Malappuram

പെരിന്തല്‍മണ്ണയില്‍ കൊവിഡ് ജാഗ്രത ശക്തിപ്പെടുത്താന്‍ തീരുമാനം

പെരിന്തല്‍മണ്ണയില്‍ കൊവിഡ് ജാഗ്രത ശക്തിപ്പെടുത്താന്‍ തീരുമാനം
X

പെരിന്തല്‍മണ്ണ: കൊവിഡ് വ്യാപനത്തിന്റെ തോത് ദിനംപ്രതി വര്‍ദ്ധിച്ചു വരുന്ന പശ്ചാത്തലത്തില്‍ നഗരസഭയില്‍ ജാഗ്രത ശക്തിപ്പെടുത്താന്‍ നഗരസഭാ കൗണ്‍സില്‍ ഹാളില്‍ ചേര്‍ന്ന നഗരസഭാതല കൊവിഡ് ജാഗ്രതാ സമിതി തീരുമാനിച്ചു. ഇതിന്റെ ഭാഗമായി താഴെ പറയുന്ന അടിയന്തിര നടപടികള്‍ സ്വീകരിച്ചു.

1. എല്ലാ വാര്‍ഡുകളിലും വാര്‍ഡ്തല ജാഗ്രതാ പദ്ധതികള്‍ക്ക് നേതൃത്വം നല്‍കും. കോറന്റയിനിലിരിക്കുന്നവര്‍ 28 ദിവസം പൂര്‍ത്തിയാക്കുന്നത് കര്‍ശനമായി നിരീക്ഷിക്കും. സമ്പര്‍ക്ക സാധ്യതകള്‍ പരമാവധി ഒഴിവാക്കാന്‍ നടപടികള്‍ സ്വീകരിക്കും. ബോധവല്‍ക്കരണ ക്യാംപയിന്‍ നടത്തും.

2 സേവന സന്നദ്ധരായ ഒരു വാര്‍ഡിലെ അഞ്ച് വളണ്ടിയര്‍മാര്‍ക്ക് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പരിശീലനം നല്‍കും.

3. രണ്ടാഴ്ച എല്ലാ തെരുവുകച്ചവടവും നിരോധിക്കും. വീടുകളിലൂടെ ബൈക്കുകളിലും, വാഹനങ്ങളിലുമെത്തിക്കുന്ന മത്സ്യം പലവ്യഞ്ജന കച്ചവടം എന്നിവ കര്‍ശനമായി വിലക്കും. ഇത് നിയന്ത്രിക്കാന്‍ വാര്‍ഡ്തല ആര്‍അര്‍ടികള്‍ ഇടപെടും.

4. തുറന്ന് പ്രവര്‍ത്തിക്കുന്ന ഷോപ്പുകള്‍ കൊവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണം. കൂട്ടം കൂടിയുള്ള നില്‍പ്പ് ഒഴിവാക്കണം.ശാരീരിക അകലം പാലിക്കാന്‍ ഷോപ്പില്‍ ക്രമീകരണങ്ങള്‍ ഒരുക്കണം. കൈ കഴുകുവാനും, കടകളില്‍ പോയിവരുന്ന മുഴുവന്‍ പേരുടെയും പേരും ഫോണ്‍ നമ്പറും എഴുതി വെക്കുവാനും സംവിധാനമൊരുക്കണം.

5. നഗരസഭാ ഓഫിസ് ഉള്‍പ്പടെയുള്ള ഓഫസുകളില്‍ പ്രോട്ടോക്കോള്‍ കര്‍ശനമാക്കും. സന്ദര്‍ശകര്‍ക്കിടയില്‍ കര്‍ശനമായ വിലക്കുകള്‍ ഏര്‍പ്പെടുത്തും. പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി ഓഫിസ് പ്രവര്‍ത്തനത്തില്‍ മാറ്റങ്ങള്‍ വരുത്തും.

6. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കൊവിഡ്ബാധിതര്‍ക്ക് ചികില്‍സാ സംവിധാനമൊരുക്കാന്‍ കൊവിഡ് ഫസ്റ്റ് ലൈന്‍ സെന്റര്‍ സൗകര്യമൊരുക്കും.ഇതിനായി പി.ടി എം ഗവണ്‍മെന്റ് കോളജ്, ഐഎസ്എസ് സ്‌ക്കൂള്‍ എന്നിവ ആദ്യഘട്ടത്തില്‍ എറ്റെടുക്കും. ഇവിടെ 500 ബെഡുകളുള്ള ട്രീറ്റ്‌മെന്റ്‌സെന്ററിന് സൗകര്യമൊരുക്കും.

7. ട്രീറ്റ്‌മെന്റ് സെന്ററിന് പശ്ചാത്തല സൗകര്യമൊരുക്കാന്‍ ബഹുജന സഹകരണം തേടും. സെന്ററിലേക്കുള്ള കട്ടില്‍, ബെഡ്, ബെഡ്ഷീറ്റ്, തലയണ, ബക്കറ്റ്, കപ്പ്, സോപ്പ്, തോര്‍ത്ത് എന്നിവ ലഭ്യമാക്കാന്‍ ക്ലബ്ബുകള്‍, യുവജന സംഘടനകള്‍, വ്യാപാരി വ്യവസായി സംഘങ്ങള്‍ എന്നിവരുടെ പിന്തുണ നഗരസഭ അഭ്യര്‍ത്ഥിക്കുന്നു.

8. സെന്ററിന്റെ ദൈനംദിന നടത്തിപ്പ്, ശുചിത്വ പരിപാലനം, മാലിന്യ സംസ്‌ക്കരണം, ഭക്ഷണം ലഭ്യമാക്കല്‍ എന്നിവക്ക് നഗരസഭ നേതൃത്വം നല്‍കും.ഇതിന്റെ നോഡല്‍ ഓഫിസറായി മുനിസിപ്പല്‍ എഞ്ചിനിയര്‍ എന്‍.പ്രസന്നകുമാറിനെ നിയമിച്ചു. ജൂലൈ 23 ന് സെന്റര്‍ പ്രവര്‍ത്തനസജ്ജമാക്കും.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ എല്ലാ ബഹുജനങ്ങളും സഹകരിക്കണമെന്ന് സമിതി അഭ്യര്‍ത്ഥിച്ചു. നഗരസഭാ ചെയര്‍മാന്‍ എം.മുഹമ്മദ് സലിം പ്രവര്‍ത്തന പദ്ധതി വിശദീകരിച്ചു. ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി.ആരിഫ് അധ്യക്ഷത വഹിച്ചു. എസ് അബ്ദുള്‍ സജിം, താമരത്ത് ഉസമാന്‍, ചമയം വാപ്പു, തുളസി ദാസ്, ദിലിപ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it