Kollam

സ്വകാര്യബസ്സിന് മുകളില്‍ വന്‍മരം കടപുഴകി വീണു; 25 ഓളം പേര്‍ക്ക് പരിക്ക്

സ്വകാര്യബസ്സിന് മുകളില്‍ വന്‍മരം കടപുഴകി വീണു; 25 ഓളം പേര്‍ക്ക് പരിക്ക്
X

കൊല്ലം: കടയ്ക്കലില്‍ സ്വകാര്യബസ്സിനു മുകളില്‍ വന്‍മരം കടപുഴകിവീണ് 25 ഓളം പേര്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ നാലുപേരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാവായിക്കുളം സ്വദേശിയായ ഷൈന്‍, കടയ്ക്കല്‍ വയ്യാനം സ്വദേശിനിയായ റെജില, ചിങ്ങേലി സ്വദേശിനിയായ തങ്കമണി, കടക്കല്‍ കോട്ടപ്പുറം സ്വദേശിനിയായ കമലമ്മ എന്നിവരെയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. അഞ്ചലില്‍നിന്നും കടയ്ക്കലിലേക്ക് പോവുന്ന മോട്ടു ട്രാവല്‍സിന് മുകളിലാണ് എട്ടുമണിയോടുകൂടി ആറ്റുപുറം ജങ്ഷന് സമീപം വ്യാപാരഭവന് മുന്‍വശത്തുണ്ടായിരുന്ന പുളിവാക ഇനത്തില്‍പ്പെടുന്ന വന്‍മരം കടപുഴകി വീഴുന്നത്. ബസ് പൂര്‍ണമായി തകര്‍ന്നു.

സമീപത്തുണ്ടായിരുന്ന 11 കെവി ലൈന്‍ ഉള്‍പ്പടെ വാഹനത്തിനു മുകളിലേക്കു പതിച്ചിരുന്നു. എന്നാല്‍, ഈ സമയം ലൈനില്‍ വൈദ്യുതിയില്ലാതിരുന്നതിനാല്‍ വന്‍ ദുരന്തമൊഴിവായി. പരിക്കേറ്റ നാസര്‍ മുള്ളിക്കാട്, കമലമ്മ കോട്ടപ്പുറം, വയ്യാനം സ്വദേശി ആരിഫാ ബീവി, കൊപ്പം സ്വദേശി അംബിക, അശ്വതി, ശരണ്‍ ശങ്കരനഗര്‍, വാക്കിക്കോണം സ്വദേശികളായ സജിത, സുമ, റിസാന ഫാത്തിമ, വയ്യാനം സ്വദേശി മുഹമ്മദ് യാസീന്‍, രാജി, ശിവപ്രസാദ്, വല്‍സല, ജെസ്‌ന കടയ്ക്കല്‍ എന്നിവരെ കടയ്ക്കല്‍ താലൂക്കാശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.



Next Story

RELATED STORIES

Share it