Wayanad

മുട്ടില്‍ മരം കൊള്ള: സസ്‌പെന്‍ഷനിലായിരുന്ന ഉദ്യോഗസ്ഥനെ തിരിച്ചെടുത്തു

മുട്ടില്‍ മരം കൊള്ള: സസ്‌പെന്‍ഷനിലായിരുന്ന ഉദ്യോഗസ്ഥനെ തിരിച്ചെടുത്തു
X

കല്‍പ്പറ്റ: മുട്ടില്‍ മരം കൊള്ളയുമായി ബന്ധപ്പെട്ട് സസ്‌പെന്റ് ചെയ്യപ്പെട്ട വനംവകുപ്പ് ഉദ്യോഗസ്ഥനെ സര്‍വീസില്‍ തിരിച്ചെടുത്തു. മരം മുറിക്കാന്‍ പ്രതികള്‍ക്ക് സഹായം നല്‍കിയെന്ന ആരോപണത്തെത്തുടര്‍ന്ന് സസ്‌പെന്‍ഷനിലായിരുന്ന സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ ബി പി രാജുവിനെയാണ് ഉത്തരമേഖലാ സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡി കെ വിനോദ് കുമാര്‍ തിരിച്ചെടുത്ത് ഉത്തരവിറക്കിയത്.

വയനാട് സോഷ്യല്‍ ഫോറസ്ട്രി വിഭാഗത്തിലാണ് പുനര്‍നിയമനം. സസ്‌പെന്‍ഷന്‍ പിന്‍വലിച്ചത് നിലവിലുള്ള പ്രത്യേക സംഘത്തിന്റെ അന്വേഷണത്തെ ബാധിക്കില്ലെന്ന് ഉത്തരവില്‍ പറയുന്നു. മുട്ടില്‍ മരം കൊള്ള സമയത്ത് സെക്ഷന്‍ ഫോറസ്റ്റ് ഓഫിസറായിരുന്ന ബി പി രാജു പ്രതികള്‍ക്ക് വേണ്ട ഒത്താശ ചെയ്തുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. പ്രതികളായ ആന്റോ അഗസ്റ്റിന്‍, റോജി അഗസ്റ്റിന്‍ എന്നിവരുമായി ഔദ്യോഗിക ആവശ്യത്തിനപ്പുറമുള്ള ബന്ധം പുലര്‍ത്തിയിരുന്നു.

ഈട്ടി മരങ്ങള്‍ മുറിച്ച മുട്ടില്‍ സൗത്ത്, തൃക്കൈപ്പറ്റ വില്ലേജുകള്‍ പ്രതികള്‍ക്കൊപ്പം സന്ദര്‍ശിച്ചതിന്റെയും പ്രതികളില്‍നിന്ന് ആനുകൂല്യങ്ങള്‍ സ്വീകരിച്ചതിന്റെയും തെളിവുകള്‍ അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു. ബി പി രാജുവിന്റെ ഫോണ്‍ രേഖകള്‍ പരിശോധിച്ചതിലും ഇക്കാര്യങ്ങള്‍ വ്യക്തമാണ്. ഇത്തരത്തില്‍ ഗുരുതര കൃത്യവിലോപം നടത്തിയതായി കണ്ടെത്തിയ ഉദ്യോഗസ്ഥനെയാണ് സര്‍വിസില്‍ തിരിച്ചെടുത്തിരിക്കുന്നത്.

Next Story

RELATED STORIES

Share it