്‍ നോക്കുന്നതുകൊണ്ടാവണം. ഓരോ മാസവും ഓരോ പ്രത്യേക പതിപ്പ് പുറത്തിറക്കാന്‍ വേണ്ട പരസ്യം മാത്രമല്ല കെടുകാര്യസ്ഥതകൊണ്ട് മുടിയുന്ന സഹകരണ സ്ഥാപനങ്ങളെ താങ്ങാനും കൊള്ളകള്‍ മറയ്ക്കാനുമുള്ള സഹായധനവും ഇപ്പോള്‍ എളുപ്പം ലഭ്യമാണ്. ജനങ്ങളുടെ ദുരിതമകറ്റാന്‍ ആരംഭിച്ച സഹകരണ സ്ഥാപനങ്ങള്‍ അവരെ പിഴിഞ്ഞൂറ്റുന്ന അന്തക സ്ഥാപനങ്ങളാവുന്നത് കഷ്ടമാണ്.

കോടികളുടെ വിനിമയവും തിരിമറിയും നടത്താന്‍മാത്രം വളര്‍ന്ന സഹകരണ സ്ഥാപനങ്ങള്‍ അതിലെ അംഗങ്ങള്‍ക്ക് അര്‍ഹതപ്പെട്ട ലാഭവിഹിതം നല്‍കുന്നുണ്ടോ എന്നു പരിശോധിക്കണം. വാര്‍ഷിക മീറ്റിങ്ങിലെ ചായയോ ചെറിയ ബാഗോ മതി അവര്‍ സന്തുഷ്ടരാവാന്‍ എന്ന സ്ഥിതിയാണ്. അതും ചോര്‍ത്തിയെടുക്കാന്‍ എളുപ്പം കഴിയുന്നു. മിക്കവരും അതേപ്പറ്റി അജ്ഞരാണ് എന്നത് തട്ടിപ്പ് എളുപ്പമാക്കുന്നു. സഹകരണ ബാങ്കുകളുടെ പരസ്യങ്ങള്‍ കേമംതന്നെ. പക്ഷേ, അവ ഉണര്‍ത്തുന്ന ചിന്തകള്‍ പറയാതെ വയ്യല്ലോ.


Next Story

RELATED STORIES

Share it