Movies

ഉണരുന്ന ഹിന്ദുവും, ത്രില്ലടിപ്പിക്കാന്‍ ശ്രമിക്കുന്ന ഹിന്ദുത്വവും; ഒളിച്ചുകടത്തിയ 'മേപ്പടിയാനെ' പൊക്കി പ്രേക്ഷകര്‍

നായകനും സംവിധായകനും സംഘിപക്ഷപാതിത്വം വെട്ടിത്തുറന്ന് പറഞ്ഞതോടെ, ഉണരുന്ന ഹിന്ദുവിനെ ഒളിച്ചു കടത്താനുള്ള കാവിപദ്ധതി കൂടുതല്‍ വ്യക്തമായി

ഉണരുന്ന ഹിന്ദുവും, ത്രില്ലടിപ്പിക്കാന്‍ ശ്രമിക്കുന്ന ഹിന്ദുത്വവും;   ഒളിച്ചുകടത്തിയ മേപ്പടിയാനെ പൊക്കി പ്രേക്ഷകര്‍
X

നീണ്ടകാലം സവര്‍ണ കേന്ദ്രീകൃതമായ പൊതു നിര്‍മിതിക്കൊപ്പം തിമിര്‍ത്താടുകയായിരുന്നു മലയാള സിനിമ. കുടുംബചിത്രങ്ങളിലും കോമഡി സിനിമകളിലും മേല്‍ജാതിക്കാരിന്റെ വികാരവിചാരങ്ങളായിരുന്നു പ്രമേയമായിരുന്നത്. ഇതേ അവസരത്തില്‍ തന്നെ, മുഖ്യധാരയില്‍ നിന്ന് അകന്ന് നിന്നിരുന്ന വിഭാഗങ്ങളുടെ സ്വത്വാവിഷ്‌കാരങ്ങള്‍ പല രൂപത്തില്‍ പുറത്ത് വന്ന് തുടങ്ങിയിരുന്നു. സവര്‍ണ വായനകളെ ഒരു അശ്ലീലമായി കാണുന്ന ഒരു പുതുതലമുറ പതിയെ വളര്‍ന്നുവരുന്നുണ്ടായിരുന്നു. 2000ത്തിന് ശേഷം ഈ ആവിഷ്‌കാരബോധം കൂടുതല്‍ ശക്തിപ്പെട്ടു. സിനിമ വെറുമൊരു വിനോദോപാധി അല്ലെന്നും സമൂഹത്തിന്റെ ഒരു പരിച്ഛേദമായാണ് അത് വിലയിരുത്തുന്നതെന്നുമുള്ള ആഖ്യാനങ്ങള്‍ കരുത്താര്‍ജിക്കാന്‍ തുടങ്ങി. പ്രിയദര്‍ശന്‍, വിജി തമ്പി, രജ്ഞിത്ത്, രാജസേനന്‍ സിനിമകളുടെ സ്വഭാവത്തിലെ പന്തികേട് മലയാളി പെട്ടന്ന് തിരിച്ചറിയാനും തുടങ്ങി.


ദേശീയ രാഷ്ട്രീയത്തിലെ ഹിന്ദുത്വ ചിന്തയുടെ പ്രായോഗിക അപകടങ്ങള്‍ വെളിച്ചത്ത് വരാന്‍ തുടങ്ങിയതോടെ, അരികുവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങള്‍ കൂടുതല്‍ ജാഗ്രത കാട്ടാന്‍ തുടങ്ങി. അത്തരം വായനകളും ചിന്തകളും കേരളീയ സമൂഹത്തില്‍ സജീവ ചര്‍ച്ചയാക്കുന്നതില്‍ മുസ്‌ലിം-പിന്നാക്ക-ദലിത് ബുദ്ധിജീവികളുടെ പങ്ക് എടുത്തുപറയേണ്ടതാണ്. മുഖ്യധാര തുടക്കത്തില്‍ ഏറ്റെടുക്കാന്‍ മടിച്ചിരുന്നെങ്കിലും ചര്‍ച്ചകള്‍ സജീവമായതോടെ പതിയെ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ തുടങ്ങി. സമാന്തര സിനിമകളിലെയും വാണിജ്യസിനിമകളിലെയും സ്വത്വവൈരുദ്ധ്യങ്ങളെ തിരിച്ചറിയാന്‍ തുടങ്ങിയതോടെ, മുഖ്യധാര നിര്‍മിച്ചെടുത്ത ഹിന്ദുത്വ മതേതരബോധത്തെ ചോദ്യം ചെയ്യുന്ന സ്ഥിതിയുണ്ടായി. സാംസ്‌കാരിക പ്രവര്‍ത്തനം രാഷ്ടീയ പ്രവര്‍ത്തനത്തിന്റെ ഭാഗമാണെന്ന് തിരിച്ചറിവും ഇക്കാലത്ത് ശക്തമായി. ഇതിന്റെ തുടര്‍ച്ചയായാണ് സിനിമകളുടെ ഉള്ളടക്കം ഇഴകീറി പരിശോധിക്കാന്‍ തുടങ്ങിയത്. സമീപകാലത്ത്് ഇറങ്ങിയ ഏതു സിനിമയും അത്തരത്തില്‍ സോഷ്യല്‍ ഓഡിറ്റിന് വിധേയമായിട്ടുണ്ട്. കലയെന്ന പരിധിവിടാതെയുള്ള അത്തരം ഓഡിറ്റുകള്‍ ജനാധിപത്യസമൂഹത്തെ ശക്തിപ്പെടുത്തും.

സിനിമയെ ആശയപ്രചരണ മാധ്യമമായി കൂടി പലരും ഉപയോഗിക്കുന്നുണ്ട്. പക്ഷെ, ഒരു ജനാധിപത്യ വിരുദ്ധ പ്രത്യയശാസ്ത്രത്തെ ഒളിച്ച് കടത്താന്‍ ശ്രമിക്കുമ്പോള്‍ സ്വാഭാവികമായും പ്രതികരണമുണ്ടാകും എന്നാണ് സമീപകാല വിമര്‍ശനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. അത്തരത്തില്‍ വിമര്‍ശനവിധേയമായിക്കൊണ്ടിരിക്കുന്ന സിനിമയാണ് മേപ്പടിയാന്‍. വിഷ്ണുമോഹന്‍ തിരക്കഥയെഴുതി സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് സിനിമയിലെ തന്നെ നായകനായ ഉണ്ണി മുകുന്ദനാണ്.


പുതുമ അവകാശപ്പെടാനില്ലാത്ത പ്രമേയമാണെങ്കിലും ശരാശരി കണ്ടിരിക്കാന്‍ സാധിക്കുന്ന രചനാരീതിയാണ് സ്വീകരിച്ചിട്ടുള്ളത്. ത്രില്ലര്‍ കുടുംബ ചിത്രം എന്നാണ് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. സമകാലിക മലയാള സിനിമ കുറച്ച് നാളായി കയ്യൊഴിഞ്ഞ വരേണ്യ കുടുംബ പശ്ചാത്തലമാണ് സിനിമയുടെ ഇതിവൃത്തം. സാധാരണ നാട്ടുമ്പുറത്തെ ഒരു വസ്തുകച്ചവടവുമായി ബന്ധപ്പെട്ടാണ് കഥ വികസിക്കുന്നത്. നായകനില്‍ ചുറ്റിത്തിരിയുന്ന, മലയാള സിനിമ ഏതാണ്ട് മറക്കാന്‍ ശ്രമിക്കുന്ന കഥാപാത്ര നിര്‍മിതിയാണ് സംവിധായകന്‍ ആവര്‍ത്തിക്കുന്നത്.

ഒറ്റനോട്ടത്തില്‍ തന്നെ സിനിമയുടെ ഉള്ളക്കടത്തിലെ കാവി നുഴഞ്ഞു കയറ്റം-അപാരക്രാന്തദര്‍ശിത്വം കൈമുതലുള്ള മലയാളി പ്രേക്ഷകന്‍ തിരിച്ചറിഞ്ഞു എന്നിടത്താണ് സിനിമയുടെ ട്വിസ്റ്റ്. സേവാഭാരതിയുടെ ആബുലന്‍സ് മാത്രമല്ല സിനിമയിലെ വിസിബിള്‍ കാവിത്വം. ഉണരുന്ന ഹിന്ദുവിന്റെ ആത്മരതിയാണ് ചിത്രത്തിലുടനീളം തുന്നിച്ചേര്‍ത്തിട്ടുള്ളത്. അതീവ ഭക്തനും നന്മമരവുമായ നായകന്‍, സര്‍വഗുണ സമ്പന്നനാണ്. ഒരു ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ കെട്ടിച്ചയയ്ക്കാന്‍ ത്യാഗം ചെയ്യുന്നയാള്‍. കച്ചവട പങ്കാളി കാലുമാറിയിട്ടും അവനോട് വലിയ എതിര്‍പ്പ് പ്രകടിപ്പിക്കാതെ സ്വന്തം വീട് നിസ്സാരവിലക്ക് വില്‍പന നടത്താന്‍ മനക്ലേശമില്ലാത്ത, ഏതോ ഒരു പെണ്‍കുട്ടിയുടെ വിവാഹം നടത്താന്‍ മകനൊപ്പം നില്‍ക്കുന്ന അമ്മയെയുമാണ് സ്‌ക്രീനില്‍ തെളിയുന്നത്. അതേസമയം, പലിശ ഹറാമാണെന്ന് പറയുന്ന, എന്നാല്‍ ഷൈലോക്കിന്റെ സ്വഭാവമുള്ള അഷ്‌റഫ് ഹാജി ചുളുവിലക്ക് ജയകൃഷ്ണന്റെ വീടും പുരയിടവും സ്വന്തമാക്കുന്നുണ്ട്. അഷ്‌റഫ് ഹാജിയുടെ അസര്‍ നമസ്‌കാരം ഇടക്കിടെ സിനിമയില്‍ മുഴച്ച് നിര്‍ത്തുന്നുമുണ്ട്. കച്ചവട സിനിമയുടെ, നായകപ്രതിസന്ധികള്‍ സിനിമയിലുടനീളമുണ്ടെങ്കിലും കാഴ്ചക്കാരന്‍ സങ്കല്‍പിക്കുന്ന ക്ലൈമാക്‌സില്‍ തന്നെയാണ് സിനിമ അവസാനിക്കുന്നത്. ക്രിസ്ത്യന്‍ സമുദാക്കാരായ ബ്രോക്കറും പങ്കുകച്ചവടക്കാരനും സിനിമയില്‍ മുഴച്ച്് നില്‍ക്കാത്ത ദുഷ്ടകഥാപാത്രമാണ്. അതിനൊപ്പം ഇടയ്ക്കിടെ അസര്‍ നമസ്‌കരിക്കുന്ന, ദയാരഹിതനും ചോരകുടിയന്‍ സ്വഭാവക്കാരുമായ അഷ്‌റഫ് ഹാജിയോട് മാത്രം തീരാത്ത പക ജയകൃഷ്ണന്‍ പുലര്‍ത്തുന്നുണ്ട്. വീട് വിറ്റ് ലഭിച്ച പണംകൊടുത്ത് ക്രിസ്ത്യാനിയില്‍ നിന്ന് വാങ്ങിയ പുരയിടത്തില്‍ ശബരി പാതയ്ക്ക് കല്ലിട്ടതാണെന്ന് അറിഞ്ഞിട്ടും നായകന് അവരോട് ഒട്ടും അരിശം തോന്നുന്നില്ല. ഇതിനൊപ്പം ഭൂമി രജിസ്റ്റര്‍ ചെയ്യാന്‍ വഴിമുടക്കുന്ന, സിനിമയിലെ തന്നെ അറുബോറനായ മോഹന്‍കുമാറെന്ന സബ് രജിസ്ട്രാറോട് തോന്നുന്നതിലധികം പകയാണ് ഹാജിയോട് തോന്നുന്നത്. ജയകൃഷ്ണന്റെ പ്ലോട്ട് വാങ്ങി അഷ്‌റഫ് ഹാജി മാള്‍ പണിഞ്ഞ ഭാഗത്തു കൂടിയാണ് കേന്ദ്രസര്‍ക്കാരിന്റെ ശബരി പാത കടന്നുപോകുന്നതെന്ന പ്രഖ്യാപനത്തോടെയാണ് സിനിമ അവസാനിക്കുന്നത്.


സിനിമയില്‍ വളരെ സബ്ജക്റ്റീവായി ചിലത് തിരുകി കയറ്റാന്‍ ശ്രമിച്ചതാണ് പ്രേക്ഷകര്‍ കയ്യോടെ പിടികൂടിയത്. സേവാഭാരതിയുടെ ആംബുലന്‍സിലാണ് കെട്ടിച്ചയക്കേണ്ട പെണ്‍കുട്ടിയുടെ രോഗിയായ പിതാവുമായി രജിസ്റ്ററാഫീസിലേക്കു കുതിക്കുന്നത്. യാദൃശ്ചികമായല്ല സേവാഭാരതി എന്ന ആര്‍എസ്എസ് മുഖത്തെ സിനിമയില്‍ കുടിയിരുത്തിയതെന്ന് സംവിധായകനും ആര്‍എസ്എസ് ആരാധകനുമായ വിഷ്ണു മോഹന്‍ വ്യക്തമാക്കിയിട്ടുണ്ട്. ആബുലന്‍സിന്റെ നുഴഞ്ഞുകയറ്റം കാഴ്ചക്കാര്‍ കൈയ്യോടെ പിടികൂടിയതോടെ, അത് അബദ്ധമായിരുന്നു എന്നല്ല സംവിധായകന്‍ പറഞ്ഞത്. മറിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ എന്‍ജിഒ ആണെന്നും ദുരന്തമുഖത്ത് പോലിസും ഫയര്‍ഫോര്‍സും കഴിഞ്ഞാല്‍ പിന്നെ സേവാഭാരതിയാണെന്നുമാണ് ടിയാന്‍ തട്ടിവിട്ടത്. ഇതിന് പുറമെ താന്‍ ദുരന്തങ്ങളെക്കുറിച്ച് സിനിമയെടുത്താന്‍ സേവാഭാരതിയായിരിക്കും അതില്‍ മുഖ്യറോളിലുണ്ടാവുകയെന്നും പച്ചക്ക് പറഞ്ഞുവച്ചു. നായകന്‍ ഉണ്ണി മുകുന്ദന്റെ രാഷ്ട്രീയത്തെകുറിച്ച് അരിയാഹാരം കഴിക്കുന്ന എല്ലാവര്‍ക്കുമറിയാം. താനൊരു ദേശീയവാദിയാണെന്ന് പറഞ്ഞ ഉണ്ണിമുകുന്ദന്റെ ദേശസ്‌നേഹം ആരോടാണെന്നും വ്യക്തമാണ്. നായകനും സംവിധായകനും പച്ചയായ സംഘിപക്ഷപാതിത്വം വെട്ടിത്തുറന്ന് പറഞ്ഞതോടെ, ഉണരുന്ന ഹിന്ദുവിനെ ഒളിച്ചു കടത്താനുള്ള സംഘിപദ്ധതി കൂടുതല്‍ പ്രകടമായി.

ശബരിമല മണ്ഡലകാലവുമായി ഒരു ബന്ധവുമില്ലാത്ത സിനിമയില്‍, നഗ്നപാദവും കറുത്ത മുണ്ടും ഷര്‍ട്ടും, കയ്യിലെ ചരടും എന്തിന്റെ സൂചനയാണെന്ന് പ്രേക്ഷകന്‍ വിലയിരുത്തുന്നുണ്ട്. സിനിമയുടെ കഥാപശ്ചാത്തലവുമായി യാതൊരു ബന്ധവുമില്ലാത്ത അടയാളങ്ങളായിരുന്നു ഇത്. ശബരിമല അക്രമസംഭവങ്ങള്‍ക്ക് തുടക്കം കുറിച്ച ജനുവരി 14 തന്നെ മേപ്പടിയാന്‍ തീയേറ്ററിലെത്തിയതും യാദൃശ്ചികമല്ല. വ്യാജമായി നന്മമരങ്ങളെ സൃഷ്ടിച്ചെടുക്കാനുള്ള അണിയറപ്രവര്‍ത്തകരുടെ ശ്രമം പ്രേക്ഷകന്‍ വേഗത്തില്‍ തിരിച്ചറിയുന്നേടത്താണ് നുഴഞ്ഞുകയറല്‍ വൃത്തിഹീനമായി മാറുന്നത്.

ശരാശരിക്കും വളരെ താഴെയാണ് ഉണ്ണി മുകുന്ദന്റെ കഥാപാത്രമായ ജയകൃഷ്ണന്‍ എന്ന കാര്‍ മെക്കാനിക്കിന്റെ അഭിനയം. മനസ്സില്‍ തങ്ങിനില്‍ക്കുന്ന ഒരു നായകാഭിനയ മുഹൂര്‍ത്തവും സമ്മാനിക്കാതെയാണ് ത്രില്ലര്‍ കുടുംബചിത്രം നീങ്ങുന്നത്. സല്‍മാന്‍ ഖാന്റെ ബോഡി ഷോ പോലെ, നായകന്റെ സിക്‌സ്പാക്കിനെയും പ്രൊജക്റ്റുചെയ്യാന്‍ ശ്രമം നടത്തിയിട്ടുണ്ട്. റിയലിസ്റ്റിക് മൂഡാണെങ്കിലും നായകനിലും നായികയിലും അത് തീരെയില്ല. താനൊരു മികച്ച നടനാണെന്ന് തെളിയിക്കുന്ന രൂപത്തിലാണ് ഇന്ദ്രന്‍സിന്റെ-അഷ്‌റഫ് ഹാജിയുടെ പ്രകടനം. ഒന്നും നടക്കാന്‍ ഇടയില്ലെങ്കിലും എന്തിലും ചാടിവീഴുന്ന സൈജു കുറിപ്പും ബ്രോക്കര്‍ അജു വര്‍ഗ്ഗീസും തങ്ങളുടെ ഭാഗം ഗംഭീരമാക്കി.

അതിനിടെ, വിഷ്ണുമോഹന്‍ പുതിയ പ്രോജക്റ്റും പ്രഖ്യാപിച്ച് കഴിഞ്ഞു. ഗ്രാമീണ പശ്ചാത്തലത്തില്‍ ഉണ്ണി മുകുന്ദനെ നായകനാക്കി പപ്പ എന്ന പൊളിറ്റിക്കല്‍ ഡ്രാമയാണ് പ്രഖ്യാപിച്ചത്.

Next Story

RELATED STORIES

Share it