Movies

മലയാളി നെഞ്ചേറ്റിയ സുമേഷേട്ടന്‍; കുടുംബ പ്രേക്ഷകരെ നര്‍മത്തിലൂടെ വിസ്മയിപ്പിച്ച വിപി ഖാലിദ് ഇനി ഓര്‍മ

മലയാളി നെഞ്ചേറ്റിയ സുമേഷേട്ടന്‍; കുടുംബ പ്രേക്ഷകരെ നര്‍മത്തിലൂടെ വിസ്മയിപ്പിച്ച വിപി ഖാലിദ് ഇനി ഓര്‍മ
X

തിരുവനന്തപുരം: വിപി ഖാലിദ് എന്ന നടന്റെ പേര് മലയാളിക്ക് ഒട്ടും സുപരിചിതമല്ലെങ്കിലും സുമേഷേട്ടനെ എല്ലാവര്‍ക്കും നല്ല പരിചയമാണ്. പ്രത്യേകിച്ച് ടിവി കുടുംബ പ്രേക്ഷകര്‍ക്ക്. മറിമായം എന്ന കോമഡി സീരീസിലെ സുമേഷേട്ടനെ മലയാളി ഇരും കൈയ്യും നീട്ടി സ്വീകരിച്ചിരുന്നു. ചെയ്യുന്ന കഥാപാത്രങ്ങളില്‍ നര്‍മ്മം ചാലിച്ച് പ്രേക്ഷക മനസ്സില്‍ ഇടം നേടാന്‍ ഖാലിദിന് കഴിഞ്ഞു. കഥാപാത്രങ്ങള്‍ക്ക് പ്രായം ഒരു തടസ്സമല്ല എന്ന് കാണിച്ച പ്രതിഭ കൂടിയായിരുന്നു ഖാലിദ്. പടുവൃദ്ധയാനയും ഫ്രീക്കനായും മദ്യപാനിയുമായൊക്കെ സുമേഷേട്ടന്‍ മലയാളികളുടെ മനസ്സില്‍ ഇടം നേടി.

ഖാലിദിന്റെ രൂപവും ഭാവവും മതി സംഭാഷണമില്ലങ്കില്‍ പോലും ചിരി പടര്‍ത്താന്‍. പാട്ട്, നൃത്തം, അഭിനയം, മാജിക്, നാടകരചന, സംവിധാനം, മേക്കപ്പ് തുടങ്ങി വിവിധ മേഖലകളില്‍ അദ്ദേഹം പ്രാഗദ്ഭ്യം തെളിയിച്ചിട്ടുണ്ട്. വിപി ഖാലിദ് എന്ന പേരിനേക്കാള്‍ കൊച്ചിന്‍ നാഗേഷ് എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. പ്രഫഷണല്‍ നാടകരംഗത്ത് കൊച്ചിന്‍ സനാതനയുടെ 'എഴുന്നള്ളത്ത്', ആലപ്പി തിയറ്റേഴ്‌സിന്റെ 'ഡ്രാക്കുള', 'അഞ്ചാം തിരുമുറിവ്' എന്നിങ്ങനെ പല സൂപ്പര്‍ഹിറ്റ് നാടകങ്ങളിലൂടെയും ഖാലിദ് ശ്രദ്ധേയനായിട്ടുണ്ട്. ഫോര്‍ട്ട് കൊച്ചിയില്‍ നിന്നുള്ള ആംഗ്ലോ ഇന്ത്യന്‍ ശൈലി വെസ്‌റ്റേണ്‍ ഡാന്‍സില്‍ നിറച്ച് തന്റേതായ ശൈലി ഖാലിദ് കൊണ്ടുവന്നിട്ടുണ്ട്. റോക്ക് & റോള്‍, ട്വിസ്റ്റ് നൃത്ത ശൈലികളൊക്കെ ആകര്‍ഷകമായ രീതിയില്‍ ഖാലിദ് അവതരിപ്പിച്ചിട്ടുണ്ട്. തുടര്‍ന്ന് മന്ത്രികനുമായി. ആദ്യകാല മാജിക് ആചാര്യനായ വാഴക്കുന്നം നമ്പൂതിരിയില്‍ നിന്നാണ് ഖാലിദ് മാജിക്ക് അഭ്യസിച്ചത്.


സൈക്കിള്‍ യജ്ഞക്യാംപില്‍ റെക്കോര്‍ഡ് ഡാന്‍സറായുള്ള പ്രകടനം കാണികളുടെ ശ്രദ്ധ പിടിച്ചു പറ്റാനായതോടെ നൃത്തം, സംഗീതം, പാവകളി, മാജിക്, സര്‍ക്കസ് തുടങ്ങിയ കലാരൂപങ്ങളൊക്കെ കോര്‍ത്തിണക്കിക്കൊണ്ട് ടിക്കറ്റ് ഷോ പ്രകടനങ്ങള്‍ അദ്ദേഹം നടത്തിയിരുന്നു. 1973ല്‍ പിജെ ആന്റണി സംവിധാനം ചെയ്ത 'പെരിയാര്‍' എന്ന സിനിമയിലൂടെ ആണ് ഖാലിദ് മലയാള സിനിമയുടെ ഭാഗമാകുന്നത്. 'ഏണിപ്പടികള്‍', 'പൊന്നാപുരം കോട്ട' തുടങ്ങിയ ചിത്രങ്ങളിലും ഖാലിദ് വേഷമിട്ടു. ഛായാഗ്രാഹകനും സംവിധായകനുമായ ഷാജി ഖാലിദ്, ഛായാഗ്രാഹകരായ ഷൈജു ഖാലിദ്, ജിംഷി ഖാലിദ്, സംവിധായകനായ ഖാലിദ് റഹ്മാന്‍ എന്നെ മലയാള സിനിമ മേഖലയിലെ മുന്‍നിര പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ മക്കളാണ്. മകള്‍ ജാസ്മിനും സ്‌കൂള്‍കോളേജ് നൃത്തവേദികളില്‍ സജീവമായിരുന്നു.

സിനിമയോടുള്ള അടങ്ങാത്ത ആഗ്രഹവും സ്‌നേഹവും കലയോടുള്ള അഭിനിവേശവും ഖാലിദിന്റെ പ്രകടനത്തില്‍ മാത്രമല്ല സംസാരത്തില്‍ നിന്നും വ്യക്തമാണ് എന്നാണ് ചിത്ര സംയോജകനായ സൈജു ശ്രീധരന്‍ പറയുന്നത്. ഖാലിദുമായുള്ള ഒരു സംഭാഷണത്തെ കുറിച്ച് ഒരിക്കല്‍ അദ്ദേഹം പങ്കുവച്ച കുറിപ്പ് ഇങ്ങനെ;

ഇന്നലെ ഞാന്‍ ഇടുക്കി ഗോള്‍ഡ് കണ്ട ശേഷം മിക്ക വെള്ളിയാഴ്ചകളിലും പോവുന്ന പോലെ, ഫോര്‍ട്ട് കൊച്ചിയിലേക്ക് ചുമ്മാ ഒന്ന് കറങ്ങാന്‍ ഇറങ്ങി. വേറെ ഒരു പണിയും അങ്ങനെ ഇല്ലാത്തതുകൊണ്ടൊന്നും അല്ലാന്ന് കൂട്ടിക്കോ. അവിടെയും ഇവിടെയും കറങ്ങി, ഒരു പാക്കറ്റ് കപ്പലണ്ടിയും കൊറിച്ചുകൊണ്ട് പാര്‍ക്കില്‍ ഇരിക്കുമ്പോ എന്റെ അടുത്തിരുന്ന കുറച്ച് പ്രായമായ, ഏകദേശം അറുപതിനോട് പ്രായം വരുന്ന കുറച്ച് ആള്‍ക്കാരുടെ സംസാരം കേള്‍ക്കാന്‍ ഇടയായി. ഞാന്‍ അവരെ ശ്രദ്ധിക്കാന്‍ കാരണം അവര്‍ ചര്‍ച്ച ചെയ്തിരുന്ന വിഷയം സിനിമ ആയിരുന്നു. ഇന്നത്തെ സിനിമ. ഇന്നിറങ്ങുന്ന സിനിമകളെ കുറിച്ചും, അവയിലെ സാങ്കേതിക മികവുകളെ കുറിച്ചും ഒക്കെയായിരുന്നു അവരുടെ സംസാരം. എന്നിലെ സിനിമ പ്രാന്തന് ഇതൊരു അത്ഭുതം ആയിരുന്നു. കാരണം പ്രായമായിട്ടും ഇവരിലെ സിനിമ പ്രാന്ത് കണ്ടിട്ട്.

ഞാന്‍ അവരെ പരിചയപ്പെട്ടു. കൂട്ടത്തില്‍ ഒരാളെ അവര്‍ എനിക്ക് പരിചയപ്പെടുത്തുകയും ചെയ്തു. ഖാലിദ് എന്ന കലാകാരനും സിനിമ സ്‌നേഹിയുമായ ഒരാളെ. അദ്ദേഹത്തെ പക്ഷെ അവര്‍ പരിചയപ്പെടുത്തിയത് ഷൈജു ഖാലിദ് എന്ന സിനിമാറ്റോഗ്രാഫറും സംവിധായകനുമായ ഒരു സിനിമ പ്രേമിയുടെ അച്ഛന്‍ എന്ന പേരില്‍ ആയിരുന്നു. കുറച്ചു നേരത്തെ സംസാരത്തിനിടയ്ക്ക് അദ്ദേഹം പറഞ്ഞു, 'ഞാന്‍ 'ഡാ തടിയാ'യില്‍ അഭിനയിച്ചിട്ടുണ്ട്. ശ്രീ കമല്‍ സംവിധാനം ചെയ്യുന്ന 'നടന്‍' എന്ന ചിത്രത്തിലും ഒരു വേഷം ചെയ്യുന്നു.' അതിനെ കുറിച്ചൊക്കെ അദേഹം വാചാലനായപ്പോള്‍ പച്ചയായ ഒരു മനുഷ്യന്റെ സിനിമയോടുള്ള അടങ്ങാത്ത അഭിനിവേശവും, ആഴത്തില്‍ സിനിമയെ സ്‌നേഹിക്കുന്ന ഒരു മനസ്സുമാണ് എനിക്ക് കാണാന്‍ കഴിഞ്ഞത്. പിന്നീടുള്ള 15-20 മിനിറ്റിനുള്ളില്‍ അദ്ദേഹത്തില്‍ നിന്ന് ഞാന്‍ കേട്ടത് ഫോര്‍ട്ട് കൊച്ചിയിലെ ഒരു കലാകാരന്റെയും സിനിമ സ്‌നേഹിയുടെയും വാക്കുകള്‍ ആയിരുന്നു.

ഷൈജു ഖാലിദ് ആദ്യമായി സ്‌റ്റേജില്‍ കേറി ഫാന്‍സി ഡ്രസ്സ് അവതരിപ്പിച്ച് സമ്മാനം വാങ്ങിയത് മുതലുള്ള പല കഥകളും അദ്ദേഹം എന്നോട് പറഞ്ഞു. ഞാന്‍ അത്ഭുതത്തോടെയാണ് ഇതൊക്കെ കേട്ടിരുന്നത്. ഒരു ഷൈജു ഖാലിദ് ഫാന്‍ ആണെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ ഖാലിദ് എന്ന മനുഷ്യനിലെ, അച്ഛന്റെ കണ്ണുകളില്‍ ഞാന്‍ കണ്ട പ്രകാശത്തിനു വെളിച്ചം ഏറെയായിരുന്നു. ഷൈജു ഖാലിദ്, നിങ്ങള്‍ സിനിമയില്‍ എന്തെങ്കിലും ആയിട്ടുണ്ടെങ്കില്‍, നിങ്ങളുടെ വര്‍ക്കുകള്‍ സിനിമ പ്രേമികള്‍ സ്വീകരിച്ചിട്ടുണ്ടെങ്കില്‍, നിങ്ങളെ മലയാളികള്‍ ഇന്ന് ഇഷ്ട്ടപ്പെടുന്നു എന്നുണ്ടെങ്കില്‍ അതിനുള്ള ഒന്നാമത്തെ കാരണം നിങ്ങളുടെ വാപ്പയുടെ നിഷ്‌ക്കളങ്കമായ കലയോടുള്ള, സിനിമയോടുള്ള സ്‌നേഹം കൊണ്ടാണ്.

ഈ പ്രായത്തിലും സിനിമയോടുള്ള ആ ഒരു അഭിനിവേശം കാണുമ്പോള്‍ എനിക്ക് എന്തെന്നില്ലാത്ത സന്തോഷമാണ് തോന്നിയത്. ഇനിയും ഉണ്ടാവട്ടെ, നല്ല സിനിമകള്‍ നിങ്ങളില്‍ നിന്നും. ഇനിയും ഉണ്ടാവട്ടെ, ദ്രിശ്യഭംഗി, നിങ്ങളുടെ ക്യാമറയിലൂടെ.

അടിക്കുറിപ്പ്: അവിടുന്ന് തിരിച്ചു വന്നു, ഇതെഴുതുന്ന ഈ നിമിഷം വരെ എന്റെ മനസ്സില്‍ കലയെ സ്‌നേഹിക്കുന്ന ആ കലാകാരന്റെ ചിരിക്കുന്ന മുഖമാണ് മായാതെ നില്‍ക്കുന്നത്. ഇനി എന്ന് ഞാന്‍ ഫോര്‍ട്ട് കൊച്ചിയില്‍ പോയാലും ഖാലിദ് ഇക്കയെ കാണാന്‍ ശ്രമിക്കും. ഉറപ്പ്. മലയാള സിനിമ സീരിയല്‍ മേഖലയ്ക്ക് ഖാലിദ് എന്ന സുമേഷേട്ടന്‍ ഒരു തീരാ നഷ്ടം തന്നെയാണ്.

Next Story

RELATED STORIES

Share it