Malappuram

മൊബൈല്‍ ഷോപ്പ് കുത്തിത്തുറന്ന് മോഷണം; പ്രതികള്‍ പിടിയില്‍

മൊബൈല്‍ ഷോപ്പ് കുത്തിത്തുറന്ന് മോഷണം; പ്രതികള്‍ പിടിയില്‍
X

പെരിന്തല്‍മണ്ണ: നഗരത്തിലെ ഊട്ടി റോഡ് ജങ്ഷനിലെ മൊബൈല്‍ ഷോപ്പ് കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതികള്‍ പോലിസിന്റെ പിടിയിലായി. പെരിന്തല്‍മണ്ണ ഊട്ടി റോഡിലെ മൊബൈല്‍ ഷോപ്പിന്റെ പൂട്ടുപൊളിച്ച് 21 മൊബൈല്‍ ഫോണുകള്‍ ഒരു ടാബും മോഷ്ടിച്ച പ്രതികളായ പെരിന്തല്‍മണ്ണ സ്വദേശി നാസര്‍ (46,) തമിഴ്‌നാട് തുപ്പൂര്‍ ദര്‍മപുരി സ്വദേശി പളനിസ്വമി എന്നിവരെയാണ് പെരിന്തമണ്ണ സിഐ സുനില്‍ പുളിക്കളിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. 16ന് രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതികള്‍ രാത്രി 10 മണിയോടുകൂടി പെരിന്തല്‍മണ്ണ ഊട്ടി റോഡിലെ മൊബൈല്‍ ഷോപ്പിന്റെ മുമ്പില്‍ കിടന്നുറങ്ങുന്ന പോലെ നടിക്കുകയും പിന്നീട് കടയുടെ പൂട്ട് പൊളിച്ച് മോഷണം നടത്തുകയുമായിരുന്നു.

പ്രതികള്‍ തമിഴ്‌നാട്ടില്‍ കോയമ്പത്തൂര്‍, സേലം എന്നിവടങ്ങളില്‍ ഒളിവില്‍ താമസിച്ചുവരുന്നതായി പെരിന്തല്‍മണ്ണ പോലിസിന് വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം തമിഴ്‌നാട്ടിലേക്ക് വ്യാപിപ്പിച്ചിരുന്നു. തുടര്‍ന്നാണ് പ്രതികളെ തമിഴ്‌നാട്ടിലെ ഗോപിച്ചെട്ടിപാളയം എന്ന സ്ഥലത്തുനിന്നും അറസ്റ്റ് ചെയ്തത്. പ്രതികളില്‍നിന്നും മോഷ്ടിച്ച മൊബൈല്‍ ഫോണുകളും ടാബും കണ്ടെടുത്തു. തുടര്‍ന്ന് പെരിന്തമണ്ണയിലെ കടയിലും മൊബൈല്‍ ഫോണ്‍ വിറ്റ ആര്യമ്പാവിലെ കടയിലും പ്രതികളെ എത്തിച്ച് തെളിവെടുപ്പും നടത്തി. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

മലപ്പുറം ജില്ല പോലിസ് മേധാവി സുജിത്ദാസിന്റെ നിര്‍ദേശപ്രകാരം പെരിന്തല്‍മണ്ണ പോലിസ് ഇന്‍സ്‌പെക്ടര്‍ സുനില്‍ പുളിക്കലിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ അഷ്‌റഫലി, പെരിന്തല്‍മണ്ണ പോലിസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥരായ എഎസ്‌ഐ അബ്ദുല്‍ സലിം, എഎസ്‌ഐ ഷാജഹാന്‍, സിവില്‍ പോലിസ് ഓഫിസര്‍മാരായ ഷജീര്‍, മിഥുന്‍, ഷാലു, ജയേഷ്, സുഭാഷ്, ജോസഫ് എന്നിവരുള്‍പ്പെട്ട അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.

Next Story

RELATED STORIES

Share it