Economy

3500 കോടിയുടെ പ്രോജക്ടിനുള്ള ആസ്തി കിറ്റക്‌സിന് ഉണ്ടായതെങ്ങനെ?; കേരളത്തില്‍ ബിസിനസ് ചെയ്തിട്ടല്ലേ എന്നും ഷിബു ബേബി ജോണ്‍

ഒരു സാധാരണ ചെറുകിട സ്ഥാപനത്തില്‍ നിന്നാരംഭിച്ച് ഇന്ന് സഹസ്രകോടികളുടെ പ്രോജക്ടുകളെ പറ്റി സംസാരിക്കുന്ന നിലയിലേക്ക് നിങ്ങളെ വളര്‍ത്തിയതില്‍ ഈ നാടിനും ഇവിടത്തെ ജനങ്ങള്‍ക്കും യാതൊരു പങ്കും ഇല്ലെന്നാണോ എന്നും ഷിബു ഫേസ് ബുക് കുറുപ്പിലൂടെ ചോദിച്ചു.

3500 കോടിയുടെ പ്രോജക്ടിനുള്ള ആസ്തി കിറ്റക്‌സിന് ഉണ്ടായതെങ്ങനെ?; കേരളത്തില്‍ ബിസിനസ് ചെയ്തിട്ടല്ലേ എന്നും ഷിബു ബേബി ജോണ്‍
X

കൊല്ലം: 3500 കോടിയുടെ പ്രോജക്ടിനുള്ള ആസ്തി കിറ്റക്‌സിന് ഉണ്ടായതെങ്ങനെയെന്നും കേരളത്തില്‍ തന്നെ ബിസിനസ് ചെയ്തിട്ടല്ലേ എന്നും ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍. കേരളത്തെയാകെ അടച്ചാക്ഷേപിക്കുമ്പോള്‍ ഒരു മലയാളി എന്ന നിലയില്‍ ഒന്ന് ചോദിക്കാതെ വയ്യ. താങ്കളുടെ കാലത്തും താങ്കളുടെ പിതാവിന്റെ കാലത്തും കിറ്റക്‌സ് ഗ്രൂപ്പ് രാജ്യമറിയുന്ന വലിയ ബ്രാന്‍ഡായി വളര്‍ന്നത് താങ്കള്‍ ഇപ്പോള്‍ കുറ്റം പറയുന്ന കേരളത്തിന്റെ മണ്ണില്‍ ചവിട്ടി നിന്ന് തന്നെയല്ലേ. ഒരു സാധാരണ ചെറുകിട സ്ഥാപനത്തില്‍ നിന്നാരംഭിച്ച് ഇന്ന് സഹസ്രകോടികളുടെ പ്രോജക്ടുകളെ പറ്റി സംസാരിക്കുന്ന നിലയിലേക്ക് നിങ്ങളെ വളര്‍ത്തിയതില്‍ ഈ നാടിനും ഇവിടത്തെ ജനങ്ങള്‍ക്കും യാതൊരു പങ്കും ഇല്ലെന്നാണോ എന്നും ഷിബു ഫേസ് ബുക്ക് കുറുപ്പില്‍ ചോദിച്ചു.

3500 കോടിയുടെ സംസ്ഥാന സര്‍ക്കാരുമായുള്ള പ്രോജക്ടില്‍ നിന്ന് പിന്മാറുന്നുവെന്ന കിറ്റക്‌സ് മേധാവി സാബു ജേക്കബ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. നിരന്തരം സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്ന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുന്നുവെന്നും സാബു പരാതി ഉന്നയിച്ചിരുന്നു.

ഫേസ് ബുക്ക് കുറുപ്പിന്റെ പൂര്‍ണ രൂപം


കിറ്റക്‌സിലെ പരിശോധനകളുടെ പശ്ചാത്തലത്തില്‍ കിറ്റക്‌സ് എം.ഡി സാബു ജേക്കബിന്റെ പ്രതികരണങ്ങള്‍ കണ്ടു. ആ വിഷയത്തെ കുറിച്ച് തല്‍ക്കാലം ഒന്നും പ്രതികരിക്കുന്നില്ല. എന്നാല്‍ കേരളം വ്യവസായികളുടെ ശവപ്പറമ്പാണെന്നും ഇവിടെ ബിസിനസ് ചെയ്യാന്‍ അധികാരികള്‍ അനുവദിക്കുന്നില്ലെന്നുമൊക്കെ പ്രതികരണങ്ങളില്‍ പലപ്പോഴും സാബു ജേക്കബ് പറയുന്നത് കേട്ടു. അതുകൊണ്ടാണ് കേരളത്തില്‍ ആരംഭിക്കാനിരുന്ന 3500 കോടി മുതല്‍മുടക്കുള്ള പ്രോജക്ടില്‍ നിന്നും പിന്‍മാറുന്നതെന്നും അദ്ദേഹം പറയുന്നുണ്ട്.

കേരളത്തെയാകെ അടച്ചാക്ഷേപിക്കുമ്പോള്‍ ഒരു മലയാളി എന്ന നിലയില്‍ ഒന്ന് ചോദിക്കാതെ വയ്യ. 3500 കോടിയുടെ വന്‍കിട പ്രോജക്ട് നടപ്പിലാക്കാന്‍ ആവശ്യമായ ആസ്തി കിറ്റക്‌സ് ഗ്രൂപ്പിന് ഉണ്ടായതെങ്ങനെയാണ്? നിങ്ങള്‍ ഈ കുറ്റം പറയുന്ന കേരളത്തില്‍ ബിസിനസ് ചെയ്തിട്ട് തന്നെയല്ലേ?.

താങ്കളുടെ കാലത്തും താങ്കളുടെ പിതാവിന്റെ കാലത്തും കിറ്റക്‌സ് ഗ്രൂപ്പ് രാജ്യമറിയുന്ന വലിയ ബ്രാന്‍ഡായി വളര്‍ന്നത് താങ്കള്‍ ഇപ്പോള്‍ കുറ്റം പറയുന്ന കേരളത്തിന്റെ മണ്ണില്‍ ചവിട്ടി നിന്ന് തന്നെയല്ലേ? ഒരു സാധാരണ ചെറുകിട സ്ഥാപനത്തില്‍ നിന്നാരംഭിച്ച് ഇന്ന് സഹസ്രകോടികളുടെ പ്രോജക്ടുകളെ പറ്റി സംസാരിക്കുന്ന നിലയിലേക്ക് നിങ്ങളെ വളര്‍ത്തിയതില്‍ ഈ നാടിനും ഇവിടത്തെ ജനങ്ങള്‍ക്കും യാതൊരു പങ്കും ഇല്ലെന്നാണോ? അങ്ങനെ നിങ്ങള്‍ പറഞ്ഞാല്‍ അത്, എന്നും നിങ്ങളോട് ചേര്‍ന്നുനിന്ന, നിങ്ങളുടെ സഹസ്രകോടി സാമ്രാജ്യത്തിലേക്ക് ഓരോ കല്ലും പാകിയ ഇവിടത്തെ ജനങ്ങളോടുള്ള നന്ദികേടായിരിക്കുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. ആ നന്ദികേടാണ് വിലപേശലിന്റെ സ്വരത്തില്‍ ഞങ്ങളിന്ന് കണ്ടത്.

ഒരു നാട്ടില്‍ വ്യവസായസ്ഥാപനം ആരംഭിച്ച് അവിടത്തെ ശ്രോതസുകളെല്ലാം ഉപയോഗിച്ച് വളര്‍ന്ന് വന്‍മരം ആയശേഷം ആ മണ്ണിനെയാകെ അടച്ചാക്ഷേപിക്കുന്നത് ശരിയായ പ്രവണത അല്ലെന്ന് മാത്രം സൂചിപ്പിക്കട്ടെ. ടെലിവിഷനില്‍ താങ്കളുടെ വാക്കുകള്‍ കേട്ടപ്പോള്‍ ഇത്രയെങ്കിലും പറയാതിരിക്കാനാകില്ലായിരുന്നു എന്നത് കൊണ്ട് മാത്രം ഓര്‍മിപ്പിച്ചതാണ്.


Next Story

RELATED STORIES

Share it