Malappuram

പ്രകടനം പാര്‍ട്ടി വിരുദ്ധം; പൊന്നാനിയിലെ പ്രതിഷേധക്കാരെ തള്ളി ടി എം സിദ്ദീഖ്

പ്രകടനം പാര്‍ട്ടി വിരുദ്ധം; പൊന്നാനിയിലെ പ്രതിഷേധക്കാരെ തള്ളി ടി എം സിദ്ദീഖ്
X

പൊന്നാനി: നിയമസഭാ തിരഞ്ഞെടുപ്പില്‍ ടി എം സിദ്ദീഖിനു സീറ്റ് നല്‍കണമെന്ന് ആവശ്യപ്പെട്ട് പൊന്നാനിയില്‍ നടന്ന അപ്രതീക്ഷിത പ്രകടനത്തില്‍ വിശദീകരണവുമായി സിപിഎം മലപ്പുറം ജില്ലാ സെക്രട്ടേറിയറ്റംഗം ടി എം സിദ്ദീഖ്. പ്രകടനം നടത്തിയത് പാര്‍ട്ടി വിരുദ്ധരാണെന്നും മല്‍സരിക്കണമെന്ന് പാര്‍ട്ടി തീരുമാനിച്ചാല്‍ മല്‍സരിക്കുമെന്നും മറ്റു ചുമതലകള്‍ നിശ്ചയിച്ചാല്‍ അത് അനുസരിക്കുമെന്നും സിദ്ദീഖ് ഫേസ് ബുക്കില്‍ അറിയിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് പത്രങ്ങളിലും ചാനലുകളിലും സാമൂഹിക മാധ്യമങ്ങളിലും പല വാര്‍ത്തകളും പ്രചരിക്കുന്നുണ്ട്. സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥിപ്പട്ടിക പാര്‍ട്ടി സെക്രട്ടറിയാണ് ഔദ്യോഗികമായി പ്രഖ്യാപിക്കുക. ആ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുക എന്നതാണ് രാഷ്ട്രീയമായ കടമ. സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നതിന് സിപിഎമ്മിന് സംഘടനാപരമായ രീതിയുണ്ട്. അതുപ്രകാരമാണ് ഇതുവരെ തീരുമാനങ്ങള്‍ ഉണ്ടായത്. ഇനിയും അങ്ങനെ തന്നെയായിരിക്കും. ആ സംഘടനാരീതി അംഗീകരിക്കാന്‍ എല്ലാ പാര്‍ടി അംഗങ്ങളും ബാധ്യസ്ഥരുമാണ്. പത്രങ്ങളും ചാനലുകളും പ്രചരിപ്പിക്കുന്ന ഊഹാപോഹങ്ങള്‍ വിഴുങ്ങി അഭിപ്രായം പറയുകയോ നിലപാട് സ്വീകരിക്കുകയോ ചെയ്യേണ്ടവരല്ല അവര്‍.

പൊന്നാനിയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് എന്റെ പേരും ചിത്രങ്ങളും ഉപയോഗിച്ച് ചിലര്‍ പാര്‍ട്ടിക്കെതിരേ വിമര്‍ശനം ഉയര്‍ത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അതെല്ലാം പാര്‍ട്ടി വിരുദ്ധമാണ്. ഇതുവരെ ഏത് ഉത്തവാദിത്തവും ഏറ്റെടുത്തിട്ടുള്ളത് പാര്‍ട്ടിയുടെ ഉത്തരവാദിത്തപ്പെട്ട ഘടകങ്ങളുടെ തീരുമാനം അനുസരിച്ചാണ്. 'അരിവാള്‍ ചുറ്റിക നക്ഷത്രം' അടയാളത്തില്‍ ആരു മല്‍സരിക്കുന്നതും പാര്‍ട്ടി തീരുമാനം അനുസരിച്ചാണ്. മല്‍സരിക്കണമെന്ന് പാര്‍ട്ടി തീരുമാനിച്ചാല്‍ മല്‍സരിക്കും. മറ്റു ചുമതലകള്‍ നിശ്ചയിച്ചാല്‍ അത് അനുസരിക്കും. ഏതു പാര്‍ട്ടി അംഗത്തെയും പോലെ എനിക്കും ബാധകമാണ് ഈ തത്ത്വം. പാര്‍ട്ടി യിലെ എന്റെ ചുമതല തീരുമാനിക്കാന്‍ ഘടകങ്ങളുണ്ട്. അവിടെ തീരുമാനിക്കും.

അതുകൊണ്ട് എന്റെ പേരും ചിത്രവും പാര്‍ട്ടി വിരുദ്ധ പ്രചാരണത്തിന് ഉപയോഗിക്കരുത്. അഭൂതപൂര്‍വമായ ജനപിന്തുണയാണ് എല്‍ഡിഎഫ് സര്‍ക്കാരിനുള്ളത്. തുടര്‍ഭരണം ഉറപ്പുള്ള രാഷ്ട്രീയ സാഹചര്യം സംസ്ഥാനത്ത് നിലനില്‍ക്കുകയാണ്. ജനങ്ങളും പാര്‍ട്ടി സഖാക്കളും അതിന്റെ ആവേശത്തിലാണ്. ആ ആവേശത്തെ ചോര്‍ത്തികളയുന്ന ഒരു പ്രവര്‍ത്തനവും പ്രതികരണവും പാര്‍ട്ടി അംഗങ്ങളുടെയോ, സഖാക്കളുടെയോ ഭാഗത്തു നിന്നുണ്ടാവരുത്. ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലുള്ള പ്രതികരണങ്ങളില്‍ നിന്ന് പിന്‍മാറണമെന്ന് പാര്‍ട്ടി അനുഭാവികളോടും ബന്ധുക്കളോടും പാര്‍ട്ടിയെയും മുന്നണിയെയും ഒരു പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന പേരില്‍ എന്നെയും സ്‌നേഹിക്കുന്ന സകല മനുഷ്യരോടും അഭ്യര്‍ത്ഥിക്കുന്നു എന്നാണ് ടി എം സിദ്ദീഖ് ഫേസ്ബുക്കില്‍ കുറിച്ചത്. ടി എം സിദ്ദീഖിന് സീറ്റ് നല്‍കണമെന്ന് ആവശ്യപ്പെട്ട് സ്ത്രീകളുള്‍പ്പെടെ നൂറുകണക്കിന് ആളുകളാണ് ഇന്ന് തെരുവിലിറങ്ങിയത്.

Next Story

RELATED STORIES

Share it