Malappuram

സ്വന്തം കൈപ്പടയില്‍ ഖുര്‍ആന്‍ പൂര്‍ണമായും എഴുതിത്തയ്യാറാക്കി; ഹാഫിസ് ഫിറോസ് അല്‍ കൗസരിക്ക് ആദരം

സ്വന്തം കൈപ്പടയില്‍ ഖുര്‍ആന്‍ പൂര്‍ണമായും എഴുതിത്തയ്യാറാക്കി; ഹാഫിസ് ഫിറോസ് അല്‍ കൗസരിക്ക് ആദരം
X

താനൂര്‍: സ്വന്തം കൈപ്പടയില്‍ വിശുദ്ധ ഖുര്‍ആന്‍ പൂര്‍ണമായും എഴുതിത്തയ്യാറാക്കി അത് വധുവിന് മഹറായി നല്‍കി ശ്രദ്ധേയനായ പൊന്നാനി തെക്കേപുറം സ്വദേശി ഹാഫിസ് ഫിറോസ് അല്‍ കൗസരിയെ വാദിറഹ്മ ഖുര്‍ആന്‍ അക്കാദമി ഭാരവാഹികള്‍ മൊമന്റോ നല്‍കി ആദരിച്ചു. വാദി റഹ്മ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ സ്ഥാപനത്തിന്റെ പ്രിന്‍സിപ്പാളും ഓള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന വൈസ് പ്രസിഡന്റുമായ കെ കെ മജീദ് അല്‍ഖാസിമി മൊമന്റോ കൈമാറി. ജീവിതപങ്കാളിക്ക് മഹറായി നല്‍കണമെന്ന ആഗ്രഹത്തോടെ ഒരുവര്‍ഷവും മൂന്നുമാസവുമെടുത്താണ് ഇദ്ദേഹം ഖുര്‍ആന്‍ പൂര്‍ണമായും എഴുതി തയ്യാറാക്കിയത്.

നവംബര്‍ ആറിനായിരുന്നു നിക്കാഹ്. താനൂര്‍ റഹ്മത്ത് നഗര്‍ വാദി റഹ്മ ഖുര്‍ആന്‍ അക്കാദമിയിലെ അധ്യാപകനും റഹ്മത്ത് മസ്ജിദ് ഇമാമുമാണ് ഹാഫിസ് ഫിറോസ് അല്‍ കൗസരി. ഖുര്‍ആന്‍ പൂര്‍ണമായി മനപ്പാഠമാക്കിയ ആലുവ ഓണമ്പള്ളി സ്വദേശിനി ആമിനയാണ് വധു. താനൂര്‍ റഹ്മത്ത് എജ്യുക്കേഷനല്‍ & ചാരിറ്റബിള്‍ ട്രസ്റ്റ് മാനേജര്‍ സി കെ എം ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. ട്രസ്റ്റ് ട്രഷറര്‍ എ സഖരിയ്യ, അംഗങ്ങളായ പരപ്പില്‍ മൊയ്തു, സി എം സദഖത്തുല്ല, ടി എം ഒ ഷംസുദ്ദീന്‍ എന്നിവര്‍ സംബന്ധിച്ചു. ഉപഹാരം ഏറ്റുവാങ്ങിക്കൊണ്ട് ഫിറോസ് അല്‍കൗസരി നന്ദിയും പറഞ്ഞു.

Next Story

RELATED STORIES

Share it