Finance & Investment

ബാങ്ക് ഓഹരികളില്‍ വന്‍ കുതിപ്പ്; സെന്‍സെക്‌സ് വീണ്ടും 60,000 കടന്നു

ഐടി, ഫാര്‍മ വിഭാഗം ഒഴിച്ചുള്ള ഓഹരികളില്‍ മുന്നേറ്റം ദൃശ്യമായിരുന്നു.

ബാങ്ക് ഓഹരികളില്‍ വന്‍ കുതിപ്പ്; സെന്‍സെക്‌സ് വീണ്ടും 60,000 കടന്നു
X

ന്യൂഡല്‍ഹി: ഏഴ് ആഴ്ചത്തെ ഇടവേളയ്ക്ക് ശേഷം സെന്‍സെക്‌സ് നിര്‍ണായക നിലവാരമായ 60,000 തിരികെ പിടിച്ചു. നിഫ്റ്റി 17,900ന് മുകളിലും ക്ലോസ് ചെയ്തു. നവംബര്‍ 17നു ശേഷമുളള ഉയര്‍ന്ന് ക്ലോസിങ് നിലവാരമാണിത്. ഇത് തുടര്‍ച്ചയായ നാലാം ദിവസമാണ് ഓഹരി വിപണികള്‍ നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിക്കുന്നത്.

ഐടി, ഫാര്‍മ വിഭാഗം ഒഴിച്ചുള്ള ഓഹരികളില്‍ മുന്നേറ്റം ദൃശ്യമായിരുന്നു. എന്‍എസ്ഇയുടെ സൂചികയായ നിഫ്റ്റി 120 പോയിന്റ് നേട്ടത്തില്‍ 17,925ലും ബിഎസ്ഇയുടെ സൂചികയായ സെന്‍സെക്‌സ് 367 പോയിന്റ് മുന്നേറ്റത്തോടെ 60,223ലും ബുധനാഴ്ച ക്ലോസ് ചെയ്തു. എന്‍എസ്ഇയിലെ ബാങ്കിംഗ് ഓഹരികളുടെ സൂചികയായ നിഫ്റ്റി ബാങ്ക് 855 പോയിന്റ് കുതിച്ച് 37,695ലും വ്യാപാരം അവസാനിപ്പിച്ചു.

ഓട്ടോ, ബാങ്കിങ്, മെറ്റല്‍, റിയാല്‍റ്റി, ഓയില്‍ ആന്റ് ഗ്യാസ് വിഭാഗം ഓഹരികള്‍ മുന്നേറി. ഇവയെുടെ സൂചികളെല്ലാം ഒന്നു മുതല്‍ 2 ശതമാനം വരെ നേട്ടം കൈവരിച്ചു. അതേസമയം, ഐടി, ഫാര്‍മ വിഭാഗം ഓഹരികള്‍ തളര്‍ച്ച നേരിട്ടു. കഴിഞ്ഞ നാലു ദിവസത്തിനിടെ മാത്രം സെന്‍സെക്‌സ് 2500ലേറെ പോയിന്റാണ് നേടിയത്. അടുത്തയാഴ്ച മൂന്നാം പാദ സാമ്പത്തിക ഫലങ്ങള്‍ പുറത്തു വരുന്നതിനോട് അനുബന്ധിച്ച് ഐടി വിഭാഗം ഓഹരികളില്‍ നിക്ഷേപകര്‍ ജാഗ്രതാ സമീപനമാണ് സ്വീകരിച്ചത്. ബിഎസ്ഇയിലെ മിഡ് കാപ് വിഭാഗം 0.36 ശതമാനവും സ്‌മോള്‍ കാപ് വിഭാഗം കാര്യമായ വ്യതിയാനമില്ലാതെയും നിന്നു. അതേസമയം, വിപണിയിലെ ചാഞ്ചാട്ടത്തിന്റെ തോത് വെളിപ്പെടുത്തുന്ന വിക്‌സ് (VIX) 6.87 ശതമാനം വര്‍ധിച്ച് 17.23 നിലവാരത്തിലേക്ക് എത്തിയെന്നതും ശ്രദ്ധേയമാണ്.

പുതുവര്‍ഷത്തിലെ മൂന്നാം വ്യാപരദിനത്തില്‍ 15 പോയിന്റ് നേട്ടത്തോടെ 17,820ലാണ് നിഫ്റ്റി വ്യാപാരം ആരംഭിച്ചത്. തൊട്ടുപിന്നാലെ തന്നെ ഇന്നത്തെ താഴ്ന്ന നിലവാരമായ 17,748ല്‍ വന്നശേഷം സൂചിക നിര്‍ണായക നിലവാരമായ 17,800ല്‍ ഏറെ നേരം തങ്ങിനിന്നു. പിന്നാലെ 11 മണിയോടെ നിഫ്റ്റി 17,850 നിലവാരം കടന്ന് മുന്നേറി. തുടര്‍ന്ന് ഇന്നത്തെ ഉയര്‍ന്ന നിലവാരമായ 17,994ല്‍ തൊട്ടു. പിന്നീട് നേരിയ തോതില്‍ താഴ്‌ന്നെങ്കിലും കഴിഞ്ഞ ദിവസങ്ങളിലേതിന് സമാനമായി ദിവസത്തെ ഉയര്‍ന്ന നിലവാരത്തിന് സമീപമാണ് നിഫ്റ്റി ക്ലോസ് ചെയ്തിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

പ്രധാന ഓഹരികളില്‍ മികച്ച നേട്ടം കൈവരിച്ചവരും കോട്ടം സംഭവിച്ചവരും ഇവരാണ്

നേട്ടം ലഭിച്ചവ

നിഫ്റ്റി50 ഇന്‍ഡക്‌സ് സ്‌റ്റോക്കുകളില്‍ 33 എണ്ണം ഇന്ന് നേട്ടത്തില്‍ ക്ലോസ് ചെയ്തു. ബജാജ് ഫിന്‍സേര്‍വ്, ബജാജ് ഫിനാന്‍സ് എന്നീ ഓഹരികള്‍ 4 ശതമാനത്തിലധികം കുതിച്ചു. കൊട്ടക് മഹീന്ദ്ര, ജെഎസ്ഡബ്ല്യൂ സ്റ്റീല്‍, ഗ്രാസിം എന്നിവ 3 ശതമാനത്തിലേറെയും ഐഒസി, ആക്‌സിസ് ബാങ്ക്, എച്ചഡിഎഫ്‌സി ബാങ്ക്, ഐഷര്‍ മോട്ടോര്‍സ്, ബിപിസിഎല്‍ എന്നീ ഓഹരികള്‍ 2 ശതമാനത്തിലേറേയും നേട്ടം രേഖപ്പെടുത്തി.

നഷ്ടം നേരിട്ടവ

നിഫ്റ്റി50 ഇന്‍ഡക്‌സ് സ്‌റ്റോക്കുകളില്‍ 17 എണ്ണം വിലയിടിവ് രേഖപ്പെടുത്തി. ഐടി കമ്പനികളായ ടെക് മഹീന്ദ്ര, ഇന്‍ഫോസിസ് എന്നീ ഓഹരികള്‍ 2 ശതമാനത്തിലധികം നഷ്ടം നേരിട്ടു. എച്ച്‌സിഎല്‍ ടെക്, ഡിവീസ് ലാബ്, വിപ്രോ എന്നിവ ഒരു ശതമാനത്തിലേറെയും നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു.

Next Story

RELATED STORIES

Share it