Malappuram

പാണ്ടിക്കാട്ടെ മൊബൈല്‍ ടവറിനെതിരായ പഞ്ചായത്ത് ഓഫിസ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

നൂറുകണക്കിനാളുകള്‍ പങ്കെടുത്ത മാര്‍ച്ചും ധര്‍ണയും ജനകീയസമരത്തോട് മുഖംതിരിച്ചുനില്‍ക്കുന്ന അധികാരികള്‍ക്ക് കനത്ത താക്കീതായി. പ്രമുഖ മനുഷ്യാവകാശപ്രവര്‍ത്തകന്‍ അഡ്വ.പി എ പൗരന്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അധികൃതര്‍ ഉടന്‍തന്നെ ഈ വിഷയത്തില്‍ ജനങ്ങള്‍ക്കനുകൂലമായി ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

പാണ്ടിക്കാട്ടെ മൊബൈല്‍ ടവറിനെതിരായ പഞ്ചായത്ത് ഓഫിസ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി
X

മലപ്പുറം: പാണ്ടിക്കാട് കുറ്റിപ്പുളിയില്‍ ജനങ്ങളുടെ ജീവനും ആരോഗ്യത്തിനും ഭീഷണിയാവുന്ന മൊബൈല്‍ നെറ്റ്‌വര്‍ക്ക് ടവറിനെതിരേ പാണ്ടിക്കാട് പഞ്ചായത്ത് ഓഫിസിലേക്ക് നടത്തിയ ജനകീയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. നൂറുകണക്കിനാളുകള്‍ പങ്കെടുത്ത മാര്‍ച്ചും ധര്‍ണയും ജനകീയസമരത്തോട് മുഖംതിരിച്ചുനില്‍ക്കുന്ന അധികാരികള്‍ക്ക് കനത്ത താക്കീതായി. പ്രമുഖ മനുഷ്യാവകാശപ്രവര്‍ത്തകന്‍ അഡ്വ.പി എ പൗരന്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അധികൃതര്‍ ഉടന്‍തന്നെ ഈ വിഷയത്തില്‍ ജനങ്ങള്‍ക്കനുകൂലമായി ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സി പി അസീസ് അധ്യക്ഷത വഹിച്ചു. ജനകീയ ഡോക്ടര്‍ പി ജി ഹരി, സി പി റഷീദ്, സെയ്തലവി, സി പി നഹാസ് എന്നിവര്‍ സംസാരിച്ചു.


പാണ്ടിക്കാട് ജനവാസകേന്ദ്രത്തില്‍ നേരത്തെ ആരംഭിച്ച മൊബൈല്‍ ടവറിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ജനങ്ങളുടെ ശക്തമായ സമരത്തിന്റെ ഭാഗമായി താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. നാട്ടുകാര്‍ ഒന്നടങ്കം ഒപ്പിട്ട് വിളിച്ചുചേര്‍ത്ത പ്രത്യേക ഗ്രാമസഭയില്‍ ടവറിനെതിരേ ഐക്യകണ്‌ഠേന പ്രമേയം പാസാക്കി. ടവറിന്റെ വിഷയത്തില്‍ പഞ്ചായത്ത് ജനങ്ങള്‍ക്കൊപ്പമുണ്ടാവുമെന്നും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നതിന് വേണ്ടിയുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്നും യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍, പഞ്ചായത്തില്‍നിന്ന് അനുകൂലമായ ഒരു നടപടികളും ഇതുവരെയായും സ്വീകരിച്ചിട്ടില്ലെന്നാണ് സമരസമിതി ചൂണ്ടിക്കാട്ടുന്നത്.

ജനങ്ങള്‍ക്ക് ആരോഗ്യപ്രശ്‌നമുണ്ടാവുന്നതിനാലും പ്രദേശവാസികളുടെ എതിര്‍പ്പും കാരണം മുന്‍ പഞ്ചായത്ത് സെക്രട്ടറി ടോമി ജോണ്‍ ടവറിന് അനുമതി നിഷേധിച്ചിരുന്നു. എന്നാല്‍, ആരോഗ്യപ്രശ്‌നങ്ങളും പ്രദേശവാസികളുടെ എതിര്‍പ്പും നിലനില്‍ക്കുമ്പോഴും പുതിയ പഞ്ചായത്ത് സെക്രട്ടറി എസ് ബീന ടവറിന് അനുമതി നല്‍കിയത് അങ്ങേയറ്റം ജനവിരുദ്ധവും കോര്‍പറേറ്റ് ദാസ്യപണിയുമാണെന്ന് സമരസമിതി ആരോപിക്കുന്നു.

നിരവധി തവണ പഞ്ചായത്തിനെ സമീപിച്ച സമരപ്രവര്‍ത്തകരോട് ഈ വിഷയത്തില്‍ പഞ്ചായത്തിന് കൂടുതലായൊന്നും ചെയ്യാനില്ലെന്നാണ് പ്രസിഡന്റ് ഇപ്പോള്‍ പറയുന്നത്. ജനങ്ങളുടെ ജീവനും ആരോഗ്യത്തിനും സംരക്ഷണം നല്‍കേണ്ട പഞ്ചായത്തിന്റെ കടുത്ത അനാസ്ഥയാണ് ഇതില്‍നിന്നും വ്യക്തമാവുന്നത്. വാര്‍ഡ് അംഗവും പഞ്ചായത്ത് അധികൃതരും ഉദ്യോഗസ്ഥമേധാവിത്വ വൃന്ദങ്ങളും ജനങ്ങളുടെ അവകാശങ്ങളെയും പ്രതിഷേധങ്ങളെയും പാടെ അവഗണിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ടവര്‍ വിരുദ്ധ ജനകീയ സമരസമിതിയുടെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തകര്‍ പാണ്ടിക്കാട് പഞ്ചായത്ത് ഓഫിസിലേക്ക് പ്രതിഷേധസൂചകമായി മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചത്.

Next Story

RELATED STORIES

Share it