Movies

വാരിയന്‍ കുന്നനും മലയാള സിനിമയുടെ രാഷ്ട്രീയവും

ലോകത്തിലെ ആദ്യത്തെ ഫിലിം ഫെസ്റ്റിവല്‍ നടന്നത് മുസ്സോളിനി ഭരിച്ച ഇറ്റലിയിലായിരുന്നു, 1932ല്‍.

വാരിയന്‍ കുന്നനും മലയാള സിനിമയുടെ രാഷ്ട്രീയവും
X

-യാസിര്‍ അമീന്‍

പൊതുജനത്തോട് ഏറ്റവും ശക്തമായ രീതിയില്‍ സംവദിക്കുന്ന മാധ്യമമാണ് സിനിമ. ഒരേ സമയം കാഴ്ചകൊണ്ടും കേള്‍വികൊണ്ടും ഒരാളുടെബോധവുമായി സിനിമ സംവദിക്കുന്നതിനാല്‍ തന്നെ മറ്റ് ഏതൊരു കലയേക്കാളേറെ ഒരാളുടെ കാഴ്ചപാടുകളെ സ്വാധീനിക്കാന്‍ സിനിമയ്ക്ക് കഴിയും. ഈ സാധ്യത ഏറ്റവും കൂടുതല്‍ മനസ്സിലാക്കിയത് ലോകത്തിലെ ഫാഷിസ്റ്റുകളാണ് എന്ന് ചരിത്രം പരിശോധിക്കുമ്പോള്‍ നമുക്ക് ബോധ്യമാകും.

ലോകത്തിലെ ആദ്യത്തെ ഫിലിം ഫെസ്റ്റിവല്‍ നടന്നത് മുസ്സോളിനി ഭരിച്ച ഇറ്റലിയിലായിരുന്നു, 1932ല്‍. എന്തുകൊണ്ടാകാം മുസ്സോളിനിയെപോലെയുള്ളൊരു ഫാഷിസ്റ്റ് സിനിമയെ പ്രോല്‍സാഹിപ്പിച്ചതും ഒരു ഫെസ്റ്റിവല്‍ തന്നെ സംഘടിപ്പിച്ചതും? കാര്യം വ്യക്തമാണ്. സിനിമ ശക്തമായൊരു ആയുധമാണ്. ഇന്ത്യയില്‍ സിനിമയെ ഉപയോഗിച്ചിരുന്നത് ബ്രാഹ്മണ്യത്തെ ഊട്ടിയുറപ്പിക്കുന്നതിന് വേണ്ടിയായിരുന്നു. ഒരു പരിധിവരെ ഇപ്പോഴും അങ്ങനെതന്നെയാണ്. മലയാള സിനിമയും ബ്രാഹ്മണിക്കല്‍ ലാവണ്യആശയ ബോധത്തില്‍ നിന്ന് മുക്തമല്ല. വാരിയന്‍ കുന്നന്‍ എന്ന സിനിമക്കെതിരേ ഉയരുന്ന പ്രതിഷേധം ഒരു സുപ്രഭാതത്തില്‍ പൊട്ടിമുളച്ചതാണെന്ന് തോന്നുന്നില്ല. കാലങ്ങളായി വലിയൊരു ശതമാനം മലയാളി പ്രേക്ഷകരുടെ അകമെ കുടികൊള്ളുന്ന ഒരു തരം വിഭാഗീയസവര്‍ണ ബോധത്തിന്റെ ചൊരുക്കാണ് വാരിയന്‍കുന്നന്‍ എന്ന സിനിമയുടെ വിഷയത്തില്‍ നമ്മള്‍ കണ്ടത്. അതിനാല്‍ തന്നെ മലയാള സിനിമയുടെ രാഷ്ട്രീയ വിശകലനം വര്‍ത്തമാനകാലം ആവശ്യപ്പെടുന്നുണ്ട്.

വികതകുമാരനിലെ ദലിത് സ്ത്രീ

വിഗതകുമാരനാണ് മലയാളത്തിന്റെ ആദ്യ സിനിമ. 1928 ലാണ് ജെ സി ഡാനിയേല്‍ ഈ സിനിമ സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ നായികയായിരുന്ന പികെ റോസി എന്ന ദലിത് സ്ത്രീയെ നാടുകടത്തിയാണ് മലയാളിയുടെ സവര്‍ണ ബോധം ആദ്യസിനിമയെ വരവേറ്റത്. പിന്നീട് വന്ന സിനിമകളില്‍ 90 ശതമാനം സിനിമകളും അപരവല്‍ക്കരണ പ്രത്യേയശാസ്ത്രത്തിന്റെ ഉഭോല്‍പ്പന്നങ്ങളായിരുന്നു. അഥവാ ദലിത്, മുസ്‌ലിം സ്വത്വങ്ങള്‍ മലയാള സിനിമയുടെ സവര്‍ണലാവണ്യബോധത്തിന് പുറത്തായിരുന്നു. ഇനി ദലിതനും മുസ്‌ലിമും സിനിമയില്‍ പ്രത്യതക്ഷപ്പെടുന്നുണ്ടെങ്കില്‍ തന്നെ തമാശയ്ക്ക് വേണ്ടിയോ അല്ലെങ്കില്‍ പ്രതിനായകസ്ഥാനത്തോ ആയിരിക്കും. അത്തരം സിനിമകളാണ് നമ്മള്‍ ഇവിടെ ചര്‍ച്ചയ്ക്ക് എടുക്കുന്നത്. മലയാളി ഏറെ ആഘോഷിച്ച, ഇന്നും ആഘോഷിക്കുന്ന പത്മരാജന്‍ സിനിമയാണ് തൂവാനതുമ്പികള്‍. മണ്ണാര്‍ത്തൊടി ജയകൃഷ്ണന്‍ എന്ന മോഹലാലിന്റെ നായക കഥാപാത്രത്തിന് ജഗതി അവതരിപ്പിക്കുന്ന കുടിയാന്‍ കഥാപാത്രം കണ്ണിലെ കരടാണ്. താന്‍ വിശാലമായ ഭൂമിയുടെ ഉടമയാണെന്നു പറയുന്ന ജയകൃഷ്ണന്‍ തന്നെയാണ് തന്റെ വീടിന്റെ മുന്നില്‍ കുടില്‍ കെട്ടി താമസിക്കുന്ന കുടിയാനോട് അവിടെ നിന്നു മാറാനും അതിനു സമ്മതിക്കാതെ വരുമ്പോള്‍ സഹൃത്തുക്കളെ ഉപയോഗിച്ച് ആ കഥാപാത്രത്തെ ഒഴിപ്പിക്കുന്നതും. ഇതെല്ലാം തമാശയോടുകൂടിയാണ് സിനിമയില്‍ അവതരിപ്പിക്കുന്നത്. ശ്രേണീകരണത്തിലധിഷ്ടതമായ ജാതീയത തന്നെയാണ് പത്മരാജന്റെ തൂവാനതുമ്പികളും പറഞ്ഞുവയ്ക്കുന്നത്. ഇത്രയും ജനപ്രീതിയുള്ളൊരു സംവിധായകനും സിനിമയും എങ്ങനെയാണ് കുടിയാനെ ചിത്രീകരിക്കുന്നത് എന്നറിയുമ്പോള്‍ തന്നെ മലയാള സിനിമയില്‍ എത്രത്തോളം ആഴത്തില്‍ ജാതീയത വേരോടിയുട്ടുണ്ടെന്ന് നമുക്ക് മനസിലാകും.

മലയാളത്തിലെ സമാന്തര സിനിമകള്‍

എഴുപതുകളിലാണ് മലയാളത്തില്‍ സമാന്തര സിനിമകള്‍ ആരംഭിക്കുന്നത്. അടുര്‍ ഗോപാലകൃഷ്ണന്‍, ജി അരവിന്ദന്‍, ജോണ്‍ എബ്രഹാം തുടങ്ങി നിരവധി പ്രതിഭാശാലികള്‍ സിനിമ എന്ന രാഷ്ട്രീയായുധത്തെ തിരിച്ചറിയുകയും അത്തരിത്തിലുള്ളൊരു ഫിലിം മൂവ്‌മെന്റിന് തുടക്കമിടുക്കയും ചെയ്തു. അമ്പതുകളില്‍ വെസ്റ്റ് ബംഗാളില്‍ ആരംഭിച്ച സിനിമാ പ്രവര്‍ത്തനത്തിന്റെ ബാക്കിപത്രമായിരുന്നു എഴുപതുകളില്‍ മലയാളത്തില്‍ പ്രതിഫലിച്ചത്. കത്തുന്ന രാഷ്ട്രീയം ചര്‍ച്ച ചെയ്ത സമാന്തര മലയാള സിനിമയോട് കൊമോഴ്ഷ്യല്‍ സിനിമ പ്രതികരിച്ചത് എങ്ങനെയാണെന്ന് ചലചിത്ര നിരൂപകന്‍ കെപി ജയകുമാര്‍ നിരീക്ഷിക്കുന്നുണ്ട്.

അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ഭക്തപുരാണ സിനിമകള്‍ നിര്‍മിച്ചുകൊണ്ടാണ് മലയാള മെയിന്‍സ്ട്രീം സിനിമ സമാന്തര സിനിമകളോട് പ്രതികരിച്ചത്. എഴുപതുകളുടെ അവസാനത്തോടെയാണ് മണ്ഡല്‍ കമ്മീഷന്‍ രൂപംകൊള്ളുന്നത്. എന്‍പതില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. പിന്നോക്ക സമുദായക്കാര്‍ക്ക് ആനൂപാതിക സംവരണം നല്‍കണമെന്ന നിര്‍ദേശമാണ് മണ്ഡല്‍ റിപ്പോര്‍ട്ടില്‍ സമര്‍പ്പിച്ചത്. ഇതിനെ തുടര്‍ന്ന് ഉത്തരേന്ത്യയില്‍ നിരവധി കലാപങ്ങളും പ്രക്ഷോഭങ്ങളും അരങ്ങേറി. സവര്‍ണ ജാതിയില്‍പെട്ട വിദ്യാര്‍ത്ഥികളും ഉദ്യോഗസ്ഥരും ആത്മഹത്യചെയ്തു. എന്‍പതുകളില്‍ നിറഞ്ഞു നിന്ന് ഈ രാഷ്ട്രീയ പ്രതിസന്ധിയോട് കച്ചവട മലയാള സിനിമ എങ്ങനെയാണ് പ്രതികരിച്ചത് എന്ന് പരിശോധിച്ചാല്‍ മെയിന്‍സ്ട്രീം സിനിമകളുടെ രാഷ്ട്രീയം നമുക്ക് മനസ്സിലാകും. തൊഴിലില്ലാത്ത, ദരിദ്രനായ ഉയര്‍ന്ന ജാതിക്കാരന്റെ കഥയാണ് പിന്നീട് മലയാള സിനിമ പറഞ്ഞത്. ടിപി ബാലഗോപാലന്‍ എംഎ, ആര്യന്‍, ഗാന്ധിനഗര്‍ സെക്കന്റ്‌സ്ട്രീറ്റ് തുടങ്ങി നിരവധി സിനിമകള്‍. തീര്‍ത്തും സംവരണ വിരുദ്ധ സിനിമകളായിരുന്നു പിന്നീട് മലയാളത്തില്‍ പിറന്നത്.

നവ ഹിന്ദുത്വ സിനിമകള്‍

മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന് ശേഷം ഇന്ത്യയെ പിടിച്ചുകുലുക്കിയ മറ്റൊരു രാഷ്ട്രീയ പ്രതിസന്ധിയായിരുന്നു ബാബരി മസ്ജിദിന്റെ ധ്വംസനം. ഈ രാഷ്ട്രീയ പ്രതിസന്ധിയോട് മലയാള സിനിമ പ്രതികരിച്ചത് നവ ഹിന്ദുത്വ സിനിമയുടെ അതിപ്രസരണം കൊണ്ടാണെന്ന് സിനിമാനിരൂപകന്‍ ജിപി രാമേന്ദ്രന്‍ നിരീക്ഷിക്കുന്നുണ്ട്. 1993 ല്‍ ഇറങ്ങിയ ധ്രൂവം ദേവാസുരം എന്നീ സിനിമകള്‍ മാത്രം പരിശോധിച്ചാല്‍ മനസ്സിലാകും ബാബരി മസ്ജിദ് തകര്‍ച്ചയ്ക്ക് ശേഷം എങ്ങനെയാണ് മലയാള സിനിമ മുസ്‌ലിം സമുദായത്തെ അന്യവല്‍ക്കരിച്ചതെന്ന്. ധ്രുവം എന്ന സിനിമയില്‍ ക്ഷത്രിയനായ മമ്മുട്ടിയുടെ നായക കഥാപാത്രത്തിന് വില്ലനായി വരുന്നത് തൊപ്പിവച്ച ഹൈദര്‍ മരക്കാര്‍ എന്ന ടൈഗര്‍ പ്രഭാകരന്റെ കഥാപാത്രമാണ്. ഇന്ന് നോക്കുമ്പോള്‍ സ്വാഭാവികമെന്ന് തോന്നുമെങ്കിലും ഈ സിനിമ ഇറങ്ങിയ രാഷ്ട്രീയ സാഹചര്യം കണക്കിലെടുക്കുമ്പോള്‍ മനസ്സിലാകും തൊപ്പിവച്ച ഹൈദര്‍ മരക്കാര്‍ എന്ന കഥാപാത്ര സൃഷ്ടി അത്ര നിഷ്‌കളങ്കമായിരുന്നില്ല എന്ന്. ബാബരി മസ്ജിദിന്റെ തകര്‍ച്ചയ്ക്ക് ശേഷം കലാപവും കൊള്ളിവയ്പ്പും രാജ്യത്താകമാനം പടര്‍ന്നുകൊണ്ടിരിക്കുകയായിരുന്നു. രാജ്യം മുഴുവന്‍ മുസ്ലിങ്ങള്‍ അരക്ഷിതരാകുകയും അപരവല്‍ക്കരിക്കപ്പെടുമ്പോഴുമാണ് ധ്രുവം എന്ന സിനിമയില്‍ ക്ഷത്രിയനായ മന്നാഡിയാര്‍ എന്ന നായകന്‍, ഹൈദര്‍ മരക്കാര്‍ എന്ന മുസ്ലിമിനെ നീതി നടപ്പിലാക്കാന്‍ വേണ്ടി തൂക്കിലേറ്റുന്നത്. ഏതൊരു കലാസൃഷ്ടിയും അന്നത്തെ രാഷ്ട്രീയ സാംസ്‌കാരിക സാഹചര്യത്തോടാണ് ചേര്‍ത്ത് വായിക്കേണ്ടതെങ്കില്‍ ധ്രുവം എന്ന സിനിമ മൃദുഹിന്ദുത്വത്തെ പ്രോല്‍സാഹിപ്പിക്കുന്ന മുസ്ലിം വിരുദ്ധ സിനിമയായിരുന്നു. 97ല്‍ ഇറങ്ങിയ ആറാം തമ്പുരാന്‍ എന്ന സിനിമയില്‍ നാടന്‍ ബോംബ് ആണെങ്കില്‍ മലപ്പുറത്ത് കിട്ടും എന്ന് നായകന്‍ പറയുന്ന ഡയലോഗും അത്തരിത്തിലുള്ളൊരു രാഷ്ട്രീയ വായന ആവശ്യപ്പെടുന്നുണ്ട്. ഒരോ വരി എഴുതുമ്പോഴും തിരകഥാകൃത്ത് ഒരു നൂറുവട്ടം ആലോചിക്കുമെന്നത് ഉറപ്പാണ്്. അതിനാല്‍ ആ ഡയലോഗൊന്നും അത്ര നിഷ്‌കളങ്കമല്ല.

ഈ ചിത്രങ്ങളെല്ലാം കണ്ടു കൈയടിച്ചു ത്രസിച്ചവരാണ് നമ്മള്‍. മനാഡിയാര്‍ ക്ഷത്രിയനാണെന്ന് വീമ്പു പറയുമ്പോഴും മംഗലശ്ശേരി നീലകണ്ഠന്റെ വസ്തുവാങ്ങാന്‍ വരുന്ന ഗള്‍ഫുകാരന്‍ മുസ്‌ലിമിനെ കുലമഹിമ പ്രസംഗിച്ച് ആട്ടിയറക്കി വിടുമ്പോഴോ, ഒരു കുടിയാനെ മണ്ണാരത്തൊടി ജയകൃഷ്ണന്‍ നാടുകടത്തുമ്പോഴോ നമുക്ക് അറപ്പോ വെറുപ്പോ സംസ്‌കാരശൂന്യതയോ അനുഭവപ്പെട്ടില്ല. പകരം അടുത്തസീനിനായി കയ്യടിച്ചുകാത്തിരുന്നു. മലയാള കച്ചവടസിനിമ സിനിമ വളര്‍ത്തിയ ബ്രാഹ്മണിക്കല്‍ കാഴ്ചാബോധമെ ഇപ്പോഴും മലയാളിക്കുള്ളു. അതിനപ്പുറം ഒന്നും കാണാന്‍ നമുക്കു കഴിയുന്നില്ല. ആദ്യം തച്ചുടയ്‌ക്കേണ്ടത് അത്തരം കണ്ണടകളാണ്.

Next Story

RELATED STORIES

Share it