News

നെടുമ്പാശേരി വിമാനത്താവളം:സിയാലിന് 2019-20 വര്‍ഷത്തില്‍ ലാഭം 204 കോടി; ഈ വര്‍ഷം ഇതുവരെ നഷ്ടം 72 കോടി

കൊച്ചിന്‍ ഡ്യൂട്ടി ഫ്രി ഉള്‍പ്പെടെയുള്ള ഉപകമ്പനികള്‍ കൂടി പരിഗണിച്ചാല്‍ മൊത്തവരുമാനം 810.08 കോടി രൂപയാണ്. അതേസമയം കൊവിഡിനെത്തുടര്‍ന്നുണ്ടായ പ്രവര്‍ത്തന നിയന്ത്രണം വന്നതോടെ ഈ സാമ്പത്തിക വര്‍ഷം ആദ്യപാദം പിന്നിട്ടപ്പോള്‍ തന്നെ സിയാലിന് 72 കോടി രൂപയുടെ നഷ്ടമുണ്ടായതായും അധികൃതര്‍ വ്യക്തമാക്കി

നെടുമ്പാശേരി വിമാനത്താവളം:സിയാലിന് 2019-20 വര്‍ഷത്തില്‍ ലാഭം 204 കോടി; ഈ വര്‍ഷം ഇതുവരെ നഷ്ടം 72 കോടി
X

കൊച്ചി: നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിന്റെ നടത്തിപ്പുകാരായ കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനി ലിമിറ്റഡ് (സിയാല്‍) 2019-20 സാമ്പത്തിക വര്‍ഷത്തില്‍ 204.05 കോടി രൂപയുടെ ലാഭം നേടിയതായി അധികൃതര്‍. കൊച്ചിന്‍ ഡ്യൂട്ടി ഫ്രി ഉള്‍പ്പെടെയുള്ള ഉപകമ്പനികള്‍ കൂടി പരിഗണിച്ചാല്‍ മൊത്തവരുമാനം 810.08 കോടി രൂപയാണ്. അതേസമയം കൊവിഡിനെത്തുടര്‍ന്നുണ്ടായ പ്രവര്‍ത്തന നിയന്ത്രണം വന്നതോടെ ഈ സാമ്പത്തിക വര്‍ഷം ആദ്യപാദം പിന്നിട്ടപ്പോള്‍ തന്നെ സിയാലിന് 72 കോടി രൂപയുടെ നഷ്ടമുണ്ടായതായും അധികൃതര്‍ വ്യക്തമാക്കി.2019-20 സാമ്പത്തിക വര്‍ഷത്തില്‍ സിയാല്‍ മാത്രം 655.05 കോടിയുടെ മൊത്തവരുമാനം നേടിയിട്ടുണ്ട്. നികുതി കിഴിച്ചുള്ള ലാഭം 204.05 കോടി രൂപ.

മുന്‍ സാമ്പത്തിക വര്‍ഷം 166.91 കോടിയായിരുന്നു ലാഭം. ലാഭത്തിലുണ്ടായ വളര്‍ച്ച 22.25%. നൂറുശതമാനം പങ്കാളിത്തമുള്ള ഉപകമ്പനികളുടെ പ്രവര്‍ത്തനം കൂടി പരിഗണിച്ചാല്‍ മൊത്തം 226.23 കോടി രൂപയാണ് ലാഭം. ഓഹരിയുടമകള്‍ക്ക് ഇത്തവണ 27 ശതമാനം ലാഭവിഹിതം മുഖ്യമന്ത്രി പിണറായി വിജയന്‍ ചെയര്‍മാനായ ഡയറക്ടര്‍ബോര്‍ഡ് ശുപാര്‍ശ ചെയ്തിട്ടുണ്ട്. സെപ്തംബര്‍ അഞ്ചിന് നിശ്ചയിച്ചിട്ടുള്ള വാര്‍ഷിക പൊതുയോഗം അംഗീകരിച്ചാല്‍ 19500-ല്‍ പരം നിക്ഷേപകര്‍ക്ക് 27 ശതമാനം ലാഭവിഹിതം ലഭിക്കും. 34 കോടിയോളം രൂപ സംസ്ഥാന സര്‍ക്കാരിന് ഈയിനത്തില്‍ സിയാലില്‍ നിന്ന് ലഭിക്കും. 2003-04 സാമ്പത്തിക വര്‍ഷം മുതല്‍ സിയാല്‍ മുടങ്ങാതെ ലാഭവിഹിതം നല്‍കുന്നുണ്ട്. ഇത്തവണത്തെ ഡയറക്ടര്‍ബോര്‍ഡിന്റെ ശുപാര്‍ശ അംഗീകരിക്കപ്പെട്ടാല്‍ മൊത്തം ലാഭവിഹിതം 282 ശതമാനമായി മാറും.

കൊവിഡിനെ തുടര്‍ന്ന് 2020 മാര്‍ച്ച് അവസാനയാഴ്ച മുതല്‍ വ്യോമഗതാഗതം അന്താരാഷ്ട്ര തലത്തില്‍ പരിമിതപ്പെടുത്തിയിട്ടുണ്ട്. പ്രതിദിനം 242 സര്‍വീസുകളും മുപ്പതിനായിരത്തോളം യാത്രക്കാരും ഉണ്ടായിരുന്ന സിയാലില്‍ ഇപ്പോള്‍ ശരാശരി 36 സര്‍വീസുകള്‍മാത്രമാണുള്ളത്. പ്രതിദിന യാത്രക്കാരുടെ എണ്ണം 2300-ല്‍ താഴെയായി. 2020-21 സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദത്തില്‍ (ഏപ്രില്‍ -ജൂണ്‍) സിയാലിനുണ്ടായ വരുമാനം 19 കോടി രൂപമാത്രമാണ്. നഷ്ടം 72 കോടിയും. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുള്ള യാത്രാസൗകര്യങ്ങളും സുരക്ഷാ സംവിധാനങ്ങളും ഒരുക്കുന്നതിനായി സിയാലിന് വലിയ ചെലവ് നേരിടുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

വെള്ളപ്പൊക്ക നിവാരണ പദ്ധതികള്‍ക്കായി മൊത്തം 129.30 കോടി രൂപ സിയാല്‍ ചെലവിടുന്നുണ്ട്. കൊവിഡിനെത്തുടര്‍ന്നുള്ള പ്രതിസന്ധി അയയുന്നതോടെ കമ്പനിയ്ക്ക് മുന്‍വര്‍ഷങ്ങളിലെ പ്രവര്‍ത്തനവിജയം ആവര്‍ത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ഡയറക്ടര്‍ബോര്‍ഡ് യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷത വഹിച്ചു. സിയാല്‍ ഡയറക്ടര്‍മാരായ മന്ത്രി തോമസ് ഐസക്, മന്ത്രി വി എസ് സുനില്‍കുമാര്‍, കെ റോയ്പോള്‍, എ കെ രമണി, എം എ യൂസഫലി, സി വി ജേക്കബ്. എന്‍ വി ജോര്‍ജ്, ഇ എം ബാബു, സിയാല്‍ മാനേജിങ് ഡയറക്ടര്‍ വി ജെ കുര്യന്‍, കമ്പനി സെക്രട്ടറി സജി കെ ജോര്‍ജ് പങ്കെടുത്തു.

Next Story

RELATED STORIES

Share it