Movies

പാ രഞ്ജിത്ത്; സിനിമയും രാഷ്ട്രീയവും

പാ രഞ്ജിത്ത്; സിനിമയും രാഷ്ട്രീയവും
X

യാസിര്‍ അമീന്‍

എന്താണ് കലയുടെ ലക്ഷ്യം? അല്ലെങ്കില്‍ കലയ്ക്ക് മുന്‍കൂട്ടി തീരുമാനിച്ച ഒരു ലക്ഷ്യമുണ്ടോ? തുടങ്ങി കലയെ സംബന്ധിച്ച് നിരവധി സംവാദങ്ങള്‍ കലയുടെ തുടക്കംമുതലെ ചിന്തകന്‍മാര്‍ക്കിടയില്‍ നടന്നുവരുന്ന ഒന്നാണ്. കല കലയ്ക്കുവേണ്ടിമാത്രം (art for art's sake) എന്നാണ് പത്തൊമ്പതാം നൂറ്റാണ്ടുമുതല്‍ പൊതുവെ കലാകാരന്മാര്‍ സ്വീകരിച്ചുപോരുന്നൊരു നയം. കല കലയ്ക്ക് വേണ്ടിയാണെന്ന് സമ്മതിച്ചാലും സമൂഹത്തെ സ്വാധീനിക്കാന്‍ കലയ്ക്കാകും എന്നത് ഒരു വസ്തുതയാണ്. മനുഷ്യവികാരങ്ങളെ വിമലീകരിക്കുകയാണ് കലയുടെ ലക്ഷ്യമെന്ന്് പ്രമുഖ ഗ്രീക്ക് ചിന്തകനായ അരിസ്‌റ്റോട്ടില്‍ പറയുന്നുണ്ട്. ഒരു സമൂഹത്തിന്റെ ചിന്താഗതിയെ മാറ്റിമറിക്കാന്‍ സിനിമ ഉള്‍പ്പടെയുള്ള കലക്ക് സാധ്യമാണ്. ആ സ്വാധീനം ഏറ്റവും പുരോഗമനപരമായി ഉപയോഗിച്ച സംവിധായകനാണ് പാ രഞ്ജിത്ത്.


വേണമെങ്കില്‍ തമിഴ് സിനിമയെ പാ രഞ്ജിത്തിന് മുമ്പും ശേഷവും എന്ന് തിരിക്കാനാവുന്നതാണ്. ഇവിടെ ചര്‍ച്ച ചെയ്യുന്നത് പാ രജ്ഞിത്ത് ടച്ച് തമിഴ് സിനിമക്കു സമ്മാനിച്ച പുതിയ ഭാവുകത്വത്തെക്കുറിച്ചാണ്. സവര്‍ണ, ബ്രാഹ്മണിക്കല്‍ സൗന്ദര്യ സങ്കല്‍പ്പങ്ങള്‍ പൊതുസൗന്ദര്യബോധമായി തെറ്റിധരിച്ച് അതുംപേറി നടന്നിരുന്നവരാണ്, നടക്കുന്നവരാണ് ഇന്ത്യന്‍ സമൂഹം. ഇന്ത്യയിലെ സിനിമകളും ഈ പൊതുബോധത്തിന്റെ ഉപോല്‍പ്പന്നമായാണ് ഉണ്ടായിട്ടുള്ളത്. ഇന്ത്യന്‍ സിനിമയുടെ തുടക്കംപോലും പുരാണസിനിമകളില്‍ നിന്നായിരുന്നു. നൂറ്റാണ്ടുകഴിഞ്ഞിട്ടും ആ ബോധത്തിന് മാറ്റം വന്നിട്ടില്ല എന്നതാണ് വസ്തുത. സവര്‍ണത തന്നെയാണ് ഇന്നും ഇന്ത്യന്‍ സിനിമയുടെ മുഖമുദ്ര. അതില്‍ നിന്ന് വ്യതിചലിച്ച് സഞ്ചരിച്ച സിനിമകളായിരുന്നു സമാന്തര സിനിമകള്‍. മലയാളം, ബംഗാളി, മറാത്തി തുടങ്ങിയ നിരവധി ഭാഷയില്‍ മുഖ്യധാരയെ ചോദ്യം ചെയ്തു സമാന്തര സിനിമകള്‍ ഉണ്ടാകാന്‍ തുടങ്ങി. മനുഷ്യന്റെ രാഷ്ട്രീയഅസ്തിത്വ പ്രശ്‌നങ്ങളാണ് സമാന്തര സിനിമകള്‍ അധികമായും ചര്‍ച്ചയ്ക്ക് വച്ചത്. ഈ സമാന്തര സിനിമകളെ ചേര്‍ത്ത് പിടിച്ചുകൊണ്ടാണ് ഇന്ത്യന്‍ സിനിമയില്‍ ജാതിവിരുദ്ധ രാഷ്ട്രീയം സംസാരിക്കുന്ന സിനിമകള്‍ ഉണ്ടായിട്ടുള്ളത്. മറാത്ത സംവിധായകന്‍ നാഗരാജ് മഞ്ജുളയെ പോലുള്ള നിരവധി സംവിധായകര്‍ ജാതിവിരുദ്ധ രാഷ്ട്രീയം തങ്ങളുടെ സിനിമകളിലൂടെ സംസാരിച്ചു. എന്നാല്‍ അപ്പോഴും ഈ സിനിമകള്‍ കച്ചവട സിനിമകളില്‍ നിന്ന് വേറിട്ടുനിന്നു. തമിഴ് സിനിമയും അത്തരം പരിസരത്തിലൂടെയാണ് വികസിച്ചുവന്നത്. എന്നാല്‍ തമിഴ് സിനിമയില്‍ പ്രത്യക്ഷമാറ്റമുണ്ടാക്കിയത് സംവിധായകന്‍ പാ രഞ്ജിത്തായിരുന്നു. ജയ്ഭീം പോലുള്ള ഒരു രാഷ്ട്രീയ സിനിമ തമിഴില്‍ സംഭവിക്കാന്‍ പോലും കാരണം പാ രഞ്ജിത്ത് തുറന്നിട്ട പുതുവഴി തന്നെയാണ്.


സമാന്തരസിനിമയ്ക്കും കൊമേഴ്ഷ്യല്‍ സിനിമക്കും ഇടയില്‍ കിടന്നിരുന്ന ഇത്തരത്തിലൂള്ള രാഷ്ട്രീയ സിനിമകളെ മുഖ്യധാരയിലേക്ക് കൊണ്ടുവന്നതാണ് പാ രഞ്ജിത്ത് നടത്തിയ വിപ്ലവം. അഥവാ കച്ചവട സിനിമയുടെ നിലവാരം കൂട്ടുകവഴി പ്രേക്ഷകരുടെ കാഴ്ചപ്പാടും നിലപാടും നിലവാരവും ഉയര്‍ത്തുകയാണ് പാ രജ്ഞിത്ത് ചെയ്തത്. ആദ്യസിനിമയായ അട്ടക്കത്തി മുതല്‍ സിനിമ സ്‌നേഹികളെ സ്വാധീനിക്കാനാണ് രഞ്ജിത്ത് ശ്രമിച്ചത്. എന്നാല്‍ തനിക്ക് പറയാനുള്ള രാഷ്ട്രീയം ക്യത്യമായി പറയുകയും ചെയ്തു.


മദ്രാസ്, കബാലി, കാല തുടങ്ങി തന്റെ സിനിമകളിലൂടെ ജാതിക്കെതിരേ ക്യത്യമായ രാഷ്ട്രീയമാണ് പാ രഞ്ജിത്ത് പറഞ്ഞത്. 'ആഖ്യാനം മാറ്റിമറിച്ചതിന്റെ ക്രെഡിറ്റ് തീര്‍ച്ചയായും പാ രഞ്ജിത്തിനാണ്. അമിതമായ ജാതി അഹങ്കാരത്തെക്കുറിച്ച് സിനിമകള്‍ സംസാരിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍, ജാതിവിരുദ്ധത, അടിച്ചമര്‍ത്തല്‍, അവകാശങ്ങള്‍ എന്നിവയെക്കുറിച്ച് സംസാരിക്കുന്നതിലേക്ക് ആഖ്യാനം മാറിയിരിക്കുന്നു. ഇതാണ് ഈ കാലഘട്ടത്തിന്റെ ആവശ്യം' എന്നാണ് സംവിധായകന്‍ ലെനിന്‍ ഭാരതി പാ രഞ്ജിത്ത് സിനിമകളെ കുറിച്ച് പറഞ്ഞത്. പറയുന്ന രാഷ്ട്രീയത്തില്‍ മാത്രമല്ല, സിനിമയുടെ ആഖ്യാനപരിസരത്തും ക്യത്യമായ മാറ്റം കൊണ്ടുവന്ന സംവിധായകനാണ് പാ രഞ്ജിത്ത്. നായകനില്‍ മാത്രം ചുറ്റി സഞ്ചരിക്കുന്നതായിരുന്നു അതുവരെയുള്ള തമിഴ് സിനിമകളുടെ പൊതുവായ ആഖ്യാന രീതി. എന്നാല്‍ പാ രഞ്ജിത്ത് തന്റെ സിനികളിലൂടെ ഓരോ കഥാപാത്രത്തിനും ക്യത്യമായ അടയാളങ്ങളും കഥാപരിസരങ്ങളും നല്‍കി. നായകന് വേണ്ടി ജീവിക്കാതെ പാ രഞ്ജിത്ത് സിനിമകളിലെ ഓരോ കഥാപാത്രങ്ങളും അവരവര്‍ക്ക് വേണ്ടി ജീവിച്ചു. പിന്നീട് ഈ ആഖ്യാന രീതി തമിഴ് സിനിമയുടെ മുഖമുദ്രയായി മാറുകയും ചെയ്തു.


ക്യത്യമായി രാഷ്ട്രീയം സംസാരിക്കുന്ന ക്വാളിറ്റിയുള്ള സിനിമകള്‍ നിര്‍മിക്കാനും സമാനമായി ചിന്തിക്കുന്നവരെ കൈപിടിച്ചുയര്‍ത്താനും പാ രഞ്ജിത്തിന് കഴിഞ്ഞു. കര്‍ണന്‍ സംവിധാനംചെയ്ത മാരിസെല്‍വരാജിന്റെ ആദ്യസിനിമയായ പരിയേറും പെരുമാള്‍ നിര്‍മിച്ചത് പാ രഞ്ജിത്ത് ആയിരുന്നു. അസംഘടിത തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഇരണ്ടാം ഉലഗപോരിന്‍ കടൈസി ഗുണ്ട് എന്ന സിനിമയും പാ രഞ്ജിത്ത് നിര്‍മിച്ചു. ഒപ്പാരി, ഗാന തുടങ്ങിയ സാധാരണക്കാരുടെ കലകളെ ജനകീയമാക്കുന്നതിലും പാ രഞ്ജിത്ത് ക്യത്യമായ പങ്ക് വഹിച്ചിട്ടുണ്ട്. അതിനായി കാസ്റ്റ്‌ലെസ്സ് കളക്ടീവെന്നൊരു മ്യൂസിക് ബാന്‍ഡ് തന്നെ അദ്ദേഹം തുടങ്ങി. അറിവ് ഉള്‍പ്പടെയുള്ള ഉറച്ച രാഷ്ട്രീയ നിലപാടുള്ള നിരവധി കലാകാരന്മാരെ സംഭാവന ചെയ്യാന്‍ രഞ്ജിത്തിന് കഴിഞ്ഞു. രാഷ്ട്രീയമായി നിരവധി വിമര്‍ശനങ്ങളും പാ രഞ്ജിത്ത് നേരിടുന്നുണ്ട്. തന്തൈ പെരിയാറൈയും മാര്‍ക്‌സിനെയും പറയാതെ അംബേദ്ക്കറെ മാത്രം പറയുന്ന പാ രഞ്ജിത്തിന്റെ രാഷ്ട്രീയത്തിന് എന്തോ കാര്യമായ പ്രശ്‌നമുണ്ടെന്നാണ് ഇന്‍ഡിപെന്റ്ഡ് ഫിലിം മേക്കറായ ലീന മണിമേഖലൈ ഒരിക്കല്‍ പറഞ്ഞത്. എന്തുതന്നെയായാലും വരും കാലങ്ങളില്‍ തമിഴ് സിനിമ പാ രഞ്ജിത്തിന് മുമ്പും ശേഷവും എന്ന് വായിക്കപ്പെടും.

Next Story

RELATED STORIES

Share it