Ernakulam

പരാതി മലയാളത്തിലെങ്കില്‍ ഉത്തരവും മലയാളത്തില്‍; പുതിയ മാതൃക സൃഷ്ടിച്ച് എറണാകുളം ഉപഭോക്തൃ കമ്മീഷന്‍

പരാതി മലയാളത്തിലെങ്കില്‍ ഉത്തരവും മലയാളത്തില്‍; പുതിയ മാതൃക സൃഷ്ടിച്ച് എറണാകുളം ഉപഭോക്തൃ കമ്മീഷന്‍
X

കൊച്ചി: ഹരജിക്കാരന്‍ മലയാളത്തില്‍ ഉന്നയിച്ച പരാതി തീര്‍പ്പാക്കി മലയാളത്തില്‍തന്നെ ഉത്തരവിറക്കി എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന് പുതിയ മാതൃക സൃഷ്ടിക്കുന്നു. പുത്തന്‍കുരിശ് സ്വദേശി ഷിബു എസ് വയലകത്ത് സ്വകാര്യ പണമിടപാട് സ്ഥാപനത്തിനെതിരേ നല്‍കിയ പരാതി തീര്‍പ്പാക്കിക്കൊണ്ടുള്ള ഉത്തരവാണ് മലയാളത്തില്‍ പുറപ്പെടുവിച്ചിരിക്കുന്നത്. കമ്മീഷന് ചെയര്‍മാന്‍ ഡി ബി ബിനു, മെംബര്‍മാരായ വി രാമചന്ദ്രന്‍, ടി എന്‍ ശ്രീവിദ്യ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.

മലയാളത്തില്‍ ഫയല്‍ ചെയ്യുന്ന പരാതികളില്‍ മലയാളത്തില്‍ തന്നെ ഉത്തരവ് പുറപ്പെടുവിക്കാനാണ് തീരുമാനമെന്ന് കമ്മീഷന്‍ പ്രസിഡന്റ് ഡി ബി ബിനു പറഞ്ഞു. ഈ പുതിയ തുടക്കം ജില്ലാ കോടതികള്‍ വരെയെങ്കിലും മാതൃകയാക്കാവുന്നതാണെന്നാണ് നിയമവൃത്തങ്ങള്‍ അടക്കം അഭിപ്രായപ്പെടുന്നത്. ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷനില്‍ നിലവില്‍ ഒട്ടേറെ പരാതികള്‍ മലയാളത്തില്‍ കക്ഷികള്‍തന്നെ നേരിട്ട് ഫയല്‍ ചെയ്യുന്നുണ്ട്. അഭിഭാഷകരും ഉപഭോക്തൃ കമ്മീഷനില്‍ മലയാളത്തില്‍ ഹരജികള്‍ ഫയല്‍ ചെയ്യുന്നതും അപൂര്‍വമല്ല. ഇതിലൊക്കെ ഇംഗ്ലീഷില്‍ ഉത്തരവ് പുറപ്പെടുവിക്കുന്നതായിരുന്നു രീതി.

ഇതിനൊരു മാറ്റം കൊണ്ടുവരാനുള്ള ചെറിയ ശ്രമമാണ് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍ തുടങ്ങിയിരിക്കുന്നത്. പക്ഷേ, ഉപഭോക്തൃ കോടതികള്‍ മലയാളത്തില്‍ ഉത്തരവിറക്കിയത് ആദ്യസംഭവമല്ല. മുമ്പും അപൂര്‍വമായി മലയാളത്തില്‍ ഉത്തരവിറക്കിയിട്ടുണ്ട്. വ്യവഹാരങ്ങളില്‍ നിത്യപരിചിതമായ ഇംഗ്ലീഷ് വാക്കുകള്‍ക്ക് മലയാള പദങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കാതെ അതേ വാക്കുകള്‍ മലയാളത്തിലേക്ക് സ്വീകരിച്ച് ഉത്തരവ് എഴുതാനാണ് ഉപഭോക്തൃ കമ്മീഷന്‍ ശ്രമിച്ചിരിക്കുന്നത്.

ഭരണഭാഷ മലയാളത്തിലാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയ പശ്ചാത്തലത്തില്‍ ഇത്തരമൊരു ശ്രമത്തിന് ഏറെ പ്രാധാന്യമുണ്ട്. 2017 ഒക്ടോബര്‍ 28ന് കേരള ഹൈക്കോടതിയുടെ വജ്രജൂബീലി ഉദ്ഘാടനം ചെയ്ത് കോടതി വിധി സാധാരണക്കാരുടെ ഭാഷയിലാക്കേണ്ടത് അനിവാര്യമാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അഭിപ്രായപ്പെട്ടിരുന്നു. ഇംഗ്ലീഷ് അറിയാത്ത സാധാരണക്കാരന് കോടതി വിധിയുടെ അന്തസ്സത്ത മനസ്സിലാവാതെ പോവരുതെന്ന് വിലയിരുത്തിക്കൊണ്ടായിരുന്നു ഇങ്ങനെ അഭിപ്രായപ്പെട്ടത്. സുപ്രിംകോടതിയുടെയും ഹൈക്കോടതിയുടെയും വിധികള്‍ കൃത്രിമ ബുദ്ധിയുടെ സഹായത്തോടെ പ്രാദേശിക ഭാഷയില്‍ ലഭ്യമാക്കുന്നതിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തണമെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢും മുമ്പ് അഭിപ്രായപ്പെട്ടിരുന്നു.

Next Story

RELATED STORIES

Share it