Kozhikode

സംസ്ഥാനത്ത് വില്ലേജ് തല ജനകീയ സമിതികള്‍ വരുന്നു

സംസ്ഥാനത്ത് വില്ലേജ് തല ജനകീയ സമിതികള്‍ വരുന്നു
X

കോഴിക്കോട്: ജില്ലാ വികസനസമിതി, താലൂക്ക് വികസന സമിതി മാതൃകയില്‍ സംസ്ഥാനത്ത് വില്ലേജ് തല ജനകീയ സമിതികള്‍ വരുന്നു. അടുത്ത മാര്‍ച്ചില്‍ വില്ലേജ് തല ജനകീയ സമിതി ഔപചാരികമായി നിലവില്‍ വരും. പൊതുസമൂഹത്തെയും സര്‍ക്കാരിനെയും സംബന്ധിച്ചിടത്തോളം ആദ്യത്തെ ഇടപെടല്‍ നടക്കുന്ന സ്ഥലമാണ് വില്ലേജ് ഓഫിസ്. വില്ലേജ് തല ജനകീയ സമിതി നിലവില്‍ വരുന്നതോടെ റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കുള്ള പരാതികള്‍ അതിവേഗത്തില്‍ പരിഗണിക്കപ്പെടും. മൂന്നാം വെള്ളിയാഴ്ചകളില്‍ സമിതി യോഗം ചേരാനാണ് ഉദ്ദേശിക്കുന്നത്.

കോഴിക്കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന റവന്യൂ ഓഫിസര്‍മാരുടെ യോഗത്തില്‍ സംസാരിക്കവെ റവന്യൂ മന്ത്രി കെ രാജനാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. യോഗത്തില്‍ കോഴിക്കോടിനെ സമ്പൂര്‍ണ ഇ ഓഫിസ് ജില്ലയായി മന്ത്രി പ്രഖ്യാപിച്ചു. 'എല്ലാര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് ' എന്ന ആശയമാണ് സമ്പൂര്‍ണ ഇ ഓഫിസ് വല്‍കരണത്തിനു പിന്നിലുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതോടെ സംസ്ഥാനത്തെ രണ്ടാമത്തെ സമ്പൂര്‍ണ്ണ ഇ ഓഫിസ് ജില്ലയായി കോഴിക്കോട് മാറി. വയനാടാണ് ആദ്യ പ്രഖ്യാപനം നടന്നത്.

ഭൂവിതരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പ്രത്യേക ശ്രദ്ധയെടുത്ത് എല്ലാ വകുപ്പുകളെയും പങ്കെടുപ്പിച്ച് ഭൂവിനിയോഗ നിയമമനുസരിച്ച് നടപ്പാക്കും. അഞ്ചുവര്‍ഷത്തിനകം സംസ്ഥാനത്തെ എല്ലാ ഓഫിസുകളും ഡിജിറ്റലാക്കാന്‍ ലക്ഷ്യമിടുന്നതായും അദ്ദേഹം അറിയിച്ചു. ഇ ഓഫീസ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിലും പ്രാവര്‍ത്തികമാക്കുന്നതിലും പങ്കുവഹിച്ച ജില്ലയിലെ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരെ അദ്ദേഹം അഭിനന്ദിച്ചു. തദ്ദേശ സ്വയംഭരണം, പൊതുമരാമത്ത്, വനം തുടങ്ങി മറ്റു വകുപ്പുകളുടെ അധീനതയിലുള്ള ഭൂമി അടക്കം ഉള്‍പ്പെടുന്ന പട്ടയ അപേക്ഷകളില്‍ അതിവേഗം തീരുമാനമെടുക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

എല്ലാവര്‍ക്കും ഭൂമി കൊടുക്കുക എന്ന ലക്ഷ്യമാണ് സര്‍ക്കാരിനുള്ളതെന്നും മന്ത്രി പറഞ്ഞു. ഇ ഓഫിസ് വല്‍കരണം നടപ്പിലാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച ജില്ലാ ഐടി സെല്‍ കോ-ഓഡിനേറ്റര്‍ പി.അജിത് പ്രസാദിന് മന്ത്രി ഉപഹാരം നല്‍കി. ജില്ലയില്‍ റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ മന്ത്രി ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്തു. ജില്ലാ കലക്ടര്‍ ഡോ.എന്‍ തേജ് ലോഹിത് റെഡ്ഡി, സബ് കലക്ടര്‍ വി ചെല്‍സാസിനി, അഡീഷനല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് സി മുഹമ്മദ് റഫീഖ്, അസിസ്റ്റന്റ് കലക്ടര്‍ മുകുന്ദ് കുമാര്‍, തഹസില്‍ദാര്‍മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it