Pathanamthitta

വൈദ്യുതിനിരക്ക് വർധനവിനെതിരേ ജനരോഷമുയരണം: എസ്ഡിപിഐ

സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത വ്യാപക പ്രതിഷേധം വിജയിപ്പിക്കാൻ സെക്രട്ടറിയേറ്റ് തീരുമാനിച്ചു. ഇതിന്റെ ഭാഗമായി വെള്ളിയാഴ്ച്ച ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും പ്രാദേശികതലത്തിൽ പന്തം കൊളുത്തി പ്രകടനം നടക്കും.

വൈദ്യുതിനിരക്ക് വർധനവിനെതിരേ ജനരോഷമുയരണം: എസ്ഡിപിഐ
X

പത്തനംതിട്ട: വൻകിടക്കാരിൽ നിന്നും കെഎസ്ഇബിക്ക് ലഭിക്കാനുള്ള കോടികൾ പിരിച്ചെടുക്കാതെ സാധാരണക്കാരെ പിഴിയാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കത്തിനെതിരേ ജനരോഷമുയരണമെന്ന് എസ്ഡിപിഐ ജില്ലാ സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത വ്യാപക പ്രതിഷേധം വിജയിപ്പിക്കാൻ സെക്രട്ടറിയേറ്റ് തീരുമാനിച്ചു. ഇതിന്റെ ഭാഗമായി വെള്ളിയാഴ്ച്ച ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും പ്രാദേശികതലത്തിൽ പന്തം കൊളുത്തി പ്രകടനം നടക്കും. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സാധാരണക്കാരുടെ പ്രശ്നങ്ങളെ ഗൗനിക്കുന്നില്ല. അടിക്കടി ഇന്ധനവില വർധിപ്പിക്കുന്ന കേന്ദ്രസർക്കാരും വൈദ്യുതി നിരക്ക് വർധിപ്പിക്കുന്ന സംസ്ഥാന സർക്കാരും ഒരേ തൂവൽപക്ഷികളാണ്.

2019 മാര്‍ച്ചിലെ കണക്കു പ്രകാരം 1388.20 കോടി രൂപ കുടിശിക ഇനത്തില്‍ വിവിധ സ്ഥാപനങ്ങളില്‍ നിന്നും സർക്കാർ വകുപ്പുകളില്‍ നിന്നും കെഎസ്ഇബിക്ക് പിരിഞ്ഞ് കിട്ടാനുണ്ട്. ഇതിലൊന്നും നടപടിയെടുക്കാതെയാണ് ബാധ്യത നിരക്ക് വര്‍ധനയായി സാധരണക്കാരന്റെ തലയില്‍ കെട്ടിവയ്ക്കുന്നത്.

നിലവില്‍ ആവശ്യമുള്ളതിന്റെ 19 ശതമാനത്തില്‍ താഴെ മാത്രമേ വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ കേരളത്തിന് സാധിക്കുന്നുള്ളുവെന്നും പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നത് ബോര്‍ഡിന് സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നുവെന്നും പറഞ്ഞാണ് ഗാര്‍ഹിക ഉപഭോക്താക്കളുടെ മേല്‍ അധികനിരക്ക് വൈദ്യുതി ബോര്‍ഡ് കെട്ടിവച്ചത്. പരമ്പര്യേതര ഊര്‍ജസ്രോതസ്സുകളില്‍ നിന്നും അഞ്ചുശതമാനം വൈദ്യുതി ഉൽപാദിപ്പിക്കണമെന്ന 2008-ലെ നിര്‍ദേശം, പത്തുവര്‍ഷം പിന്നിട്ടിട്ടും 0.3 ശതമാനമേ ആയിട്ടുള്ളൂ. ഒരു മെഗാവാട്ട് സോളാര്‍ പ്രോജക്ടിന് അഞ്ചു കോടിയേ വരൂ. എന്നാല്‍, കേരളമൊഴികെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ 4000-ത്തിലധികം മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുമ്പോള്‍ കേരളം 10.1 മെഗാവാട്ട് പദ്ധതി നടപ്പാക്കാന്‍ പോകുന്നേയുള്ളൂ. പ്രസരണനഷ്ടം കുറയ്ക്കാനുള്ള നടപടികളും എവിടെയും എത്തിയിട്ടില്ല. ചുരുക്കത്തില്‍, ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യാതിരിക്കുന്നതിന്റെ ഭാരമാണ് നിരക്ക് വര്‍ധനയുടെ രൂപത്തില്‍ അടിച്ചേൽപ്പിക്കപ്പെടുന്നത്. കേന്ദ്ര -സംസ്ഥാന സർക്കാരുകളും പൊതുമേഖല സ്ഥാപനങ്ങളും - 397.91 കോടി രൂപയും സ്വകാര്യ സ്ഥാപനങ്ങൾ 937.48 കോടി രൂപയുമാണ് കുടിശ്ശിക വരുത്തിയിരിക്കുന്നത്. ഇത് പിരിച്ചെടുക്കാനുള്ള ആർജവമില്ലാത്ത സർക്കാരാണ് സാധാരണക്കാരെ ബലിയാടുക്കുന്നതെന്ന് സെക്രട്ടറിയേറ്റ് കുറ്റപ്പെടുത്തി.

ജില്ലാ പ്രസിഡന്റ് അൻസാരി ഏനാത്ത് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി താജുദീൻ നിരണം, സെക്രട്ടറി മുഹമ്മദ് അനീഷ്, ട്രഷറർ റിയാഷ് കുമ്മണ്ണൂർ, ഷറഫ് കോന്നി സംസാരിച്ചു.

Next Story

RELATED STORIES

Share it