Kozhikode

ഓമശ്ശേരി - എരഞ്ഞിമാവ് സംസ്ഥാനപാത പരിഷ്‌കരണം: ദേശീയ ടെന്‍ഡര്‍ ക്ഷണിച്ചു

കൊയിലാണ്ടി മുതല്‍ എരഞ്ഞിമാവ് വരെയുള്ള 51.02 കിലോമീറ്റര്‍ ദൂരം മൂന്നു റീച്ച് ആയാണ് ടെന്‍ഡര്‍ ക്ഷണിച്ചത്.

ഓമശ്ശേരി - എരഞ്ഞിമാവ് സംസ്ഥാനപാത പരിഷ്‌കരണം: ദേശീയ ടെന്‍ഡര്‍ ക്ഷണിച്ചു
X

കോഴിക്കോട്: റീ ബില്‍ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയിലുള്‍പ്പെടുത്തി കൊയിലാണ്ടി - എടവണ്ണ സംസ്ഥാന പാത ദേശീയ നിലവാരത്തില്‍ പരിഷ്‌കരിക്കുന്നതിന് പദ്ധതി നിര്‍വ്വഹണ ഏജന്‍സിയായ കേരള സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് പ്രോജക്ട് (കെഎസ്ടിപി) ദേശീയതലത്തില്‍ മത്സരാധിഷ്ഠിത ടെന്‍ഡര്‍ ക്ഷണിച്ചതായി ജോര്‍ജ് എം തോമസ് എംഎല്‍എ അറിയിച്ചു.

കൊയിലാണ്ടി മുതല്‍ എരഞ്ഞിമാവ് വരെയുള്ള 51.02 കിലോമീറ്റര്‍ ദൂരം മൂന്നു റീച്ച് ആയാണ് ടെന്‍ഡര്‍ ക്ഷണിച്ചത്. (കൊയിലാണ്ടി പൂനൂര്‍ 0.00 25.31, പൂനൂര്‍ ഓമശ്ശേരി 25.31 37.93, ഓമശ്ശേരി എരഞ്ഞിമാവ് 37.93 51.02). ഇതില്‍ തിരുവമ്പാടി മണ്ഡലത്തിലെ ഭാഗമായി 13.09 കിലോമീറ്റര്‍ ദൂരമാണുള്ളത്. പദ്ധതിയുടെ അടങ്കല്‍ തുക 222 കോടി രൂപയാണ്. ശരാശരി 4.35 കോടി രൂപയാണ് കിലോമീറ്റര്‍ റോഡ് ചെയ്യുന്നതിന് കണക്കാക്കിയിട്ടുള്ളത്. ഇതു പ്രകാരം തിരുവമ്പാടി മണ്ഡലത്തിലെ പ്രവൃത്തിക്ക് ഏകദേശം 57 കോടി രൂപ ചെലവു വരുമെന്നാണ് കണക്കാക്കുന്നത്.

നിലവില്‍ 7 മീറ്റര്‍ കാര്യേജ് വേ ആണ് സംസ്ഥാനപാതക്ക് ഉള്ളത്. ഇത് 12 മീറ്റര്‍ വീതിയില്‍ കാര്യേജ് വേ ആക്കുന്നതാണ് പ്രധാന പ്രവൃത്തി. അതോടൊപ്പം ആവശ്യമായ ഇടങ്ങളില്‍ കലുങ്കുകള്‍, നിലവിലെ കലുങ്കുകളുടെ നവീകരണം, പാലങ്ങളുടെ മെയിന്റനന്‍സ്, വളവുകള്‍ നിവര്‍ത്തല്‍, ഡ്രെയിനേജ്, പ്രധാന ജംഗ്ഷനുകളിലും അങ്ങാടികളിലും റോഡ് സേഫ്റ്റി മാനദണ്ഡം അനുസരിച്ചുള്ള സൗകര്യങ്ങള്‍ (ഫുഡ് പാത്ത്, ഹാന്‍ഡ് റെയില്‍, സിഗ്‌നല്‍ ലൈറ്റ്, തെരുവുവിളക്കുകള്‍) എന്നിവ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കും.

ടെന്‍ഡര്‍ ലഭിക്കുന്ന കമ്പനി നല്‍കുന്ന ഡിസൈന്‍ കൂടി പരിഗണിച്ചാണ് അന്തിമ പ്രവൃത്തി നിശ്ചയിക്കുക. ടെന്‍ഡര്‍ നല്‍കുന്നതിനുള്ള അവസാന തീയതി ഒക്ടോബര്‍ 3. എരഞ്ഞിമാവു മുതല്‍ എടവണ്ണ വരെയുള്ള മലപ്പുറം ജില്ലയിലെ ഭാഗം ഇതിനകം ടെന്‍ഡര്‍ ചെയ്തതാണ്. തിരുവമ്പാടി മണ്ഡലത്തില്‍ നിലവില്‍ പ്രഖ്യാപിക്കപ്പെട്ട റോഡ് പ്രവൃത്തികള്‍ കൂടി പൂര്‍ത്തിയാകുന്നതോടെ മലയോര പ്രദേശത്തുള്ളവര്‍ക്ക് ആധുനിക രീതിയില്‍ ഡിസൈന്‍ ചെയ്ത റോഡുകളുടെ പ്രയോജനം ലഭ്യമാവും. രണ്ടുവര്‍ഷമാണ് പദ്ധതിയുടെ നിര്‍മ്മാണ കാലാവധിയെന്നും എംഎല്‍എ അറിയിച്ചു.

Next Story

RELATED STORIES

Share it