Emedia

തൊലിവെളുപ്പിന്റെ പേരില്‍ ഒരു ജനവിഭാഗം ഒറ്റപ്പെട്ടുപോയിട്ടുണ്ട്, ഒരുപാട് ചോര വീണിട്ടുണ്ട്...

കറുപ്പിനോടോള്ള അവഗണന ആധുനിക സമൂഹവും തുടരുന്നുവെന്നത് മനുഷ്യന്റെ മ്ലേച്ഛമായ മാനസികാവസ്ഥ തന്നെയാണ് വെളിവാക്കുന്നത്. ലോകമെമ്പാടും ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ എന്ന ബാനറില്‍ നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണ നല്‍കുകയാണ് പ്രശസ്ത സിനിമാ പിന്നണി ഗായിക സയനോര ഫിലിപ്പ്.

തൊലിവെളുപ്പിന്റെ പേരില്‍ ഒരു ജനവിഭാഗം ഒറ്റപ്പെട്ടുപോയിട്ടുണ്ട്, ഒരുപാട് ചോര വീണിട്ടുണ്ട്...
X

കോഴിക്കോട്: അമേരിക്കയില്‍ കറുത്തവര്‍ഗക്കാരനായ ജോര്‍ജ്ജ് ഫ്‌ളോയിഡിനെ വെളുത്ത വര്‍ഗക്കാരനായ പോലിസുദ്യോഗസ്ഥന്‍ കാല്‍മുട്ട് കൊണ്ട് ഞെരിച്ചുകൊലപ്പെടുത്തിയ സംഭവം വന്‍ പ്രതിഷേധത്തിനിടയാക്കിയിരിക്കുകയാണ്. ഇത്തരം വംശവെറിയെ ഒരുവിധത്തിലും അംഗീകരിക്കാനാവില്ലെന്നു കാണിച്ച്, വൈറ്റ് ഹൗസിനെ പോലും വിറപ്പിച്ച പ്രക്ഷോഭങ്ങളില്‍ കറുത്തവര്‍ഗക്കാര്‍ക്കൊപ്പം വെളുത്തവര്‍ഗക്കാരും പങ്കാളികളാവുന്നുണ്ട്. എന്തായാലും കറുപ്പിനോടോള്ള അവഗണന ആധുനിക സമൂഹവും തുടരുന്നുവെന്നത് മനുഷ്യന്റെ മ്ലേച്ഛമായ മാനസികാവസ്ഥ തന്നെയാണ് വെളിവാക്കുന്നത്. ലോകമെമ്പാടും ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ എന്ന ബാനറില്‍ നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണ നല്‍കുകയാണ് പ്രശസ്ത സിനിമാ പിന്നണി ഗായിക സയനോര ഫിലിപ്പ്.

സയനോര ഫിലിപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

'കറുപ്പ് എന്നും പറഞ്ഞു എത്തറയാളുകള്‍

കാറി ഇളിചാട്ടി പോയിടുന്നു

പെണ്ണ് കറുത്താല്‍ കുറഞ്ഞവള്‍ എന്നോര്‍ത്തു

കക്ഷം വിയര്‍ക്കെയും ഓടിടുന്നു

കല്യാണ കമ്പോളങ്ങളില്‍ വില പേശലുകള്‍

തകൃതിയായി വീണ്ടും നടത്തിടുന്നു

കുഞ്ഞിനെ പെറ്റിട്ട തള്ളയും തന്തയും

ലവ് ലികള്‍ തേച്ചു കൊടുത്തിടുന്നു

കസ്തൂരി മഞ്ഞളും രക്ത ചന്ദനവും

ഷെല്‍ഫില്‍ കിളിര്‍ക്കുന്നു പൂത്തിടുന്നു

ഇല്ലം വെളുത്താലും പെണ്ണ് വെളുക്കണമേ

(ഇല്ലെങ്കില്‍ കുട്ട്യോള്‍ കറുത്തു പോവും!)

പഠിപ്പ് നിര്‍ത്തിയാലും പെണ്ണിനെ കെട്ടിച്ചയക്കണമേ..

ഓടി കൊണ്ടേ ഇരിപ്പാണ് ലോകം.'

നിറം, ഭംഗി അതെന്താണ്? നമ്മളില്‍ ചിത്രങ്ങളായും കഥകളായും മനസ്സിന്റെ ക്രയോണ്‍ ബോക്‌സുകളിലും കാന്‍വാസിലും രാജകുമാരികളായും അപ്‌സരസ്സുകളായും മല്‍സ്യ കന്യകമാരായും ഒക്കെ വന്നത് എല്ലാം ഗോതമ്പ് നിറത്തിലുള്ള വെളുത്ത സുന്ദരിമാര്‍ ആയിരുന്നില്ലേ കൂടുതലും? Snowwhite പോലെ ആവണമെന്ന് ഏതൊരു ചെറിയ പെണ്‍കുട്ടിയും ആഗ്രഹിക്കാറില്ലേ? ബ്യൂട്ടി പേജെന്റ്, ചാനലുകള്‍ , വെള്ളിത്തിരയില്‍ നല്ല കറുത്ത സുന്ദരികള്‍ എത്ര പേരുണ്ട്? അഥവാ ഉണ്ടെങ്കില്‍ തന്നെ തങ്ങള്‍ക്ക് നിറം കുറവാണെന്ന തോന്നല്‍ വന്ന് മേക്കപ്പും കൂട്ടി ഇട്ട് കൊറച്ചുകൂടി നിറം വേണമായിരുന്നു എന്ന് ആഗ്രഹിക്കുന്നവര്‍ ആയിരിക്കില്ലേ അവരില്‍ പലരും? ഞാനും അങ്ങനെ ഒക്കെ ധരിച്ചുവെച്ചിരുന്നു.

അമ്മായിമാരും ആന്റിമാരും അയല്‍വക്കക്കാരും ഒക്കെ കൂലംകഷമായിട്ട് ആരെങ്കിലും കെട്ടുന്ന പെണ്ണ് പോരാപ്പാ, കൊറച്ചു കളര്‍ കൊറവാപ്പാ എന്നൊക്കെ ഇരുന്നു ചര്‍ച്ച ചെയ്യുന്നത് നമ്മള്‍ കേട്ടിട്ടുമുണ്ട്!

എത്രയാളെ കളിയാക്കാറുണ്ട് കറുപ്പ് കൂട്ടി കളിയാക്കി വിളിച്ചിട്ടുണ്ട്? ചിരിച്ചിട്ടുണ്ട്?

കറുത്തത് കൊണ്ട് മാത്രം കെട്ട്യോന്റെ വീട്ടിലെ കളിയാക്കലുകള്‍ കേട്ട് കരഞ്ഞോണ്ട് ഉറങ്ങുന്ന വീട്ടമ്മയുണ്ട് ഈ നാട്ടില്‍. കറുത്തതിനെ എന്തിനു വളര്‍ത്തി ? വലിച്ചെറിഞ്ഞു കൂടായിരുന്നില്ലേ എന്ന് കരഞ്ഞുവിളിച്ച ഒരു 6 വയസ്സുകാരി ഉണ്ട് ഇവിടെ?

ലോകത്തില്‍ ഇപ്പോ നടക്കുന്ന 'Black Lives Matter' movement ഇതിന്റെയൊക്കെ ശക്തമായ ചെറുത്തു നില്‍പ്പാണ്. തൊലി വെളുത്താല്‍ വലുതാണെന്ന് വിചാരിക്കുന്ന അല്‍പ ബുദ്ധിയുള്ള ചിലരോടാണ് അവരുടെ പോരാട്ടം. അതില്‍ വെളുത്തവരും കറുത്തവരും ഉണ്ട്. എല്ലാവരും പൊരുതുകയാണ്. അത് പൊളിറ്റിക്‌സിന്റെ ഭാഗം ആണ് എന്നു പറയുന്നുണ്ട് പലരും. ശരി ആയിരിക്കാം. അല്ലായിരിക്കാം. പക്ഷേ, ഒന്ന് എന്ത് തന്നെ ആയാലും ശരി ആണ്. തൊലിവെളുപ്പിന്റെ പേരില്‍ ഒരു ജനവിഭാഗം ഒറ്റപ്പെട്ടുപോയിട്ടുണ്ട്, ഒരുപാട് ചോര വീണിട്ടുണ്ട്. അവര്‍ക്കിത് ഒരു പോരാട്ടമാണ്. മനുഷ്യരുടെ മനസ്സ് കീഴടക്കിവച്ചിരിക്കുന്ന മാരിയോടുള്ള പോരാട്ടം! ഒരു പക്ഷേ, ലോകത്തിനെ മുഴുവന്‍ ഒറ്റ കുടക്കീഴില്‍ കൊണ്ടെത്തിക്കാന്‍ കഴിഞ്ഞ ഈ മഹാമാരിയേക്കാള്‍ പാട് പിടിച്ച മാരി. കാലം അതിക്രമിച്ചില്ലേ? ഇനിയെങ്കിലും ഒന്ന് ജീവിച്ചൂടെ മനുഷ്യന്മാരേ നമ്മള്‍ക്ക്? എല്ലാരേയും ചേര്‍ത്ത്പിടിച്ചു, സുന്ദരമായിട്ട് ?

#blacklivesdomatter #humanbeingsmatter #naturematter #worldmatter #പീസെമറ്റെർത്തമോട്



Next Story

RELATED STORIES

Share it