Finance & Investment

സാധാരണക്കാരുടെ വീടെന്ന സ്വപ്‌നത്തിന് ഇനി ഇരട്ടി വേഗം; ശ്രദ്ധേയമായ പ്രഖ്യാപനവുമായി എസ്ബിഐ

ഭവന വായ്പയുടെ ഗുണഫലങ്ങള്‍ സാധാരണക്കാരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് എസ്ബിഐ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

സാധാരണക്കാരുടെ വീടെന്ന സ്വപ്‌നത്തിന് ഇനി ഇരട്ടി വേഗം; ശ്രദ്ധേയമായ പ്രഖ്യാപനവുമായി എസ്ബിഐ
X
ഉയര്‍ന്ന പലിശ ഭാരം ഭയന്ന് ഹൗസിങ് ഫിനാന്‍സ് കമ്പനികളെ തീണ്ടാപ്പാടകലെ നിര്‍ത്തിയവര്‍ക്ക് ആശ്വാസമായി സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ)യുടെ പ്രഖ്യാപനം. കുറഞ്ഞ ചെലവില്‍ ബാങ്കിങ് സേവനങ്ങള്‍ ഉപയോക്താക്കളിലെത്തിക്കാന്‍ ശ്രദ്ധേയമായ നടപടികളാണ് എസ്ബിഐ കൈകൊണ്ടിരിക്കുന്നത്. ഭവന വായ്പയുടെ ഗുണഫലങ്ങള്‍ സാധാരണക്കാരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് എസ്ബിഐ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.


അഞ്ച് ഹൗസിങ് ഫിനാന്‍സ് കമ്പനികളുമായി സഹകരണം

രാജ്യത്തെ ഏറ്റവും വലിയ വായ്പാ ദാതാവായ എസ്ബിഐ ഇതിനായി അഞ്ച് ഹൗസിങ് ഫിനാന്‍സ് കമ്പനികളുമായി കൈകോര്‍ക്കുകയാണ്. അടുത്ത ധനനയത്തില്‍ ആര്‍ബിഐ നിരക്കുകള്‍ ഉയര്‍ത്തുമെന്ന സൂചനകള്‍ ശക്തമായിരിക്കേ എസ്ബിഐയുടെ ഇടപെടല്‍ സാധാരണക്കാര്‍ക്ക് ആശ്വാസമേകും. പൊതുമേഖലാ ബാങ്ക് എന്ന നിലയില്‍ ആളുകളിലേക്കു കൂടുതല്‍ സേവനങ്ങള്‍ എത്തിക്കുകയാകും എസ്ബിഐയുടെ പ്രഥമ ലക്ഷ്യം.

കൈകോര്‍ക്കുന്നത് ആരുമായി?

പിഎന്‍ബി ഹൗസിങ് ഫിനാന്‍സ്, ഐഐഎഫ്എല്‍ ഹോം ഫിനാന്‍സ്, ശ്രീറാം ഹൗസിങ് ഫിനാന്‍സ്, എഡല്‍വീസ് ഹൗസിങ് ഫിനാന്‍സ്, കാപ്രി ഗ്ലോബല്‍ ഹൗസിങ് ഫിനാന്‍സ് എന്നീ അഞ്ച് ഹൗസിങ് ഫിനാന്‍സ് കമ്പനികളുമായാണ് എസ്ബിഐ ഇതു സംബന്ധിച്ച് ധാരണയിലെത്തിയത്.

നിലവില്‍ ഭവനവായ്പാ സേവനങ്ങളില്‍ നിന്ന് അകന്നുനില്‍ക്കുന്ന താഴെത്തട്ടിലുള്ളവര്‍ക്ക് കൂടുതല്‍ സേവനങ്ങള്‍ നല്‍കുകയെന്നതാണ് സഹകരണത്തിന്റെ പ്രഥമ പരിഗണന. ആര്‍ബിഐ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ട് സാധാരണക്കാര്‍ക്ക് മികച്ച നേട്ടമുണ്ടാക്കുകയാണ് എസ്ബിഐ ഇതിലൂടെ ലക്ഷ്യമിടുന്നത്. താരതമ്യേന കുറഞ്ഞ പലിശ നിരക്കില്‍ ആകര്‍ഷകമായ ഭവന വായ്പകള്‍ സ്വന്തമാക്കാന്‍ ഈ സഹകരണം വഴിയൊരുക്കും.സഹകരണത്തിലൂടെ വിദൂര ഗ്രാമങ്ങളിലുള്ള അര്‍ഹരായ ഉപയോക്താക്കള്‍ക്കും എളുപ്പത്തില്‍ വായ്പ നേടാനാവും. ഹൗസിങ് ഫിനാന്‍സ് കമ്പനികളുടെ വിപുലമായ നെറ്റ്‌വര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കും.

ഉയര്‍ന്ന പലിശഭാരം പേടിച്ചു ഹൗസിങ് ഫിനാന്‍സ് കമ്പനികളെ അകറ്റി നിര്‍ത്തിയവര്‍ക്ക് എസ്ബിഐയുടെ കടന്നുവരവ് ആശ്വാസമാകും. കുറഞ്ഞ ചെലവില്‍ ബാങ്കിങ് സേവനങ്ങള്‍ ഉപയോക്താക്കളിലെത്തിക്കാന്‍ മുന്‍പന്തിയിലാണ് എസ്ബിഐ. സാധാരണക്കാരുടെ കീശയ്ക്കു ഒതുങ്ങുന്ന ഭവന വായപയുടെ ദൗര്‍ലഭ്യം ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു പ്രധാന ആശങ്കയായി തുടരുന്ന സമയത്താണ് സഹകരണം എന്നതും ശ്രദ്ധേയം.

ഇക്കാര്യങ്ങളില്‍ ശ്രദ്ധപുലര്‍ത്തണം

അഞ്ചു ഹൗസിങ് ഫിനാന്‍സ് സ്ഥാപനങ്ങള്‍ എസ്ബിഐയുമായി ധാരണയിലെത്തിയെങ്കിലും വ്യവസ്ഥകളില്‍ മാറ്റങ്ങള്‍ ഉണ്ടായേക്കാം. അതിനാല്‍ വായ്പകള്‍ സ്വീകരിക്കുന്നതിനു മുമ്പ് മികച്ച നേട്ടത്തിനായി ഇവ താരതമ്യം ചെയ്യാം.

പലിശ നിരക്കുകള്‍ പോലുള്ള ഘടകങ്ങള്‍ ഉപയോക്താക്കളുടെ സിബില്‍ സ്‌കോര്‍, മുന്‍കാല ഇടപാടുകള്‍ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ടു തന്നെ നിരക്കുകളും ഉപയോക്താക്കള്‍ക്കനുസരിച്ചു മാറാം. എന്നാലും എസ്ബിഐയുടെ സാന്നിധ്യം നേട്ടമാകും. ഭവന വായ്പകള്‍ ദീര്‍ഘകാല വായ്പാ പദ്ധതിയാണ്. പക്ഷെ എത്രയും പെട്ടെന്ന് അവസാനിപ്പിക്കുന്നുവോ അത്രയും നേട്ടം സ്വന്തമാക്കുകയും ചെയ്യും.

Next Story

RELATED STORIES

Share it