Malappuram

പെരിന്തല്‍മണ്ണയില്‍ ആകെ 77 കൊവിഡ് കേസുകള്‍; നിലവില്‍ ചികില്‍സയിലുള്ളത് 43 പേര്‍

പെരിന്തല്‍മണ്ണയില്‍ ആകെ 77 കൊവിഡ് കേസുകള്‍; നിലവില്‍ ചികില്‍സയിലുള്ളത് 43 പേര്‍
X

പെരിന്തല്‍മണ്ണ: നഗരസഭയില്‍ ഇതുവരെ 77 കൊവിഡ് കേസുകല്‍ റിപോര്‍ട്ട് ചെയ്തു. ഇതില്‍ 34 പേര്‍ക്ക് രോഗം ഭേദമായി. 43 പേര്‍ക്ക് വിവിധ കേന്ദ്രങ്ങളില്‍ ചികിത്സ നല്‍കി വരുന്നു. 355 പേര്‍ വ്യത്യസ്ത സമ്പര്‍ക്കങ്ങളുടെ പട്ടിക പ്രകാരം ക്വാറന്റീന്‍ ചെയ്യപ്പെട്ടിട്ടുണ്ട്. ഒരു മരണവുമുണ്ടായി. നഗരത്തിലെ വ്യാപാര സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് രോഗവ്യാപന സാധ്യതയുണ്ടാക്കുന്ന നാല് കേസുകളും റിപ്പോര്‍ട്ട് ചെയ്തു.

നഗരസഭയില്‍ കൊവിഡ് ജാഗ്രത കൂടുതല്‍ ശക്തമാക്കാന്‍ ബഹുജനങ്ങളുടെ പരിപൂര്‍ണ സഹകരണം അഭ്യര്‍ഥിച്ച് നഗരസഭയും കൊവിഡ് ജാഗ്രതാ സമിതിയും. മറ്റു പട്ടണങ്ങളെ അപേക്ഷിച്ച് കൊവിഡ് വ്യാപനം ആനുപാതികമായി കുറഞ്ഞ തോതാണ് പെരിന്തല്‍മണ്ണയിലുള്ളതെന്നും ഇത് സംരക്ഷിച്ചു നിര്‍ത്താന്‍ ബഹുജന സഹകരണം കൊണ്ടല്ലാതെ കഴിയില്ലെന്നും സമിതി വിലയിരുത്തി. പട്ടണത്തിലെ വ്യാപാര സ്ഥാപനങ്ങളും പൊതുഗതാഗത സംവിധാനങ്ങളും ഇപ്പോഴും സുരക്ഷിത മേഖലയില്‍ തന്നെയാണ്. രോഗ വ്യാപനം ഫലപ്രദമായി നേരിടാന്‍ എല്ലാവിധ ക്രമീകരണങ്ങളും നഗരസഭാതല ജാഗ്രതാ സമിതി സ്വീകരിച്ച് വരുന്നുണ്ട്. നഗരസഭ, പോലിസ്, ആരോഗ്യ വകുപ്പ്, റവന്യൂ വകുപ്പ് എന്നിവ ചേര്‍ന്നതാണ് നഗരസഭയിലെ കൊവിഡ് ജാഗ്രതാ സമിതി. ജാഗ്രത കുറയ്ക്കാതെ പട്ടണത്തിന്റെ ഉപജീവന - വ്യാപാര - തൊഴില്‍ സംവിധാനങ്ങള്‍ ക്രമീകരിച്ച് മുന്നോട്ടു പോകുന്ന നടപടിയാണ് സ്വീകരിക്കുന്നത്.

നഗരസഭയില്‍ റിേപാര്‍ട്ട് ചെയ്യുന്ന കൊവിഡ് കേസുകള്‍ക്കെല്ലാം കൃത്യമായ സമ്പര്‍ക്കമുണ്ട്. സമ്പര്‍ക്ക ഉറവിടമറിയാത്ത കേസുകള്‍ വരുന്നിടങ്ങളിലാണ് സാധാരണയില്‍ക്കവിഞ്ഞ നടപടി ക്രമങ്ങള്‍ സ്വീകരിക്കുന്നത്. പെരിന്തല്‍മണ്ണ നഗരസഭയ്ക്കകത്ത് ഇതുണ്ടായിട്ടില്ല. സ്ഥിരീകരിച്ച കേസുകളിലെ സമ്പര്‍ക്കപ്പട്ടിക കണ്ടെത്തി ക്വാറന്റൈന്‍ ചെയ്യിക്കുകയും അവര്‍ക്കാവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുക, പൊതു സ്ഥലങ്ങളില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുക തുടങ്ങിയവയാണ് നടത്തുന്നത്. പൊതു ഇടങ്ങളിലും കടകളിലും ഓഫിസുകളിലും കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം. ക്വാറന്റീനിലുള്ളവരും നടപടികള്‍ പാലിക്കണമെന്നും നഗരസഭാധ്യക്ഷന്‍ എം മുഹമ്മദ് സലീമും നഗരസഭാ കൊവിഡ് ജാഗ്രതാ സമിതിയും നിര്‍ദേശിച്ചു.




Next Story

RELATED STORIES

Share it