Movies

ചുരുളിയിലെ ചുരുളുകള്‍

യാസിര്‍ അമീന്‍

ചുരുളിയിലെ ചുരുളുകള്‍
X

മലയാളത്തിലെ മികച്ച സംവിധായകരില്‍ ഒരാളാണ് ലിജോജോസ് പെല്ലിശ്ശേരി. തന്റേതായ ശൈലിയില്‍ അല്ലെങ്കില്‍ തന്റേതായ വഴിയില്‍ സിനിമ നിര്‍മിക്കുന്ന ഡയറക്ടര്‍. സിനിമ എന്ന കലയെ കേവലം കച്ചവടച്ചരക്കായി കാണാതെ, സിനിമയെ സിനിമയ്ക്കു വേണ്ടി മാത്രം നിര്‍മിക്കുന്ന കലാകാരാന്‍. ചെയ്ത എല്ലാ സിനിമകളും വിത്യസ്തങ്ങളായ ജോനര്‍. എന്നാല്‍ ആ സിനിമകള്‍ എല്ലാം തന്നെ മലയാളത്തില്‍ ആദ്യം. അതാണ് ലിജോയെ മറ്റു സംവിധായകരില്‍ നിന്ന് വേറിട്ട് നിര്‍ത്തുന്ന ഘടകവും. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഏറ്റവും പുതിയ ചിത്രമായ ചുരുളിയും അതുതന്നെ.


ചുരുളി സാങ്കേതികപരമായും തത്വശാസ്ത്രപരമായും വളരെ മികച്ചൊരു സിനിമയാണ്. എന്നാല്‍ അതിലെ തെറിവിളികളുടെ പേരില്‍ മാത്രമാണ് ആ സിനിമ ഇപ്പോള്‍ ചര്‍ച്ചചെയ്യപ്പെടുന്നത്. തെറിവിളി ആ സിനിമയിലെ അനേകം ലയറുകളില്‍ ഒരു ലയര്‍ മാത്രമാണ്. തെറിവിളി എന്ന ആദ്യലയറില്‍ തങ്ങിനില്‍ക്കുന്നവരാണ് അധികപേരും. എന്നാല്‍ തെറിവിളിയെ കവച്ചുവച്ച് നിങ്ങള്‍ക്ക് മുന്നോട്ട് പോവാന്‍ കഴിയുകയാണെങ്കില്‍ സമാനതകളിലാത്ത ഒരു സിനിമാനുഭവം തന്നെയാണ് ചുരുളി. അബ്‌നോര്‍മാലിറ്റിയും മിസ്റ്ററിയും നിറഞ്ഞ അത്തരമൊരു സാഹചര്യം സെറ്റ് ചെയ്യാന്‍ ആവശ്യമായ ഒരു ടൂള്‍ മാത്രമാണ് തെറിവിളി. അതല്ലെങ്കില്‍ മാരകമായ രക്തച്ചൊരിച്ചിലോ മറ്റോ സെറ്റ് ചെയ്യേണ്ടി വരും. അതിലും നല്ലത് തെറിവിളിയാണെന്നാണ് തോന്നുന്നത്. മറ്റൊരു കാര്യം ഇതെല്ലാം തീര്‍ത്തും സംവിധായകന്റെ ആവിഷ്‌കാര സ്വാതന്ത്ര്യം ആണ്. പറഞ്ഞുവന്നത് തെറിവിളി മാറ്റിനിര്‍ത്തി സിനിമ പറയാന്‍ ശ്രമിക്കുന്നത് എന്താണെന്ന് കണ്ടെത്താന്‍ ശ്രമിക്കുക.


മാടന്റെ കഥപറഞ്ഞാണ് സിനിമ തുടങ്ങുന്നത്. പണ്ടൊക്കെ നമ്മുടെ ഗ്രാമങ്ങളില്‍ പ്രചാരത്തിലുണ്ടായിരുന്ന മിത്തിക്കല്‍ കഥാപാത്രമാണ് മാടന്‍. പൊട്ടി എന്നും ചില നാടുകളില്‍ പറയാറുണ്ട്. നട്ടുച്ചയ്ക്ക് ഒറ്റയ്ക്ക് ഇറങ്ങുന്നവരെ പൊട്ടി വഴിതെറ്റിക്കും എന്നൊക്കെ പഴമക്കാര് പറയാറുണ്ട്. ഈ മിത്തിക്കല്‍ കഥാപാത്രത്തെ ഉപയോഗിച്ചാണ് സിനിമ ടൈംലൂപ് എന്ന സയന്‍സ് ഫിക്ഷന്‍ ആശയത്തെ അവതരിപ്പിക്കുന്നത്. സിനിമ ടൈംലൂപ് മാത്രമാണോ എന്ന് ചോദിച്ചാല്‍ അത് മാത്രമല്ല, ഏലിയന്‍, ടൈംസ്‌പൈറല്‍ തുടങ്ങി മറ്റനേകം ആശയങ്ങളും സിനിമ മുന്നോട്ട് വയ്ക്കുന്നുണ്ട്. എന്നാല്‍ ഇവിടെ ചര്‍ച്ച ചെയ്യുന്നത് ഇതൊന്നും അല്ല. സിനിമയുടെ തത്വശാസ്ത്രത്തെ കുറിച്ചാണ് നമ്മള്‍ സംസാരിക്കുന്നത്.


മനുഷ്യന്റെ തനതായ വാസനയെ കുറിച്ചാണ് ലിജോ തന്റെ അധികസിനിമകളിലും സംസാരിക്കാറുള്ളത്. അതായത് പോലിസ്, സ്‌റ്റേറ്റ്, മതം, സര്‍ക്കാര്‍ തുടങ്ങി അനവധി നിരവധി സാമൂഹിക സ്ഥാപനങ്ങള്‍ ഉണ്ട്. ഇതെല്ലാം മനുഷ്യന്റെ സുഗമമായ ജീവിതത്തിന് വേണ്ടി നിര്‍മിച്ച് പോന്നിട്ടുള്ളവയാണ്. എന്നാല്‍ ഇതൊന്നും ഇല്ലാത്ത മനുഷ്യന്‍, അല്ലെങ്കില്‍ ഇതിനെയൊന്നും കൂസാത്ത മനുഷ്യന്‍ എങ്ങനെയായിരിക്കും എന്നതാണ് ലിജോ തന്റെ അവസാന മൂന്ന് സിനികളിലൂടെ സംസാരിക്കുന്നത്. അതിന് മുമ്പുള്ള സിനിമകളില്‍ ചെറുതായി പരാമര്‍ശിച്ച് പോവുന്ന പല ആശയങ്ങളും ശക്തമായി ചര്‍ച്ച ചെയ്തത് ഈ അവസാന മൂന്ന് സിനിമകളായ ഈമായൗ, ജെല്ലിക്കെട്ട്, ചുരുളി എന്നീ സിനിമകളിലാണ്. ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ഈ മൂന്ന് സിനിമകളും ഒന്ന് മറ്റൊന്നുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ്. കഥ വിത്യസ്തമാണെങ്കിലും ചര്‍ച്ച ചെയ്യുന്ന ഫിലോസഫി തുടര്‍ച്ചയോ അല്ലെങ്കില്‍ പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നതോ ആണ്. ഈ നിരയിലെ ആദ്യചിത്രമായ ഈമായൗ മരണത്തെ കുറിച്ചാണ് പറയുന്നത്. കഥയില്‍ മരണം സംഭവിക്കുന്നത് നായകന്റെ പിതാവിനാണെങ്കിലും സിനിമയുടെ സബ്‌ടെക്സ്റ്റില്‍ മരണം സംഭവിക്കുന്നത് നായക കഥാപാത്രത്തിനാണ്. സമൂഹം, മതം, ആചാരം, തുടങ്ങി അനേകം നൂലാമാലകളില്‍ തൂങ്ങിപ്പിടഞ്ഞാണ് അയാള്‍ മരിക്കുന്നത്. ഈ സിനിമയില്‍ ലിജോ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നത് മതം എന്ന സാമൂഹിക സ്ഥാപനത്തെയാണ്. നായകന്‍ പൊരുതുന്നതും ആ സ്ഥാപനത്തിന്റെ അധികാരകേന്ദ്രമായ പള്ളിയോടും അച്ഛനോടുമാണ്. അടുത്ത സിനിമയായ ജെല്ലിക്കെട്ട് പറയുന്നത് ഈമായൗ പറഞ്ഞ ആശയത്തിന്റെ തുടര്‍ച്ചയാണ്. സ്‌റ്റേറ്റ് എന്ന സ്ഥാപനത്തിന്റെ അഭാവത്തില്‍ മനുഷ്യന്‍ എങ്ങനെ പെരുമാറുമെന്നാണ് ഈ സിനിമയിലൂടെ ലിജോ അന്വേഷിച്ചത്. സിനിമയില്‍ പോത്ത് വിരണ്ടോടിയതിന് ശേഷമുള്ള സീനുകള്‍ അധികാരം കൈയാളുന്ന ഒരുകൂട്ടം ആളുകളെയാണ് കാണിച്ചുതരുന്നത്. അവിടെ, അവരെ ഭരിക്കുന്നതോ ഒതുക്കുന്നതോ ആയ സാമുഹിക സ്ഥാപനങ്ങളോ ചിഹ്നങ്ങളോ ഇല്ല. പോലിസ് ജീപ്പ് അഗ്‌നിക്കിരയാക്കുന്നതോടെ സംവിധായകന്‍ ഇത് വ്യക്തമാക്കുന്നുണ്ട്. യൂനിഫോം മാറ്റി ലുങ്കി എടുക്കുന്നതോടെ എസ്‌ഐയും അക്കൂട്ടത്തില്‍ ഒരാളായി മാറുന്നുണ്ട്. പോത്തിനെ കുടുക്കാനാവശ്യമായ കമ്പിവേലി, റബര്‍ ഷീറ്റ്, ഇന്ധനം ഇതെല്ലാം ഈ കൂട്ടം കൈക്കലാക്കുന്നത് അനുവാദമില്ലാതെ, ആള്‍ക്കൂട്ടത്തിന്റെ അധികാര ബലത്തിലാണ്.


ജല്ലിക്കെട്ടിന്റെ തുടര്‍ച്ചയാണ് ചുരുളി


ജല്ലിക്കെട്ടിന്റെ തുടര്‍ച്ച എന്ന രീതിയിലാണ് നിങ്ങള്‍ ചുരുളി കാണുന്നതെങ്കില്‍ ഒരിക്കലും നിങ്ങള്‍ സിനിമയിലെ തെറിയില്‍തട്ടി നില്‍ക്കില്ല. സ്‌റ്റേറ്റ് ഇല്ലാത്ത ഒരവസ്ഥയെയാണ് ജല്ലിക്കെട്ട് കാണിച്ചതെങ്കില്‍ സ്‌റ്റേറ്റിന്റെ ഭാഗമായവര്‍ സ്‌റ്റേറ്റില്ലാത്ത ഒരിടത്ത് എത്തിപ്പെട്ടാല്‍ എങ്ങനെ പെരുമാറുമെന്നാണ് ചുരുളിയില്‍ ലിജോ അന്വേഷിക്കുന്നത്. നിറയെ കുറ്റവാളികളുള്ള ഒരിടം. സ്‌റ്റേറ്റ് കല്‍പ്പിച്ചുനല്‍കുന്ന ഒരു നിയമവും അവിടെയില്ല, സ്‌റ്റേറ്റിന്റെ കണ്ണിലെ ഒരു തെറ്റും അവിടെ തെറ്റല്ല. അതാണ് ചുരുളി. അവിടെ എത്തിപ്പെടുന്ന സ്‌റ്റേറ്റിന്റെ ഭാഗമായ രണ്ടുപേര്‍. അവര്‍ അവിടെ നിയമം നടപ്പാക്കുമോ അതോ അവരില്‍ ഒരാളാവുമോ?. മനുഷ്യന്‍ എന്തിനൊക്കെയാണ് ഭയപ്പെടുന്നത് എന്നാണ് ചുരുളി അന്വേഷിക്കുന്നത്. മനുഷ്യനെ പേടിപ്പിക്കാന്‍ സ്‌റ്റേറ്റില്ലാത്തിടത്ത് മതം പ്രവര്‍ത്തിക്കുന്നു എന്നതും സിനിമ കാണിച്ചുതരുന്നുണ്ട്. ഇതാണ് സംഗതി എന്ന് പറഞ്ഞ് ഒന്നും ചുരുളി നമുക്ക് മുന്നില്‍ തുറന്നുവച്ചുതരുന്നില്ല. എന്നാല്‍ ചിന്തിക്കാനാവശ്യമായ അനവധി കാര്യങ്ങള്‍ സിനിമ മുന്നോട്ടുവയ്ക്കുന്നുണ്ട്. സ്വാതന്ത്ര്യം, നിയമം, മതം, ആത്മീയത തുടങ്ങിയ ആശയങ്ങളെ പുതിയ രീതിയില്‍ വ്യാഖ്യാനിക്കാനാവുന്ന നിരവധി ഹിന്റുകള്‍ ചുരുളിയില്‍ ചുരുണ്ടുകിടപ്പുണ്ട്. മേല്‍പറഞ്ഞ മൂന്ന് സിനിമകളിലും തുടര്‍ച്ചയായി വരുന്നത് മനുഷ്യന്റെ വന്യതയാണ്. ഇമായൗവില്‍ അതിന്റെ ഗ്രാഫ് വളരെ കുറവാണെങ്കില്‍ ചുരുളി എത്തുമ്പോള്‍ അതിന്റെ ഒപ്റ്റിമം ലെവലില്‍ എത്തുന്നുണ്ട്. മനുഷ്യനെ കുറിച്ചുള്ള ലിജോയുടെ അന്വേഷണങ്ങളാണ് ഈ മൂന്ന് സിനിമകള്‍. ഇതിന് തുടര്‍ച്ചയുണ്ടാകുമോ എന്നറിയില്ല. എന്തുതന്നെയായാലും ചരുളിയിലെ തെറിയില്‍ തട്ടിവീഴാതെ ആഴത്തിലേക്കിറങ്ങുക. അതൊരു മറ്റൊരു ലോകമാണ്.

Next Story

RELATED STORIES

Share it