Malappuram

പ്രളയ- ഉരുള്‍പൊട്ടല്‍ തയ്യാറെടുപ്പിന് സംസ്ഥാന വ്യാപകമായി മോക്ഡ്രില്‍

പ്രളയ- ഉരുള്‍പൊട്ടല്‍ തയ്യാറെടുപ്പിന് സംസ്ഥാന വ്യാപകമായി മോക്ഡ്രില്‍
X

മലപ്പുറം: കേരളത്തിലെ പ്രളയ- ഉരുള്‍പൊട്ടല്‍ തയ്യാറെടുപ്പുകള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായി റീ ബില്‍ഡ് കേരള പദ്ധതിയില്‍ അരീക്കോട് ചാലിയാറില്‍ മോക്ഡ്രില്‍ നടത്തി. ചാലിയാറിലെ കീഴുപറമ്പ് മുറിഞ്ഞമാടില്‍ ജില്ലാ തലത്തില്‍ നടത്തിയ മോക്ഡ്രില്‍ പെരിന്തല്‍മണ്ണ സബ് കലക്ടര്‍ ശ്രീധന്യയുടെ മേല്‍നോട്ടത്തില്‍ മലപ്പുറം മഞ്ചേരി ഫയര്‍ഫോഴ്‌സ് വിഭാഗം നേതൃത്വം നല്‍കി. ദുരന്ത മുന്നറിയിപ്പ് ലഭിക്കുന്ന ഘട്ടത്തില്‍ മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ടിരിക്കുന്ന ഇന്‍സിഡന്റ് റെസ്‌പോണ്‍സ് സിസ്റ്റത്തിന്റെ പ്രവര്‍ത്തനം, കണ്‍ട്രോള്‍ റൂമുകളുടെ പ്രവര്‍ത്തനം, വിവിധ വകുപ്പുകള്‍ തമ്മിലുള്ള ഏകോപനം, ആശയവിനിമയോപാധികളുടെ കൃത്യമായ ഉപയോഗം, അപകടസ്ഥലത്ത് നടത്തുന്ന പ്രതികരണരക്ഷാപ്രവര്‍ത്തനങ്ങളുടെ ഏകോപനം തുടങ്ങിയ സുപ്രധാന കാര്യങ്ങള്‍ പരിശീലനത്തില്‍ ഉള്‍പ്പെടുത്തി.

ചാലിയാറിലെ കീഴുപറമ്പ് മുറിഞ്ഞമാടില്‍ നടന്ന മോക്ഡ്രില്‍ പരിശീലനത്തില്‍ ചീറിപ്പാഞ്ഞുവരുന്ന ആംബുലന്‍സ്, ഫയര്‍ഫോഴ്‌സ് വാഹനം, പോലിസ്, റവന്യൂ, മെഡിക്കല്‍ വാഹനങ്ങള്‍ കണ്ട് പ്രദേശത്തുകാര്‍ അമ്പരന്നു. പുഴയില്‍ എന്തോ സംഭവിച്ചെന്ന കിംവദന്തി പരന്നതോടെ ജനങ്ങള്‍ ചാലിയാറിലേക്ക് ഒഴുകിയെത്തി. ചാലിയാറിലെ ഒരു കരയില്‍ മഴ പെയ്ത് ഒറ്റപ്പെട്ട കുടുംബത്തെ എങ്ങനെ രക്ഷിക്കാമെന്നതായിരുന്നു പരിശീലനം.

ഏറനാട് തഹസില്‍ദാര്‍ ടി എന്‍ വിജയന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ മുകുന്ദന്‍, വേണു, രാമദാസ്, വില്ലേജ് ഓഫിസര്‍ അബ്ബാസ്, മലപ്പുറം മഞ്ചേരി ഫയര്‍ ഓഫിസര്‍മായ സുഗുണന്‍, പ്രദീപ്കുമാര്‍, അരീക്കോട് എസ്എച്ച്ഒ ലൈജുമോന്‍, കിഴുപറമ്പ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി പി സഫിയ, വൈസ് പ്രസിഡന്റ് വി പി എ റഹിം, സെക്രട്ടറി സീനത്ത്, സിവില്‍ ഡിഫന്‍സ്, താലൂക്ക് ദുരന്തനിവാരണ സേനാ ഉള്‍പ്പെടെ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. കേരളത്തിലെ 14 ജില്ലകളും ദുരന്തനിവാരണവുമായി ബന്ധപ്പെട്ട മറ്റു വകുപ്പുകളും മോക്ഡ്രില്‍ നടത്തുമെന്നാണ് വിവരം.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ പ്രളയ സാധ്യത മോക്ഡ്രില്ലും പത്തനംതിട്ട, കോട്ടയം, ഇടുക്കി, വയനാട് ജില്ലകളില്‍ ഉരുള്‍പൊട്ടല്‍ സാധ്യത മോക്ഡ്രില്ലുമാണ് നടത്തുന്നത്. ദേശീയ ദുരന്തനിവാരണ അതോറിറ്റിയില്‍ നിന്നുള്ള പ്രത്യേക നിരീക്ഷകന്‍ സ്റ്റേറ്റ് എമര്‍ജന്‍സി ഓപറേഷന്‍ സെന്ററിലിരുന്ന് പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കും. സ്റ്റേറ്റ് റിലീഫ് കമ്മീഷണര്‍ കൂടിയായ ദുരന്തനിവാരണ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിയുടെ മേല്‍നോട്ടത്തിലാണ് മോക്ഡ്രില്‍ നടത്തുന്നത്.

Next Story

RELATED STORIES

Share it