Music

കോച്ചിന്‍ മിമി എന്ന ഹാസ്യ ഗാന രചയിതാവ്

ഏഴുകൊല്ലം മുമ്പ് കൊതുകിനെ കുറിച്ച് കൊച്ചിന്‍ മിമി പാടിയ 'കുന്നോളം കൊതുകുകള്‍ വലംവച്ചു പറക്കുമീ തീരദേശം, അതാണ് കൊച്ചിന്‍ കോര്‍പറേഷന്‍' ഇന്നും സോഷ്യല്‍ മീഡിയയില്‍ തരംഗമാണ്.

കോച്ചിന്‍ മിമി എന്ന ഹാസ്യ ഗാന രചയിതാവ്
X

പി എ അബ്ദുല്‍ റഷീദ്

ഏഴുകൊല്ലം മുമ്പ് കൊതുകിനെ കുറിച്ച് കൊച്ചിന്‍ മിമി പാടിയ 'കുന്നോളം കൊതുകുകള്‍ വലംവച്ചു പറക്കുമീ തീരദേശം, അതാണ് കൊച്ചിന്‍ കോര്‍പറേഷന്‍' ഇന്നും സോഷ്യല്‍ മീഡിയയില്‍ തരംഗമാണ്. കൊതുകിനെ കുറിച്ച് എത്ര പരാതി പറഞ്ഞാലും മതിവരാത്ത നഗരവാസിയുടെ അനുഭവവിവരണമാണ് ഈ 'ഗാനനിവേദനം'. നാലു ലക്ഷത്തിലധികം പേര്‍ മിമിയുടെ ഈ കൊതുകുപരാക്രമം കണ്ടിട്ടുണ്ട്. കുടുംബക്കാര്‍ക്ക് ഹമീദ്കുട്ടിയായ മുളയ്ക്കലകത്ത് അബ്ദുല്‍ ഹമീദ് എന്ന കലാകാരനാണ് കൊച്ചിന്‍ മിമി എന്ന പേരില്‍ അറുപതുകളുടെ അവസാനത്തിലെത്തിയിട്ടും പാരഡിഗാനങ്ങളുടെ രചന നടത്തിയും പാരഡി പാടിയും അരങ്ങു തകര്‍ക്കുന്നത്.

ഹമീദ് കുട്ടിക്ക് കൊച്ചുനാള്‍ മുതലേ ഒന്നിനും സീരിയസ്‌നെസ് തോന്നാറില്ല. എല്ലാം ഹാസ്യമയമായേ ആ മനസ്സില്‍ വരൂ. കോമഡിപാട്ടുകളോട് അന്നേ പ്രിയമാണ്. ഇന്ന് പ്രശസ്ത പിന്നണിഗായകനായ അഫ്‌സലിന്റെ പിതാവ് ഇസ്മയിലിന്റെ വീട്ടില്‍ സംഗീതത്തില്‍ താല്‍പര്യമുള്ളവരൊക്കെ ഒരു കാലത്ത് ഒത്തുകൂടാറുണ്ടായിരുന്നു. 1975ല്‍ ഒരു ദിവസം ഹമീദും അവിടെ എത്തിച്ചേര്‍ന്നു. അന്ന് അഫ്‌സലിനു മൂന്നു വയസ്സേ ഉള്ളൂ. മുഹമ്മദ് റഫിയുടേയും തലത്ത് മഹ്മൂദിന്റെയും പാട്ടുകള്‍ സദസ്സില്‍ ആലപിക്കപ്പെടുമ്പോള്‍ ഇതൊക്കെ കോമഡി രൂപത്തില്‍ ഹമീദ് കുട്ടിയുടെ മനസ്സില്‍ ഉദിച്ചുയര്‍ന്നു. അഫ്‌സലിന്റെ മൂത്ത സഹോദരന്‍ ഷക്കീര്‍ ആണ് ഹമീദിന്റെ അഭിരുചി തിരിച്ചറിഞ്ഞ് കലാഭവന്‍, ഹരിശ്രീ, സിഎസി റിക്കാര്‍ഡിങ് സ്റ്റുഡിയോകളിലേക്ക് വിളിച്ചുകൊണ്ടുപോയത്.

പാരഡികളുടെ ഉദയം അവിടെ നിന്നായിരുന്നു. വി ഡി രാജപ്പനൊക്കെ കത്തിനില്‍ക്കുന്ന കാലമാണ്. 'ഒരു മധുരക്കിനാവിന്റെ... എന്ന ഹിറ്റ് ഗാനം ഹമീദ് എഴുതി പാടിയത്. 'മധുര ക്കിഴങ്ങിന്റെ വലുപ്പത്തില്‍ അവളുടെ പിടലിക്ക് മുഴ വന്നു' എന്നായിരുന്നു. 'നാണമാകുന്നു മേനി നോവുന്നു' എന്ന പാട്ട് 'ആരും കാണാതെ ആന്റപ്പന്‍ചേട്ടന്‍ എന്റെ കൈയില്‍ ലേഖനം തന്നു' എന്ന രീതിയിലും. ഹാസ്യഗാനരംഗത്ത് ഹമീദ് ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങി. സരിഗയുടെ ബാനറില്‍ 25000 ഓഡിയോ കാസറ്റുകളാണ് അന്നു വിറ്റുപോയത്. സ്വന്തമായി 200 കാസറ്റുകള്‍ ഇറക്കിയിട്ടുണ്ട്. മൊത്തം 320 ഓഡിയോ കാസറ്റുകള്‍.

അന്നത്തെ കൂട്ടുകാരിലൊരാള്‍ നാദിര്‍ഷയാണ്. ആ കൂട്ടുകെട്ട് ഇന്നും തുടരുന്നു. 40 കാസറ്റുകളില്‍ ഹമീദ്, നാദിര്‍ ഷയോടൊപ്പമുണ്ട്. അയ്യപ്പഗാനങ്ങളും ക്രിസ്തീയ ഭക്തിഗാനങ്ങളും പാടി തുടങ്ങിയപ്പോള്‍ ഹമീദ് കൊച്ചിന്‍ മിമി ആയി മാറുകയായിരുന്നു. പള്ളുരുത്തിയില്‍ ഒരു ക്ഷേത്രത്തില്‍ ഒരു കൊല്ലത്തോളം മിമി പാടിയ ഭക്തിഗാനമുള്‍പ്പെടുത്തിയിരുന്നു. ഇതിനിടെ വീഡിയോ ആല്‍ബങ്ങളും ഇറങ്ങി. 'ബോബി' എന്ന ചിത്രത്തിലെ ഹംതും ഏക് കമ്‌രേമെ ബന്ദ് ഹോ, അന്ത്രു പുതിയാപ്ലയും പാത്തുമ്മ പുതുപ്പെണ്ണുമായി മാറ്റി ഇറക്കിയതാണ് ആദ്യവീഡിയോ ആല്‍ബം. ക്രിക്കറ്റിനെ കശക്കിയെറിഞ്ഞ മിമിയുടെ പാട്ടാണ് 'എട്ടില്‍ പഠിക്കുന്ന കുട്ടി, ക്രിക്കറ്റിന്റെ പന്തടിച്ചു, ചെന്നു കൊണ്ടത് അപ്പന്റെ മണ്ടയ്ക്ക്, മണ്ട പൊളിഞ്ഞു തരിപ്പണമായി...'

നാദിര്‍ ഷ മിമിയെ ഗുരുസ്ഥാനത്താണു നിര്‍ത്തിയിരിക്കുന്നതെങ്കിലും മിമിക്ക് ആ സ്ഥാനം വേണ്ട. ദിലീപും വലിയ സുഹൃത്താണ്. സിനിമയിലേക്കു ചേക്കേറാന്‍ ശ്രമിക്കാത്തതെന്തേ എന്നു ചോദിച്ചപ്പോള്‍ കൂടെപ്പിറപ്പായ അലസതയും മടിയും തന്നെയാണ് കാരണമെന്നു മിമി പറഞ്ഞു. ചാന്‍സ് ചോദിച്ച് ആരുടെ അടുത്തും പോയില്ല. നാദിര്‍ ഷ തന്റെ രണ്ടു പടത്തില്‍ മിമിക്ക് ചാന്‍സ് കൊടുത്തു. നാദിര്‍ഷയുടെ 'കട്ടപ്പനയിലെ ഋതിക്‌റോഷനി'ലും 'അമര്‍ അക്ബര്‍ അന്തോണി'യിലും ചെറിയ റോളില്‍ മിമി അഭിനയിച്ചു. കൊച്ചിന്‍ ഹനീഫയും സൈനുദ്ദീനും മിമിയുടെ സുഹൃത്തുക്കളായിരുന്നു.

അബ്ദുല്‍ ഖാദര്‍ കാക്കനാട് രചന നടത്തിയ എട്ടോളം വീഡിയോ ആല്‍ബങ്ങള്‍ ഇതിനകം പുറത്തിറങ്ങി. സമുദായത്തിലെ ഭിന്നിപ്പിനെതിരേയുള്ള പടവാളായിരുന്നു 'സമുദായമേ തര്‍ക്കം വിടൂ, ഐക്യപ്പെടൂ' എന്ന ആല്‍ബം. മിമി, അസീസ് ദാറുസ്സലാമിനോടൊപ്പം ചേര്‍ന്ന് ഇറക്കിയതാണ് 'മഹ്ശറ' എന്ന ആല്‍ബം. സംഗീതം ചിട്ടപ്പെടുത്തിയത് മിമി തന്നെ. വലിയ വാദ്യോപകരണങ്ങള്‍ ഇല്ലാതെ ദഫ്മുട്ടിന്റെ അകമ്പടിയോടെയാണ് ഇതിന്റെ സംഗീതം പിറന്നത്. ഇതില്‍ അഫ്‌സല്‍ പാടിയിട്ടുണ്ട്. ഏറ്റവും ഒടുവില്‍ ഇറങ്ങിയതാണ് ആധാര്‍ ലവ്.

ഏക് ആധാര്‍ ലവ് എന്ന പേരില്‍ ഹിന്ദി കോമഡി ആല്‍ബവും ഇറക്കി. കോമഡി പാരഡി രചിക്കപ്പെടുമ്പോള്‍ സഭ്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കപ്പെടരുതെന്ന് മിമിക്ക് നിര്‍ബന്ധമുണ്ട്.സപ്തതിക്ക് അധികം നാളില്ലെങ്കിലും മിമിയുടെ മനസ്സ് ഇന്നും യൗവനയുക്തമാണ്; ഹാസ്യരസപ്രദാനവുമാണ്. പുതിയ വിഷയങ്ങള്‍ മനസ്സിലുദിച്ചാല്‍ രചന ഉടന്‍ നടന്നിരിക്കും. ആലാപനവും വൈകിക്കാറില്ല. ആലുവ കുന്നത്തേരിയിലാണ് മിമി താമസിക്കുന്നത്. നസീമ, ഭാര്യ. മുഹമ്മദ് അനസ്, ഹാരിസ് എന്നിവര്‍ മക്കള്‍.
Next Story

RELATED STORIES

Share it