Thiruvananthapuram

ഗൈഡ് വയര്‍ കുടുങ്ങിയ സംഭവം; പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ ആവശ്യപ്പെട്ട് പോലിസ് ഡിഎംഓക്ക് കത്ത് നല്‍കി

ഗൈഡ് വയര്‍ കുടുങ്ങിയ സംഭവം; പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ ആവശ്യപ്പെട്ട് പോലിസ് ഡിഎംഓക്ക് കത്ത് നല്‍കി
X

തിരുവനന്തപുരം: തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ശസ്ത്രക്രിയക്കിടെ യുവതിയുടെ ശരീരത്തില്‍ ഗൈഡ് വയര്‍ കുടുങ്ങിയ സംഭവത്തില്‍ പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ പോലിസ്. കേസന്വേഷണത്തിന്റെ ഭാഗമായി പുതിയ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് റിപോര്‍ട്ട് നല്‍കണമെന്നാവശ്യപ്പെട്ട് പോലിസ് ഡിഎംഓക്ക് കത്തു നല്‍കി.

ഡിഎംഓ ബോര്‍ഡ് കണ്‍വീനര്‍, മുതിര്‍ന്ന ഗവ. ഡോക്ടര്‍, പബ്ലിക് പ്രോസിക്യൂട്ടര്‍, ജില്ലാ നഴ്‌സിങ് ഓഫീസര്‍, ഫോറന്‍സിക് വിദഗ്ദന്‍ എന്നിവരായിരിക്കും അംഗങ്ങള്‍. ആരോഗ്യവകുപ്പ് നേരത്തെ ഒരു മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിട്ടുണ്ട്. ഈ മെഡിക്കല്‍ ബോര്‍ഡ് റിപോര്‍ട്ടിന്റെ പകര്‍പ്പ് റഫറന്‍സിനായി പോലിസ് ആവശ്യപ്പെട്ടിട്ടുണ്ട്.

സുമയ്യയുടെ പരാതിയിലാണ് പോലിസ് നടപടി. ഗൈഡ് വയര്‍ ഇടുന്നതില്‍ താന്‍ വിദഗ്ധനല്ലെന്ന് ഡോക്ടര്‍ രാജീവ് പോലിസിന് മൊഴി നല്‍കി. അനസ്‌തേഷ്യ വിഭാഗമാണ് ഗൈഡ് വയര്‍ ഇടുന്നതെന്നും ഡോക്ടര്‍ മൊഴി നല്‍കി. ഇത് അടക്കമുള്ള കാര്യങ്ങള്‍ പുതിയ മെഡിക്കല്‍ ബോര്‍ഡ് പരിശോധിക്കണമെന്നും പോലിസ് പറഞ്ഞു.

തൈറോയിഡ് ശസ്ത്രക്രിയക്കിടെ സുമയ്യയുടെ നെഞ്ചില്‍ കുടുങ്ങിയ ഗൈഡ് വയര്‍ കീഹോള്‍ വഴി പുറത്തെടുക്കാനുള്ള ശ്രമം പരാജയപ്പെട്ടിരുന്നു. രണ്ടുതവണ ശ്രമിച്ചിട്ടും കീഹോള്‍ വഴി പുറത്തെടുക്കാന്‍ സാധിച്ചില്ല. ഗൈഡ് വയര്‍ പുറത്തെടുത്താല്‍ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ശസ്ത്രക്രിയ നടത്തി പുറത്തെടുക്കുന്ന കാര്യം പിന്നീട് തീരുമാനിക്കും. ഗൈഡ് വയറിന്റെ രണ്ടറ്റവും ശരീരവുമായി ഒട്ടിച്ചേര്‍ന്ന നിലയിലാണ്.

ഇന്നലെയാണ് സുമയ്യ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ അഡ്മിറ്റായത്. നാളെ സുമയ്യ ആശുപത്രിയില്‍ നിന്നും തിരികെ പോകും. ധമനികളോട് ഒട്ടിച്ചേര്‍ന്നതിനാല്‍ ഗൈഡ് വയര്‍ പുറത്തെടുക്കാന്‍ ശ്രമിക്കുന്നത് സങ്കീര്‍ണമാകുമെന്ന് മെഡിക്കല്‍ ബോര്‍ഡ് നേരത്തെ തന്നെ വിലയിരുത്തിയിരുന്നു. വയര്‍ കുടുങ്ങിക്കിടക്കുന്നത് കൊണ്ട് യുവതിക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകില്ലെന്നും മെഡിക്കല്‍ ബോര്‍ഡ് വ്യക്തമാക്കിയിരുന്നു.

Next Story

RELATED STORIES

Share it