Editors Pick

അസമില്‍ നിന്ന് ബിഹാറിലേക്കെത്തുന്ന മുസ്‌ലിംകളെ "ആട്ടിപ്പായിക്കല്‍"

സര്‍ബാനന്ദ സോനോവാള്‍ വേഴ്‌സസ് യൂനിയന്‍ ഓഫ് ഇന്ത്യ, 2005ലെ കോടതി ഉത്തരവായിരുന്നു അസമിലെ അനധികൃത കുടിയേറ്റക്കാരുടെ ആഖ്യാനം ആദ്യം അംഗീകരിച്ചത്. ഒടുവില്‍ അസമല്‍ എന്‍ആര്‍സി നടപ്പിലാക്കുന്നതിന്റെ അടിസ്ഥാനമായി ആ ഉത്തരവ് മാറുന്ന സ്ഥിതിവിശേഷമാണ് ഉണ്ടായത്.

അസമില്‍ നിന്ന് ബിഹാറിലേക്കെത്തുന്ന മുസ്‌ലിംകളെ ആട്ടിപ്പായിക്കല്‍
X

ന്യൂഡല്‍ഹി: അനധികൃത കുടിയേറ്റക്കാര്‍ക്കായി തടങ്കല്‍ പാളയം സ്ഥാപിക്കാനായുള്ള പദ്ധതി ആവിഷ്‌കരിക്കാന്‍ ബിഹാര്‍ സര്‍ക്കാരിനോട് 2021 ആഗസ്ത് 18 ലെ ഒരു ഉത്തരവില്‍ പട്‌ന ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. 'അനധികൃത കുടിയേറ്റക്കാരെന്ന്' സംശയിക്കപ്പെടുന്ന വ്യക്തികളെ തിരിച്ചറിയാനും നാടുകടത്താനുമുള്ള ഒരു സംവിധാനം തേടുകയായിരുന്നു കോടതി. അതും ബംഗ്ലാദേശില്‍ നിന്നുള്ള അഭയാര്‍ത്ഥികളെ ലക്ഷ്യം വച്ചായിരുന്നു ഈ ആവശ്യം ഉയര്‍ത്തിയത്.

'നിയമവിരുദ്ധ കുടിയേറ്റക്കാരെന്ന് സംശയിക്കപ്പെടുന്നവരെ' കുറിച്ച് പൗരന്മാര്‍ക്ക് വിവരങ്ങള്‍ പങ്കിടാന്‍ കഴിയുന്ന ഒരു സംവിധാനമാണ് ഉത്തരവില്‍ ആവശ്യപ്പെട്ടത്. ഇതുകൂടാതെ, 'നിയമവിരുദ്ധ കുടിയേറ്റക്കാരെ നാടുകടത്തുന്നത് പരമപ്രധാനവും ദേശീയ താല്‍പ്പര്യവുമാണ്' എന്നതിനാല്‍ ഈ വിഷയത്തില്‍ ഒരു 'ബോധവല്‍ക്കരണ കാംപയിന്‍' നടത്താനും കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ബിഹാറിലെ ജെഡിയു-ബിജെപി സഖ്യ സര്‍ക്കാരിന് മറിച്ചൊന്നും ചിന്തിക്കേണ്ടി വന്നിട്ടില്ല, 13 ദിവസത്തിനുള്ളില്‍ കോടതി ഉത്തരവ് പാലിച്ചുകൊണ്ട് സെപ്തംബര്‍ 1ന് വടക്കുകിഴക്കന്‍ ബിഹാറിലെ ബംഗ്ലാദേശിന്റെ അതിര്‍ത്തിയായ സീമാഞ്ചല്‍ പ്രദേശത്തുള്ള ഒരു ജില്ലയായ കിഷന്‍ഗഞ്ചിലെ ജില്ലാ മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് ചൂണ്ടിക്കാട്ടി ജില്ലയിലെ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ക്ക് കത്തെഴുതുകയും ചെയ്തു.


ഹിന്ദിയിലുള്ള കത്തില്‍, അച്ചടി-ഡിജിറ്റല്‍ മാധ്യമങ്ങള്‍ ഉപയോഗിച്ച് ഒരു ബോധവല്‍ക്കരണ കാംപയിന്‍ ആരംഭിക്കാനും 'അനധികൃത കുടിയേറ്റക്കാരെ നിയന്ത്രിക്കാനും നാടുകടത്താനും' വേണ്ടി ജില്ലയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ താമസിക്കുന്ന 'സംശയാസ്പദമോ അനധികൃതമോ ആയ കുടിയേറ്റക്കാരെ' കുറിച്ചുള്ള വിവരങ്ങള്‍ തേടാന്‍ നിര്‍ദേശിച്ചു. അതേസമയം ഉത്തര്‍പ്രദേശിന്റെ പടിഞ്ഞാറന്‍ അതിര്‍ത്തിയിലുള്ള സിവാനി ജില്ലാ പോലിസ് സൂപ്രണ്ടിന്റെ (എസ്പി) പേരിലുള്ള മറ്റൊരു കത്തുൂം സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പങ്കുവയ്ക്കപ്പെട്ടു.

സിവാനി ജില്ലാ പോലിസ് സൂപ്രണ്ടിന്റെ കത്തില്‍ ഇങ്ങനെ പറഞ്ഞു: 'വിദേശ പൗരന്മാര്‍ (പ്രത്യേകിച്ച് ബംഗ്ലാദേശ് പൗരന്മാര്‍) നിങ്ങളുടെ സമീപത്ത് അനധികൃതമായി താമസിക്കുകയോ അല്ലെങ്കില്‍ നിങ്ങള്‍ക്ക് എന്തെങ്കിലും രഹസ്യാന്വേഷണം ലഭിക്കുകയാണെങ്കില്‍, നിങ്ങളുടെ അടുത്തുള്ള പോലിസ് സ്‌റ്റേഷനില്‍ അറിയിക്കുക.


ബിഹാറിലെ സീമാഞ്ചല്‍ മേഖലയില്‍ മുസ്‌ലിംകള്‍ക്കെതിരായ സംഘപരിവാര പ്രചാരണത്തിന് ഇത് ആക്കം കൂട്ടും. ഈ മേഖലയിലെ ജനസംഖ്യയുടെ 23% മുതല്‍ 68% വരെ മുസ്‌ലിം ജനസംഖ്യയുള്ള പൂര്‍ണിയ, അരാരിയ കതിഹാര്‍, കിഷന്‍ഗഞ്ച് ജില്ലകളില്‍ മുസ് ലിംകളെ കൂടുതല്‍ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടും. അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്ത് (എബിവിപി) ഉള്‍പ്പെടെയുള്ള ആര്‍എസ്എസ് സംഘടനകള്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ ഈ മേഖലയിലെ ജനസംഖ്യാ വിതരണം മാറ്റിമറിച്ചത് ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത മുസ്‌ലിം കുടിയേറ്റക്കാരാണെന്ന് വാദിച്ചിരുന്നു.

സ്വാതന്ത്ര്യ സമയത്ത് മുസ്‌ലിംകളെ പാകിസ്താനിലേക്ക് അയക്കാതിരുന്നതിന്റെ വിലയാണ് ഇന്ത്യ നല്‍കുന്നതെന്ന് 2020 ഫെബ്രുവരിയില്‍, ബിഹാറിലെ ബെഗുസരായിയില്‍ നിന്നുള്ള ലോക്‌സഭാ എംപിയായ കേന്ദ്രമന്ത്രി ഗിരിരാജ് സിങ് പൗരത്വത്തെക്കുറിച്ച് പ്രഭാഷണം നടത്തിയപ്പോള്‍ പറഞ്ഞിരുന്നു. സംസ്ഥാനത്ത് ദേശീയ പൗരത്വ രജിസ്റ്ററിന് (എന്‍ആര്‍സി) എതിരായ നിയമസഭാ പ്രമേയം പാസാക്കിയിട്ടുണ്ടെങ്കിലും ജെഡിയു സഖ്യകക്ഷിയായ ബിജെപിയുടെ നേതാക്കള്‍ അസം മോഡല്‍ പ്രചാരണമാണ് ഇവിടെ അഴിച്ചുവിടുന്നത്. ബീഹാറില്‍ ധാരാളം ബംഗ്ലാദേശികള്‍ സീമാഞ്ചല്‍ മേഖലയില്‍ ഭൂമിയും ബിസിനസ്സുകളും സ്വന്തമാക്കിയിട്ടുണ്ടെന്ന നുണപ്രചരണമാണ് സംഘപരിവാര്‍ നടത്തുന്നത്.

സര്‍ബാനന്ദ സോനോവാള്‍ വേഴ്‌സസ് യൂനിയന്‍ ഓഫ് ഇന്ത്യ, 2005ലെ കോടതി ഉത്തരവായിരുന്നു അസമിലെ അനധികൃത കുടിയേറ്റക്കാരുടെ ആഖ്യാനം ആദ്യം അംഗീകരിച്ചത്. ഒടുവില്‍ അസമല്‍ എന്‍ആര്‍സി നടപ്പിലാക്കുന്നതിന്റെ അടിസ്ഥാനമായി ആ ഉത്തരവ് മാറുന്ന സ്ഥിതിവിശേഷമാണ് ഉണ്ടായത്. പട്‌ന ഹൈക്കോടതിയുടെ സമീപകാല ഉത്തരവ് അനധികൃത കുടിയേറ്റത്തിന്റെ പേരില്‍ നിലവിലില്ലാത്ത പ്രശ്‌നത്തെ ഉണ്ടെന്ന് വരുത്തിത്തീര്‍ക്കുകയാണ്. ഇത് മുസ്‌ലിംകളെ ആക്രമിക്കാനും സംശയത്തിന്റെ നിഴലില്‍ നിര്‍ത്താനും സംഘപരിവാറിന് എളുപ്പത്തില്‍ സാധിക്കും.

Next Story

RELATED STORIES

Share it