Kozhikode

ബാവുപ്പാറയിലെ അനധികൃത ക്വാറി: ആക്ഷന്‍ കമ്മിറ്റി പ്രവര്‍ത്തകര്‍ക്കുനേരേ ക്വാറി മാഫിയയുടെ കൈയേറ്റവും വധഭീഷണിയും

കഴിഞ്ഞ ദിവസം ക്വാറിയെക്കുറിച്ചുള്ള വാര്‍ത്ത റിപോര്‍ട്ട് ചെയ്യാനായി മാധ്യമസംഘത്തിനൊപ്പമെത്തിയ ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ മാതാണ്ടി ബാബുവിനും കൂടെയുണ്ടായിരുന്ന പ്രവര്‍ത്തകര്‍ക്കും നേരെയാണ് കൈയേറ്റശ്രമവും വധഭീഷണിയും മുഴക്കിയത്.

ബാവുപ്പാറയിലെ അനധികൃത ക്വാറി: ആക്ഷന്‍ കമ്മിറ്റി പ്രവര്‍ത്തകര്‍ക്കുനേരേ ക്വാറി മാഫിയയുടെ കൈയേറ്റവും വധഭീഷണിയും
X

ആയഞ്ചേരി: ആയഞ്ചേരി പഞ്ചായത്തിലെ ബാവുപ്പാറയില്‍ നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച് പ്രവര്‍ത്തിക്കുന്ന കരിങ്കല്‍ ക്വാറിക്കെതിരേ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന സമരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് നേരേ ക്വാറി മാഫിയകളുടെ കൈയേറ്റശ്രമവും വധഭീഷണിയും. കഴിഞ്ഞ ദിവസം ക്വാറിയെക്കുറിച്ചുള്ള വാര്‍ത്ത റിപോര്‍ട്ട് ചെയ്യാനായി മാധ്യമസംഘത്തിനൊപ്പമെത്തിയ ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ മാതാണ്ടി ബാബുവിനും കൂടെയുണ്ടായിരുന്ന പ്രവര്‍ത്തകര്‍ക്കും നേരെയാണ് കൈയേറ്റശ്രമവും വധഭീഷണിയും മുഴക്കിയത്. അക്രമം നടത്തിയ ക്വാറി മാഫിയയുടെ നടപടിയില്‍ ആക്ഷന്‍ കമ്മിറ്റി പ്രതിഷേധിച്ചു.

നാടിനെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ഇത്തരം മാഫിയകളെ ജനങ്ങള്‍ ഒറ്റക്കെട്ടായി നേരിടുമെന്ന് ആക്ഷന്‍ കമ്മിറ്റി വ്യക്തമാക്കി. അക്രമസംഭവത്തില്‍ ആക്ഷന്‍ കമ്മിറ്റി വടകര പോലിസില്‍ പരാതി നല്‍കി. കുറ്റക്കാര്‍ക്കെതിരേ ഉടന്‍തന്നെ നിയമനടപടികള്‍ സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു. അതിനിടെ, വടകര തഹസില്‍ദാര്‍ ക്വാറിയുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ നോട്ടീസ് നല്‍കി. ആയഞ്ചേരി വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ 60ല്‍ 498ല്‍ തുടങ്ങി വ്യത്യസ്ത സര്‍വേ നമ്പരുകളിലുള്ള ക്വാറിയുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാനാണ് ഉത്തരവ്. ക്വാറിയുടെ പ്രവര്‍ത്തന അനുമതി ഏപ്രില്‍ നാലിന് അവസാനിച്ചതായി തഹസില്‍ദാര്‍ അറിയിച്ചു. ആയഞ്ചേരി പഞ്ചായത്തില്‍നിന്ന് അനുവദിച്ച ലൈസന്‍സിനുള്ള റീസര്‍വേ നമ്പറിലും മറ്റു നമ്പറുകളിലും വിത്യാസം കാണുന്നതിനാലുമാണ് പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ തഹസില്‍ദാര്‍ ഉത്തരവിട്ടത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇത്രയുംകാലം കൃത്യമായ അനുമതിയും രേഖകളുമില്ലാതെ പ്രവര്‍ത്തനം നടത്തിയ ക്വാറി ഉടമകള്‍ക്കെതിരെയും ഇതിന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയാവശ്യപ്പെട്ട് സമരം ശക്തമാക്കാനൊരുങ്ങുകയാണ് ആക്ഷന്‍ കമ്മിറ്റി.

ക്വാറി ആയഞ്ചേരി വില്ലേജിലാണെങ്കില്‍ ഇതിന്റെ പ്രവര്‍ത്തനഫലമായി ദുരിതമനുഭവിക്കുന്നത് തിരുവള്ളൂര്‍ പഞ്ചായത്തിലെ ബാവുപ്പാറ നിവാസികളാണ്. പാറ പൊട്ടിക്കുമ്പോഴുണ്ടാവുന്ന കരിങ്കല്‍ ചീളുകള്‍ വീടുകള്‍ക്ക് ഭീഷണി ഉയര്‍ത്തുന്നതായി ആക്ഷന്‍ കമ്മിറ്റി കുറ്റപ്പെടുത്തി. കൈയേറ്റശ്രമത്തിന്റെ പശ്ചാത്തലത്തില്‍ സംഘടിപ്പിച്ച പ്രതിഷേധയോഗത്തില്‍ മാതാണ്ടി ബാബു, കെ സി മുഹമ്മദ് അന്‍വര്‍, പി എം സജിത്ത്, കെ സി ജുനൈദ്, പ്രജിത്, സി കെ ശരീഫ് തുടങ്ങിയവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it