Thrissur

ഫണ്ട് അനുവദിച്ചിട്ടും അറ്റകുറ്റപ്പണി നടത്താതെ പായ്തുരുത്തിലേക്കുള്ള തൂക്കുപാലം

കുഴൂര്‍ ഗ്രാമപ്പഞ്ചായത്തിലെ കുണ്ടൂരും- പായ്തുരുത്തുമായി ബന്ധിപ്പിക്കുന്ന ഏക യാത്രാ മാര്‍ഗ്ഗമായ തൂക്കുപാലം 2018ലെ മഹാപ്രളയത്തില്‍ ഭാഗികമായി തകര്‍ന്നിരുന്നു.

ഫണ്ട് അനുവദിച്ചിട്ടും അറ്റകുറ്റപ്പണി നടത്താതെ പായ്തുരുത്തിലേക്കുള്ള തൂക്കുപാലം
X

മാള: ഫണ്ട് അനുവദിച്ചെങ്കിലും അപകടം പതിയിരിക്കുന്ന പായ്തുരുത്തിലേക്കുള്ള തൂക്കുപാലത്തിന്റെ അറ്റകുറ്റപ്പണി നടത്താതെ അധികൃതര്‍. കുഴൂര്‍ ഗ്രാമപ്പഞ്ചായത്തിലെ കുണ്ടൂരും- പായ്തുരുത്തുമായി ബന്ധിപ്പിക്കുന്ന ഏക യാത്രാ മാര്‍ഗ്ഗമായ തൂക്കുപാലം 2018ലെ മഹാപ്രളയത്തില്‍ ഭാഗികമായി തകര്‍ന്നിരുന്നു. കുത്തൊഴുക്കില്‍പെട്ട വന്‍മരം വന്നിടിച്ചാണ് തൂക്കുപാലം ഭാഗികമായി തകര്‍ന്നത്. തൂക്കുപാലം തകര്‍ന്നതോടെ തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ ഏര്‍പ്പെടുത്തിയ ഇതിലൂടെയുള്ള യാത്ര നിരോധനം ഇപ്പോഴും നിലനില്‍ക്കുകയാണ്.

2005ലെ ദുരന്ത ആക്ട് സിഎച്ച് 10 പ്രകാരമുള്ള ശിക്ഷാ നടപടിക്കിടയാക്കുമെന്ന മുന്നറിയിപ്പ് നല്‍കിയാണ് തൂക്കുപാലത്തിലേക്കുള്ള പ്രവേശനം വിലക്കിയത്. ഇതിനനുസരിച്ചുള്ള മുന്നറിയിപ്പ് ബോര്‍ഡ് കവാടത്തില്‍ സ്ഥാപിച്ചിട്ടുമുണ്ട്. പാലത്തിന്റെ തകര്‍ന്ന ഭാഗം മരത്തടി വെച്ച് കെട്ടിയിരിക്കയാണ്. ഇതിലൂടെ നുഴഞ്ഞുകയറി യാത്രക്കാര്‍ അപകടയാത്ര നടത്തിക്കൊണ്ടിരിക്കുകയാണ്. റീബില്‍ഡ് കേരളയില്‍ പെടുത്തി 33.5 ലക്ഷം രൂപ നാലുമാസം മുമ്പ് അനുവദിച്ച് ടെന്‍ഡര്‍ ക്ഷണിച്ചുവെങ്കിലും ആരുംതന്നെ മുന്നോട്ട് വന്നിട്ടില്ല. സ്വാഭാവികമായുണ്ടാകുന്ന തുരുമ്പിക്കലും ജോയിന്റുകള്‍ വിടലും മറ്റും കൂടാതെയാണ് മഹാപ്രളയത്തില്‍ തൂക്കുപാലത്തിന് കേടുപാടുകള്‍ പറ്റിയത്. പായ്തുരുത്തിലെ 75 ഓളം വരുന്ന കുടുംബങ്ങളില്‍ 16 കുടുംബങ്ങള്‍ തൃശ്ശൂര്‍ ജില്ലയിലെ കുഴൂര്‍ ഗ്രാമപ്പഞ്ചായത്തില്‍ പെട്ടവരാണ്. ഈ കുടുംബങ്ങള്‍ക്ക് റേഷന്‍ വാങ്ങണമെങ്കിലും മറ്റ് ഔദ്യോഗികാവശ്യങ്ങള്‍ക്കും മറ്റും കുണ്ടൂരിലെത്താനാള്ള ഏകമാര്‍ഗ്ഗം ഈ തൂക്കുപാലമാണ്. പായ്തുരുത്തില്‍ നിന്നും എറണാകുളം ജില്ലയിലെ വിവിധയിടങ്ങളിലെത്താന്‍ കോണ്‍ഗ്രീറ്റ് പാലമുണ്ട്. തൂക്കുപാലം പണിതിടത്ത് കോണ്‍ഗ്രീറ്റ് പാലത്തിന് ശ്രമിച്ചിരുന്നെങ്കിലും കുണ്ടൂരിലെ പ്രമുഖ കുടുംബത്തിന്റെ കൈവശമുള്ള ഭൂമിയിലൂടെ അപ്രോച്ച് റോഡിനുള്ള സ്ഥലം വിട്ട് കൊടുക്കാന്‍ തയ്യാറാകാതിരുന്നതോടെയാണ് തൂക്കുപാലത്തിലൊതുങ്ങിയത്. കുഴൂര്‍ ഗ്രാമപ്പഞ്ചായത്തിലും മറ്റുമുള്ളവര്‍ക്ക് തുരുത്തില്‍ കൃഷിയിടങ്ങളുണ്ട്. ഇക്കൂട്ടരും അപകട മുന്നറിയിപ്പ് അവഗണിച്ച് തൂക്കുപാലത്തിലൂടെ സഞ്ചരിക്കുന്നുണ്ട്.

തൂക്കുപാലത്തിലൂടെയുള്ള യാത്ര നിരോധിച്ചിട്ടുണ്ടെങ്കിലും പകരം സംവിധാനമായി കടത്തുവഞ്ചി പോലുമിടാന്‍ കുഴൂര്‍ ഗ്രാമപ്പഞ്ചായത്തോ ജില്ലാഭരണ കൂടമോ തയ്യാറാകാത്തതിനാലാണ് തങ്ങളീ അപകടയാത്ര തുടരുന്നതെന്നാണ് തുരുത്തിലുള്ളവരും ഇക്കരെയുള്ളവരും പറയുന്നത്. നാല് വര്‍ഷത്തിലേറെയായി തൂക്കുപാലത്തിലൂടെയുള്ള ഓരോ യാത്രയും ജീവന്‍ പണയം വെച്ചെന്ന പോലെയാണ് എന്ന് പായ്തുരുത്തിലൂടെ സഞ്ചരിക്കുന്നവരുടെ വാക്കുകള്‍. പ്രളയത്തിന് ശേഷം അപകട ഭീഷണി ഏറിയിരിക്കയാണ്. തൂക്കുപാലം നിര്‍മ്മിച്ചതിന് ശേഷം ഇന്നേ വരെ ബന്ധപ്പെട്ട ആരുംതന്നെ തിരിഞ്ഞു നോക്കിയിരുന്നില്ല. തൂക്കുപാലങ്ങള്‍ രണ്ടു വര്‍ഷം കൂടുമ്പോഴെങ്കിലും അറ്റകുറ്റ പണികള്‍ ചെയ്യുകയും പെയിന്റ് ചെയ്യുകയും ചെയ്യേണ്ടതാണെങ്കിലും ഈ തൂക്കുപാലം നിര്‍മ്മാണം കഴിഞ്ഞ് ഒന്‍പത് വര്‍ഷത്തോളമായിട്ടും ഒരിക്കല്‍ പോലും അറ്റകുറ്റ പണികളും പെയിന്റിംഗും നടത്തിയിട്ടില്ല.

2012 ഏപ്രില്‍ രണ്ടാം തിയ്യതിയാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ച തൂക്കുപാലം ഉദ്ഘാടനം ചെയ്തത്. പൊതുമേഖലാ സ്ഥാപനമായ കൊച്ചി മാമലയിലെ കേരള ഇലക്ട്രിക്കല്‍ ആന്റ് അല്ലീഡ് എഞ്ചിനീയറിംഗ് കമ്പനി ലിമിറ്റഡാണ് തൂക്കുപാലം നിര്‍മ്മിച്ചത്. പകരം സംവിധാനം ഒരുക്കുകയോ അടിയന്തിരമായി തൂക്കുപാലത്തിന്റെ അപകടാവസ്ഥ മാറ്റുകയോ പകരം പാലം നിര്‍മ്മിക്കുകയോ ചെയ്യണമെന്നാണ് ജനങ്ങളില്‍ നിന്നുമുയരുന്ന ആവശ്യം. ആരുംതന്നെ ടെന്‍ഡര്‍ വെക്കാത്തതിനാല്‍ ഇനി തദ്ധേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഭരണസമിതികള്‍ അധികാരത്തിലെത്തി ക്വട്ടേഷന്‍ ക്ഷണിക്കുകയോ മറ്റോ ചെയ്താല്‍ മാത്രമേ പായ്തുരുത്തുകാരുടെ ദുരിതങ്ങള്‍ക്ക് പരിഹാരമാകൂ.

Next Story

RELATED STORIES

Share it