Ernakulam

യുവാവിനെ തട്ടിക്കൊണ്ടുപോയ കാറിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ പ്രതികള്‍ പിടിയില്‍

കൊച്ചി പാണ്ടിക്കുടി തൈപ്പറമ്പില്‍ വീട്ടില്‍ ലൂതര്‍ ബെന്‍ (30), കൊച്ചി നസ്‌റേത്ത്, പീടികപറമ്പില്‍ വീട്ടില്‍ ഡാനി എന്നു വിളിക്കുന്ന ജോണ്‍ പോള്‍ (33) എന്നിവരെയാണ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്.

യുവാവിനെ തട്ടിക്കൊണ്ടുപോയ കാറിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ പ്രതികള്‍ പിടിയില്‍
X

കൊച്ചി: യുവാവിനെ മര്‍ദിച്ച് അവശനാക്കിയ ശേഷം അമിത വേഗത്തില്‍ കാറില്‍ കയറ്റി തട്ടിക്കൊണ്ടു പോകുന്നതിനിടെ സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചുതെറിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ പിടിയില്‍. കൊച്ചി പാണ്ടിക്കുടി തൈപ്പറമ്പില്‍ വീട്ടില്‍ ലൂതര്‍ ബെന്‍ (30), കൊച്ചി നസ്‌റേത്ത്, പീടികപറമ്പില്‍ വീട്ടില്‍ ഡാനി എന്നു വിളിക്കുന്ന ജോണ്‍ പോള്‍ (33) എന്നിവരെയാണ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച വൈകിട്ട് 3.30ന് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്റെ പുതിയ കെട്ടിടത്തിന് സമീപമാണ് സംഭവം. പെരുമ്പാവൂര്‍ സ്വദേശിയും ഫ്രീലാന്‍സ് ഫോട്ടോഗ്രാഫറുമായ വിനീതിനെ മുന്‍വൈര്യാഗ്യത്തെ തുടര്‍ന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത ശേഷം, കൂടുതലായി 5 ലക്ഷം രൂപ ആവശ്യപ്പെട്ട് വിനീതിന്റെ തന്നെ കാറില്‍ തട്ടിക്കൊണ്ടുപോകാന്‍ പ്രതികള്‍ ശ്രമിക്കുകയായിരുന്നു.

ഷിപ്പ്‌യാര്‍ഡിന്റെ പുതിയ കെട്ടിടത്തിനു സമീപം പോലീസ് വാഹന പരിശോധന നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ട പ്രതികള്‍ കാറിന്റെ വേഗം കുറച്ച സമയം നോക്കി തന്ത്രപരമായി ഡോര്‍ തുറന്ന് പുറത്തേയ്ക്ക് ചാടി വിനീത് രക്ഷപ്പെടുകയായിരുന്നു. വിനീത് കാറില്‍ നിന്ന് ചാടിയതോടെ അമിത വേഗത്തില്‍ പോകാന്‍ ശ്രമിച്ച കാര്‍ മുന്നില്‍ പൊവുകയായിരുന്ന കുമ്പളങ്ങി സ്വദേശി തോമസി(59)ന്റെ സ്‌കൂട്ടറിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടറില്‍ നിന്നും റോഡില്‍ വീണ തോമസിന്റെ കഴുത്തിലും തലയിലുമായി കാര്‍ കയറിയിറങ്ങി. തുടര്‍ന്ന് തട്ടിയെടുത്ത കാര്‍ അവിടെ ഉപേക്ഷിച്ച ശേഷം അവിടെ നിന്നും പ്രതികള്‍ മറ്റൊരു കാറില്‍ കടന്നുകളയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ തോമസിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പുലര്‍ച്ചെ ഒരു മണിയോടെ മരിച്ചു.

എറണാകുളം സൗത്ത് എസ്ഐ എന്‍ എസ് റോയിയുടെ നേതൃത്വത്തില്‍ പ്രതികള്‍ക്കായി അന്വേഷണം ശക്തമാക്കുകയായിരുന്നു. തട്ടിയെടുത്ത കാര്‍ ഉപേക്ഷിച്ച് മറ്റൊരു കാറില്‍ പ്രതികള്‍ ചാലക്കുടിയിലേയ്ക്കും അവിടെനിന്നു രാത്രിയോടെ പാലക്കാട്ടേയ്ക്കും കടന്നതായി അന്വേഷണത്തില്‍ വ്യക്തമായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് ഒളിച്ചു താമസിച്ചിരുന്ന ഹോംസ്‌റ്റേയില്‍ നിന്നും പ്രതികളെ പിടികൂടിയത്.

എറണാകുളം സൗത്ത് പോലീസ് സ്‌റ്റേഷനിലും മറ്റ് പോലീസ് സ്‌റ്റേഷനുകളിലും കൊലപാതകശ്രമം, കഞ്ചാവ് കടത്ത്, വാഹന മോഷണം, ചിട്ടി തട്ടിപ്പ് തുടങ്ങിയ നിരവധി കേസുകള്‍ പ്രതികള്‍ക്കെതിരേ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്‌റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ എന്‍ എസ് റോയി , എഎസ്‌ഐ അനില്‍കുമാര്‍, എസ്‌സിപിഒ അനില്‍കുമാര്‍ സിപിഒ മഹേഷ്, പ്രശാന്ത്, അനില്‍, സുരേഷ് എന്നിവര്‍ അടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.



Next Story

RELATED STORIES

Share it