Bank

എച്ച്ഡിഎഫ്‌സി ബാങ്ക് -എച്ച്ഡിഎഫ്‌സി ലയനം; ധനകാര്യ ഓഹരികളില്‍ വമ്പന്‍ കുതിപ്പ്; സെന്‍സെക്‌സില്‍ 1,335 പോയിന്റ് മുന്നേറ്റം

എച്ച്ഡിഎഫ്‌സി ലിമിറ്റഡ് എച്ച്ഡിഎഫ്‌സി ബാങ്കുമായി ലയിക്കുകയാണെന്ന പ്രഖ്യാപനമാണ് പ്രധാന സൂചികകളെ പഴയ പ്രതാപത്തിലേക്ക് ഉയര്‍ത്തിയത്. നിഫ്റ്റി നിര്‍ണായകമായ 18,000 നിലവാരവും സെന്‍സെക്‌സ് 60,000 നിലവാരവും ഭേദിച്ച് മുന്നേറി.

എച്ച്ഡിഎഫ്‌സി ബാങ്ക് -എച്ച്ഡിഎഫ്‌സി ലയനം; ധനകാര്യ ഓഹരികളില്‍ വമ്പന്‍ കുതിപ്പ്; സെന്‍സെക്‌സില്‍ 1,335 പോയിന്റ് മുന്നേറ്റം
X

ന്യൂഡല്‍ഹി: സ്വകാര്യ ധനകാര്യ മേഖലയിലെ വമ്പന്മാരായ എച്ച്ഡിഎഫ്‌സി ഗ്രൂപ്പ് ഓഹരികളുടെ അപ്രതീക്ഷിത ലയന പ്രഖ്യാപനത്തില്‍ ഓഹരി വിപണിയില്‍ വമ്പന്‍ കുതിപ്പ്. എച്ച്ഡിഎഫ്‌സി ലിമിറ്റഡ് എച്ച്ഡിഎഫ്‌സി ബാങ്കുമായി ലയിക്കുകയാണെന്ന പ്രഖ്യാപനമാണ് പ്രധാന സൂചികകളെ പഴയ പ്രതാപത്തിലേക്ക് ഉയര്‍ത്തിയത്. നിഫ്റ്റി നിര്‍ണായകമായ 18,000 നിലവാരവും സെന്‍സെക്‌സ് 60,000 നിലവാരവും ഭേദിച്ച് മുന്നേറി. ഇതോടെ കഴിഞ്ഞ ഒരു മാസത്തിനിടെ നിക്ഷേപകരുടെ ആസ്തി മൂല്യത്തിലും 30 ലക്ഷം കോടിയിലേറെ വര്‍ധന കൈവരിച്ചു. ക്രൂഡ് ഓയില്‍ വില 105 ഡോളറിന് താഴേക്കെത്തിയതും റഷ്യയും ഉെ്രെകന്‍ സമാധാന ചര്‍ച്ചയില്‍ പുരോഗതിയുണ്ടെന്ന റിപ്പോര്‍ട്ടുകളും വിപണിയുടെ അന്തരീക്ഷത്തിന് കുളിര്‍മയേകി.

ഒടുവില്‍ എന്‍എസ്ഇയുടെ മുഖ്യ സൂചികയായ നിഫ്റ്റി 383 പോയിന്റ് കുതിച്ചുയര്‍ന്ന് 18,053ലും ബിഎസ്ഇയുടെ അടിസ്ഥാന സൂചികയായ സെന്‍സെക്‌സ് 1,335 പോയിന്റ് മുന്നേറി 60,612ലുമാണ് ഇന്ന് വ്യാപാരം പൂര്‍ത്തിയാക്കിയത്. തിങ്കളാഴ്ചത്തെ ഉയര്‍ന്ന നിലവാരത്തിന് സമീപത്താണ് പ്രധാന സൂചികകള്‍ വ്യാപാരം പൂര്‍ത്തിയാക്കിയതെന്നും ശ്രദ്ധേയം. ഇന്നത്തെ വ്യാപാരത്തിനിടെ നിഫ്റ്റി സൂചിക 18,114ല്‍ ഉയര്‍ന്ന നിലവാരവും 17,791ല്‍ താഴ്ന്ന നിലവാരവും രേഖപ്പെടുത്തി. അതേസമയം, എന്‍എസ്ഇയിലെ ബാങ്ക് ഓഹരികളുടെ പൊതു സൂചികയായ നിഫ്റ്റിബാങ്ക് 1,487 പോയിന്റ് ഉയര്‍ന്ന് 38,635ലും വ്യാപാരം പൂര്‍ത്തിയാക്കി.

2024 സാമ്പത്തിക വര്‍ഷത്തോടെ സ്വകാര്യ മേഖലയിലെ മുന്‍നിര ബാങ്കിംഗ് സ്ഥാപനമായ എച്ച്ഡിഎഫ്‌സി ബാങ്കും ഭവന വായ്പ ദാതാവായ എച്ച്ഡിഎഫ്‌സി ലിമിറ്റഡും തമ്മിലുള്ള ലയനം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. എച്ച്ഡിഎഫ്‌സിയുടെ 25 ഓഹരികള്‍ കൈവശമുളളവര്‍ക്ക് എച്ച്ഡിഎഫ്‌സി ബാങ്കിന്റെ 42 ഓഹരികള്‍ ലഭിക്കും. ഇതോടെ എച്ച്ഡിഎഫ്‌സിയുടെ ഓഹരിയുടമകള്‍ക്ക്, എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ഓഹരി വിഹിതത്തില്‍ ആകെ 41 ശതമാനം പങ്കാളിത്തം ലഭിക്കും. നിലവിലെ വിപണി വില അടിസ്ഥാനമാക്കിയാല്‍ ലയത്തിന് ശേഷം എച്ച്ഡിഎഫ്‌സി ബാങ്കിന്റെ വിപണി മൂല്യം 13.5 ലക്ഷം കോടി രൂപ കവിയും.

Next Story

RELATED STORIES

Share it