Idukki

കട്ടപ്പന ഇരട്ടക്കൊലപാതകം: കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; കുഞ്ഞിനെ കുഴിച്ചിട്ടത് തൊഴുത്തില്‍

കട്ടപ്പന ഇരട്ടക്കൊലപാതകം: കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; കുഞ്ഞിനെ കുഴിച്ചിട്ടത് തൊഴുത്തില്‍
X

ഇടുക്കി: കട്ടപ്പനയില്‍ നവജാത ശിശുവിനെയും മുത്തച്ഛന്‍ വിജയനെയും കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വിജയനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയത്. കുഞ്ഞിനെ തൊഴുത്തില്‍ കുഴിച്ചിട്ടു. വിജയനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യയും മകനും ഉള്‍പ്പെടെ മൂന്ന് പേര്‍ പ്രതികളാണ്. നിതീഷ്, വിജയന്റെ ഭാര്യ സുമ, മകന്‍ വിഷ്ണു എന്നിവരാണ് പ്രതികള്‍. നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസില്‍ നിതീഷ്, വിജയന്‍ മകന്‍ വിഷ്ണു എന്നിവരും പ്രതികളാണ്.

കയ്യിലിരുന്ന കുഞ്ഞിനെ വിജയന്‍ കാലില്‍ പിടിച്ചു നല്‍കിയപ്പോള്‍ നിതീഷ് മൂക്കും വായും തുണി കൊണ്ട് മൂടി ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത്. രഹസ്യ ബന്ധത്തിലുണ്ടായ കുഞ്ഞാണെന്ന് അറിഞ്ഞാലുണ്ടായ നാണക്കേടാണ് കൊലയ്ക്ക് പിന്നിലെന്ന് എഫ്ഐആറില്‍ പറയുന്നു. പ്രതികള്‍ക്കെതിരെ കൊലപാതകം, തെളിവ് നശിപ്പിക്കല്‍, സംഘം ചേര്‍ന്നുള്ള കുറ്റകൃത്യം എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

കേസിലെ മുഖ്യപ്രതിയായ നിതീഷുമായി പോലിസ് ഇന്ന് വിശദമായി തെളിവെടുപ്പ് നടത്തും. വിജയനെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ കട്ടപ്പന കക്കാട്ട് കടയിലെ വീടിന്റെ തറ കുഴിച്ചുള്ള പരിശോധനയും ഇന്നുണ്ടാകും. പ്രധാന പ്രതിയായ നിധീഷിനെ ഇന്നലെ രാത്രിയില്‍ തന്നെ പോലിസ് കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. തുടര്‍ന്ന് ഇടുക്കി എസ്പിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു. മോഷണക്കേസില്‍ ഇയാളുടെ ഒപ്പം പിടിയിലായ പ്രതി വിഷ്ണുവിന്റെ സഹോദരിയുടെ കുഞ്ഞിനെയും പിതാവ് വിജയനെയും കൊലപ്പെടുത്തി കുഴിച്ചുമൂടിയെന്ന് നിതീഷ് കുറ്റസമ്മതം നടത്തുകയായിരുന്നു. കേസില്‍ വിഷ്ണുവിനും പങ്കുണ്ടെന്നും പ്രതി വെളിപ്പെടുത്തിയിരുന്നു.

വിജയനെ കൊലപ്പെടുത്തി കുഴിച്ചുമൂടിയിരിക്കുന്നത് കക്കാട്ടുകടയിലെ വീടിനുള്ളില്‍ ആണെന്ന നിതീഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇന്ന് വീടിന്റെ തറ കുഴിച്ച് പരിശോധിക്കുന്നത്. എട്ടുമണിയോടെ തറ കുഴിച്ചുള്ള പരിശോധന ആരംഭിക്കും. എട്ടു മാസങ്ങള്‍ക്കു മുമ്പാണ് വിജയനെ കൊലപ്പെടുത്തി കുഴിച്ചുമൂടിയത് എന്നാണ് സൂചന. വിഷ്ണുവിന്റെ സഹോദരിയുടെ നവജാത ശിശുവിനെ 2016ല്‍ കൊലപ്പെടുത്തി കുഴിച്ചുമൂടിയെന്നാണ് നിതീഷ് പോലിസിന് നല്‍കിയിരിക്കുന്നു മൊഴി.

നിതീഷ് വിഷ്ണുവിനും കുടുംബത്തിനും ഒപ്പം താമസം ആരംഭിച്ചതിനുശേഷം നിതീഷിന്റെ സഹോദരിയുമായി അടുപ്പത്തിലായിരുന്നു. സഹോദരിയില്‍ നിതീഷിന് ഉണ്ടായ കുട്ടിയെയാണ് കൊലപ്പെടുത്തിയത്. വിവാഹത്തിനുമുമ്പ് കുഞ്ഞുണ്ടായത് പുറത്തറിയാതിരിക്കുവാന്‍ കൊലപ്പെടുത്തി എന്നതാണ് വിവരം. അതേസമയം നിതീഷ് ആഭിചാരക്രിയകള്‍ നടത്തുന്ന പൂജാരി ആണെന്ന വിവരവും പുറത്തുവരുന്നുണ്ട്.




Next Story

RELATED STORIES

Share it