Business

ശാസ്ത്രീയ കൃഷി രീതി അവലംബിക്കുന്നില്ല; സംസ്ഥാനത്ത് റബര്‍ തോട്ടങ്ങള്‍ കുറഞ്ഞുവരുന്നതായും പഠന റിപോര്‍ട്ട്

കേരളത്തിലെ പാലുല്‍പാദനം വെറും 2.14 ശതമാനം മാത്രം

ശാസ്ത്രീയ കൃഷി രീതി അവലംബിക്കുന്നില്ല; സംസ്ഥാനത്ത് റബര്‍ തോട്ടങ്ങള്‍ കുറഞ്ഞുവരുന്നതായും പഠന റിപോര്‍ട്ട്
X

തിരുവനന്തപുരം: ഇന്ത്യയിലെ സ്വാഭാവിക റബര്‍ കൃഷിയുടെ 76 ശതമാനവും കേരളത്തിലാണെങ്കിലും, റബറിന്റെ ഈറ്റില്ലമായ കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ തോട്ടങ്ങള്‍ കുറഞ്ഞുവരുന്നതായി പഠന റിപോര്‍ട്ട്. പബ്ലിക് പോളിസി റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ആഭിമുഖ്യത്തില്‍ നടന്ന കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥ, സമൂഹം, ഭരണ വ്യവസ്ഥ ഒരു പരിപ്രേക്ഷ്യം-എന്ന സെമിനാറില്‍ നാഷനല്‍ റബര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ ഡോ.ജെയിംസ് ജേക്കബാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

റബര്‍ ഉദ്പാദനത്തില്‍ കേരളമാണ് മുന്നിലെങ്കിലും, ഉപഭോഗത്തില്‍ തമിഴ്‌നാടിനും, മഹാരാഷ്ട്രയ്ക്കും പിറകില്‍ മൂന്നാം സ്ഥാനമാണ് കേരളത്തിന്. ഉപഭോഗത്തിന്റെ 25 ശതമാനം, അതായത് 2.31 ലക്ഷം ടണ്‍ ആണ് 2020-21 വര്‍ഷത്തില്‍ തമിഴ്‌നാട്ടില്‍ വ്യാവസായികാടിസ്ഥാനത്തില്‍ ഉപയോഗിച്ചത്. റബ്ബറിന്റെ മൂല്യവര്‍ധിത ഉപയോഗവും ഏറ്റവും കൂടുതല്‍ തമിഴ്‌നാട്ടിലാണ്. തൊഴിലാളികളുടെ കുറവ്, പഴയ റബര്‍ മരങ്ങളില്‍ നിന്നുള്ള ഉദ്പാദനം, ചെറിയ പ്ലാന്റേഷനുകള്‍ എന്നിവ റബര്‍ കൃഷിയെ ബാധിക്കുന്നു. അടിസ്ഥാന വില നല്‍കുന്നതിലുപരി, പഴയ റബര്‍ മരങ്ങള്‍ മാറ്റി റീപ്ലാന്റ് ചെയ്യുന്നതിനും ശാസ്ത്രീയ കൃഷി രീതികള്‍ അവലംബിക്കുന്നതിനും സര്‍ക്കാര്‍ സഹായം നല്‍കിയാലേ, റബര്‍ കൃഷി ലാഭകരമായി മാറുകയുള്ളു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കുറഞ്ഞ നിരക്കില്‍ കടമെടുത്തു, ഉയര്‍ന്ന നിരക്കില്‍ നേരത്തെ എടുത്ത കടം തിരിച്ചടക്കുന്നതിലൂടെ, സംസ്ഥാനത്തിന് കടഭാരത്തില്‍ നേരിയ കുറവ് വരുത്താന്‍ സാധിക്കുമെന്ന് പബ്ലിക് പോളിസി റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ ഡോ. ജോസ് ജേക്കബ് ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ എടുക്കുന്ന കടത്തിന്റെ വലിയ ശതമാനം കടം വീട്ടാനാണ് ഉപയോഗിക്കുന്നത്. 2020-21 സാമ്പത്തിക വര്‍ഷത്തില്‍, 65975 കോടിയാണ് കടം വീട്ടാന്‍ ചെലവഴിക്കേണ്ടി വന്നത്. 2001ല്‍ 23900 കോടിയായിരുന്ന പൊതു കടമാണ് ഈ വര്‍ഷം മാര്‍ച്ചില്‍ 2,96,818 കോടിയായി വര്‍്ധിച്ചിട്ടുള്ളത്. 12.5 മടങ്ങു വര്‍ധനവാണ് രണ്ടു ദശാബ്ദം കൊണ്ട് കേരളത്തില്‍ ഉണ്ടായിരിക്കുന്നത്. വികസനേതര ചെലവിനായി ദേശീയ ശരാശരിയേക്കാള്‍ 222 ശതമാനമാണ് ചെലവാക്കുന്നത്. കട ബാധ്യത ഉയര്‍ന്നതാണെങ്കിലും, ഇത് ഉല്‍പാദന ക്ഷമതയോടെ മൂലധന നിക്ഷേപമായി ഉപയോഗിക്കാന്‍ സാധിച്ചാല്‍, തൊഴില്‍ അവസരങ്ങള്‍ കൂടുതല്‍ സൃഷ്ടിക്കാനും അതുവഴി കൂടുതല്‍ പേര്‍ക്ക് വരുമാന വര്‍ദ്ധനവിന് അവസരം ഉണ്ടാക്കാനും സാധിക്കും.

കാലാവസ്ഥ വ്യതിയാനം ബാധിക്കാത്ത ഒരു കാര്‍ഷിക രംഗമാണ് പാലുദ്പാദനം. ലോകത്തില്‍ ഏറ്റവും കൂടുതല്‍ പാല്‍ ഉദ്പാദിപ്പിക്കുന്ന രാജ്യം ഇന്ത്യയാണെങ്കിലും, കേരളത്തിലെ പാല്‍ ഉദ്പാദനം വെറും 2.14 ശതമാനം മാത്രമാണെന്ന് രാജസ്ഥാന്‍ ഡവലപ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ ഡോ. എസ് മോഹന്‍കുമാര്‍ പറഞ്ഞു. കേരളത്തിലെ പാലുല്‍്പാദനത്തിന്റെ 60 ശതമാനം മാത്രമേ പാല്‍ സഹകരണ സംഘങ്ങള്‍ ശേഖരിക്കുന്നുള്ളൂ. ബാക്കിയുള്ളത് ശേഖരിക്കുന്നത് സ്വകാര്യ സംരംഭകരോ വ്യക്തികളോ ആണ്. ഈ മേഖലയില്‍ 2017-18 ല്‍ പദ്ധതി ചിലവിന്റെ 77 ശതമാനമാണ് ചെലവാക്കിയതെങ്കില്‍ 2020-21 ല്‍ 42 ശതമാനം മാത്രമേ ചെലവാക്കിയിട്ടുള്ളു. ക്ഷീര വ്യവസായ രംഗത്ത് കൂടുതല്‍ മുതല്‍ മുടക്ക് നടത്താന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയണം.

ഏക ദിന ഓണ്‍ലൈന്‍ ശില്പശാലയില്‍ വിവിധ വിഷയങ്ങളെ ആസ്പദമാക്കി നടന്ന ചര്‍ച്ചകളില്‍ ഇന്‍സ്റ്റിറ്റിയൂട്ട് ചെയര്‍മാന്‍ രമേശ് കുമാര്‍ ശര്‍മ്മ, മലബാര്‍ പോര്‍ട്ട് ഇന്റര്‍നാഷനല്‍ എം.ഡി എല്‍ രാധാകൃഷ്ണന്‍, പ്രാഫ.ബര്‍ണി സെബാസ്റ്റ്യന്‍, പ്രഫ.പി കെ വിശ്വനാഥന്‍, ഡോ. ദീപ മോഹന്‍, ഡോ. ഷീല, ഡോ.ബീന പി എല്‍, ഡോ. ആര്‍ വിപിന്‍കുമാര്‍ എന്നിവര്‍ റിപോര്‍ട്ടുകള്‍ അവതരിപ്പിച്ചു.


Next Story

RELATED STORIES

Share it