Ernakulam

ബസിന്റെ മല്‍സരയോട്ടം, കൊച്ചിയില്‍ ഓവര്‍ടേക്കിനിടെ ബൈക്ക് ഇടിച്ചിട്ടു; അടിയില്‍പെട്ട ഡെലിവറി ബോയി മരിച്ചു

ബസിന്റെ മല്‍സരയോട്ടം, കൊച്ചിയില്‍ ഓവര്‍ടേക്കിനിടെ ബൈക്ക് ഇടിച്ചിട്ടു; അടിയില്‍പെട്ട ഡെലിവറി ബോയി മരിച്ചു
X

കൊച്ചി: ബസുകളുടെ മല്‍സരയോട്ടം കൊച്ചിയില്‍ വീണ്ടും ഒരാളുടെ ജീവനെടുത്തു. ഓണ്‍ലൈന്‍ ഭക്ഷണവിതരണ കമ്പനിയിലെ ജീവനക്കാരനായ കൊടുങ്ങല്ലൂര്‍ സ്വദേശി അബ്ദുല്‍ സലാം (41) ആണ് ഇന്ന് അപകടത്തില്‍ മരിച്ചത്. ഭക്ഷണവുമായി പോവുകയായിരുന്ന അബ്ദുള്‍ സലാമിനെ പിന്നില്‍ നിന്ന് അമിത വേഗത്തിലെത്തിയ ബിസ്മില്ല എന്ന ബസ് ഇടിച്ചിടുകയായിരുന്നു. നിലത്തുവീണ സലാമിന്റെ തലയിലൂടെ ബസിന്റെ പിന്‍ചക്രം കയറിയിറങ്ങി തല്‍ക്ഷണം മരണം സംഭവിച്ചു.

തിങ്കളാഴ്ച രാവിലെ സൗത്ത് കളമശേരിയിലായിരുന്നു അപകടം. എറണാകുളത്തുനിന്നു കളമശേരി വഴി ആലുവയിലേക്ക് പോകുന്ന ബസാണ് സലാമിനെ ഇടിച്ചു തെറുപ്പിച്ചത്. സലാമിന്റെ ഇരുചക്ര വാഹനം ബസില്‍ തട്ടി വീഴുന്നതും ബസ് തലയിലൂടെ കയറി ഇറങ്ങുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണാം.

പത്തടിപ്പാലം മുതല്‍ കളമശേരി വരെ രണ്ടു ബസുകള്‍ മല്‍സരയോട്ടം നടത്തുകയായിരുന്നെന്നും ഇതിനു പിന്നാലെയാണ് അപകടം നടന്നതെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു. ഇത്തരത്തിലുള്ള അപകടങ്ങള്‍ നഗരത്തില്‍ പതിവായതോടെ ഹൈക്കോടതി തന്നെ കഴിഞ്ഞ ദിവസം രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ഇക്കഴിഞ്ഞ മാസമാണ് ഗോവിന്ദ് എസ്.ഷേണായി എന്ന പതിനെട്ടുകാരന്‍ സ്വകാര്യ ബസ് ഇടിച്ചു മരിച്ചത്.

Next Story

RELATED STORIES

Share it