മാലിന്യം തള്ളാനെത്തുന്നവരുടെ ശ്രദ്ധയ്ക്ക്; മല്ലപ്പള്ളിയില്‍ ജനങ്ങള്‍ ജാഗ്രതയിലാണ്

മാലിന്യം തള്ളാനെത്തുന്നവരുടെ ശ്രദ്ധയ്ക്ക്; മല്ലപ്പള്ളിയില്‍ ജനങ്ങള്‍ ജാഗ്രതയിലാണ്

പത്തനംതിട്ട: മല്ലപ്പള്ളിയിലും പരിസരപ്രദേശങ്ങളിലും അനധികൃത മാലിന്യ നിക്ഷേപം നടത്തുന്നവര്‍ക്കെതിരെ നിരീക്ഷണവുമായി ജനങ്ങള്‍. കഴിഞ്ഞദിവസം കോട്ടയം റോഡില്‍ വൈഎംസിഎ ജംഗ്ഷന് സമീപം ടൂറിസ്റ്റ് ബസില്‍ എത്തിയവര്‍ മാലിന്യം തള്ളുന്നത് കണ്ടെത്തിയതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. മാലിന്യം തള്ളുന്നവരെ കണ്ടെത്താന്‍ പൊതുജന സഹകരണം തേടി ഗ്രാമപഞ്ചായത്ത് പാരിതോഷികം പ്രഖ്യാപിച്ചതിന് ശേഷം നാലാമത്തെ സംഭവമാണിത്. കോട്ടയത്തുനിന്ന് മല്ലപ്പള്ളി വഴി പത്തനാപുരത്തേക്ക് പോയ ടൂറിസ്റ്റ് ബസിലുള്ളവര്‍ പ്രഭാത ഭക്ഷണം കഴിക്കാനായി വൈഎംസിഎ ജംഗ്ഷനാണ് തെരഞ്ഞെടുത്തത്.

അമ്പതോളം വരുന്ന യാത്രക്കാര്‍ ആഹാരം കഴിക്കുന്നതിനായി ഉപയോഗിച്ച പ്ലാസ്റ്റിക് ഗ്ലാസ്, പ്ലേറ്റ്, ഭക്ഷണാവശിഷ്ടങ്ങള്‍ തുടങ്ങിയവ സമീപത്തെ പുരയിടത്തിലും ഓടയിലും നിക്ഷേപിക്കുകയായിരുന്നു. ഇത് കണ്ടെത്തിയ നാട്ടുകാരന്‍ മൊബൈല്‍ ഫോണില്‍ ചിത്രമെടുത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റെജി ശാമുവേലിന് പരാതി നല്‍കി. പ്രസിഡന്റ് ഉടന്‍ മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ക്ക് പരാതി കൈമാറി. പിന്നീട് ബസിന്റെ ഉടമസ്ഥനെ കണ്ടെത്തി ഫോണിലൂടെ പ്രശ്‌നത്തിന്റെ ഗൗരവം അറിയിച്ചു. തുടര്‍നടപടി സ്വീകരിക്കാതിരിക്കണമെണമെങ്കില്‍ മാലിന്യം സ്വന്തം നിലയില്‍ ഉടന്‍ നീക്കം ചെയ്ത് വിവരം അറിയിക്കണമെന്ന് നിര്‍ദേശം നല്‍കി.

ഉടമസ്ഥന്‍ ബസ് ജീവനക്കാരെ മൊബലിലൂടെ വിവരം ധരിപ്പിക്കുകയും ബസ് തിരികെ വന്ന് യാത്രക്കാര്‍ ഉപേക്ഷിച്ച മാലിന്യം തിരിച്ചെടുക്കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. അനധികൃത മാലിന്യ നിക്ഷേപം കണ്ടെത്തുന്നവര്‍ക്ക് ഗ്രാമപഞ്ചായത്ത് കമ്മിറ്റി പാരിതോഷികം പ്രഖ്യാപിച്ചതിന തുടര്‍ന്ന് നിരവധി ആളുകള്‍ ചിത്രങ്ങളും വീഡിയോകളുമായി പഞ്ചായത്തിനെ സമീപിച്ചുകൊണ്ടിരിക്കയാണ്. പരിയാരം റോഡില്‍ മാലിന്യം നിക്ഷേപിക്കുന്നത് തെളിവ് സഹിതം സമര്‍പ്പിച്ച യുവാക്കള്‍ക്ക് ഗ്രാമപഞ്ചായത്ത് കഴിഞ്ഞദിവസം പാരിതോഷികം നല്‍കിയിരുന്നു.


RELATED STORIES

Share it
Top