Kottayam

വൈദ്യുതി നിയമഭേദഗതിക്കെതിരേ ചൊവ്വാഴ്ച ജീവനക്കാരുടെ അഖിലേന്ത്യാ പണിമുടക്ക്

വൈദ്യുതി നിയമഭേദഗതിക്കെതിരേ ചൊവ്വാഴ്ച ജീവനക്കാരുടെ അഖിലേന്ത്യാ പണിമുടക്ക്
X

കോട്ടയം: കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ പാസാക്കാന്‍ പോവുന്ന വൈദ്യുതി നിയമ ഭേദഗതിക്കെതിരേ ജീവനക്കാര്‍ ആഗസ്ത് 10ന് അഖിലേന്ത്യാ പണിമുടക്ക് നടത്തുന്നു. ജൂലൈ 19ന് തുടങ്ങിയ പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനത്തില്‍ വൈദ്യുതി (ഭേദഗതി) ബില്‍ 2021 പാസ്സാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് വൈദ്യുതി ജീവനക്കാരുടെ സംഘടനയായ നാഷനല്‍ കോ-ഓഡിനേഷന്‍ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ്& എന്‍ജിനീയേഴ്‌സ് (എന്‍സിസിഒഇഇഇ) നാഷനല്‍ ചാപ്റ്റര്‍ പണിമുടക്കിന് ആഹ്വാനം നല്‍കിയത്.

പണിമുടക്കിന് മുന്നോടിയായി പാര്‍ലമെന്റ് സമ്മേളനം തുടങ്ങിയ ജൂലൈ 19 മുതല്‍ രാജ്യവ്യാപകമായി വൈദ്യുതി ഓഫിസുകള്‍ക്ക് മുമ്പില്‍ പ്രതിഷേധങ്ങള്‍ നടന്നുവരികയാണ് എന്‍സിസിഒഇഇഇ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നാഷനല്‍ കോ- ഓഡിനേഷന്‍ കമ്മിറ്റിയിലെ മുഴുവന്‍ ഘടക സംഘടനകളും വേവ്വേറെ പണിമുടക്ക് നോട്ടീസ് നല്‍കിക്കഴിഞ്ഞു. ആഗസ്ത് 10ന് മുഴുവന്‍ ഇലക്ട്രിസിറ്റി ഓഫിസുകളിലുമുള്ള ജീവനക്കാര്‍ തെരുവിലിറങ്ങി പ്രകടനം നടത്തും. ആഗസ്ത് 5ന് കോട്ടയം ജില്ലയില്‍ സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവര്‍ പങ്കെടുത്ത ബഹുജന കണ്‍വന്‍ഷന്‍ ഓണ്‍ലൈനായി നടന്നു. കണ്‍വന്‍ഷന്‍ അംഗീകരിച്ച പ്രമേയം കേന്ദ്ര ഊര്‍ജമന്ത്രിക്ക് അയച്ചുകൊടുത്തിട്ടുണ്ട്.

എന്‍സിസിഒഇഇഇ നേതാക്കള്‍ ശ്രമശക്തി ഭവന് മുമ്പില്‍ ധര്‍ണ നടത്തിവരികയാണ്. സമീപ സംസ്ഥാനങ്ങളിലെ പ്രവര്‍ത്തകരും ധര്‍ണയില്‍ പങ്കെടുക്കുന്നുണ്ട്. വൈദ്യുതി നിയമ (ഭേദഗതി) ബില്‍ പാസ്സാക്കുന്നതിലൂടെ രാജ്യത്തെ വൈദ്യുതി വിതരണ മേഖലയില്‍ സ്വകാര്യകമ്പനികളെ പ്രവേശിപ്പിക്കാനാണ് കേന്ദ്ര ഊര്‍ജ മന്ത്രാലയം ശ്രമിക്കുന്നത്. ഒരു പ്രദേശത്ത് തന്നെ ഒന്നില്‍ കൂടുതല്‍ കമ്പനികളെ വൈദ്യുതി വിതരണത്തിന് അനുവദിക്കും. ഇനി മുതല്‍ വൈദ്യുതി വിതരണത്തിന് ലൈസന്‍സ് വേണ്ടതില്ല. കമ്പനികള്‍ സംസ്ഥാന റെഗുലേറ്ററി കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്താല്‍ മതിയാവും.

ഒന്നില്‍ കൂടുതല്‍ സംസ്ഥാനങ്ങളില്‍ വൈദ്യുതി വിതരണം നടത്തണമെന്നുണ്ടെങ്കില്‍ കേന്ദ്ര ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്താല്‍ മതി. സംസ്ഥാനങ്ങള്‍ക്ക് യാതൊരു നിയന്ത്രണവുമുണ്ടാവില്ല. ഇങ്ങനെ വരുന്ന സ്വകാര്യകമ്പനികള്‍ നല്ലതോതില്‍ ലാഭം ലഭിക്കുന്ന ഉപഭോക്താക്കളെയും നഗരപ്രദേശങ്ങളെയും കൈയടക്കും. പാവപ്പെട്ടവര്‍ക്കും സാധാരണക്കാര്‍ക്കും കാര്‍ഷിക, ചെറുകിട, വ്യവസായിക ഉപഭോക്താക്കള്‍ക്കും വൈദ്യുതി വിതരണം നടത്തേണ്ട ബാധ്യത പൊതുമേഖലാ കമ്പനികളുടേതായി മാറും. ഇതോടെ പൊതുമേഖലാ കമ്പനികള്‍ തകരും.

വൈദ്യുതി ജീവനക്കാര്‍ പിരിച്ചുവിടപ്പെടും. ക്രോസ് സബ്‌സിഡി എടുത്തുകളയുന്നതോടെ സാധാരണക്കാരുടെ വൈദ്യുതി നിരക്ക് പലമടങ്ങ് വര്‍ധിക്കും. പാവപ്പെട്ടവരുടെ സൗജന്യങ്ങളെല്ലാം നിലയ്ക്കും. എല്ലാവരും ഒരേ വില തന്നെ നല്‍കേണ്ടിവരും. പാവപ്പെട്ടവര്‍ വൈദ്യുതി കണക്ഷന്‍ ഉപേക്ഷിക്കേണ്ടിവരും. കര്‍ഷകര്‍ക്കും സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായങ്ങള്‍ക്കും സൗജന്യനിരക്കില്‍ വൈദ്യുതി ലഭിക്കുന്നത് ഇല്ലാതാവുമെന്നും ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി.

വിവിധ സംഘടനാ ഭാരവാഹികളായ സി ആര്‍ അജിത്കുമാര്‍ (വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ്), എം ബി പ്രസാദ് (കേന്ദ്ര കമ്മറ്റിയംഗം, വര്‍ക്കേഴ്‌സ് അസോസിയേഷന്‍), കുര്യന്‍ സെബാസ്റ്റ്യന്‍ (സംസ്ഥാന വൈസ് പ്രസിഡന്റ്, കെഎസ്ഇബി ഓഫിസേഴ്‌സ് അസോസിയേഷന്‍), കെ സി സിബു (സംസ്ഥാന ജന.സെക്രട്ടറി, കോണ്‍ട്രക്ട് വര്‍ക്കേഴ്‌സ് അസോസിയേഷന്‍), പി എ ജേക്കബ് (ജില്ലാ സെക്രട്ടറി, കെഎസ്ഇബി പെന്‍ഷനേഴ്‌സ് അസോസിയേഷന്‍) എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it