Thiruvananthapuram

മെഡി.കോളജിലെ ഡ്രസ് ബാങ്ക് സംവിധാനം സൂപ്പർ ഹിറ്റ്

ഓപ്പറേഷന്‍ തീയേറ്ററിലും തീവ്രപരിചരണ വിഭാഗത്തിലും അത്യാഹിതവിഭാഗത്തിലും വാര്‍ഡുകളിലുമെല്ലാം രോഗിയെ പ്രവേശിപ്പിക്കുമ്പോള്‍ ധരിക്കാന്‍ ആവശ്യമായ വസ്ത്രങ്ങളാണ് ഇവിടെ നിന്നും നല്‍കുന്നത്. കൂട്ടിരിപ്പുകാർ ആരുമില്ലാതെ ചികിൽസയിൽ കഴിയുന്ന രോഗികള്‍ക്കാണ് ഡ്രസ് ബാങ്കിന്റെ പ്രയോജനം കൂടുതലായി ലഭിക്കുന്നത്.

മെഡി.കോളജിലെ ഡ്രസ് ബാങ്ക് സംവിധാനം സൂപ്പർ ഹിറ്റ്
X

തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആരംഭിച്ച ഡ്രസ് ബാങ്ക് സംവിധാനം രണ്ടു മാസത്തിനുള്ളിൽ സൂപ്പർ ഹിറ്റ്. ചുരുങ്ങിയ ദിവസത്തിനുള്ളിൽ പലതവണ വസ്ത്രങ്ങളുടെ പുതിയ സ്റ്റോക്ക് എത്തിക്കേണ്ടി വന്നു. ഡ്രസ് ബാങ്ക് പ്രവർത്തിപഥത്തിലെത്തിക്കാൻ സന്മനസ് കാണിച്ച കവടിയാര്‍ റോട്ടറി ക്ലബ് അധികൃതർ തന്നെ വസ്ത്രങ്ങൾ തീരുന്ന മുറയ്ക്ക് പുതിയ സ്റ്റോക്ക് എത്തിക്കുന്നതിന് തയ്യാറായി.

മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ.തോമസ് മാത്യു, ആശുപത്രി സൂപ്രണ്ട് ഡോ.എം എസ് ഷർമ്മദ് എന്നിവർ ഡ്രസ് ബാങ്ക് യാഥാർത്ഥ്യമാക്കാൻ നടത്തിയ ശ്രമങ്ങളും റോട്ടറി ക്ലബ് വഴി അതിന്റെ നടത്തിപ്പ് വിജയകരമായി മുന്നോട്ടു കൊണ്ടുപോകാൻ എടുത്ത നടപടികളും വിജയം കണ്ടിരിക്കുകയാണ്. നൂറു കണക്കിന് വസ്ത്രങ്ങൾ പാവപ്പെട്ടവരും നിരാലംബരുമായ രോഗികൾക്ക് ഇതുവഴി നൽകാൻ കഴിഞ്ഞു.

കൃത്യമായ രജിസ്റ്റർ സൂക്ഷിക്കാനും വസ്ത്രങ്ങൾ എടുത്തു നൽകാനും പ്രത്യേകം ചുമതലയുള്ള ജീവനക്കാരുമുണ്ട്. കവടിയാർ റോട്ടറി ക്ലബിന്റെ നേതൃത്വത്തിൽ തന്നെയാണ് വസ്ത്രങ്ങൾ വാങ്ങി നൽകുന്നത്. എന്നാൽ അടുത്തിടെ നിരവധി സന്നദ്ധ സംഘടനകൾ ഡ്രസ് ബാങ്കിലേയ്ക്ക് വസ്ത്രം നൽകാൻ ആഗ്രഹം പ്രകടിപ്പിച്ചതായി റോട്ടറി ക്ലബ് പ്രസിഡന്റ് ഡോ. ശ്രീരാജ് അറിയിച്ചു.

ഓപ്പറേഷന്‍ തീയേറ്ററിലും തീവ്രപരിചരണ വിഭാഗത്തിലും അത്യാഹിതവിഭാഗത്തിലും വാര്‍ഡുകളിലുമെല്ലാം രോഗിയെ പ്രവേശിപ്പിക്കുമ്പോള്‍ ധരിക്കാന്‍ ആവശ്യമായ വസ്ത്രങ്ങളാണ് ഇവിടെ നിന്നും നല്‍കുന്നത്. കൂട്ടിരിപ്പുകാർ ആരുമില്ലാതെ ചികിൽസയിൽ കഴിയുന്ന രോഗികള്‍ക്കാണ് ഡ്രസ് ബാങ്കിന്റെ പ്രയോജനം കൂടുതലായി ലഭിക്കുന്നത്. അതുതന്നെയാണ് ഈ സംരംഭം വിജയം കണ്ടതിന്റെ പ്രധാന കാരണവും.

Next Story

RELATED STORIES

Share it