Thiruvananthapuram

ബാലരാമപുരത്ത് കുട്ടിയെ കിണറ്റിലെറിഞ്ഞ് കൊന്ന കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു; അമ്മാവനും അമ്മയും പ്രതികള്‍

ഹരികുമാര്‍ ഒന്നാം പ്രതി, ശ്രീതു രണ്ടാം പ്രതി, നെയ്യാറ്റിന്‍കര കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്

ബാലരാമപുരത്ത് കുട്ടിയെ കിണറ്റിലെറിഞ്ഞ് കൊന്ന കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു; അമ്മാവനും അമ്മയും പ്രതികള്‍
X

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടുവയസുകാരിയെ കിണറിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ പോലിസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. നെയ്യാറ്റിന്‍കര കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കുട്ടിയുടെ അമ്മാവന്‍ ഹരികുമാര്‍, അമ്മ ശ്രീതു എന്നിവരാണ് കേസിലെ പ്രതികള്‍.

ഇക്കഴിഞ്ഞ ജനുവരി 30ന് പുലര്‍ച്ചെയായിരുന്നു അതിക്രൂര കൊലപാതകം നടന്നത്. കോട്ടുകാല്‍കോണം വാറുവിളാകത്ത് വീട്ടിലാണ് ശ്രീതുവും മകള്‍ ദേവേന്ദുവും അമ്മയും സഹോദരന്‍ ഹരികുമാറും താമസിച്ചിരുന്നത്. സംഭവ ദിവസം പുലര്‍ച്ചെ ഹരികുമാര്‍ രണ്ട് വയസുകാരിയായ ദേവേന്ദുവിനെ കിണറ്റിലെറിയുകയായിരുന്നു. ഇത് കണ്ടിട്ടും ശ്രീതു തടഞ്ഞില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

സംഭവം നടന്ന് പിറ്റേന്നുതന്നെ ഹരികുമാറിനെ പോലിസ് അറസ്റ്റു ചെയ്‌തെങ്കിലും എട്ടു മാസത്തിന് ശേഷമാണ് ഫോണ്‍ സന്ദേശമടക്കമുള്ള തെളിവുകളുടെ അടിസ്ഥാനത്തില്‍ ശ്രീതുവിനെ കേസില്‍ പോലിസ് പ്രതി ചേര്‍ത്തത്. ഫൊറന്‍സിക് പരിശോധന, നുണപരിശോധനാഫലം എന്നിവയുടെകൂടി അടിസ്ഥാനത്തിലായിരുന്നു പ്രതിചേര്‍ക്കല്‍.

ശ്രീതുവും സഹോദരന്‍ ഹരികുമാറും തമ്മിലുള്ള വഴിവിട്ട ബന്ധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലിസ് കണ്ടെത്തല്‍. സംഭവ ദിവസം ഹരികുമാര്‍ സഹോദരി ശ്രീതുവിനോട് മുറിയിലേക്ക് വരാനായി ശബ്ദസന്ദേശമയച്ചു. മകള്‍ അടുത്തുണ്ടെന്ന ശ്രീതു തിരികെ സന്ദേശമയച്ചു. ഇതിനുപിന്നാലെ ശ്രീതു വീടിനു പുറത്തുള്ള ശുചിമുറിയിലേക്ക് പോകുന്നതിനിടെ ഹരികുമാര്‍ ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞിനെ എടുത്ത് കിണറിനരികെയെത്തി. ഇതുകണ്ട ശ്രീതു കുഞ്ഞിനെ എടുത്ത് എങ്ങോട്ടാണ് പോകുന്നതെന്ന് ചോദിച്ചപ്പോള്‍ ഇന്നത്തോടെ ഇതിന്റെ ശല്യം തീരുമെന്നാണ് ഹരികുമാര്‍ മറുപടി നല്‍കിയതെന്ന് റിമാന്‍ഡ് റിപോര്‍ട്ടില്‍ പറഞ്ഞിരുന്നു.

കേസിനെ വഴിതിരിച്ചുവിടാനായി കുട്ടിയെ കിണറ്റിലെറിഞ്ഞതിനു പിന്നാലെ വീടിനകത്തെത്തി ഹരികുമാര്‍ പെട്രോളൊഴിച്ച് കിടക്ക കത്തിക്കുകയും ചെയ്തിരുന്നു. കുഞ്ഞിനെ കാണാനില്ലെന്ന് പറഞ്ഞതിനെ തുടര്‍ന്ന് നാട്ടുകാരും ബന്ധുക്കളും ചേര്‍ന്നു നടത്തിയ തിരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കിണറ്റില്‍ നിന്ന് കണ്ടെത്തിയത്. ഇരുവരും കുറ്റം സമ്മതിച്ചിരുന്നു.

Next Story

RELATED STORIES

Share it