Malappuram

ജില്ലാ ഫുട്‌ബോള്‍ റഫറീസ് അസോസിയേഷനെ പിരിച്ചുവിട്ടു

ജില്ലാ ഫുട്‌ബോള്‍ റഫറീസ് അസോസിയേഷനെ പിരിച്ചുവിട്ടു
X

മലപ്പുറം: ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ മാസം മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തില്‍ നടന്ന എഫ് ഡിവിഷന്‍ ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പ് ബഹിഷ്‌കരിച്ച ജില്ലയിലെ റഫറിമാരുടെ അസോസിയേഷന്‍ പിരിച്ചുവിട്ടതായി ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

പുതിയ കമ്മിറ്റി നിലവില്‍ വരുന്നതുവരെ ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ജലീല്‍ മയൂര ചെയര്‍മാനും സെക്രട്ടറി ഡോ: പി എം സുധീര്‍കുമാര്‍ കണ്‍വിനറും കെ വി ഖാലിദ്, ഡോ: കണ്ണിയന്‍ അബ്ദുല്‍സലാം, ടി.പി.അബ്ദുറഹൂഫ് എന്നിവര്‍ അംഗങ്ങളുമായി അഞ്ചംഗ അഡ്‌ഹോക്ക് കമ്മിറ്റിക്ക് ചുമതല നല്‍കി. ജില്ലാ ഫുട്‌ബോള്‍ അസോസിയേഷനുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ താല്‍പ്പര്യമുള്ള റഫറിമാര്‍ക്ക് അഡ്‌ഹോക്ക് കമ്മിറ്റി കണ്‍വീനറുമായി ബന്ധപ്പെടാവുന്നതാണ് .

കഴിഞ്ഞ ഡിസംബര്‍ മാസം ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കോട്ടപ്പടി സ്റ്റേഡിയത്തില്‍ നടന്ന എലൈറ്റ് ഫുട്‌ബോള്‍ ലീഗ് മത്സരത്തില്‍ അവസാന ദിവസം ഇരു ടീമുകള്‍ തമ്മില്‍ നടന്ന മത്സരത്തിനിടയില്‍ റഫറിമാരും കളിക്കാരും തമ്മില്‍ ഉണ്ടായ പ്രശ്‌നത്തിന്റെ പേരില്‍ 6 കളിക്കാര്‍ക്ക് എതിരെയും 2 റഫറിമാര്‍ക്ക് എതിരെയും നടപടി സ്വീകരിച്ചിരുന്നു. കോട്ടയം ജില്ലക്കാരനായ മറ്റൊരു റഫറിക്കെതിരെ നടപടി സ്വീകരിക്കാന്‍ കേരള ഫുട്‌ബോള്‍ അസോസിയേഷനോട് ശുപാര്‍ശ ചെയ്തിരുന്നു. ഒരു വര്‍ഷത്തേക്ക് കെ. എഫ്.എയും ഡി എഫ്.എയും നടത്തുന്ന എല്ലാ മത്സരങ്ങളില്‍ നിന്നുമാണ് ഇവര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നത്. ഇതില്‍ പ്രതിഷേധിച്ചാണ് എഫ് ഡിവിഷന്‍ ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പ് ബഹിഷ്‌കരിക്കാന്‍ ജില്ലാ റഫറീസ് അസോസിയേഷന്‍ തീരുമാനിച്ചിരുന്നത്.എഫ് ഡിവിഷന്‍ ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പ് പിന്നീട് അയല്‍ ജില്ലകളില്‍ നിന്നുള്ള റഫറിമാരെ കൊണ്ടാണ് നടത്തിയിരുന്നത്.




Next Story

RELATED STORIES

Share it