- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ശ്രീകുമാരന്‍ തമ്പിയുടെ ഗാനങ്ങള്‍: സര്‍ഗസപര്യയുടെ അരനൂറ്റാണ്ട്
കുര്യന്‍ തോമസ് കരിമ്പനത്തറയില്‍
ഗന്ധര്‍വ നഗരങ്ങളും സ്വര്‍ഗഗായികമാരും പോലെ അപൂര്‍വമായ കാവ്യബിംബസമൃദ്ധമായ വയലാര്‍ ഗാനങ്ങളില്‍നിന്നും നാടോടിത്തനിമയുടെ ഉണ്മനിറഞ്ഞ പി ഭാസ്‌കരന്‍ ഗാനങ്ങളില്‍നിന്നും വ്യത്യസ്തമായിരുന്നു ശ്രീകുമാരന്‍ തമ്പിയുടെ ഗാനങ്ങള്‍. തന്റെ ഗാനങ്ങളിലൂടെ കഴിഞ്ഞ 60 വര്‍ഷമായി മലയാളിയുടെ ഗ്രാമക്കാഴ്ചകളിലും പ്രണയത്തിലും വിരഹത്തിലും തത്ത്വചിന്തയിലും കൂടെയുണ്ടായിരുന്ന പ്രിയപ്പെട്ട ഗാനരചയിതാവ്. പാട്ടെഴുത്തിന്റെ കാലഘടനയില്‍ പിന്നാലെയെത്തിയിട്ടും വയലാറിനും പി ഭാസ്‌കരനും ഒഎന്‍വി കുറുപ്പിനുമൊപ്പം മലയാളി ഈ ഗാനരചയിതാവിനെ മനസ്സില്‍ കൊണ്ടുനടന്നത് ആ പാട്ടുകളോടുള്ള ഇഷ്ടം ഒന്നുകൊണ്ടു മാത്രമാണ്.
1960-70കളില്‍ കഥാമൂല്യമുള്ള ചിത്രങ്ങളുടെ നിര്‍മാതാക്കള്‍ പി ഭാസ്‌കരന്‍-ബാബുരാജ് ടീമിനെയോ വയലാര്‍-ദേവരാജന്‍ ടീമിനെയോ ആശ്രയിച്ച കാലത്താണ് ശ്രീകുമാരന്‍ തമ്പി എത്തുന്നത്. കഥാമൂല്യമോ കലാമൂല്യമോ അവകാശപ്പെടാനില്ലാത്ത അക്കാലത്തെ പല ചിത്രങ്ങളുടെയും പ്രദര്‍ശനവിജയത്തില്‍ ദക്ഷിണാമൂര്‍ത്തിയുമായും എം കെ അര്‍ജുനനുമായും എം എസ് വിശ്വനാഥനുമായും ചേര്‍ന്ന് ശ്രീകുമാരന്‍ തമ്പി തീര്‍ത്ത മികച്ച ഗാനങ്ങള്‍ ഒരു പ്രധാന ഘടകമായിരുന്നു. ഇവരുടെ അനശ്വരഗാനങ്ങള്‍ കൊണ്ടാണ് ഇത്തരം ചിത്രങ്ങള്‍ ചരിത്രത്തില്‍ ഇടംനേടിയത്.
ധൈഷണികശണ്ഠകള്‍
ജി ദേവരാജന്‍, വി ദക്ഷിണാമൂര്‍ത്തി, എം എസ് വിശ്വനാഥന്‍, എം കെ അര്‍ജുനന്‍... ഇങ്ങനെ ശ്രീകുമാരന്‍ തമ്പിയെന്ന ഗാനകാലത്തിന്റെ സംഗീതത്തെ അടയാളപ്പെടുത്താം.
അര്‍ജുനനോടൊപ്പം ഇരുനൂറ്റിയമ്പതോളം ഗാനങ്ങള്‍. വി ദക്ഷിണാമൂര്‍ത്തി, ജി ദേവരാജന്‍ എന്നിവര്‍ക്കൊപ്പം ഏതാണ്ട് 200 ഗാനങ്ങള്‍ വീതം. എംഎസ്‌വിക്കൊപ്പം മറ്റൊരു 100 ഗാനങ്ങള്‍. ശ്യാം (80), ബാബുരാജ് (62), ആര്‍ കെ ശേഖര്‍ (51), എ ടി ഉമ്മര്‍ (37), ഇളയരാജ (22), സലില്‍ ചൗധരി (18) തുടങ്ങി മലയാള ചലച്ചിത്ര സംഗീത സംവിധാനരംഗത്തെ ഒട്ടുമിക്ക മഹാരഥന്മാരും തമ്പിയുടെ ഗാനങ്ങള്‍ക്ക് ഈണമിട്ടു.
ധൈഷണികശണ്ഠകള്‍ ആ കലാജീവിതത്തിന്റെ കൂടപ്പിറപ്പായിരുന്നു. അത്തരം ഒരു ശണ്ഠയില്‍നിന്നാണ് മോഹനരാഗത്തില്‍ ഭക്ഷിണാമൂര്‍ത്തി സ്വാമിയുടെ ഈണത്തില്‍ 'ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം ...' എന്ന അനശ്വരഗാനത്തിന്റെ പിറവി ('ഭാര്യമാര്‍ സൂക്ഷിക്കുക'). 'കൊച്ചിന്‍ എക്‌സ്പ്രസാ'യിരുന്നു ഈ ടീമിന്റെ ആദ്യചിത്രം. 'പാടുന്ന പുഴ' എന്ന സിനിമയില്‍ 'ഹൃദയസരസ്സിലെ പ്രണയപുഷ്പമേ' എന്ന ഗാനമാണ് ഈ ടീമിന്റെ മാസ്റ്റര്‍ പീസ്. ''എഴുതിയ പാട്ടുകളില്‍ തനിക്ക് പൂര്‍ണസംതൃപ്തി നല്‍കുന്ന, കേള്‍ക്കുമ്പോള്‍ ഗുരുസ്ഥാനത്ത് സ്വാമി ഓര്‍മയില്‍ എത്തുന്ന പാട്ട്,''- ഇത് തമ്പിയുടെ വാക്കുകള്‍. പ്രശസ്തഗായകര്‍ പോലും 'നിന്‍ മന്ദഹാസം' എന്നു തെറ്റി പാടുന്ന 'എന്‍ മന്ദഹാസം ചന്ദ്രികയായെങ്കില്‍ ...' ('ഉദയം', 1973) എന്ന ക്ലാസിക് പ്രണയഗാനവും തമ്പിയുടെയാണ്.
നിങ്ങളുടെ ഹാര്‍മോണിസ്റ്റായാലും
'ചിത്രമേള'യാണ് ശ്രീകുമാരന്‍ തമ്പി-ദേവരാജന്‍ ടീമിന്റെ ആദ്യചിത്രം. ഗാനരചയിതാവ് എന്ന നിലയില്‍ 'കാട്ടുമല്ലിക'യ്ക്കും (1966) 'പ്രിയതമ'യ്ക്കും (1966) ശേഷമുള്ള തമ്പിയുടെ മൂന്നാമത്തെ സിനിമയായിരുന്നു 'ചിത്രമേള'. 'ചിത്രമേള', 'വെളുത്ത കത്രീന' എന്നീ സിനിമകളില്‍ ദേവരാജന്‍ മാസ്റ്ററുമായി ചേര്‍ന്നു പ്രവര്‍ത്തിച്ചു. അഞ്ചു വര്‍ഷം കഴിഞ്ഞ് 'കാലചക്ര'( 1973)ത്തിനു തിരക്കഥയും സംഭാഷണവും ഗാനങ്ങളും എഴുതാന്‍ ദേവരാജന്‍ മാസ്റ്റര്‍ തമ്പിയുടെ പേര് ശുപാര്‍ശ ചെയ്തു. ഇണങ്ങിയും പിണങ്ങിയും പിന്നെയും ഇണങ്ങിയും ആ ബന്ധം നിലനിന്നു.
ദേവരാജനുമായി വഴക്കിടുമ്പോള്‍ 'നിങ്ങളുടെ ഹാര്‍മോണിസ്റ്റ് സംഗീതം ചെയ്താലും എന്റെ പാട്ടുകള്‍ നന്നാവും' എന്നു തമ്പി പറഞ്ഞെങ്കിലും യഥാര്‍ഥത്തില്‍ ആ സമയത്ത് തമ്പിക്കു ദേവരാജന്റെ ഹാര്‍മോണിസ്റ്റായിരുന്ന എം കെ അര്‍ജുനനെ അറിയില്ലായിരുന്നു. പക്ഷേ, ആ ഹാര്‍മോണിസ്റ്റ് പില്‍ക്കാലത്തു തമ്പിയുടെ കൂടുതല്‍ പാട്ടുകള്‍ക്ക് ഈണം നല്‍കി എന്നത് ചരിത്രത്തിലെ ആകസ്മികത. നിര്‍മാതാവായ കെ പി കൊട്ടാരക്കരയോട് സംഗീത സംവിധായകനായി അര്‍ജുനനെ ശുപാര്‍ശ ചെയ്തത് തമ്പി. 'റസ്റ്റ്ഹൗസ്' എന്ന സിനിമയിലെ ഏഴു ഗാനങ്ങളും സൂപ്പര്‍ഹിറ്റായതോടെ ശ്രീകുമാരന്‍ തമ്പി-അര്‍ജുനന്‍ ടീം പിറന്നു. ശ്രീകുമാരന്‍ തമ്പിയും എം കെ അര്‍ജുനനും ചേര്‍ന്നൊരുക്കിയത് പാട്ടുകളുടെ മാസ്മരികതയില്‍ പാടാത്ത മലയാളി പ്രണയവീണ മീട്ടി പാടിത്തുടങ്ങി. ആ ത്രിസന്ധ്യതന്‍ അനഘമുദ്രകള്‍ മറക്കാതെ, പുണ്യവതിയുടെ പൂങ്കാവനത്തിലെ പുഷ്പശലഭമായി.
മറക്കാനാവാത്ത ഒരുപാടു പാട്ടുകള്‍ക്ക് മലയാളി, എം എസ് വിശ്വനാഥന്‍- ശ്രീകുമാര്‍ തമ്പി ടീമിനോട് കടപ്പെട്ടിരിക്കുന്നു. 1971ല്‍ കെ പി കൊട്ടാരക്കരയുടെ 'ലങ്കാദഹനം' എന്ന ചിത്രത്തിലാണ് ഇരുവരും ആദ്യമായി ഒന്നിക്കുന്നത്. ഈശ്വരനൊരിക്കല്‍ വിരുന്നിനു പോയി..., സൂര്യനെന്നൊരു നക്ഷത്രം.., തിരുവാഭരണം ചാര്‍ത്തി വിടര്‍ന്നു..., (ലങ്കാദഹനം, 1971 ), സ്വര്‍ണഗോപുര നര്‍ത്തകീ..., കര്‍പ്പൂര ദീപത്തിന്‍..., (ദിവ്യദര്‍ശനം, 1973), രാജീവനയനേ നീയുറങ്ങൂ... (ചന്ദ്രകാന്തം, 1974) പോലെ ഒട്ടനവധി മികച്ച ഗാനങ്ങള്‍ ഈ കൂട്ടുകെട്ടിന്റെതാണ്.
ഇത് തമ്പിയുടെ ഹൃദയസരസ്സിനുള്ള അവതാരികയ്ക്ക് കവി ഒഎന്‍വി കുറുപ്പ് നല്‍കിയ തലക്കെട്ടാണ്. ഏതു കാമുകന്റെയും ഗാനമെന്നാണ് ഹൃദയസരസ്സിലെ പ്രണയപുഷ്പമേ ... (പാടുന്ന പുഴ, 1968) എന്ന ഗാനത്തെ ഒഎന്‍വി വിശേഷിപ്പിച്ചത്. പൂവിളി പൂവിളി... (വിഷുക്കണി, 1977), ഒരു മുഖം മാത്രം..., പൂമാനം പൂത്തുലഞ്ഞേ (ഏതോ ഒരു സ്വപ്‌നം, 1978) ഇങ്ങനെ സലില്‍ ചൗധരി ഈണം പകര്‍ന്ന നല്ല ഗാനങ്ങളില്‍ പലതും തമ്പിയുടെ രചനകള്‍. 'ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍ ഞാന്‍ ഒരാവണിത്തെന്നലായി മാറി...' (ചന്ദ്രകാന്തം, 1974). 'ഈ ഗാനത്തെ വെല്ലാന്‍ ഇനി ഏതോ ജന്മത്തില്‍ മലയാണ്മ മറ്റൊരെഴുത്തുകാരനെ ഗര്‍ഭം ധരിച്ച് പ്രസവിക്കേണ്ടിയിരിക്കുന്നു...' എന്നു പറഞ്ഞത് ഗിരീഷ് പുത്തഞ്ചേരി.
ഗാനരചയിതാവ്, സംവിധായകന്‍, തിരക്കഥാകൃത്ത്, നിര്‍മാതാവ്, സംഗീതസംവിധായകന്‍, ടെലിവിഷന്‍ സീരിയല്‍ നിര്‍മാതാവ് ഇങ്ങനെ ശ്രീകുമാരന്‍ തമ്പി മലയാള സിനിമാചരിത്രത്തില്‍ സമാനതകളില്ലാത്ത ഉന്നതമായ ഒരിടമാണ്.
ആലപ്പുഴ ഹരിപ്പാട്ട് കരിമ്പാലേത്ത് ഭവാനിയമ്മ തങ്കച്ചിയുടെയും കളരിക്കല്‍ കൃഷ്ണപിള്ളയുടെയും അഞ്ചു മക്കളില്‍ മൂന്നാമനായാണ് ജനനം, 1940 മാര്‍ച്ച് 16ന്. പാരമ്പര്യംകൊണ്ടു വിഷഹാരി ആവേണ്ട ആളായിരുന്നു. ഇളയ അമ്മാവന്‍ കുമാരന്‍ തമ്പി വിഷചികില്‍സകനും ദന്തവൈദ്യനും ശ്രീമൂലം അസംബ്ലിയില്‍ അംഗവുമായിരുന്നു. കണ്ണൂരിലെ ചിറയ്ക്കല്‍ നിന്ന് ആലപ്പുഴ ഹരിപ്പാട്ടെത്തിയ പുന്നൂര്‍മഠ താവഴിയിലെങ്ങും പാട്ടിന്റെ പാരമ്പര്യമില്ല.
ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിനും വൃന്ദാവന്‍ തിയേറ്ററിനും ഇടയ്ക്കായിരുന്നു തമ്പിയുടെ തറവാട്. കൊട്ടകയിലെ സിനിമാഷെഡ്യൂളില്‍ ജീവിതം ക്രമീകരിച്ച പയ്യന് അവിടെനിന്നു കേട്ട പഴയ കോളാമ്പിപ്പാട്ടുകളായിരുന്നു എന്നും കൂട്ട്. പതിനൊന്നാം വയസ്സില്‍ കവിതയെഴുതിത്തുടങ്ങിയ കുട്ടിയുടെ കവിതാഭ്രാന്ത് തീര്‍ക്കാന്‍ മൂത്തജ്യേഷ്ഠന്‍ (പ്രശസ്ത നോവലിസ്റ്റ് പി വി തമ്പി) അനിയന്‍ എഴുതിയ മുന്നൂറോളം കവിതകളാണു കത്തിച്ചുകളഞ്ഞത്. പിന്നീട് അറുപതാണ്ടിനിടെ എഴുതിയത് അഞ്ഞൂറില്‍ താഴെ കവിത മാത്രമാണ്.
ചെന്നൈയിലും തൃശൂരും എന്‍ജിനീയറിങിനു പഠിക്കുന്ന കാലം മുതല്‍ തമ്പിയുടെ മനസ്സില്‍ നിറയെ സിനിമയായിരുന്നു. അസിസ്റ്റന്റ് ടൗണ്‍ പ്ലാനറായി ജോലി ചെയ്യുമ്പോഴാണ് യാദൃച്ഛികമായി സിനിമയിലേക്കുള്ള വാതില്‍ തുറക്കുന്നത്.
കവിത എഴുതുന്ന തമ്പിയെ ആദ്യം വെള്ളിത്തിരയിലേക്കു ക്ഷണിച്ചത് സംവിധായകന്‍ പി സുബ്രഹ്മണ്യം. 'കാട്ടുമല്ലിക'യിലെ(1966) 'അവളുടെ കണ്ണുകള്‍ കരിങ്കദളിപ്പൂക്കള്‍' പോലുള്ള ഗാനങ്ങളെല്ലാം ശ്രോതാക്കള്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. പിന്നീടങ്ങോട്ട് ശ്രീകുമാരന്‍തമ്പി എന്ന പാട്ടുവഞ്ചി, മലയാളഗാനങ്ങളുടെ ഹൃദയസരസ്സിലൂടെ അരനൂറ്റാണ്ടിലേറെയായി തുഴയുന്നു.
സര്‍ഗസപര്യയുടെ അരനൂറ്റാണ്ട്
ഇരുനൂറ്റെഴുപതോളം സിനിമകളിലായി 1500 സിനിമാഗാനങ്ങള്‍. ആയിരത്തിലേറെ ലളിതഗാനങ്ങള്‍. 85 തിരക്കഥകള്‍ രചിക്കുകയും 30 സിനിമകള്‍ സംവിധാനം ചെയ്യുകയും ചെയ്തു. 25 സിനിമകളുടെ നിര്‍മാതാവ്, കൂടാതെ 42 ഡോക്യുമെന്ററികളും 13 ടിവി സീരിയലുകളും. തോപ്പില്‍ ഭാസിക്കും എസ് എല്‍ പുരത്തിനും ശേഷം സിനിമയ്ക്കുവേണ്ടി ഏറ്റവും കൂടുതല്‍ തിരക്കഥകള്‍ രചിച്ചത് ഇദ്ദേഹമാണ്. 'കാക്കത്തമ്പുരാട്ടി', 'കുട്ടനാട്' ഇവ രണ്ടു നോവലുകള്‍. 'എന്‍ജിനീയറുടെ വീണ', 'നീലത്താമര', 'ശീര്‍ഷകമില്ലാത്ത കവിതകള്‍', 'എന്‍മകന്‍ കരയുമ്പോള്‍' ഇവയാണ് കവിതാസമാഹാരങ്ങള്‍. 'ഗാനം' (1981) ജനപ്രീതിയാര്‍ജിച്ച സിനിമയ്ക്കുള്ള സംസ്ഥാന പുരസ്‌കാരവും 'സിനിമ കണക്കും കവിതയും' മികച്ച ചലച്ചിത്രഗ്രന്ഥത്തിനുള്ള ദേശീയ അവാര്‍ഡും കരസ്ഥമാക്കി.
പ്രണയവും സാമാന്യദര്‍ശനങ്ങളുമായിരുന്നു എന്നും ആ ഗാനങ്ങളുടെ മുഖ്യവിഷയം. കണ്ണന്റെ മാറിലെ വനമാലയാകുവാന്‍ ഇനിയും ഒരുങ്ങാത്ത കാമുകിയും (നൃത്തശാല), കാമുകീകാമുകന്മാര്‍ ചൂടാത്ത കൃഷ്ണ തുളസിയും വാടിയ നിര്‍മാല്യവും ... (അഭിമാനം). മലയാളി ചുറ്റും കാണുന്ന, സ്വയം അനുഭവിക്കുന്ന യാഥാര്‍ഥ്യങ്ങളെ ലളിതമായ സൗന്ദര്യരൂപങ്ങളിലൂടെ ആ ഗാനങ്ങള്‍ അവതരിപ്പിച്ചു. 1970-80കളിലെ മലയാളിയുടെ ജീവിതത്തിന്റെയും സ്വപ്‌നങ്ങളുടെയും പ്രതിനിധാനങ്ങളായിരുന്നു ആ ഗാനങ്ങള്‍.
നഷ്ടസ്വര്‍ഗങ്ങളിലും സ്വപ്‌നങ്ങള്‍ കൈവിടാത്ത ശ്രീകുമാരന്‍ തമ്പി. സ്വപ്‌നങ്ങള്‍ തകര്‍ന്നാല്‍ താനെന്ന ജ്വാല തീര്‍ന്നു എന്നു വിശ്വസിക്കുന്ന കവി. രാജേശ്വരിയെന്ന ജീവിതസഖിക്കൊപ്പം, കവിതയെന്ന മകള്‍ക്കും മരുമക്കള്‍ക്കും പേരക്കുട്ടികള്‍ക്കുമൊപ്പം രാജകുമാരന്‍ തമ്പിയെന്ന മകന്റെ മരിക്കാത്ത ഓര്‍മകളുമായി, തന്റെ എഴുപത്തെട്ടാം വയസ്സിലും ഹൃദയം കൊണ്ടെഴുതുന്നു.
RELATED STORIES
'ഖലിസ്താന് കൊടിക്കേസ്'': പന്നുവിന്റെ ബാങ്ക് വിവരം എന്ഐഎക്ക്...
12 Dec 2024 5:12 AM GMTസൂറത്തില് ശനിയാഴ്ച 111 പെണ്കുട്ടികളുടെ സമൂഹവിവാഹം; ആദ്യ കുട്ടിയുടെ...
12 Dec 2024 4:48 AM GMTഗോവ മാരത്തോണില് പങ്കെടുത്ത ദന്ത ഡോക്ടര് വീട്ടിലെത്തിയ ശേഷം മരിച്ചു
12 Dec 2024 4:18 AM GMTജീവനാംശം ഭര്ത്താവിനെ പീഡിപ്പിക്കാനുള്ളതാവരുത്: സുപ്രിംകോടതി
12 Dec 2024 4:00 AM GMTയുവനടിയെ പീഡിപ്പിച്ച കേസിന്റെ വിചാരണ തുറന്ന കോടതിയില് വേണമെന്ന്...
12 Dec 2024 3:21 AM GMTപാളയത്തെ സിപിഎം ഏരിയാ സമ്മേളനം: റോഡില് സ്റ്റേജ് കെട്ടിയ ഇതരസംസ്ഥാന...
12 Dec 2024 3:13 AM GMT