Pathanamthitta

ബിജെപിയുടെ വിഭജന രാഷ്ട്രീയം രാജ്യത്തിന്റെ അഖണ്ഡതയെ തകര്‍ക്കുന്നു: എഎസ്എ ഉമര്‍ ഫാറൂഖ്

ബിജെപിയുടെ വിഭജന രാഷ്ട്രീയം രാജ്യത്തിന്റെ അഖണ്ഡതയെ തകര്‍ക്കുന്നു: എഎസ്എ ഉമര്‍ ഫാറൂഖ്
X
പത്തനംതിട്ട: കേന്ദ്ര ഭരണം കൈയാളുന്ന ബിജെപിയുടെ വിഭജന രാഷ്ട്രീയം രാജ്യത്തിന്റെ അഖണ്ഡതയെ തകര്‍ക്കുകയാണെന്ന് എസ്ഡിപിഐ ദേശീയ പ്രവര്‍ത്തക സമിതിയംഗം എഎസ്എ ഉമര്‍ ഫാറൂഖ്. രാജ്യത്തിന്റെ വീണ്ടെടുപ്പിന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി നയിക്കുന്ന ജനമുന്നേറ്റ യാത്രയ്ക്ക് പത്തനംതിട്ട ജില്ലാ കമ്മിറ്റി നല്‍കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജനങ്ങളെ വിഭജിച്ച് നിര്‍ത്തുകയാണ് ഫാഷിസത്തിന്റെ താല്‍പ്പര്യം. ജനങ്ങളുടെ ജീവല്‍ പ്രശ്‌നങ്ങളെ അവഗണിച്ച് സാമുഹിക ധ്രുവീകരണത്തിന് വഴിയൊരുക്കുന്ന അജണ്ടകള്‍ മാത്രം പിന്തുടരുന്നത് അതിനാലാണ്. രാജ്യസുരക്ഷ പോലും മോദിയ്ക്ക് പരിഗണനാ വിഷയമല്ല. രാഷ്ട്രത്തിന്റെ ഭരണഘടനയും മഹത്തായ മൂല്യങ്ങളും തകര്‍ത്തു കൊണ്ടാണ് മോദിയും കൂട്ടരും വര്‍ഗീയ അജണ്ടകള്‍ നടപ്പാക്കുന്നത്. ബിജെപി ഉയര്‍ത്തുന്ന വെല്ലുവിളികളെ ക്രിയാല്‍മകമായും പ്രായോഗികമായും സംബോധന ചെയ്യുന്നതില്‍ സാമ്പ്രദായിക പാര്‍ട്ടികള്‍ പരാജയപ്പെട്ടിരിക്കുന്നു. ഭരണഘടനയും മതനിരപേക്ഷതയും ബഹുസ്വരതയും ഉയര്‍ത്തിപ്പിടിച്ച് രാജ്യത്തിന്റെ വീണ്ടെടുപ്പ് സാധ്യമാക്കാനാണ് എസ്ഡിപിഐ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജില്ലാ പ്രസിഡന്റ് എസ് മുഹമ്മദ് അനീഷ് അധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റന്‍ മൂവാറ്റുപുഴ അഷ്‌റഫ് മൗലവി, സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുല്‍ ഹമീദ്, സംസ്ഥാന സെക്രട്ടറിയേറ്റംഗം അന്‍സാരി ഏനാത്ത്, ജില്ലാ ജനറല്‍ സെക്രട്ടറി ഷാജി പഴകുളം, ജില്ലാ സെക്രട്ടറി റിയാഷ് കുമ്മണ്ണൂര്‍, വിമന്‍ ഇന്ത്യ മൂവ്‌മെന്റ് ജില്ലാ വൈസ് പ്രസിഡന്റ് സബൂറ ഹാരീസ് സംസാരിച്ചു.ജാഥാ വൈസ് ക്യാപ്റ്റന്‍മാരായ തുളസീധരന്‍ പള്ളിക്കല്‍, റോയ് അറയ്ക്കല്‍, സംസ്ഥാന സെക്രട്ടറിമാരായ കെ കെ അബ്ദുല്‍ ജബ്ബാര്‍, പി ആര്‍ സിയാദ്, ജോണ്‍സണ്‍ കണ്ടച്ചിറ, കൃഷ്ണന്‍ എരഞ്ഞിക്കല്‍, സംസ്ഥാന പ്രവര്‍ത്തക സമിതിയംഗങ്ങള്‍, ജില്ലാ-മണ്ഡലം ഭാരവാഹികള്‍ സംബന്ധിച്ചു.

ബുധനാഴ്ച വൈകീട്ട് മൂന്നിന് ജില്ലാ അതിര്‍ത്തിയായ പഴകുളത്ത് നിന്നും നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ് ജാഥയെ സ്വീകരണ കേന്ദ്രമായ പത്തനംതിട്ട നഗരത്തിലേക്ക് വരവേറ്റത്. ജാഥാ ക്യാപ്റ്റന്മാരെ തുറന്ന വാഹനത്തില്‍ വാഹന ജാഥയായി അടൂര്‍, പന്തളം, കൈപ്പട്ടൂര്‍, ഓമല്ലൂര്‍, മൈലപ്ര, കുലശേഖരപതി വഴി അബാന്‍ ജങ്ഷനിലെത്തി അവിടെ നിന്ന് ബഹുജന റാലിയായാണ് സ്വീകരണ സമ്മേളന വേദിയായ പത്തനംതിട്ട പഴയ ബസ് സ്റ്റാന്റിലേക്ക് ആനയിച്ചത്.

ഭരണഘടന സംരക്ഷിക്കുക, ജാതി സെന്‍സസ് നടപ്പാക്കുക, പൗരാവകാശ വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കുക, രാഷ്ട്രീയ തടവുകാരെ നിരുപാധികം വിട്ടയയ്ക്കുക, ഫെഡറലിസം കാത്തുസൂക്ഷിക്കുക, തൊഴിലില്ലായ്മ പരിഹരിക്കുക, കര്‍ഷക ദ്രോഹ നയങ്ങള്‍ തിരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ജനമുന്നേറ്റ യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. വ്യാഴാഴ്ച യാത്ര കൊല്ലം ജില്ലയില്‍ പ്രവേശിക്കും. വൈകീട്ട് മൂന്നിന് കേരളപുരത്തു നിന്ന് വാഹനജാഥയായി ആരംഭിച്ച് കണ്ണനല്ലൂരില്‍ സമാപിക്കും.


Next Story

RELATED STORIES

Share it