Thrissur

ഇരുചക്രവാഹനങ്ങളുടെയും സ്വകാര്യ കാറുകളുടെയും കുത്തൊഴുക്ക്; ഓട്ടോ ടാക്‌സി മേഘല പ്രതിസന്ധിയില്‍

ഇപ്പോള്‍ സ്ത്രീകളിലെ ഇരുചക്ര വാഹന ഉപയോഗം വര്‍ധിച്ചതോടെ കാര്യങ്ങള്‍ കൂടുതല്‍ പ്രതിസന്ധികളിലേക്ക് നീങ്ങുകയാണ്.

ഇരുചക്രവാഹനങ്ങളുടെയും സ്വകാര്യ കാറുകളുടെയും കുത്തൊഴുക്ക്; ഓട്ടോ ടാക്‌സി മേഘല പ്രതിസന്ധിയില്‍
X
മാള കുഴൂരിലെ സ്റ്റാന്റില്‍ ഓട്ടമില്ലാതെ പാര്‍ക്ക് ചെയ്തിരിക്കുന്ന ടാക്‌സി വണ്ടികള്‍

മാള: സ്വകാര്യ കാറുകളും ഇരുചക്രവാഹനങ്ങളും സ്വന്തമാക്കുന്നവരുടെ എണ്ണം വന്‍തോതില്‍ വര്‍ധിച്ചതോടെ ഓട്ടോ, ടാക്‌സി മേഘല ഗുരുതര പ്രതിസന്ധിയില്‍. മുന്‍കാലങ്ങളില്‍ പുരുഷന്‍മാരുടെ ഇരുചക്ര വാഹന ഉപയോഗം കൂടിയപ്പോള്‍ ഇവയുടെ ഓട്ടം കുറഞ്ഞിരുന്നു. ഇപ്പോള്‍ സ്ത്രീകളിലെ ഇരുചക്ര വാഹന ഉപയോഗം വര്‍ധിച്ചതോടെ കാര്യങ്ങള്‍ കൂടുതല്‍ പ്രതിസന്ധികളിലേക്ക് നീങ്ങുകയാണ്. ജോലിക്കു പോകുന്നവരുള്‍പ്പെടെ ഭൂരിഭാഗം സ്ത്രീകളും ഇരുചക്ര വാഹനം ഉപയോഗിക്കുന്നത് സാധാരണമായിക്കഴിഞ്ഞു. മുന്‍കാലങ്ങളില്‍ ബാങ്കില്‍ പോകാനും കുട്ടികളെ വിദ്യാലയങ്ങളിലേക്കയക്കാനും മറ്റ് പല കാര്യങ്ങള്‍ക്കുമായി ഓട്ടോറിക്ഷ വിളിക്കുകയായിരുന്നു പതിവ്.

ഇപ്പോള്‍ ഇരുചക്രവാഹനവും കാറുകളുമാണ് ഇതിന് ആശ്രയിക്കുന്നത്. ഡ്രൈവിങ് പഠിക്കുന്നന സ്ത്രീകളുടെ എണ്ണവും വലിയ തോതില്‍ വര്‍ധിച്ചിട്ടുണ്ട്. സ്‌കൂള്‍ ട്രിപ്പിനോടുന്ന ഓട്ടോറിക്ഷകളുമുണ്ടായിരുന്നു വ്യാപകമായി. എന്നാലിപ്പോള്‍ അതും കുറഞ്ഞു വരികയാണ്. ഇരുചക്ര വാഹനത്തില്‍ കുട്ടികളെ എത്തിക്കുന്നതും സ്‌കൂള്‍ ബസ്സുകള്‍ വ്യാപകമാകുന്നതുമാണ് കാരണം. ഓട്ടം കുറഞ്ഞത് കൂടാതെ ഇന്ധന വില തുടര്‍ച്ചയായി ഉയരുകയാണ്. ടാക്‌സും ഇന്‍ഷൂറന്‍സും വര്‍ധിച്ചു വരികയാണ്. സാധാരണ ഓട്ടോക്ക് ടാക്‌സ് ഒരു വര്‍ഷത്തേക്ക് 580 രൂപയും ഓട്ടോ ടാക്‌സിക്ക് രണ്ടായിരത്തോളം രൂപയുമാണ്. ഇന്‍ഷൂറന്‍സ് സാധാരണ ഓട്ടോക്ക് 10000 ത്തോളം രൂപയാണ്.

ഓട്ടോ ടാക്‌സിക്ക് മൂന്ന് സീറ്റുള്ളവക്ക് 15000 ത്തോളം രൂപയും നാല് സീറ്റുകളുള്ളവക്ക് 16200 രൂപയുമാണ് ഇന്‍ഷൂറന്‍സ്. ടാക്‌സി കാറിനാണെങ്കില്‍ 40000 രൂപയോളമാണ് ഇന്‍ഷൂറന്‍സ്. ഇതിന് പുറമേയാണ് അറ്റകുറ്റപ്പണികള്‍ക്കുള്ള ചെലവ്. ടയറും ട്യൂബും മാറ്റുന്നതിന് മൂന്ന് വര്‍ഷം മുന്‍പ് 600 രൂപയും പണിക്കൂലിയുമായിരുന്നെങ്കിലിപ്പോള്‍ 1400 രൂപയായി. സമയാസമയങ്ങളില്‍ ടെസ്റ്റ് നടത്തുന്ന സമയത്തും വലിയൊരു സംഖ്യ വേണം. പുക ടെസ്റ്റടക്കമുള്ളവക്കും പണം ചിലവഴിക്കണം. ഇതെല്ലാം കഴിഞ്ഞുവേണം വണ്ടിയുടെ സിസി അടക്കലും വീട്ടുചെലവടക്കമുള്ളവ നടത്താനും പണം കണ്ടെത്തേണ്ടത്. ഇങ്ങിനെയുള്ള സാഹചര്യത്തിലാണ് ഇന്‍ഷൂറന്‍സ് പ്രീമിയവും കൂടിവരുന്നത്.


Next Story

RELATED STORIES

Share it